താൾ:പ്രപഞ്ചവും മനുഷ്യനും.djvu/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

23

മസ്തിഷ്കപ്രവർത്തനങ്ങൾ

മനസ്സ് എന്ന നമ്മുടെ സങ്കല്പത്തിനാസ്പദമായ മാനസികപ്രവർത്തനങ്ങളും മസ്തിഷ്കപ്രവർത്തനങ്ങളും അനന്യങ്ങളാണെന്ന നിഗമനത്തിലാണ് നാമെത്തിച്ചേർന്നത്. നാഡീവ്യൂഹത്തിന്റെ സാമാന്യഘടനയെക്കുറിച്ചും നാം ചിലതെല്ലാം മനസ്സിലാക്കി. ഈ അടിസ്ഥാനത്തിൽ മൗലികമായ മസ്തിഷ്കപ്രവർത്തനങ്ങളെന്തെല്ലാമാണെന്നും അവ എങ്ങനെ നടക്കുന്നു എന്നും പരിശോധിക്കാം.

മനുഷ്യന്റെ മസ്തിഷ്കത്തിൽ മാത്രമായി, ഏതാണ്ട് 1200-1500 കോടി നാഡീകോശങ്ങളുണ്ട്. ഇവ തമ്മിൽ തമ്മിൽ വിവിധ രീതിയിൽ ബന്ധം സ്ഥാപിക്കുന്നതാണ്, വിവിധ മാനസിക പ്രവർത്തനങ്ങൾക്കെല്ലാമടിസ്ഥാനം. അത്രയും നാഡീകോശങ്ങൾ വിവിധ രീതിയിൽ സംയോജിച്ചാലുണ്ടാകുന്ന പുതിയ പുതിയ ബന്ധങ്ങളുടെ എണ്ണം, പ്രപഞ്ചത്തിലാകെയുള്ള പരമാണുക്കളുടെ എണ്ണത്തേക്കാൾ വലുതായിരിക്കുമത്രേ! ഇത്രയധികം സങ്കീർണ്ണമായ മസ്തിഷ്കത്തിൽ നടക്കുന്ന പ്രവർത്തനങ്ങളും അതീവ സങ്കീർണ്ണമായിരിക്കുമല്ലോ. അതെല്ലാം വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുമെന്നു കരുതുന്നത് വിഡ്ഢിത്തമായിരിക്കും. മാത്രമല്ല, മാനസിക പ്രവർത്തനങ്ങളുടെ മൂലഹേതു കണ്ടെത്താനായി മസ്തിഷ്കപ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കാനുള്ള സംഘടിതശ്രമം ആരംഭിച്ചിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. അതുകൊണ്ടുതന്നെ ഈ മേഖലയിൽ ശാസ്ത്രം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ വളരെ പരിമിതമാണ്. ഇന്നും ഒട്ടേറെ മൗലികപ്രശ്നങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും സിദ്ധാന്തങ്ങളുടെയും തത്ത്വങ്ങളുടെയും നിലവാരത്തിൽ തന്നെയാണ് നിലനില്ക്കുന്നത്. എങ്കിലും, അടുത്തകാലത്തായി, പലതരത്തിലുള്ള പുതിയ പഠനസമ്പ്രദായങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് മസ്തിഷ്കപ്രവർത്തനങ്ങളുടെ പല മേഖലകളിലെയും പ്രവർത്തനരഹസ്യങ്ങൾ അനാവരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

അതിസൂക്ഷ്മങ്ങളായ ഇലക്ട്രോഡുകൾ ഉപയോഗിച്ച് ഓരോ നാഡീകോശത്തിന്റെയും വൈദ്യുതപ്രവർത്തനങ്ങളുടെ പ്രത്യേകത രേഖപ്പെടുത്താനിന്നു കഴിയുന്നുണ്ട്. ഇത്തരത്തിലുള്ള വിവിധ നിരീക്ഷണങ്ങളുടെ ഫലമായി ഒരു നാഡീകോശത്തിൽ നിന്നുള്ള വാർത്തകൾ അടുത്തതിലേക്കു പകർത്തപ്പെടുമ്പോൾ സംഭവിക്കുന്ന അടിസ്ഥാനപരമായ രാസപ്രവർത്തനങ്ങളെന്തെല്ലാമാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ നാഡീകോശങ്ങൾ തമ്മിൽ ബന്ധം സ്ഥാപിക്കുന്നതും, അവ തമ്മിൽ വാർത്തകൾ കൈമാറുന്നതും എങ്ങനെയാണെന്നു മനസ്സിലാക്കുമ്പോഴാണ് ഇന്ദ്രിയ