Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കുന്നത് ഈ തന്തുജാലമാണെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം മൂലമാണ് ജന്തുവിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ഏകീഭാവം ലഭിക്കുന്നത്. അല്ലെങ്കിൽ, വിവിധ പ്രവർത്തന വ്യവസ്ഥകൾ വിവിധ രീതിയിൽ പ്രവർത്തിക്കുന്ന അവ്യവസ്ഥിത ഘടനകളായി തീരുമായിരുന്നു ജന്തുക്കൾ. ഏകതാമനോഭാവത്തിന്റെയും വ്യക്തിത്വത്തിന്റെ തന്നെയും മൗലികമായ അടിത്തറ ഈ തന്തുജാലത്തിലാണെന്ന് കരുതേണ്ടിയിരിക്കുന്നു.

മനുഷ്യനിൽ സെറിബ്രത്തിലെ വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ അതീവ സങ്കീർണ്ണങ്ങളാവുകയും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മറ്റെല്ലാ കശേരുജന്തുക്കളിലുമെന്നപോലെ, സെറിബ്രത്തിന്റെ പ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രനിയന്ത്രണം തന്തുജാലത്തിൽ തന്നെ അധിഷ്ഠിതമാണ്.

തന്തുജാലത്തിന്റെ പൂർവ്വഭാഗം ഉത്തേജിപ്പിക്കുന്നതുവഴി പൊതുവായ ഉണർവുണ്ടാകുന്നതായി കാണാം. പ്രത്യേക ഭാഗങ്ങളെ മാത്രം ഊർജസ്വലമാക്കുന്നതിന് പിൻഭാഗങ്ങൾ ഉത്തേജിപ്പിച്ചാൽ മതി. അബോധാവസ്ഥയിലാവുമ്പോൾ ആദ്യം നിഷ്ക്രിയമാവുന്നത് ആരോഹണതന്തുജാലപ്രവർത്തനവ്യൂഹമാണ്. സംവേദനപാതകളിൽ വാർത്താവിനിമയം നിലനില്ക്കുമെങ്കിലും ഇന്ദ്രിയബോധവും ബോധപരമായ തിരിച്ചറിവും തന്തുജാലപ്രവർത്തനത്തോടൊപ്പം അപ്രത്യക്ഷമാകുന്നു. തന്തുജാലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന മുറിവ് ഉറക്കവും അബോധാവസ്ഥയും ഉളവാക്കുന്നു. ആവൃതിയും തന്തുജാലവും തമ്മിലുള്ള നിരന്തരമായ സംവേദനപ്രതിപ്രവർത്തനം ബോധത്തിന് അനിവാര്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്.