താൾ:പ്രപഞ്ചവും മനുഷ്യനും.djvu/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മദ്ധ്യാനന്തര പാളികളിലും കാണപ്പെടുന്നു. മസ്തിഷ്കത്തിലെ പൂർവ ചേഷ്ടാ-ആവൃതി നീക്കം ചെയ്യുകയാണെങ്കിൽ, ജീവിതകാലത്ത് പരിശീലിച്ചിട്ടുള്ള എല്ലാ കായിക ചലന കഴിവുകളും നഷ്ടപ്രായമാകുന്നു.

ആവൃതിയുടെ ഏറ്റവും മുൻഭാഗങ്ങൾ 'സംയോജക' പ്രദേശങ്ങളാണ്. ഈ ഭാഗത്തെ പ്രചോദിപ്പിച്ചാൽ ചേഷ്ടാപരമായ പ്രതികരണങ്ങളൊന്നുമുളവാകുകയില്ല. മനുഷ്യനിൽ ഈ ഭാഗം നീക്കം ചെയ്താൽ ഉൾക്കാഴ്ചയും ദീർഘവീക്ഷണവും മറ്റു ബുദ്ധിപരമായ കഴിവുകളും തീരെ കുറഞ്ഞുപോകുന്നു. ടെമ്പറൽ ദളത്തിലെ ശ്രവണകേന്ദ്രത്തിനു താഴെയുള്ള ഭാഗത്ത് സ്ഥിതിചെയ്യുന്നതാണ് വ്യാഖ്യാനപരമായ കഴിവുകളുള്ള പ്രദേശം. മനുഷ്യനിൽ ഈ ഭാഗം ഉത്തേജിപ്പിക്കപ്പെടുമ്പോൾ ശ്രവണപരവും ദൃശ്യപരവും ആയ മിഥ്യാനുഭവങ്ങളും ഭയവും നിരാശയും മറ്റു വികാരങ്ങളും ഉളവാക്കുകയും ചെയ്യുന്നു.

മസ്തിഷ്ക-ആവൃതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷത ഇപ്പോൾ വ്യക്തമായിട്ടുണ്ട്. അതായത്, അതിന്റെ വിവിധ ഭാഗങ്ങൾക്ക്, വിവിധ ധർമ്മങ്ങൾ നിർവഹിക്കാനുള്ള കഴിവ് തുല്യമാണ്. കുരങ്ങുകളിലെ ദർശന-ആവൃതി നീക്കം ചെയ്താൽ സ്വായത്തമാക്കിയ ദൃഷ്ടിഭാവങ്ങളെല്ലാം നഷ്ടപ്പെടുമെങ്കിലും അതു വീണ്ടും പഠിക്കാൻ കഴിയുന്നു. അതായത്, മസ്തിഷ്ക-ആവൃതിയുടെ മറ്റു ഭാഗങ്ങൾ ഉപയോഗിച്ച് ദർശനപരമായ കൃത്യങ്ങൾ നിർവഹിക്കാൻ കഴിയുന്നു. നായകളിലെ മൂന്നു ശ്രവണകേന്ദ്രങ്ങളിൽ ഏതെങ്കിലുമൊന്നു കേടുകൂടാതെ ഇരിക്കുമ്പോൾ ശ്രവണപരമായ പഠനം സാധ്യമാണ്. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാവുന്നുണ്ട്. സംവേദനപരവും ചേഷ്ടാപരവും ആയ കേന്ദ്രീകരണം ആദ്യം കരുതിയിരുന്നതുപോലെ അത്ര കണിശമായിട്ടല്ല. ഓരോ ശരീരഭാഗത്തിനും പല സംവേദനചേഷ്ടാകേന്ദ്രങ്ങളുണ്ട്. ഒരു ഭാഗം നഷ്ടപ്പെട്ടാൽ മറ്റൊരു ഭാഗത്തിന് നഷ്ടപ്പെട്ട ഭാഗത്തിന്റെ കർത്തവ്യം നിർവഹിക്കാൻ കഴിയും. ഇത് മസ്തിഷ്കപ്രവർത്തനങ്ങളുടെ സങ്കീർണ്ണത ഒന്നുകൂടി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

തന്തുജാലം

മുകളിൽ പറഞ്ഞ മസ്തിഷ്കഭാഗങ്ങൾ കൂടാതെ, കേന്ദ്രനാഡീകാണ്ഡത്തിൽ, പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ചെറിയ ന്യൂറോണുകളുടെ ഒരു തന്തുജാലമുണ്ട്. മെഡുലയുടെയും പോൺസിന്റെയും മധ്യമസ്തിഷ്കത്തിന്റെയും മറ്റും ഏറെ ഭാഗങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. അടുത്ത കാലംവരെ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ രൂപം ലഭിച്ചിരുന്നില്ല. നട്ടെല്ലുള്ള ജന്തുക്കളിലെല്ലാംതന്നെ സങ്കീർണ്ണമായ സംവേദന-ചേഷ്ടാ പ്രവർത്തനങ്ങളെയും സ്വയം പ്രവർത്തനവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെയുമെല്ലാം ഏകോപിപ്പിക്കുന്ന സുപ്രധാന കൃത്യം നിർവഹി