താൾ:പ്രപഞ്ചവും മനുഷ്യനും.djvu/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നട്ടെല്ലുള്ള ജന്തുക്കളുടെ പൂർവിക പ്രതിനിധിയായ ആംഫിയോക്സിൽ പൂർവമസ്തിഷ്കം രൂപം പ്രാപിച്ചിട്ടില്ല. അവിടന്നിങ്ങോട്ടുള്ള പരിണാമപരമ്പരയിലാണ് പൂർവ്വമസ്തിഷ്കം രൂപം പ്രാപിക്കുന്നതും സങ്കീർണ്ണമായ മനുഷ്യമസ്തിഷ്ക്കത്തിലെ ഭീമഭാഗമുൾക്കൊള്ളുന്ന സെറിബ്രം വരെ വളരുന്നതും. പരിണാമപ്രക്രിയയ്ക്കിടയിൽ, വിവിധ ഘട്ടങ്ങളിൽ പൂർവമസ്തിഷ്കം അതിന്റെ ഘടനയിലും ധർമ്മത്തിലും അത്ഭുതാവഹമായ പ്രവർത്തനങ്ങൾക്കു വിധേയമായിട്ടുണ്ട്. പടിപടിയായി പുതിയ കഴിവുകൾ ഈ മസ്തിഷ്കഭാഗം ആർജ്ജിക്കുന്നത് എങ്ങനെയാണെന്ന് നട്ടെല്ലുള്ള ജന്തുക്കളിലെ മസ്തിഷ്ക പ്രവർത്തനങ്ങളുടെ താരതമ്യപഠനത്തിലൂടെ മനസ്സിലാക്കാം.

താഴെക്കിടയിലുള്ള നട്ടെല്ലു ജന്തുക്കൾ തുടങ്ങിതന്നെ പൂർവമസ്തിഷ്കം രണ്ടു അർദ്ധഗോളങ്ങളുടെ രൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. താഴ്ന്ന ജന്തുക്കളിൽ ഈ ഭാഗത്ത് ഏറ്റവും പ്രധാനമായ മസ്തിഷ്കകേന്ദ്രങ്ങളൊന്നും സ്ഥിതിചെയ്യുന്നില്ല. എന്നാൽ പരിണാമഗതിക്കനുസരിച്ച് കൂടുതൽ ഉയർന്ന ജന്തുക്കളിൽ ഈ രണ്ട് അർദ്ധഗോളങ്ങൽ പ്രമുഖങ്ങളായിത്തീരുകയും മറ്റു ഭാഗങ്ങൾ താരതമ്യേന ചുരുങ്ങിവരുകയും ചെയ്യുന്നു. അവസാനം മസ്തിഷ്കത്തിലെത്തുമ്പോൾ ഈ രണ്ട് അർദ്ധഗോളങ്ങൾ അഥവാ സെറിബ്രം മസ്തിഷ്കത്തിന്റെ ബഹുഭൂരിഭാഗവും കയ്യടക്കിയിരിക്കുന്നു. മാത്രമല്ല, മനുഷ്യന്റെ സവിശേഷതയായ ഉയർന്ന മാനസിക പ്രവർത്തനങ്ങളുടെയെല്ലാം ആസ്ഥാനവും ഇതായി തീർന്നിരിക്കുന്നു. സെറിബ്രത്തിന്റെ ഉപരിതലപാളി (കോർടെക്സ്) യിലാണ് ഈ പ്രവർത്തനങ്ങളധികവും നടക്കുന്നത്. ഈ പാളിയെ ആവൃതി എന്നു വിളിക്കുന്നു. ഈ പാളിയിൽ അത്യധികം മടക്കുകളും ചുളുക്കുകളും മറ്റും കാണാം.

മനുഷ്യനും കുരങ്ങുകളുമെല്ലാമുൾപ്പെടുന്ന ജന്തുവിഭാഗമായ പ്രൈമേറ്റുകളിൽ മസ്തിഷ്കത്തിലെ ആവൃതിയിൽ എവിടെയെല്ലാം ഏതേതു മസ്തിഷ്കപ്രവർത്തനങ്ങളാണ് നടക്കുന്നതെന്നു മനസ്സിലാക്കാനുള്ള വിപുലമായ പഠനങ്ങൾ നടന്നിട്ടുണ്ട്. ആവൃതിയുടെ ഓക്സിപിറ്റൽ ദളത്തിലാണ് ദർശനകേന്ദ്രം സ്ഥിതിചെയ്യുന്നത്. പരൈറ്റൽ ദളത്തിന്റെ മദ്ധ്യാനന്തര പാളിമടക്കിലാണ് പ്രാഥമിക സ്പർശകേന്ദ്രങ്ങളുള്ളത്. ദ്വിതീയ സ്പർശനകേന്ദ്രങ്ങൾ അതിനു താഴെയും പാർശ്വങ്ങളിലും സ്ഥിതിചെയ്യുന്നു. ടെമ്പറൽ ദളങ്ങളിലാണ് ശ്രവണകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത്. മനുഷ്യനിൽ കായികസംജ്ഞാകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് പാർശ്വഭാഗങ്ങളിലാണ്.

പ്രാഥമിക ചേഷ്ടാകേന്ദ്രങ്ങൾ പൂർവമദ്ധ്യപാളികളിലാണ് സ്ഥിതിചെയ്യുന്നത്. പാദങ്ങളെയും കാലുകളെയും പ്രതിനിധീകരിക്കുന്ന ഭാഗങ്ങൾ മുകളിലും, പിന്നെ കീഴോട്ട് ദേഹവും കൈകളും കഴുത്തും മുഖവും നാവും മറ്റും പ്രതിനിധീകരിക്കപ്പെടുന്നു. ഈ മസ്തിഷ്കഭാഗങ്ങളെ ഉത്തേജിപ്പിക്കുകയാണെങ്കിൽ അതിനനുസൃതമായ പേശീഭാഗങ്ങളിലും പ്രതികരണമുണ്ടാവും. ഈ ചേഷ്ടാകേന്ദ്രങ്ങൾക്കനുസൃതമായ സംവേദകകേന്ദ്രങ്ങൾ