താൾ:പ്രപഞ്ചവും മനുഷ്യനും.djvu/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെയ്യുന്നു.

നാം ദിവസേന ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളിൽ ഭൂരിഭാഗവും 'അറിയാതെ' ചെയ്തുപോകുന്നവയാണ്. നിത്യപരിചയത്തിന്റെ പേരിലാണത് നമുക്ക് സാധിക്കുന്നത്. ഏറെക്കാലം ഒരേ ചെയ്തികൾ ആവർത്തിക്കുന്നതുകൊണ്ടാണല്ലോ, പലതിലും നാം പരിചിതരായി തീരുന്നത്. ഇങ്ങനെ നാം സ്വായത്തമാക്കുന്ന ഓരോ സ്വഭാവത്തിന്റെയും അടിസ്ഥാനഘടകം സോപാധികമായി രൂപം കൊള്ളുന്ന റിഫ്ലെക്സുകളാണ്. ജന്മനാ രൂപം കൊണ്ടിട്ടുള്ള നിരുപാധികമായ റിഫ്ലെക്സുകൾ ഇവയുമായി ബന്ധപ്പെടുമ്പോഴാണ് ഇത്തരം സ്വഭാവങ്ങൾ ദൃഢപ്പെടുന്നത്. പക്ഷേ, ഓരോ സ്വഭാവവും രൂപീകരിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ പരീക്ഷണവിധേയമാകുന്ന പല ചേഷ്ടകൾക്കും, പാരമ്പര്യഘടകങ്ങളുടെ നിയന്ത്രണത്തിലുള്ള റിഫ്ലെക്സുകളുടെ പിന്തുണ ലഭിക്കാതെവരും. അപ്പോൾ പ്രസ്തുത ചേഷ്ടയ്ക്ക് വ്യക്തിയുടെ സ്വഭാവത്തിൽ അലിഞ്ഞുചേരാൻ കഴിയില്ല. മാത്രമല്ല, സോപാധികമായുണ്ടായ ആ പുതിയ ചേഷ്ടയോടു ബന്ധപ്പെട്ട നാഡീകോശശ്രേണി ക്രമത്തിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഇങ്ങനെ നാഡീകോശങ്ങളുടെ ബന്ധത്തെ വിച്ഛേദിക്കുകയും അവയുടെ കൂട്ടായ പ്രവർത്തനങ്ങളെ തടയുകയും ചെയ്യുന്ന പ്രക്രിയയെയാണ് ആന്തരികമായ നിരോധമെന്നു വിളിക്കുന്നത്.

നിരന്തരം ബാഹ്യപരിതഃസ്ഥിതിയുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന എല്ലാ ജന്തുക്കളുടെയും കേന്ദ്രനാഡീവ്യൂഹത്തിൽ അനവധി പുതിയ ചേഷ്ടകളെ നിയന്ത്രിക്കുന്ന നാഡീകോശശ്രേണികൾ ഉടലെടുക്കുകയും, അവയിൽ ചിലത് സ്ഥിരീകരിക്കപ്പെടുമ്പോൾ മറ്റു ചിലത് അപ്രത്യക്ഷമാകുകയും ചെയ്യുന്നു. നാഡീകോശങ്ങളുടെ പ്രവർത്തനവേഗതയും ദൃഢതയും പോലെതന്നെ അനവസരമായ ചോദനങ്ങളെ അമർത്താനും അവ തമ്മിലുള്ള നാഡീകോശബന്ധങ്ങൾ വിടർത്താനുമുള്ള കഴിവും, പരിതഃസ്ഥിതിക്കനുയോജ്യമായ അനുവർത്തനങ്ങൾക്ക് ജന്മമേകാൻ സഹായകമാകുന്നു. സോപാധികമായ റിഫ്ലെക്സുകളിലെ നാഡീകോശങ്ങൾ പാടെ വിച്ഛേദിക്കുകയല്ല, മറിച്ച് അവയുടെ പ്രവർത്തനത്തെയാകെ സ്തംഭിപ്പിക്കുകയാണ് ആന്തരിക നിരോധം മൂലമുണ്ടാകുന്നത്. സദാ ഉത്ഭവിച്ചുകൊണ്ടിരിക്കുന്ന ബാഹ്യചോദനങ്ങളിൽനിന്ന് അനുയോജ്യമായവയെ മാത്രം നിലനിർത്തി, മറ്റുള്ളവയെ മസ്തിഷ്കത്തിൽനിന്ന് നിഷ്കാസനം ചെയ്യുകയാണ് ഇതുകൊണ്ടുണ്ടാകുന്നത്. തന്മൂലം, നിരവധി മസ്തിഷ്കകോശങ്ങൾ അനാവശ്യമായ നാഡീകോശബന്ധങ്ങളിലേർപ്പെട്ട് ഉപയോഗശൂന്യമായിപ്പോകാതിരിക്കുന്നു. അതോടൊപ്പം അവയുടെ പ്രവർത്തനത്തിനുവേണ്ടി ചെലവഴിക്കപ്പെടേണ്ടി വരുന്ന ഊർജം നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു. അങ്ങനെ പുതിയ നാഡീകോശശ്രേണികൾ രൂപം കൊള്ളാൻ തക്കവിധം മസ്തിഷ്കകോശങ്ങൾ സ്വതന്ത്രമാക്കപ്പെടുന്നു.