Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24

ഉയർന്ന

മാനസിക പ്രവർത്തനങ്ങൾ

ബാഹ്യലോകത്തുനിന്നു വരുന്ന പ്രചോദനങ്ങളുടെ ഫലമായി മസ്തിഷ്കത്തിൽ ഉപയോഗപ്രദമായ ബന്ധങ്ങൾ സ്ഥാപിക്കുകയും അനുയോജ്യമായ പ്രതികരണങ്ങൾ ഉളവാക്കുകയും ചെയ്യുന്ന പ്രവർത്തനത്തെ പൊതുവിൽ പഠനം എന്നു പറയാം. എല്ലാ ജന്തുക്കളുടെയും സ്വഭാവത്തിൽ വളരെയേറെ സ്വാധീനം ചെലുത്തുന്നുണ്ട് ഈ പ്രവർത്തനങ്ങൾ. ഉയർന്ന ജന്തുക്കളിൽ പൊതുവിലുള്ള സ്വഭാവങ്ങളുടെയും ഉയർന്ന മാനസിക പ്രവർത്തനങ്ങളുടെയും അടിസ്ഥാനം തന്നെ ഈ പഠനമാണ്. മനുഷ്യനടക്കമുള്ള വിവിധ ജന്തുക്കൾ പ്രകടിപ്പിക്കുന്ന വൈവിധ്യമാർന്ന സ്വഭാവങ്ങൾക്കെല്ലാം അടിസ്ഥാനമായിട്ടുള്ള മസ്തിഷ്കപ്രവർത്തനങ്ങളെക്കുറിച്ച് നാഡീകോശങ്ങളുടെ ശരീരക്രിയാപരവും ശരീരഘടനാപരവും ജൈവരസ തന്ത്രപരവുമായ വീക്ഷണകോണുകളിൽനിന്നുള്ള വിശദീകരണങ്ങളും സിദ്ധാന്തങ്ങളും ഇന്നു നിലവിലുണ്ട്. ഈ വിവിധ സിദ്ധാന്തങ്ങൾ തമ്മിൽ നിരുപാധികവും സോപാധികവുമായ ചോദനങ്ങളുടെ പ്രവർത്തനസരണികളിൽ ഏതേതു തലത്തിൽവെച്ചാണ് ഫലപ്രദമായ പുതിയ ബന്ധങ്ങൾ ഉളവാകുന്നത് എന്നതിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. എങ്കിലും അവ തമ്മിലുള്ള പരസ്പര പ്രവർത്തനമാണ് പഠനത്തിലെ മൗലിക ഘടകമെന്നുള്ള കാര്യത്തിൽ എല്ലാവർക്കും യോജിപ്പുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ നടക്കുന്ന ഭൗതികമാറ്റങ്ങളെക്കുറിച്ചും അഭിപ്രായവ്യത്യാസമുണ്ടെങ്കിലും നാഡീകോശങ്ങൾ തമ്മിൽ നേരിട്ടുള്ള സാമീപ്യബന്ധത്തിന്റെ ഫലമായിട്ടാണ് നിരുപാധികവും സോപാധികവുമായ ചോദനങ്ങൾ തമ്മിൽ പ്രാരംഭപ്രതിപ്രവർത്തനം നടക്കുന്നതെന്ന് എല്ലാവരും അംഗീകരിക്കുന്നു.

നാഡീകോശങ്ങൾ തമ്മിലുള്ള സന്ധികൾ, നേരിട്ടുള്ള ബന്ധസ്ഥാനങ്ങളല്ല. രണ്ടു കോശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത് അവയ്ക്കിടയിൽ പ്രവർത്തിക്കുന്ന ചില രാസവസ്തുക്കളാണ്. ഇവയുടെ പ്രവർത്തനം സുഗമമാവുകയും തൊട്ടടുത്തുള്ള കോശങ്ങൾ തമ്മിൽ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതിനു ഒരു പ്രത്യേക തോതിലുള്ള ഉത്തേജനം ആവശ്യമാണ്. എന്നാൽ തടുർച്ചയായുള്ള ഉപയോഗം വഴി കുറഞ്ഞ തോതിലുള്ള ഉത്തേജനങ്ങൾക്കും ഈ ബന്ധം സ്ഥാപിക്കാൻ കഴിയും. ഇങ്ങനെ നാഡീകോശസന്ധികൾ സുകരമായി തീരുന്ന പ്രക്രിയകളാണ് ഉയർന്ന മാനസിക പ്രവർത്തനങ്ങൾക്ക് നിദാനമെന്നു കരുതപ്പെടുന്നു. വാസ്തവത്തിൽ ഇത്തരം പ്രവർ