Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന നാഡീകോശബന്ധങ്ങൾ വാർത്താശേഖരണത്തിനു അഥവാ ഓർമ്മയ്ക്കു നിദാനമായിട്ടാണു വർത്തിക്കുന്നത്. ആവർത്തിച്ചാവർത്തിച്ച് ഒരേ നാഡീകോശശ്രേണികൾ ഉത്തേജിക്കപ്പെടുന്നതിന്റെ ഫലമായി അവ തമ്മിലുള്ള ബന്ധം ദൃഢതരമാകുന്നതിന്റെ അന്തിമഫലമാണ് ഓർമ്മ. അതേസമയം പഠനമാകട്ടെ, ഈ പ്രക്രിയകളുടെ ആരംഭത്തെ കുറിക്കുന്നതാണ്. മുമ്പു പ്രവർത്തിക്കാതിരുന്ന നാഡീകോശസന്ധികളെ ആദ്യമായി പ്രവർത്തിപ്പിച്ചുതുടങ്ങുക എന്ന കാര്യം അത്യധികം സങ്കീർണ്ണമായതാണ്. പഠനവുമായി ബന്ധപ്പെട്ട മസ്തിഷ്കപ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഈ പ്രാരംഭോത്തേജനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

ഒരു വാർത്താശകലത്തെ പ്രതിനിധീകരിക്കുന്ന സ്ഥാനികമോ കാലികമോ ആയ ഒരൊറ്റ സംഭവത്തെ പുനരുത്തേജിപ്പിക്കുന്നതാണ് ഓർമ്മ. സ്ഥാനികവും കാലികവുമായി ബന്ധപ്പെട്ട ഒട്ടേറെ ഓർമ്മകളെ സംയോജിപ്പിക്കാനുള്ള കഴിവാണ് പഠനം. മനുഷ്യനിലെ യുക്തിവല്ക്കരണവും ഇതുമായി ബന്ധപ്പെട്ട സമാനമായ ഒരു പ്രക്രിയയാണ്. പക്ഷേ, അതു കുറേക്കൂടി സങ്കീർണ്ണമാണെന്നു മാത്രം. മനുഷ്യമസ്തിഷ്കത്തിൽ മുദ്രണം ചെയ്യപ്പെടുന്ന വാർത്താശകലങ്ങൽ ഭാഷയുടെ മാധ്യമമുപയോഗിച്ച് കോഡുചെയ്യുകയും വിവിധ രീതിയിൽ സംയോജിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്കു നാം ചിന്ത, ഭാവന, ബുദ്ധിപരമായ പ്രവർത്തനം എന്നെല്ലാമുള്ള പേരുകൾ നൽകിയിരിക്കുന്നു.

പഠനവും സോപാധികമായ റിഫ്ളെക്സുകൾ ഉണ്ടാകുന്നതും തമ്മിൽ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങളുണ്ട്. ബോധപരമായ സ്മൃതിയുടെ നിലവാരത്തിലേക്കെത്താത്ത വെറും അനൈച്ഛികപ്രതികരണപ്രവണത ആർജ്ജിക്കുന്നതാണ് വ്യവസ്ഥാപനം. എന്നാൽ കൂടുതൽ സങ്കീർണ്ണായ പ്രതികരണശൃംഖലകൾ സ്വേച്ഛയാ ആർജ്ജിക്കുന്നതാണ് പഠനം. ഇവിടെ ഏതെങ്കിലും ഒരൊറ്റപ്പെട്ട സ്മൃതിശകലമല്ല, പരസ്പരബദ്ധമായ സ്മൃതി ശൃംഖലയാണ് പ്രതിപ്രവർത്തിക്കുന്നത്. എന്തായാലും ഇത്തരത്തിലുള്ള എല്ലാ ഉയർന്ന മാനസിക പ്രവർത്തനങ്ങളുടെയും അടിസ്ഥാനം മസ്തിഷ്കത്തിൽ ഒറ്റപ്പെട്ടതോ സങ്കീർണ്ണമോ ആയ സ്മൃതി-ശൃംഖലകൾ രൂപംകൊള്ളുന്നതാണ്. അപ്പോൾ മസ്തിഷ്കത്തിൽ വാർത്താശകലങ്ങൾ മുദ്രണം ചെയ്യുന്നതെങ്ങനെയാണെന്നു മനസ്സിലാക്കുകയാണ് ഈ വക പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താനുള്ള മാർഗ്ഗം.

സ്മൃതിപഥങ്ങൾ രൂപംകൊള്ളുന്നതെങ്ങനെയാണെന്നു വിശദീകരിക്കാനായി ഒറ്റയ്ക്കും കൂട്ടായും വിവിധ സിദ്ധാന്തങ്ങൾ ആവിഷ്കൃതങ്ങളായിട്ടുണ്ട്. ധർമ്മപരമായ ശരീരക്രിയാമാറ്റങ്ങളോ സ്ഥിരമായ ശരീര ഘടനാപരമായ വ്യതിയാനങ്ങളോ ആണ് ഓർമ്മയുടെ ഭൗതികാടിസ്ഥാനമെന്നു നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അടുത്തകാലത്തായി ഈ പഴയ സിദ്ധാന്തങ്ങൾക്കു ചില രൂപാന്തരങ്ങൾ വരുത്തിയിട്ടുണ്ട്. പഠനവും (ഹസ്വകാലസ്മൃതിയും,