Jump to content

ധർമ്മരാജാ/അദ്ധ്യായം ഇരുപത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്


<poem>

[ 152 ]

അദ്ധ്യായം ഇരുപത്


“മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയം
ഉൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ.”

സമുദായങ്ങളുടെ ‘വിശ്വകർമ്മാ’ക്കളും അനാത്മികമായ പദവികളുടെ പ്രാപ്തിക്കായ്ക്കൊണ്ട്, ജന്തുഹിംസയെ പ്രമാണരൂപമായി നിഷേധിച്ചും ശാസ്ത്രമാകുന്ന ഛത്രത്തെ ശരണീകരിച്ചും, അജമേധാദിക്രിയകളെ അനുഷ്ഠിക്കുന്നതിൽ ഉത്സുകന്മാരായിരിക്കുന്നു. ‘ശാസ്ത്രം’ എന്ന ശ്രേഷ്ഠസാധനത്തിന്റെ മെഴുകുപ്രായമുള്ള നമ്യതയെ ചിന്തിക്കുമ്പോൾ, രാജ്യലബ്ധിദീക്ഷയെ അനുവർത്തിക്കുന്ന ലൗകികന്മാർ നരമേധംചെയ്‌വാൻ മുതിരുന്നതിനെയും വല്ല സ്മൃതിഘട്ടമോ പുരാണമൂലയോ സാധൂകരിക്കുമെന്ന് സധൈര്യം ആഖ്യാപനംചെയ്യാം. എന്തായാലും, മഹാരാഷ്ട്രങ്ങളുടെ പ്രതിഷ്ഠ രക്തപങ്കിലമായ അസ്തിവാരത്തിലാണെന്നു പുരാണങ്ങളും പുരാവൃത്തജ്ഞന്മാരും കീർത്തിക്കുന്നു. ആധുനികചരിത്രഗ്രന്ഥങ്ങൾതന്നെ [ 153 ] അനേകവും രക്തവിസർജ്ജനത്തിന്റേയും വിസർപ്പകന്മാരുടേയും സ്മാരകങ്ങളെന്നു ഖണ്ഡിക്കാവുന്നതല്ലേ? ഇങ്ങനെയിരിക്കെ, പെരുമാക്കന്മാരാൽ ഭരിക്കപ്പെട്ടിരുന്ന കേരളമണ്ഡലത്തിന്റെ പ്രധാനഖണ്ഡമായി ശേഷിക്കുന്ന വഞ്ചിരാജ്യത്തിലും സംസ്ഥാനസ്വരൂപണത്തിന്റെ ഗത്യന്തരങ്ങൾക്കിടയിൽ, ചില വധങ്ങൾ സംഭവിച്ചു എന്നത്, ആ സംസ്ഥാനത്തിൽ തീക്ഷ്ണവീര്യന്മാരായ ബാഹുജസിംഹങ്ങൾ വസിച്ചിരുന്നതായി മാത്രമേ തെളിയിക്കൂ. അതുകൊണ്ട്, ഹരിപഞ്ചാനനമതത്തിന്റെ പ്രചാരണത്തിനിടയിൽ അദ്ദേഹത്തിന്റെ മുദ്രാധാരണത്താൽ അവരോധംചെയ്യപ്പെട്ട ഒരു ആചാര്യനോ ആര്യനോതന്നെയാകട്ടെ, മൃതനാക്കപ്പെട്ടത് നിസ്സാരമായ മത്സരഫലമെന്നു വാദിച്ചാൽ അത് വ്യാജവും, വ്യാഖ്യാനിച്ചാൽ ലോകമഹൽഗതിയെക്കുറിച്ചുള്ള അജ്ഞതയും ആയിരിക്കും.

ഉമ്മിണിപ്പിള്ളയുടെ മരണവൃത്താന്തശ്രവണത്തിൽ മഹാരാജാവിന് ഈ പ്രമാണങ്ങളുടെ സൂക്ഷ്മജ്ഞാനംകൊണ്ട് മേനിയും മനസ്സും തളർന്നു. ആ വൃത്താന്തത്തോടുകൂടി ഉമ്മിണിപ്പിള്ളയെ നിഗ്രഹിച്ചിട്ട്, നീട്ടെഴുത്തു കേശവപിള്ള നാടുവിട്ടു പോയിരിക്കുന്നു എന്നു കൂടി ധരിപ്പിക്കപ്പെട്ടപ്പോൾ അവിടത്തെ മുഖത്തുദിച്ച നരസിംഹദ്യുതികണ്ട്, ആ വൃത്താന്തവാഹകൻ അവന്റെ കഥയിലെ നായകനെപ്പോലെതന്നെ പരോക്ഷത്തിൽ എവിടെയോ അന്തർദ്ധാനംചെയ്തു. മഹാരാജാവിന്റെ മനോനേത്രം സംസ്ഥാനഭ്രംശത്തിന് ഉദ്യതമായ ഒരു പ്രതിയോഗിപക്ഷത്തിന്റെ ഊർജ്ജിതമായ പ്രവർത്തനത്തെ ദർശിച്ചു. കേശവൻകുഞ്ഞിന്റെ സംഗതിയിലെന്നപോലെ കേശവപിള്ളയ്ക്കുവേണ്ടിയും അവിടന്നു പ്രവേശിക്കാതെ പ്രധാനമന്ത്രിമാരുടെ ദൃഷ്ടിക്ക് ആ സംഗതിയെ പ്രത്യേകമായി വിഷയീഭവിപ്പിച്ചുമാത്രം ഒരു കൽപന പുറപ്പെടുവിച്ച്, അടങ്ങി.

ഹൃദയശുദ്ധന്മാരും ഹൃദയശൂന്യന്മാരും ഒന്നുപോലെ സുഖനിദ്രയാകുന്ന ഐഹികസ്വർഗ്ഗത്തെ അനുഭവിക്കുന്നു. പരിപഞ്ചാനനനായ ഹൃദയശൂന്യൻ സ്വയോഗനിദ്രയുടെ പ്രശാന്തതയെ അനുസ്മരിച്ച് ഉദ്ഗാരപടലികളും നൃത്തകീർത്തനാദികളുംകൊണ്ട് ഉദയാർഘ്യദാനത്തിൽ സംഭവിച്ചുപോയിട്ടുള്ള ന്യൂനതകളെ പരിഹരിച്ചു. കേരളേന്ദ്രപദവിയെ പ്രാപിച്ചുകഴിഞ്ഞതുപോലെ അദ്ദേഹത്തിന്റെ ഉല്ലാസപൂർണ്ണത ഉദയഭാസ്കരന്റെ മൃദുലകിരണങ്ങൾക്ക് അതിപ്രകാശം നൽകി. ഉദയസന്ധ്യാനടനായി നിൽക്കുന്ന യോഗിയുടെ മുമ്പിൽ ഒരു ഭൃത്യൻ പ്രവേശിച്ച് ഉമ്മിണിപ്പിള്ളയായ ശിഷ്യൻ മരിച്ചുപോയിരിക്കുന്നു എന്നുള്ള വൃത്താന്തത്തോടുകൂടി കേശവപിള്ളയെ കാൺമാനില്ലെന്നും ധരിപ്പിച്ചു. ആ പ്രാരബ്ധനിവൃത്തന്റെ മുഖത്ത് അപ്പോൾ സ്ഫുരിച്ച സംശയഭാവവും നേത്രങ്ങളിൽനിന്നു പുറപ്പെട്ട പ്രശ്നചിഹ്നങ്ങളും നാട്യകലാധിഷ്ഠാനദേവതയെക്കൊണ്ടും ‘പ്രീതോഹം’ വദിപ്പിക്കുമായിരുന്നു. തന്റെ യജ്ഞത്തിന്റെ ഋത്വിഗ്വരണം തന്നെ, അതിന്റെ മാഹാത്മ്യത്തിന് ഇത്ര അനുയോജ്യമായ ഒരു ബലിദാനത്തോടുകൂടി നടന്നല്ലോ എന്ന് അദ്ദേഹം സന്തുഷ്ടനായി മദിച്ചു. എന്നാൽ ആ തത്വനിധാനനായ അഗാധഹൃദയനാൽ അക്ഷീണമായി വചിക്കപ്പെടുമാറുള്ള “ജീവനെ മൃത്യുവും, സന്തോഷത്തെ സന്താപവും, ഉന്നതിയെ അധഃപതനവും വേർപിരിയാതെ നിരന്തരാവരണം ചെയ്യുന്നു” എന്നുള്ള പ്രമാണത്തിന്റെ ഒരു അനുഭവപാഠമായി അദ്ദേഹത്തിന്റെ ജയവിജൃംഭിതമായ ജടാബന്ധത്തിൽത്തന്നെ, ആ മഹാവിജയഘട്ടത്തിൽ ഒരു വജ്രനിപാതം ഉണ്ടായി. മഹാരാജാവിന് കേശവപിള്ളയുടെ വേർപാടുകൊണ്ടുണ്ടായ നഷ്ടംപോലെ, അവിടത്തെ കിരീടകാംക്ഷിയായുള്ള ഹരിപഞ്ചാനനന് അദ്ദേഹത്തിന്റെ വിശ്വസ്തസേവകനും കോശകാര്യസ്ഥനുമായ വൃദ്ധസിദ്ധനും ആകാശഗമനം ചെയ്തിരിക്കുന്നു. ഈ വൃത്താന്തം കേട്ടപ്പോൾ ഹരിപഞ്ചാനനൻ ഹതപഞ്ചാനനനായി. അദ്ദേഹത്തിന്റെ കപാലത്തിനകത്തുള്ള മജ്ജാപിണ്ഡം, അതിന്റെ ധ്രുവത്തിൽ ഭ്രമണംചെയ്തുതുടങ്ങിയതുപോലെ തോന്നി. തന്റെ ശ്രമങ്ങളുടെ സിദ്ധിക്ക് അപരിത്യാജ്യമായ ദ്രവ്യസഞ്ചയം തന്റെ പ്രേഷകന്മാരിൽനിന്നു വന്നുചേരുന്നതിനുള്ള കവാടം വൃദ്ധസിദ്ധന്റെ പുറകേ അടഞ്ഞുകണ്ടപ്പോൾ ഹരിപഞ്ചാനനൻ സ്വയം ആഗതമായ ഒരു സമാധിയാൽ ബന്ധിക്കപ്പെട്ടു. ഹതവിധിയാൽ താൻ അഭിയുക്തനായിത്തീർന്നിരിക്കുന്നു, എന്നുള്ള ബോധത്തോടുകൂടി, അദ്ദേഹം അല്പനേരം ആസനത്തെ അവലംബിച്ച് ഊർദ്ധ്വൻവലിച്ചു. ഭക്തന്മാരും സ്വാശ്രയവർത്തികളും ആയ പ്രഭുതതിയും, [ 154 ] വിശേഷിച്ചും ഒരു മഹാനിക്ഷേപത്തിന്റെ ഉടമസ്ഥകളായ മന്ത്രക്കൂടനിവാസിനികളും തന്റെ സ്വാധീനത്തിലിരിക്കുമ്പോൾ ദ്രവ്യഹാനികൊണ്ടുണ്ടാകുന്ന പ്രതിബന്ധത്തെ ഭയപ്പെടാനില്ലെന്ന് അദ്ദേഹം വീണ്ടും ഉദ്ദീപ്തനായി. ഉമ്മിണിപ്പിള്ളയുടെ ദേഹവിയോഗത്തിൽ ഉദ്ഭൂതമായ അനുകമ്പാഭാരം അദ്ദേഹത്തിന്റെ ഹൃദയത്തിനു വഹിക്കവഹിയാതെ ചമഞ്ഞതുപോലെ പരിതാപനമ്രനായി, തന്റെ ഗുരുപദത്തിനു ചേർന്ന പിതൃസ്ഥാനകർത്തവ്യത്തെ നിവർത്തിപ്പാനായി ഭക്തന്റെ സംസ്കാരക്രിയാകരണത്തിനു പുറപ്പെട്ടു.

ഈ സമയത്തുതന്നെ അധികാരികളിൽ ചിലർ കേശവപിള്ളയുടെ ഗൃഹപരിശോധന ആരംഭിച്ചു. ഭഗവതിഅമ്മ അവരുടെ ഉപാസനാദേവിയായ നീലിയെപ്പോലെ ഭയാനകയായി, കേശമകുടത്തെ ഉരൽപ്പെട്ടിപ്പോലെ ജൃംഭിപ്പിച്ചു വിടുർത്തി വിളങ്ങിച്ചുകൊണ്ടു തന്റെ കുരരീരവപടലികളാൽ ആ ഭവനത്തെ മാർജ്ജാരാക്ഷൗഹിണി പതിനെട്ടും ചേർന്നപോലുള്ള ഒരു കുരുക്ഷത്രമാക്കിത്തീർത്തു. പാർത്ഥനും പാർത്ഥസാരഥിയും മറ്റു ബന്ധുജനങ്ങളും പരിപന്ഥികളും താൻതന്നെ ആയി, വിശിഷ്ടചമ്മട്ടി ധരിച്ചും, ചില ഭഗവൽഗീതകളുപദേശിച്ചും, “കേശവപിള്ള എവിടെ?” എന്നു ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്മാർക്ക് തന്റെ നാസികാന്തത്തെ പൊക്കി വിശ്വദർശനം നൽകിയും, “പണ്ടാരവക ആളുകളോടു കളിക്കരുത്” എന്നു വാദിച്ച വിലരുടെ മുഖങ്ങളിലും മുതുകുകളിലും ദന്തനഖാദി ശസ്ത്രപ്രയോഗം ചെയ്തും, നിർബ്ബന്ധചോദ്യങ്ങൾ ചെയ്തവരുടെ പൂർവ്വപരമ്പരകൾ, മേലാൽ തിരുവനന്തപുരത്തിന്റെ സമീപദേശമായ തിരുവല്ലത്തെ പിണ്ഡസ്വീകാരത്തിനുപോലും പുറപ്പെടാതെ വർത്തിക്കത്തവണ്ണം, ദിവ്യാസ്ത്രങ്ങൾകൊണ്ട് അവരെ സമാരാധിച്ചും, പോർചെയ്തു. എന്നിട്ടും അമർത്താൻ സാധിക്കാത്ത ഭടന്മാരുടെ മാറത്തും തന്റെ മാറത്തും നിർദ്ദയമായി അറഞ്ഞും, “വെള്ളം കുടിയും മുട്ടട്ടെ” എന്ന് അക്രോശിച്ച്, പാളയെ എടുത്തു കിണറ്റിൽ നിക്ഷേപിച്ചും, ഭഗവതിഅമ്മ തൽക്കാലത്തേക്ക്, ശ്രീപരശുരാമൻ തപസ്സിനായി കേരളത്തിൽ പോന്നതുപോലെ, ശ്രീവരാഹക്ഷത്രത്തിൽ ഭജനമിരിപ്പാൻ പുറപ്പെട്ടു.

ഉമ്മിണിപ്പിള്ളയുടെ ദുർമ്മരണം തിരുവനന്തപുരം നഗരത്തെ ഒരു മഹാസാംക്രമികരോഗവ്യാപ്തിപോലെ ഭയകരിമ്പടംകൊണ്ട് ആവേഷ്ടിച്ചു. പൗരകാര്യസ്ഥന്മാർ മാത്രം ആ സംഗതിയുടെ അന്വേഷണത്തിനു പുറപ്പെടുകയും, മറ്റു സകല ജനങ്ങളും രാജാധികാരത്തിന് ഒരു രൂക്ഷശിക്ഷയായി, ദുഃഖദീക്ഷയെ അനുവർത്തിക്കയും ചെയ്തു. രാജാധാനിയിലെ ഗൗരവമായ ജനക്ഷോഭം അതിന്റെ പ്രശാന്തമായ നിസ്സ്വനതകൊണ്ടുതന്നെ രാജ്യത്തിന്റെ ചതുരന്തങ്ങളിലും ക്ഷണത്തിൽ പരന്നു. ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾക്കു പ്രതിബന്ധമുണ്ടാകാതെ കോട്ടയ്ക്കു പുറത്തു മാറ്റപ്പെട്ട മൃതശരീരത്തെ കാണുന്നതിനു കൂടിയ കരനാഥന്മാരുടെ ഇടയിൽ “ഈ അക്രമം ആരാൽ ചെയ്യപ്പെട്ടു?” എന്നുണ്ടായ ചോദ്യത്തിന് “നീട്ടെഴുത്തു കേശവപിള്ള” എന്നുത്തരം അശരീരിവചസ്സായി ആകാശത്തിലെങ്ങും മുഴങ്ങി. മൃതശരീരത്തിന്റെ പാർശ്വത്തിൽ ചിലമ്പിനേത്തു ചന്ത്രക്കാറൻ പെരുംകൂറ്റച്ചുരമാന്തൽകൊണ്ട് അനന്തശയനപുരത്തെ കുളംതോണ്ടി കടലോടു സംഘടിപ്പിക്കാൻ എന്നപോലെ തലതാഴ്ത്തി ചിനത്തു ചീറിക്കൊണ്ടുനിന്നു. നന്തിയത്തുണ്ണിത്താൻ തന്റെ സംബന്ധിയുടെ ദുഃഖത്തിൽ അനുതപിച്ചുകൊണ്ട് ദുശ്ശാസനന്റെ അധർമ്മചാരിത്വത്തെ ദർശിച്ച് മൂക്കിൽ വിരൽ തള്ളിപ്പോയ കൃപാദ്യാചാര്യന്മാരുടെ പ്രതിച്ഛായപോലെയും നിലകൊണ്ടു. നവീനലോകഗുരുവായുള്ള ഹരിപഞ്ചാനനയോഗീശ്വരൻ ദന്തപ്പാദുകങ്ങളിൽ ആരോഹണംചെയ്ത് എഴുന്നള്ളി, തന്റെ ഭക്തന്റെ മൃതശരീരത്തെ തലോടി അനുഗ്രഹിച്ചും, അങ്ങനെ പാവനമാക്കപ്പെട്ട കളേബരത്തെ ഭസ്മീകരിക്കാതെ സമാധിയിരുത്തി കൃമിഭോജ്യമാക്കുന്നതിനുള്ള വിധികളെ ഉപദേശിച്ചും, യാത്രയായി. അനന്തരം അണ്ണാവയ്യന്റെ സംഗതിയിലെന്നപോലെ നിയമപ്രകാരമുള്ള രേഖകൾ തയ്യാറാക്കുന്നതിന് അധികാരിമാർ ഉമ്മിണിപ്പിള്ളയുടെ ശരീരത്തെ പരിശോധിച്ചപ്പോൾ, അയാളെ നിഗ്രഹിക്കുമെന്ന് കേശവപിള്ള പ്രതിജ്ഞചെയ്തതിനെ സംബന്ധിച്ചു മഹാരാജാവിനു സമർപ്പിക്കാൻ അയാൾ തന്റെ ചരമലേഖനമായി തയ്യാറാക്കിയിരുന്ന സങ്കടപത്രം കാണപ്പെട്ടു. രാജാധികാരവിധി എങ്ങനെ അവസാനിച്ചാലും, ഉമ്മിണിപ്പിള്ളയുടെ കൃതാന്തൻ ആരെന്ന്, പുനരിനും പരിശോധനയ്ക്കും മാർഗ്ഗമില്ലാതെ രാജകീയതീർച്ചയായിത്തന്നെ [ 155 ] ഒരു വിധി കേശവപിള്ളയുടെ നേർക്ക്, തുറന്ന ജനലോകകോടതിയിൽനിന്നു പ്രസിദ്ധീകരിക്കപ്പെട്ടു.

അന്നു മദ്ധ്യാഹ്നമായപ്പോൾ രാമവർമ്മമഹാരാജാവ് മനോവിശ്രമത്തിനായി ഏകാന്തവാസം ആഗ്രഹിച്ച്, ഇപ്പോൾ ‘രംഗവിലാസ്സം’ മുതലായ രാജസൗധങ്ങൾ സ്ഥിതിചെയ്യുന്ന ഉപവനത്തിൽ ‘വലിയ ചവുക്ക’ എന്ന പേരോടുകൂടി ഉണ്ടായിരുന്ന ഒരു മണ്ഡപത്തിൽ പ്രവേശിച്ച്, പരിജനങ്ങളെയെല്ലാം വളരെ ദൂരത്താക്കീട്ട് വ്യാകുലതയോടുകൂടി അവിടെ നടന്നുകൊണ്ടിരുന്നു. മനുഷ്യരുടെ സുഖാവസരങ്ങളെ വഷളാക്കുന്ന സന്ദർഭകുസൃതി എന്നൊരു ചാത്തന്റെ ബാധ പലരും അനുഭവിച്ചിരിക്കാം. ഈ മൂർത്തിയുടെ കളികൊണ്ടെന്നപോലെ, ഉന്നതമായ ശാഖയിൽനിന്നു ഭൂമിയിൽ വീഴുന്ന ചക്ക യുടെ ‘ധുമി’ധ്വനിയോടുകൂടി ഒരു ഭീമാകാരൻ തെക്കുള്ള ചുവർചാടി ആ ഉദ്യാനത്തിനകത്തു വീണു. ആ ശബ്ദത്താൽ ആകർഷിതനായ മഹാരാജാവ് തന്റെ സ്വസ്ഥവാസത്തേയും രാജസന്നിധിയിൽ സങ്കടങ്ങൾ ബോധിപ്പിക്കാൻ പ്രവേശിക്കുന്നതിനുള്ള മാർഗ്ഗനിയമത്തേയും ലംഘിച്ച പ്രമത്തന്റെ ശരീരദൈർഘ്യവിസ്തൃതികളെ കണ്ടുണ്ടായ വിസ്മയത്തിൽ, അയാളുടെ അപരാധങ്ങളെ മറന്നു. വിചാരിച്ചിരിക്കാതെ മഹാരാജാവിന്റെ മുമ്പിൽ ചാടിപ്പോയ പക്കീർസാ തനിക്കു ശിക്ഷയുണ്ടാകാതിരിപ്പാനായി “മുതലാളിക്കു സങ്കടം” എന്നു മഹാരാജാവു കേൾക്കുമാറ് ഒരു വ്യാജം പറഞ്ഞു. ‘മുതലാളി’ എന്നു പറയപ്പെട്ടത് പോക്കുമൂസാ വർത്തകനാണെന്ന് മഹരാജാവു വ്യാഖ്യാനിച്ച് പൂർവ്വരാത്രിയിലെ സംഭവത്തിന്റെ സ്മൃതി ഉണ്ടായിരുന്നിട്ടും, ധൈര്യത്തോടുകൂടി ആ യമകായനെ സമീപത്തു വിളിച്ച്, “മുതലാളി എന്തു പറഞ്ഞയച്ചു?” എന്നു ചോദ്യം ചെയ്തു. ആ ദൂതൻ ഇടതുകൈ മാറോടണച്ച്, വലതുകൈ നിലത്തു മുട്ടുംവണ്ണം നാലഞ്ചു സലാംവച്ച്, മാമവെങ്കിടൻ തന്റെ മുഖത്തെ മറയ്ക്കാൻ കൈക്കൊണ്ട നിലയിലും അധികമായി വക്രിച്ച്, സൂക്ഷ്മസമകോണാകൃതിയിൽ, അധരംപൊത്തി നിന്നു. ആ ദൂതനെ അതിനു മുമ്പിലും കണ്ടിട്ടുണ്ടെന്നു മഹാരാജാവിനു ബലമായ ഒരു ശങ്ക ഉദിക്കയാൽ “നിന്റെ പേരെന്ത്?” എന്നു ചോദിക്കുകയും “പക്കീർസായാണു പൊന്നടികളേ” എന്ന് നിലത്തുതന്നെ നോക്കിക്കൊണ്ടു അയാൾ മറുപടി അറിയിക്കയും ചെയ്തു.

മഹാരാജാവ്: (പക്കീരിന്റെ പരമാർത്ഥത്തെ ആലോചിപ്പാൻ ഇടകിട്ടുന്നതിനു പുറപ്പെടുവിക്കുന്ന തന്റെ ചോദ്യത്തിലെ വിനോദരസത്തെ ഓർത്തു സ്വൽപമൊരു പുഞ്ചിരിയോടുകൂടി) “ഏഹേ! നിന്നെക്കണ്ടിട്ട് സാധാരണ ഒരു വെറും പക്കീർസായാണെന്നു തോന്നുന്നില്ല. പരമാർത്ഥം കേൾക്കട്ടെ.”

പക്കീർസായുടെ നേത്രങ്ങൾ, കുനിഞ്ഞുനിൽക്കുന്ന ആ നിലയിലും ഉള്ളിലുണ്ടായ ചിന്തകളുടെ ഗതിവിശേഷംകൊണ്ട് അനൽപവേഗത്തിൽ പലവുരു അടഞ്ഞു തുറന്നു എന്ന് മഹാരാജാവിനുതന്നെ തോന്നി. “പക്കീർപിള്ള എന്നും ചില അങ്ങത്തമാർ അന്തസ്സിന് ഉത്തരവാവാർ—കല്പനെ”

മഹാരാജാവ്: “അങ്ങനെ ഒന്നും അല്ലെന്ന് നാം പറയുന്നു.”

പക്കീർസാ: (ഝടിതിയിൽ) “അലിയാർഖാൻ എന്നു കൽപിച്ചാൽ അതുവും പൊരുന്തും ദൈവപ്പെരുമയെ.”

മഹാരാജാവ്: (അക്ഷമനായി) “ഛ! ഛേ! അതുമല്ലാ—”

പക്കീർസാ: (സമ്മതിച്ചു തലയാട്ടി. അതോട് ഉടലും ആടി) “പടച്ചവന്റെ മേന്മയാൽ മലുക്കൂന്നും പേരൊണ്ട് —അതിനും പക്കീർ മൂളും.”

മഹാരാജാവ്: “ആദ്യം അമ്മയച്ഛന്മാരിട്ട പേരെന്ത്? അതു കേൾക്കട്ടെ.”

വാക്കുകൾ മുട്ടിയും ഇടറിയും, ഒരു കൈകൊണ്ടു ചെവി കശക്കിയും തല ചൊറിഞ്ഞും, നേത്രങ്ങളെ അൽപമൊന്നു പുറത്തു കാണിച്ച് മഹാരാജാവിന്റെ മുഖഭാവത്തെ നിർണ്ണയം ചെയ്തും, ചുണ്ടും അണയും അമർത്തിയും പക്കീർ എന്തോ മുനങ്ങി. മഹാരാജാവിന്റെ [ 156 ] സരസഗുണം പ്രകാശിച്ച് അവിടത്തെ മനഃക്ലാന്തതയെ നീക്കി. ആ ഭീമാകാരന്റെ ശരീരപരിമിതിയും അയാളുടെ സംഭ്രമവും തമ്മിലുള്ള വൈപരീത്യം തിരുമനസ്സിൽ നിർഭരമായ വിനോദരസത്തെ ജനിപ്പിച്ചു. “എന്താത്,—ഇത്ര വിഷമിപ്പാൻ? ഭയം കൂടാതെ പറഞ്ഞേക്ക്” എന്നു കരുണാപൂർവ്വം പ്രാവാഹിപ്പിക്കപ്പെട്ടപ്പോൾ പക്കീർസാ പരമാർത്ഥത്തെ പൊട്ടിച്ചു. അതിബാല്യത്തിലെ ഒരു സംഭവമായതുകൊണ്ട്, നാമകരണസമയത്ത് അച്ഛനമ്മമാർ നൽകിയ പേരിനെ, തനിക്ക് ഓർക്കത്ത വണ്ണം കേൾക്കാൻ കഴിഞ്ഞില്ലെന്ന് ആ വൻപൊണ്ണൻ പച്ചയിൽ വിളിച്ചറിയിച്ചു. മഹാരാജാവ് പൊട്ടിച്ചിരിപ്പാൻ മടിക്കയാൽ, ശ്വാസംമുട്ടി, കരൾ കലങ്ങി, കണ്ണുകളിൽ ജലവും നിറഞ്ഞ്, ഒരുവിധം വിഷമപ്പെട്ട്, തന്റെ ശ്വാസത്തെ നിലയിലാക്കിക്കൊണ്ട് “ആട്ടെ , നിന്റെ സംഗതി വല്ലതും നാം ധരിപ്പാൻ ഇടവന്നിട്ടുണ്ടോ?” എന്നു പിന്നെയും ചോദിച്ചു.

പക്കീർസാ: “പടച്ചവൻ കൃപചെയ്ത്—പഞ്ചാതൊട്ട്, അള്ളാ അടിച്ച് വാപ്പാമേല്—” എന്നിങ്ങനെ തന്റെ ബോധനത്തെ സത്യവാങ്മൂലമാക്കുന്നതിന് സത്യവാചകത്തെ ഉച്ചരിപ്പാൻ തുടങ്ങീട്ട് ശരിയാകാത്തതിനാൽ, “ഇക്കടിതം എല്ലാ പരമാസ്രവും അറിവിക്കും” എന്നു പറഞ്ഞുകൊണ്ട് "ഒരു ഓല ലേഖനത്തെ താൻ നിന്നിരുക്കും” എന്നു പറഞ്ഞുകൊണ്ട് ഒരു ഓലലേഖനത്തെ താൻ നിന്നിരുന്നിടത്തു വച്ചിട്ട് പുറകോട്ടു മാറിനിന്നു. ‘മുതലാളി’യുടെ സ്വകാര്യ ലേഖനമായിരിക്കുമെന്നു സങ്കൽപിച്ച് മഹാരാജാവുതന്നെ താഴത്തിറങ്ങി അതിനെ എടുത്തുകൊണ്ടു തിരിയെ ചവുക്കയിൽ പ്രവേശിച്ച് ദൂതനെ നോക്കിയപ്പോൾ രണ്ടു പാദങ്ങൾ മതിലിന്റെ മുകളിൽ അസ്തമിക്കുന്നതു മാത്രം കാണുകയുണ്ടായി.

മഹാരാജാവിന്റെ തിരുമുമ്പിൽ സമർപ്പിക്കപ്പെട്ടത് കേശവപിള്ളയുടെ ഒരു സങ്കടഹർജിയായിരുന്നു. അക്ഷരവടിവുകൊണ്ട് അതിന്റെ ആഗമനം എവിടെനിന്നെന്നു മനസ്സിലാവുകയാൽ, കെട്ടുപൊട്ടിച്ച് ആദ്യംമുതൽ അവസാനംവരെ മഹാരാജാവ് ആ ലേഖനത്തെ വേഗത്തിൽ വായിച്ച്, അതിൽ അടങ്ങീട്ടുള്ള സംഗതികളെ സൂക്ഷ്മമായി മനസ്സിലാക്കി. അതിന്റെശേഷം, ചവുക്കയുടെ മരത്തൂണിലുണ്ടായിരുന്ന ഒരു ഒളിയറ തുറന്ന് വെള്ളിപോലെ മിനുങ്ങുന്ന ഒരു കഠാരിയെ പുറത്തെടുത്ത്, ആ ഓലയെതിലതുല്യമായി നുറുക്കി കാറ്റത്തെറിഞ്ഞു. മഹാരാജാവിന്റെ നേത്രങ്ങൾ രക്തദ്യുതിയും അഗ്നിദ്യുതിയും കൊണ്ടു ഭയങ്കരമായി. രക്തദ്യുതി അപാരബുദ്ധിമാനും നിസ്തുലഭക്തനുമായ തന്റെ ഭൃത്യനെക്കുറിച്ചു പശ്ചാത്തപിക്കയാലും, അഗ്നിദ്യുതി ആ സങ്കടപത്രത്തിൽ ഹരിപഞ്ചാനനന്റെ കൃത്രിമങ്ങൾ ആദ്യംമുതൽ ഓരോരോ സംഗതിക്കും തെളിവോടുകൂടി വിവരിക്കപ്പെട്ടിരുന്നതുകളെക്കുറിച്ചു ബോദ്ധ്യം വന്നതുകൊണ്ടും ആയിരുന്നു. അവിടത്തെ കർണ്ണങ്ങളിൽത്തന്നെ സിംഹഗർജ്ജനമെന്നു തോന്നിയ ഒരു സ്വരത്തിൽ മഹാരാജാവ് ഭൃത്യന്മാരെ വിളിച്ചു. കൽപന കേട്ട് ഓടിയടുത്ത ഭടന്മാരോട് “സുബ്ബയ്യൻ—കുമരൻതമ്പി” എന്നീ രണ്ടു നാമങ്ങളെ മാത്രം കോപാന്ധനായി നിന്നിരുന്ന മഹാരാജാവ് ഉച്ചരിച്ചു. ഭാഗ്യവശാൽ അന്നത്തെ സംഭവങ്ങളെ സംബന്ധിച്ച കൽപനകൾ വാങ്ങുന്നതിനു മാളികത്താഴെ സമയംകാത്തു നിന്നിരുന്ന ദളവായും ഉപസേനാധിപതിയും കൽപന ഉണ്ടായിക്കഴിയുന്നതിനിടയിൽ തിരുമുമ്പിൽ ഹാജരാക്കപ്പെട്ടു. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ അത്യുഗ്രതയും കണ്ടറിഞ്ഞിരുന്ന ആ രണ്ട് ഉദ്യോഗസ്ഥന്മാരും ആ സമയത്തു കാണപ്പെട്ട ധർമ്മരാജാവിന്റെ പരിസരത്തിൽ അടുക്കുന്നതിനു ധൈര്യപ്പെട്ടില്ല. മഹാരാജാവ് മന്ത്രിമാരുടെ അഭിപ്രായത്തെ കാംക്ഷിപ്പാനും അവരോട് ആലോചനചെയ്‌വാനും പുറപ്പെടാതെ, ഊർജ്ജിതസ്വരത്തിൽ കൽപനകൾ നൽകുകമാത്രം ചെയ്തു. ആ കൽപനകൾ എങ്ങനെ കല്ലു പിളർന്നു എന്നു വഴിയേ.

ഹരിപഞ്ചാനനയോഗീശ്വരൻ സ്വശിഷ്യന്റെ സംസ്കൃതിക്കു പുരോഹിതവിധികൾ നൽകീട്ട് ആശ്രമത്തിലേക്കു മടങ്ങിയ ഉടനെ ആരംഭിച്ചത് പൂജയ്ക്കോ ഭക്ഷണത്തിനോ അല്ല. അദ്ദേഹത്തിന്റെ സ്വകാര്യവേദോക്തങ്ങൾപ്രകാരം ഒന്നു വൃഥാശ്രമവും, മറ്റൊന്ന് മഹാവ്രതാനുഷ്ഠായികൾക്ക് അപ്രധാനവും ആയിരുന്നു. അപ്പോഴത്തെ അത്യാനുകൂലഘട്ടത്തിൽ തന്റെ ചിരകാലശ്രമത്തെ സഫലീകരിക്കുന്നതിനു വേണ്ട വ്യവസ്ഥകൾ ചെയ്‌വാൻ അദ്ദേഹം തുടങ്ങി. മഹാരാജാവിനെപ്പോലെ മനോവിശ്രമത്തിനും മന്ത്രസന്നാഹത്തിനും പുറപ്പെടാതെ [ 157 ] ഹരിപഞ്ചാനനമനോരാജ്യരാജാവ് ചില ലേഖനം മുഖേന യജ്ഞദ്രവ്യങ്ങളേയും ഉപഹോതാക്കന്മാരേയും സംഭരിപ്പാൻ ഉദ്യോഗിച്ചു. ജനക്ഷോഭം രാജ്യത്തിൽ മുഴുത്തിരിക്കുന്നു എന്നു ഹൈദരാലിഖാൻ നവാബിനെ ധരിപ്പിപ്പാൻ ഒരു സമർപ്പണപത്രവും തന്റെ ശിഷ്യമഠങ്ങളിലേക്കു യജ്ഞദിവസം നിശ്ചയിച്ചും മറ്റും ശാസനങ്ങളും എഴുതി തുരഗാരൂഢന്മാരായ ദൂതരെ ഏൽപിച്ച് ഉടനെ അയച്ചു. ഇതുകൾ കൂടാതെ സത്രസമാപ്തിയിൽ നിസ്സന്ദേഹം തന്റെ തൃപ്പടിയേറ്റവും സിംഹാസനാരോഹണവും ആഘോഷിക്കുന്നതാണെന്ന് വേദജ്ഞനും യോഗധനനും സകലകലാനിപുണനും വിവിധരാജനീതി വിദഗ്ദ്ധനും ആയ ഹരിപഞ്ചാനനാവധൂതൻ ഭൂതവർത്തമാനസൂക്ഷമജ്ഞാനത്തിന്റെ ബലംകൊണ്ടു പ്രതിജ്ഞയും ചെയ്തു.

ഏകദേശം സന്ധ്യയോടടുത്ത് അദ്ദേഹം രാജ്യാധികാരത്തിന്റെ ദിവ്യമഹിമയേയും രാജമതാനുവർത്തനം എന്ന പ്രജാധർമ്മസർവസ്വത്തേയും കുറിച്ച് തന്റെ ശിഷ്യവൃന്ദത്തിന് സാരോപദേശങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ, അദ്ദേഹത്തിന്റെ യജ്ഞമഹോത്സവത്തിന് മഹാരാജാവ് തിരുവുള്ളമുണ്ടായി നൽകുന്ന സംഭാവനയോടുകൂടി സമ്പ്രതി രാമയ്യനും പരിവാരങ്ങളും ആ യോഗിവാടത്തിലെത്തി. രാജസംഭാവനയുടെ സാക്ഷ്യമായുള്ള സർവ്വാധികാര്യക്കാരുടെ ‘സാധന’ലേഖനത്തെ ഹരിപഞ്ചാനനയോഗീശ്വരൻ താൽക്കാലികമായ തന്റെ പ്രജാധർമ്മം അനുസരിച്ചു വാങ്ങി, കണ്ണുകളിൽ ചേർത്തതിന്റെ ശേഷം, സദസ്യരെ വായിച്ചുകേൾപ്പിച്ചു. മഹാരാജാവ് യോഗീശ്വരന്റെനേർക്കു പ്രദർശിപ്പിച്ച ഈ അനുഭാവം ജനക്ഷോഭത്താൽ തിരുമനസ്സിൽ ഉണ്ടായ ഭയവിഭ്രാന്തികളുടെ ഫലമാണെന് മഹാജനങ്ങൾ വ്യാഖ്യാനിച്ചു. യോഗീശ്വരൻ മഹാരാജാവിന്റെ തൽക്കാലഗ്രഹനിലകളെ മനസ്സുകൊണ്ടു ഗണിച്ച്, അവിടത്തെ മൃത്യുകാരകന്റെ നില തന്റെ യജ്ഞത്തിന്റെ സമംഗളമായ പര്യാപ്തിക്ക് അനുകൂലംതന്നെയോ എന്നു പരിശോധിക്ക മാത്രം ചെയ്തു.

വംശവൃക്ഷങ്ങളിൽ രണ്ടും മൂന്നും നാലും ശാഖകളുടെ തായ്‌വേരായി നിൽക്കുന്ന പിതാവ് പിതാമഹൻ പ്രപിതാമഹൻ എന്നിത്യാദി പദവികളെ ജീവിതകാലത്തുതന്നെ ചിലർ പ്രാപിക്കുന്നതിന്റെ പരിപൂർണ്ണാനന്ദത്തിൽ ഭാഗഭാക്കുകളാവാൻ മോഹമുള്ളവർ ഈ കഥാദിവസം പ്രഭാതത്തിൽ ചെമ്പകശ്ശേരിഭവനത്തിലെ അറപ്പുരയ്ക്കകത്തു നടക്കുന്ന ഒരു കോലാഹലത്തെ സന്ദർശനംചെയ്‌വാൻ പോരുവിൻ. മാർത്താണ്ഡവർമ്മ എന്ന ആഖ്യായികയിലെ നായിക രോഗാതുരയായി കിടന്ന മഞ്ചത്തിൽ ഇതാ ഒരു ദീർഘകായൻ ആപാദമസ്തകം വിലയേറിയതായ ഒരു സാൽവകൊണ്ടു പൊതിഞ്ഞ് കുംഭകർണ്ണസേവചെയ്യുന്നു. ഉദയമുഹൂർത്തത്തിൽ സ്വനിലയങ്ങളായ അശ്വത്ഥങ്ങളിൽ തുരുതുരനെ ചെന്നണയുന്ന വാവലുകളുടെ ശബ്ദകലാപത്തിനു തുല്യമായ ഒരു ആരവം ആ മഞ്ചത്തിന്റെ മുൻഭാഗതു മുഴങ്ങിത്തുടങ്ങുന്നു. ബാലരവികിരണിളുടെ ശോണിമ അംബരാന്തമേഖലയെ അലങ്കരിച്ചുതുടങ്ങിയപ്പോൾ നിദ്രാതൽപരനെ ആച്ഛാദനംചെയ്യുന്ന ശോണകംബളത്തെ ഉത്സാരണംചെയ്‌വാൻ ബഹുവിംശതി ബാലപല്ലവാംഗുലികൾ സാഹസംചെയ്യുന്നു. ദക്ഷിണതിരുവിതാംകൂറിലെ മലയാളഭാഷയിൽ പിതാമഹപദത്തിന്റെ പര്യായമായ അപ്പൂപ്പൻ എന്ന പദത്തെ ആ ബാലമുഷ്കരസംഘം ‘ഫൂ’ എന്നുവരെ, ശുഷ്കിച്ചും ചതുരുപായസൂചകങ്ങളായും തത്തൽസ്വരങ്ങളിലും ആർത്തിട്ടും പ്രഭുശരീരത്തെ ആസ്തരണംചെയ്യുന്ന പദവിയെ അനുഭവിക്കുന്ന സാൽവ നിദ്രാധീനന്റെ കായത്തെ ദൃഢതരമായി ആവരണംചെയ്യുന്നതേയുള്ളു. കൽപനകളും കൂക്കുവിളികളും കോപകലഹകലശലുകളും കൊണ്ട് ആ മുചുകുന്ദന് ഒരു ചലനവും ഉണ്ടാകാത്തതിനാൽ, കുറച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ശിരസ്സുമുതൽ പാദംവരെ ഓടങ്ങളുടെ വക്കുകളിൽ കാണപ്പെടുന്ന തണ്ടുകുറ്റികൾ പോലെ അണിയിട്ട്, വിക്രമികളായ ആ ബാലവർഗ്ഗം സാൽവയുടെ മുകളിലായി ഇരിപ്പുപിടിച്ച്, കുതിരയും ആനയും കളിതുടങ്ങി. ഓരോരുത്തർ ‘ഹായ്! ഹ! ഹെലത്തി!’ എന്നിങ്ങനെ മേളംകൂട്ടുന്നതിനിടയിൽ ആ ബാലസംഘത്തിലെ മൂപ്പരായ ആറുവയസ്സുള്ള ഒരു കുരുമുളകൻ, “കുതിരപ്പുറത്തു കേറിവരും—കുഞ്ചാതിച്ചപ്പിള്ളേടെ—കുഞ്ചുമീശയൊക്കെത്തങ്കം!” എന്നു ഗാനംചെയ്ത്, കുതിരയ്ക്കു വേഗം കൂട്ടിച്ചു. ഈ ഗാനത്തെ അനുമോദിച്ച്, ശങ്കിടിക്കാരായ കടുകുമണികൾ ‘കീയം’ വിളിച്ചു. ഇതു കേട്ടുണ്ടായ നീരസത്തോടുകൂടി ഗൃഹനായികയായ പാർവതിപ്പിള്ളയമ്മ അറപ്പുരയ്ക്കകത്തു പ്രവേശിച്ച്, [ 158 ] “കുഞ്ഞുങ്ങൾക്കു കാലത്തേ നിലയ്ക്കു നിന്നൂടയോ?” എന്നു ശാസനംചെയ്തു. ആ ആജ്ഞയുടെ ശ്രവണമാത്രത്തിൽ ആ കുട്ടിഗ്ഗന്ധർവസംഘം വാനനരന്മാരെപ്പോലെ ഇഴഞ്ഞും കിഴിഞ്ഞും, മഞ്ചത്തിൽ നിന്നു താഴത്തിറങ്ങി, മോഷണംചെയ്ത മാർജ്ജാരന്മാരെപ്പോലെ നിലയായി. നിദ്രചെയ്തിരുന്ന പ്രമാണിയും അവരെത്തുടർന്ന്, ഝടിതിയിൽ എഴുന്നേറ്റ്, ഒന്നുരണ്ടു പൈതങ്ങളെ കരസ്ഥവും, ചിലരെ ഭുജസ്ഥവും ആക്കിക്കൊണ്ട്, പത്നീശാസനത്തെ ആദരിച്ചെന്നപോലെ ശേഷംപേരുടെ മദ്ധ്യത്തിൽ ചേർന്നുനിന്ന് ശിക്ഷണീയനാട്യത്തെ അഭിനയിച്ചു. തന്റെ ഭർത്താവിന്റെ പരിഹാസഭാവം കണ്ട് ശുണ്ഠിയോടുകൂടി പാർവതിപ്പിള്ള വടക്കേക്കെട്ടിലേക്കു തിരിച്ചു. ഒന്നാം അദ്ധ്യായത്തിലെ രാജപ്രണിധിയും, മൂഢശിരോമണിയായ ചന്ത്രക്കറൻ തന്റെ കണ്ഠാലങ്കാരമായി കരുതിയിട്ടുള്ള കുടൽമാലകളുടെ സംഗ്രഹാകാരവുമായ രാമവർമ്മത്ത് അനന്തപത്മനാഭൻ പടത്തലവർ പൊട്ടിച്ചിരിച്ചു. ബാലസംഘം ഷഷ്ട്യബ്ദപൂർത്തികൊണ്ട് ആവർത്തിതബാല്യനായ ആ സന്ദർഭത്തിലെ തങ്ങളുടെ സേനാനിയുടെ വിജയത്തെ പരിതോഷിച്ച് വിവിധധ്വനികൾകൊണ്ട് ആ നാലുകെട്ടിനെ പൊടിപെടുത്തു.

രണ്ടുനാഴിക കഴിഞ്ഞപ്പോൾ, പടത്തലവരായ അനന്തപത്മനാഭന് ബാലദീപാവലിയുടെ മദ്ധ്യത്തിൽ ഉഷനിവേദ്യം എടുത്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ സൗഭാഗ്യവതി തന്ത്രിയുടെ നിലയിൽ ചടങ്ങുകൾ ഉപദേശിച്ചുകൊണ്ടു നിൽക്കെ, രണ്ടാമത്തെ പുത്രിയായ കൊച്ചമ്മിണി എന്ന സ്ത്രീരത്നം ഭർത്തൃകരകനകസംപുടത്തിൽനിന്നു വേർപെട്ടതിനാലുള്ള ധൂസരതയോടുകൂടി മേൽശാന്തി സ്ഥാനത്തിൽ നിവേദ്യാർപ്പണം തുടങ്ങി. പിതൃവാത്സല്യപൂർണ്ണമായുള്ള ആ അതിമാനുഷന്റെ മനസ്സ് പുത്രിയുടെ വിരഹതാപത്തെ ഓർത്ത് കരുണാർദ്രമായി ഭവിച്ചു. അദ്ദേഹം സ്വപത്നീമുഖത്തിൽ നോക്കി ഇങ്ങനെ പറഞ്ഞു: “പറഞ്ഞോ കൊച്ചമ്മിണിയോട്?” (പുത്രിയുടെ ചെവികൾ വട്ടംപിടിച്ചു.) “ഹൈദരെ സേവിച്ച് ശ്രീരംഗപട്ടണത്തു താമസിക്കുന്നു എന്നു കിട്ടിയ എഴുത്തിലെ കാര്യം.” (മുഖം വികസിച്ചുനിൽക്കുന്ന പുത്രിയോട്) “ഹൈദർ രാജാവിനെത്തുടർന്ന് പാലക്കാട്ടും മറ്റും സഞ്ചരിക്കുന്നു എന്ന് ഒരു സ്നേഹിതന്റെ എഴുത്തു വന്നിട്ടുണ്ട്.” (ആ പ്രഗത്ഭയുടെ നേത്രങ്ങളിൽ ബാഷ്പം പെരുകി.) “ചോരകണ്ടാൽ മോഹാലസ്യപ്പെടുന്ന ആ വീരൻ ആ പടക്കൂട്ടത്തിൽ എന്തു ചെയ്യുന്നോ‌-”

കൊച്ചമ്മിണി: (കണ്ണൂനീർ വർഷിച്ചുകൊണ്ട്) “അച്ഛനെപ്പോലെ ധൈര്യമില്ലാത്തവരെ അച്ഛന് എന്നും ആക്ഷേപംതന്നെ.”

അനന്തപത്മനാഭൻ: “ഞാൻ വങ്കാളക്കശാപ്പനാകകൊണ്ട് അങ്ങനെ ആക്ഷേപിക്കുന്നതിൽ ഒരു ന്യായമുണ്ട്. ഞാൻ അതിനെ ഒളിയ്‌ക്കയും മറയ്‌ക്കയും ചെയ്യുന്നുമില്ല. എന്റെ കൊച്ചമ്മിണിക്കുട്ടിയും അന്ന് അച്ഛന്റെ കക്ഷിയിൽ ചേർന്ന കൂറ്റാത്തിയല്ലായിരുന്നോ?”

കൊച്ചമ്മിണി: “അത് അച്ഛന്റെ മകളാകകൊണ്ട്. എത്ര ആണ്ടായിപ്പോൾ? എന്റെ പിഴയ്ക്കു ഞാൻ വേണ്ടതു കരഞ്ഞു. ഇനി എന്നെ ഒന്നങ്ങോട്ടയച്ചാൽ, അദ്ദേഹത്തെ ഞാൻ തിരിച്ചുകൊണ്ടരാം.”

അനന്തപത്മനാഭൻ: “നമ്മുടെ രാജ്യത്തിന്റെ ശത്രുവിനെ സേവിക്കുന്ന ആളിന്റെ അടുത്തു നിന്നെ അയയ്‌ക്കയോ?”

കൊച്ചമ്മിണി വാദത്തിൽ തോറ്റു എങ്കിലും, അച്ഛനോടിങ്ങനെ അപേക്ഷിച്ചു:

“അച്ഛാ! വരിഷവും പത്തിരുപതാവാറായി. ഇനിയെങ്കിലും അദ്ദേഹത്തിന്റെ ബുദ്ധിമോശത്തെ ̧ക്ഷമിക്കണം.”

അനന്തപത്മനാഭൻ: “മാങ്കോയിക്കലായ വലിയപടവീട്ടിൽ തമ്പിമാര് ചോര കണ്ട് മയങ്ങിക്കൂട മകളേ. ഛി! ഛീ! രാജ്യത്തിനുതകാത്തവൻ—”

പാർവ്വതിപിള്ള: (പരിഭവിച്ച്) “രാത്രി വന്നു, നേരം വെളുത്തപ്പോൾ, കുഞ്ഞുങ്ങളെ കരയിച്ചുതുടങ്ങുന്നത് എന്തുമാതിരിയാത്? വെട്ടും കുത്തും കൊലയ്‌ക്കും എല്ലാവരും കച്ചയും കെട്ടി നടക്കുമോ?” [ 159 ] അനന്തപത്മനാഭൻ: “എവിടെവിടെ? ആ മുഖം നേരെ ഒന്നു കാണട്ടെ—അങ്ങനെ ഒരുങ്ങിനടന്നാൽ, ചത്താലും എഴിച്ചു വരുമെന്ന് അനുഭവമില്ലയോ നമ്മുടെ അമ്മമ്മയമ്മേ? അതു കിടക്കട്ടെ. ഉമ്മിണിപ്പിള്ളയുടെ മരണം മഹാകഷ്ടം! ശുദ്ധപാവം—എല്ലാം കൊണ്ടും—മുഖംകാണിച്ചു വന്ന് എല്ലാം ആലോചിക്കാം.”

ബാലക്രീഡാരസോപഭോഗത്തിൽ ആകണ്ഠമഗ്നനായി കാണപ്പെട്ട അജയനായ ഈ രണസിംഹം കേശവപിള്ളയുടെ സങ്കടലേഖനത്തെ ആസ്പദമാക്കി മഹാരാജാവിനാൽ അരുളപ്പെട്ട ആജ്ഞയെ അനുസരിച്ച് രാജധാനിയിൽ എത്തിയിരിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ കുട്ടിക്കളിയെ അപഹസിപ്പാൻ സന്നദ്ധരായുള്ളവർ പട്ടണത്തുപ്പിള്ളയാർ എന്ന മഹാവധൂതന്റെ കഥയെ സ്മരിപ്പിൻ. ആ അവധൂതൻ സംസാരനിവൃത്തിയെ കാംക്ഷിച്ചും, പടത്തലവൻ സ്വരാജ്യക്ഷമേസിദ്ധിയെ പുരസ്കരിച്ചും, അവധൂതൻ തൃഷ്ണാകലിതമായ ഇഹലോകജീവിതത്തെ നിന്ദിച്ചും, പടത്തലവർ ലോകഗതിയുടെ സ്ഖലനങ്ങളിൽ ഉദാരകാരുണ്യത്തെ പ്രദർശിപ്പിച്ചും, ഈ രണ്ടുപേരും ഒരുപോലെ ആദത്യാഗികളായിരുന്നു. മഹാവിപത്തുകളിലും അതിശാന്തനായും മഹൽസമ്പത്തുകളിലും കേവലം ഉദാസീനനായും വർത്തിക്കകൊണ്ട് പ്രായാധിക്യത്തിലും യുവപ്രൗഢിക്ക് ക്ഷയം വന്നിട്ടില്ലാത്ത ഈ രാജ്യാഭിമാനി മഹാരാജാവിനെ മുഖംകാണിപ്പാനായി പരിവാരങ്ങളോടുകൂടി യാത്രയാരംഭിച്ചപ്പോൾ ആദ്യമായി ജനറൽ കുമാരൻതമ്പി അദ്ദേഹത്തെക്കണ്ടു തൊഴുതു. അടുത്ത പോലെ മറ്റോരോ പ്രധാന ഉദ്യോഗസ്ഥന്മാരും പൗരപ്രമാണികളും വന്നുചേർന്നു. പലരോടും സമാധാനം പറഞ്ഞും, കുമാരൻതമ്പിയുടെ ഹസ്തത്തെ അവലംബിച്ചും നടക്കുന്നതിനിടയിൽ ഓടിയെത്തി ആശീർവാദം പറഞ്ഞ മാമാവെങ്കിടന്നു പാശ്ചാത്യരീതിയിൽ കൈ കൊടുത്തു കുലുക്കി, അയാളെക്കൊണ്ടൊരു കൂപ്പാടുപോടിച്ചു. രാജമന്ദിരത്തിനകത്തു പ്രവേശിച്ചപ്പോൾ അവിടവിടെ മുഴങ്ങിക്കൊണ്ടിരുന്ന കലാപം പെട്ടെന്നു നിന്നു. സിംഹവിക്രമനായ തന്റെ പൂർവ്വഗാമിയുടെ മന്ത്രിശ്രേഷ്ഠനും പ്രഥമ തിരുമുഖസ്ഥാനികനും ആയിരുന്ന മഹാനുഭാവന്റെ ഏകപുത്രനും, തന്റെക്ഷണനപ്രകാരം വന്നിട്ടുള്ള അതിഥിയുമായ പടത്തലവനെ ഭാഗിനേയമാതുലന്മാർ അന്യോന്യം ആചരിക്കുന്ന ആദരമൈത്രികളോടുകൂടി, മഹാരാജാവ് ക്ഷണത്തിൽ സൽക്കരിച്ച് കുശലപ്രശ്നം ചെയ്തു. ധീരോദാത്തശീലനും നിരന്തരകാര്യനിരതനും ആയ മാർത്താണ്ഡവർമ്മമഹാരാജാവിനും വിനോദസംഭാഷണംകൊണ്ട് മനോലംഘനത്തെ ജനിപ്പിച്ചുവന്ന പടത്തലവരോട് മഹാരാജാവ് കുശലാന്വേഷണങ്ങൾ കഴിഞ്ഞ്, ക്ഷമാപ്രാർത്ഥിയെന്നുള്ള നാട്യത്തിൽ ഇങ്ങനെ അരുളിച്ചെയ്തു: “മഴക്കാലമാണല്ലോ—വേട്ടയ്ക്കു തരമില്ലാത്തതുകൊണ്ട് ഇങ്ങോട്ടു വരുത്തിയതാണ്.”

പടത്തലവർ: “അടിയൻ–നാട്ടിലും വേട്ടയ്ക്കു തരമുണ്ടെന്ന് തൃക്കണ്ണിൽ കണ്ടിരിക്കാം.”

മഹാരാജാവ്: “ഒരു കാടിളക്ക് ഇവിടെത്തന്നെ വേണ്ടിവരും. അതിലേക്കാണ് ആളയച്ചത്. പോക്കുമൂസായേയും വരുത്തിയിരുന്നു. അവിടന്നു പോന്ന കേശവൻ എങ്ങോട്ടു പോയി?”

പടത്തലവൻ: “കൂടിചെമ്പകശ്ശേരിയിൽ വിടകൊണ്ടിട്ടുണ്ട്. കഥയെല്ലാം അവൻ പറഞ്ഞു കേട്ടു. ഇനി കൽപന എന്തെന്ന് അരുളിച്ചെയ്യണം.”

മഹാരാജാവ്: “പല സംഗതിയുണ്ടിവിടെ, എങ്കിലും, ഉടനടി നിവൃത്തിക്കേണ്ട കാര്യം രണ്ടാണ്. ഒരു യോഗീശ്വരൻ എന്തിനോ ഒക്കെ പുറപ്പാടുണ്ട്. അതിന്റെ സൂക്ഷ്മം കേശവൻ ധരിപ്പിച്ചു. ഒതുക്കാൻ വേണ്ട ഏർപ്പാടുകൾ നാമും ചെയ്തു. അതിനെക്കുറിച്ചു മേലിൽ വേണ്ട ആലോചനകൾക്ക് ദളവാ ചെമ്പകശ്ശേരിയിൽ വന്നുകൊള്ളും. മറ്റേ സംഗതിയിലാണ് വിഷമമുള്ളത്. കഴക്കൂട്ടത്തുപിള്ളമാരുടെ വകയിൽ വല്ലോരും ശേഷിക്കുന്നുണ്ടോയെന്നറിയേണ്ടിയിരിക്കുന്നു. ചിലമ്പിനേത്തു തെക്കേതിൽ രണ്ടു സ്ത്രീകളുണ്ടെന്ന് കേശവൻ വാദിക്കുന്നു. അവരുടെ പരമാർത്ഥം നന്തിയത്തുണ്ണിത്താനും വെങ്കിടഭാഗവതർക്കും അറിയാം. അവരോടു ഞാൻ നേരിട്ടന്വേഷിപ്പാൻ പുറപ്പെട്ടാൽ കാര്യം കാര്യംപോലെ നടത്തേണ്ടിവരും. സ്ത്രീകളിൽ ഒന്നു കുട്ടിയാണ്. അവളെ കേശവന്റെ അരിവയ്പുകാരി പോയി കണ്ടു. ഈ സ്ഥിതിയിൽ അവന്റെ മനസ്സിന്റെ ഗതിയെന്തെന്നറിവാൻ പ്രയാസമായിരിക്കുന്നു. ആ വഴിക്കുള്ള കഥ എന്താണെന്നു നമുക്ക് ഒരു രൂപവുമുണ്ടായിരുന്നില്ല. നമുക്കും, കഴക്കൂട്ടത്തെ വീട്ടുകാർക്കും, കേശവനും, ഒന്നുപോലെ വേണ്ടത്തക്ക ആളാണല്ലോ കാരണോര്. എല്ലാം അങ്ങോട്ടേൽപിച്ചിരിക്കുന്നു. ഒരു ബഹളത്തിനും ഇടവരുത്താതെയും കേശവനു സന്താപം ഉണ്ടാകാതെയും എല്ലാം ശരിയാക്കണം. മനസ്സിലായല്ലോ?”

പടത്തലവർ മഹാരാജാവിന്റെ ചിത്തഗതികളെയും ഇംഗിതങ്ങളെയും വിചാരിച്ച് ആശ്ചര്യപ്പെട്ടു. ഖഡ്ഗത്തെക്കാളും ഊർജ്ജിതമായും സഫലമായും ജയസമ്പാദനം ചെയ്യുന്ന ഒരു ആയുധം മഹാരാജാവിന് ഒരു വൈഷ്ണവപാശുപതതുല്യമായി സ്വാധീനമുണ്ടെന്നു കാണുകയാൽ അദ്ദേഹത്തിന്റെ ഹൃദയപ്രതിഷ്ഠിതമായുള്ള ‘മാർത്താണ്ഡവർമ്മ’ വിഗ്രഹത്തോടു തുല്യസ്ഥാനമെങ്കിലും ഈ ധർമ്മരാജാവിന് അവകാശപ്പെടുന്നു എന്ന് അതിപ്രീതനായി അദ്ദേഹം അഭിമാനിച്ചു. “അടിയൻ കേശവൻ കഥകൾ മുഴുവൻ പറഞ്ഞ്, അടിയനറിഞ്ഞു. തിരുമനസ്സിലേക്ക് രൂപമാകാത്ത ആ കിടാത്തിയുടെ സംഗതിയിൽ അടിയനും കുറച്ചു സംശയമുണ്ട്. ഇന്നുനാളെക്കൊണ്ട് എല്ലാം അന്വേഷിച്ചു തിരുമനസ്സറിയിക്കാം. ഈ കൃപാനീതി തിരുമനസ്സിലേക്ക് ദീർഘായുസ്സു നൽകി രാജ്യത്തിന്റെ സൗഭാഗ്യത്തെ വർദ്ധിപ്പിക്കട്ടെ.”

ഇങ്ങനെ തുടങ്ങിയ സംഭാഷണം മഹാരാജാവിന്റെ കോവിലെഴുന്നള്ളത്തിനേയും താമസിപ്പിച്ചു. രാജരത്നവും പ്രജാരത്നവും പരസ്പരഗുണഗ്രാഹികളായപ്പോൾ ഇടക്കാലത്തെ അനാസ്ഥസ്ഥിതിയെക്കുറിച്ച് അധികം ക്ലേശിച്ചത് മഹാരാജാവായിരുന്നു. പടത്തലവർ ചെമ്പകയേരിയിലേക്കു മടങ്ങി. ഉടനേ തന്നെ ഊണുകഴിച്ച്, പാടുന്നതിനു തുംബുരുവും തൂക്കി ഹാജരായ മാമനെ തല്ലി ഓടിച്ചിട്ട്, ഉച്ചയ്ക്കുമുമ്പുതന്നെ തോക്ക്, കുന്തം, വാൾ, കുറുവടി എന്നീ ആയുധങ്ങൾ ധരിച്ചുള്ള വേട്ടക്കാരും ചില കുപ്പായക്കാരുമായി കഴക്കൂട്ടത്തേക്കു പുറപ്പെട്ടു.