താൾ:Dharmaraja.djvu/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഹരിപഞ്ചാനനമനോരാജ്യരാജാവ് ചില ലേഖനം മുഖേന യജ്ഞദ്രവ്യങ്ങളേയും ഉപഹോതാക്കന്മാരേയും സംഭരിപ്പാൻ ഉദ്യോഗിച്ചു. ജനക്ഷോഭം രാജ്യത്തിൽ മുഴുത്തിരിക്കുന്നു എന്നു ഹൈദരാലിഖാൻ നവാബിനെ ധരിപ്പിപ്പാൻ ഒരു സമർപ്പണപത്രവും തന്റെ ശിഷ്യമഠങ്ങളിലേക്കു യജ്ഞദിവസം നിശ്ചയിച്ചും മറ്റും ശാസനങ്ങളും എഴുതി തുരഗാരൂഢന്മാരായ ദൂതരെ ഏൽപിച്ച് ഉടനെ അയച്ചു. ഇതുകൾ കൂടാതെ സത്രസമാപ്തിയിൽ നിസ്സന്ദേഹം തന്റെ തൃപ്പടിയേറ്റവും സിംഹാസനാരോഹണവും ആഘോഷിക്കുന്നതാണെന്ന് വേദജ്ഞനും യോഗധനനും സകലകലാനിപുണനും വിവിധരാജനീതി വിദഗ്ദ്ധനും ആയ ഹരിപഞ്ചാനനാവധൂതൻ ഭൂതവർത്തമാനസൂക്ഷമജ്ഞാനത്തിന്റെ ബലംകൊണ്ടു പ്രതിജ്ഞയും ചെയ്തു.

ഏകദേശം സന്ധ്യയോടടുത്ത് അദ്ദേഹം രാജ്യാധികാരത്തിന്റെ ദിവ്യമഹിമയേയും രാജമതാനുവർത്തനം എന്ന പ്രജാധർമ്മസർവസ്വത്തേയും കുറിച്ച് തന്റെ ശിഷ്യവൃന്ദത്തിന് സാരോപദേശങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ, അദ്ദേഹത്തിന്റെ യജ്ഞമഹോത്സവത്തിന് മഹാരാജാവ് തിരുവുള്ളമുണ്ടായി നൽകുന്ന സംഭാവനയോടുകൂടി സമ്പ്രതി രാമയ്യനും പരിവാരങ്ങളും ആ യോഗിവാടത്തിലെത്തി. രാജസംഭാവനയുടെ സാക്ഷ്യമായുള്ള സർവ്വാധികാര്യക്കാരുടെ ‘സാധന’ലേഖനത്തെ ഹരിപഞ്ചാനനയോഗീശ്വരൻ താൽക്കാലികമായ തന്റെ പ്രജാധർമ്മം അനുസരിച്ചു വാങ്ങി, കണ്ണുകളിൽ ചേർത്തതിന്റെ ശേഷം, സദസ്യരെ വായിച്ചുകേൾപ്പിച്ചു. മഹാരാജാവ് യോഗീശ്വരന്റെനേർക്കു പ്രദർശിപ്പിച്ച ഈ അനുഭാവം ജനക്ഷോഭത്താൽ തിരുമനസ്സിൽ ഉണ്ടായ ഭയവിഭ്രാന്തികളുടെ ഫലമാണെന് മഹാജനങ്ങൾ വ്യാഖ്യാനിച്ചു. യോഗീശ്വരൻ മഹാരാജാവിന്റെ തൽക്കാലഗ്രഹനിലകളെ മനസ്സുകൊണ്ടു ഗണിച്ച്, അവിടത്തെ മൃത്യുകാരകന്റെ നില തന്റെ യജ്ഞത്തിന്റെ സമംഗളമായ പര്യാപ്തിക്ക് അനുകൂലംതന്നെയോ എന്നു പരിശോധിക്ക മാത്രം ചെയ്തു.

വംശവൃക്ഷങ്ങളിൽ രണ്ടും മൂന്നും നാലും ശാഖകളുടെ തായ്‌വേരായി നിൽക്കുന്ന പിതാവ് പിതാമഹൻ പ്രപിതാമഹൻ എന്നിത്യാദി പദവികളെ ജീവിതകാലത്തുതന്നെ ചിലർ പ്രാപിക്കുന്നതിന്റെ പരിപൂർണ്ണാനന്ദത്തിൽ ഭാഗഭാക്കുകളാവാൻ മോഹമുള്ളവർ ഈ കഥാദിവസം പ്രഭാതത്തിൽ ചെമ്പകശ്ശേരിഭവനത്തിലെ അറപ്പുരയ്ക്കകത്തു നടക്കുന്ന ഒരു കോലാഹലത്തെ സന്ദർശനംചെയ്‌വാൻ പോരുവിൻ. മാർത്താണ്ഡവർമ്മ എന്ന ആഖ്യായികയിലെ നായിക രോഗാതുരയായി കിടന്ന മഞ്ചത്തിൽ ഇതാ ഒരു ദീർഘകായൻ ആപാദമസ്തകം വിലയേറിയതായ ഒരു സാൽവകൊണ്ടു പൊതിഞ്ഞ് കുംഭകർണ്ണസേവചെയ്യുന്നു. ഉദയമുഹൂർത്തത്തിൽ സ്വനിലയങ്ങളായ അശ്വത്ഥങ്ങളിൽ തുരുതുരനെ ചെന്നണയുന്ന വാവലുകളുടെ ശബ്ദകലാപത്തിനു തുല്യമായ ഒരു ആരവം ആ മഞ്ചത്തിന്റെ മുൻഭാഗതു മുഴങ്ങിത്തുടങ്ങുന്നു. ബാലരവികിരണിളുടെ ശോണിമ അംബരാന്തമേഖലയെ അലങ്കരിച്ചുതുടങ്ങിയപ്പോൾ നിദ്രാതൽപരനെ ആച്ഛാദനംചെയ്യുന്ന ശോണകംബളത്തെ ഉത്സാരണംചെയ്‌വാൻ ബഹുവിംശതി ബാലപല്ലവാംഗുലികൾ സാഹസംചെയ്യുന്നു. ദക്ഷിണതിരുവിതാംകൂറിലെ മലയാളഭാഷയിൽ പിതാമഹപദത്തിന്റെ പര്യായമായ അപ്പൂപ്പൻ എന്ന പദത്തെ ആ ബാലമുഷ്കരസംഘം ‘ഫൂ’ എന്നുവരെ, ശുഷ്കിച്ചും ചതുരുപായസൂചകങ്ങളായും തത്തൽസ്വരങ്ങളിലും ആർത്തിട്ടും പ്രഭുശരീരത്തെ ആസ്തരണംചെയ്യുന്ന പദവിയെ അനുഭവിക്കുന്ന സാൽവ നിദ്രാധീനന്റെ കായത്തെ ദൃഢതരമായി ആവരണംചെയ്യുന്നതേയുള്ളു. കൽപനകളും കൂക്കുവിളികളും കോപകലഹകലശലുകളും കൊണ്ട് ആ മുചുകുന്ദന് ഒരു ചലനവും ഉണ്ടാകാത്തതിനാൽ, കുറച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ശിരസ്സുമുതൽ പാദംവരെ ഓടങ്ങളുടെ വക്കുകളിൽ കാണപ്പെടുന്ന തണ്ടുകുറ്റികൾ പോലെ അണിയിട്ട്, വിക്രമികളായ ആ ബാലവർഗ്ഗം സാൽവയുടെ മുകളിലായി ഇരിപ്പുപിടിച്ച്, കുതിരയും ആനയും കളിതുടങ്ങി. ഓരോരുത്തർ ‘ഹായ്! ഹ! ഹെലത്തി!’ എന്നിങ്ങനെ മേളംകൂട്ടുന്നതിനിടയിൽ ആ ബാലസംഘത്തിലെ മൂപ്പരായ ആറുവയസ്സുള്ള ഒരു കുരുമുളകൻ, “കുതിരപ്പുറത്തു കേറിവരും—കുഞ്ചാതിച്ചപ്പിള്ളേടെ—കുഞ്ചുമീശയൊക്കെത്തങ്കം!” എന്നു ഗാനംചെയ്ത്, കുതിരയ്ക്കു വേഗം കൂട്ടിച്ചു. ഈ ഗാനത്തെ അനുമോദിച്ച്, ശങ്കിടിക്കാരായ കടുകുമണികൾ ‘കീയം’ വിളിച്ചു. ഇതു കേട്ടുണ്ടായ നീരസത്തോടുകൂടി ഗൃഹനായികയായ പാർവതിപ്പിള്ളയമ്മ അറപ്പുരയ്ക്കകത്തു പ്രവേശിച്ച്,

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/157&oldid=158424" എന്ന താളിൽനിന്ന് ശേഖരിച്ചത്