സരസഗുണം പ്രകാശിച്ച് അവിടത്തെ മനഃക്ലാന്തതയെ നീക്കി. ആ ഭീമാകാരന്റെ ശരീരപരിമിതിയും അയാളുടെ സംഭ്രമവും തമ്മിലുള്ള വൈപരീത്യം തിരുമനസ്സിൽ നിർഭരമായ വിനോദരസത്തെ ജനിപ്പിച്ചു. “എന്താത്,—ഇത്ര വിഷമിപ്പാൻ? ഭയം കൂടാതെ പറഞ്ഞേക്ക്” എന്നു കരുണാപൂർവ്വം പ്രാവാഹിപ്പിക്കപ്പെട്ടപ്പോൾ പക്കീർസാ പരമാർത്ഥത്തെ പൊട്ടിച്ചു. അതിബാല്യത്തിലെ ഒരു സംഭവമായതുകൊണ്ട്, നാമകരണസമയത്ത് അച്ഛനമ്മമാർ നൽകിയ പേരിനെ, തനിക്ക് ഓർക്കത്ത വണ്ണം കേൾക്കാൻ കഴിഞ്ഞില്ലെന്ന് ആ വൻപൊണ്ണൻ പച്ചയിൽ വിളിച്ചറിയിച്ചു. മഹാരാജാവ് പൊട്ടിച്ചിരിപ്പാൻ മടിക്കയാൽ, ശ്വാസംമുട്ടി, കരൾ കലങ്ങി, കണ്ണുകളിൽ ജലവും നിറഞ്ഞ്, ഒരുവിധം വിഷമപ്പെട്ട്, തന്റെ ശ്വാസത്തെ നിലയിലാക്കിക്കൊണ്ട് “ആട്ടെ , നിന്റെ സംഗതി വല്ലതും നാം ധരിപ്പാൻ ഇടവന്നിട്ടുണ്ടോ?” എന്നു പിന്നെയും ചോദിച്ചു.
പക്കീർസാ: “പടച്ചവൻ കൃപചെയ്ത്—പഞ്ചാതൊട്ട്, അള്ളാ അടിച്ച് വാപ്പാമേല്—” എന്നിങ്ങനെ തന്റെ ബോധനത്തെ സത്യവാങ്മൂലമാക്കുന്നതിന് സത്യവാചകത്തെ ഉച്ചരിപ്പാൻ തുടങ്ങീട്ട് ശരിയാകാത്തതിനാൽ, “ഇക്കടിതം എല്ലാ പരമാസ്രവും അറിവിക്കും” എന്നു പറഞ്ഞുകൊണ്ട് "ഒരു ഓല ലേഖനത്തെ താൻ നിന്നിരുക്കും” എന്നു പറഞ്ഞുകൊണ്ട് ഒരു ഓലലേഖനത്തെ താൻ നിന്നിരുന്നിടത്തു വച്ചിട്ട് പുറകോട്ടു മാറിനിന്നു. ‘മുതലാളി’യുടെ സ്വകാര്യ ലേഖനമായിരിക്കുമെന്നു സങ്കൽപിച്ച് മഹാരാജാവുതന്നെ താഴത്തിറങ്ങി അതിനെ എടുത്തുകൊണ്ടു തിരിയെ ചവുക്കയിൽ പ്രവേശിച്ച് ദൂതനെ നോക്കിയപ്പോൾ രണ്ടു പാദങ്ങൾ മതിലിന്റെ മുകളിൽ അസ്തമിക്കുന്നതു മാത്രം കാണുകയുണ്ടായി.
മഹാരാജാവിന്റെ തിരുമുമ്പിൽ സമർപ്പിക്കപ്പെട്ടത് കേശവപിള്ളയുടെ ഒരു സങ്കടഹർജിയായിരുന്നു. അക്ഷരവടിവുകൊണ്ട് അതിന്റെ ആഗമനം എവിടെനിന്നെന്നു മനസ്സിലാവുകയാൽ, കെട്ടുപൊട്ടിച്ച് ആദ്യംമുതൽ അവസാനംവരെ മഹാരാജാവ് ആ ലേഖനത്തെ വേഗത്തിൽ വായിച്ച്, അതിൽ അടങ്ങീട്ടുള്ള സംഗതികളെ സൂക്ഷ്മമായി മനസ്സിലാക്കി. അതിന്റെശേഷം, ചവുക്കയുടെ മരത്തൂണിലുണ്ടായിരുന്ന ഒരു ഒളിയറ തുറന്ന് വെള്ളിപോലെ മിനുങ്ങുന്ന ഒരു കഠാരിയെ പുറത്തെടുത്ത്, ആ ഓലയെതിലതുല്യമായി നുറുക്കി കാറ്റത്തെറിഞ്ഞു. മഹാരാജാവിന്റെ നേത്രങ്ങൾ രക്തദ്യുതിയും അഗ്നിദ്യുതിയും കൊണ്ടു ഭയങ്കരമായി. രക്തദ്യുതി അപാരബുദ്ധിമാനും നിസ്തുലഭക്തനുമായ തന്റെ ഭൃത്യനെക്കുറിച്ചു പശ്ചാത്തപിക്കയാലും, അഗ്നിദ്യുതി ആ സങ്കടപത്രത്തിൽ ഹരിപഞ്ചാനനന്റെ കൃത്രിമങ്ങൾ ആദ്യംമുതൽ ഓരോരോ സംഗതിക്കും തെളിവോടുകൂടി വിവരിക്കപ്പെട്ടിരുന്നതുകളെക്കുറിച്ചു ബോദ്ധ്യം വന്നതുകൊണ്ടും ആയിരുന്നു. അവിടത്തെ കർണ്ണങ്ങളിൽത്തന്നെ സിംഹഗർജ്ജനമെന്നു തോന്നിയ ഒരു സ്വരത്തിൽ മഹാരാജാവ് ഭൃത്യന്മാരെ വിളിച്ചു. കൽപന കേട്ട് ഓടിയടുത്ത ഭടന്മാരോട് “സുബ്ബയ്യൻ—കുമരൻതമ്പി” എന്നീ രണ്ടു നാമങ്ങളെ മാത്രം കോപാന്ധനായി നിന്നിരുന്ന മഹാരാജാവ് ഉച്ചരിച്ചു. ഭാഗ്യവശാൽ അന്നത്തെ സംഭവങ്ങളെ സംബന്ധിച്ച കൽപനകൾ വാങ്ങുന്നതിനു മാളികത്താഴെ സമയംകാത്തു നിന്നിരുന്ന ദളവായും ഉപസേനാധിപതിയും കൽപന ഉണ്ടായിക്കഴിയുന്നതിനിടയിൽ തിരുമുമ്പിൽ ഹാജരാക്കപ്പെട്ടു. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ അത്യുഗ്രതയും കണ്ടറിഞ്ഞിരുന്ന ആ രണ്ട് ഉദ്യോഗസ്ഥന്മാരും ആ സമയത്തു കാണപ്പെട്ട ധർമ്മരാജാവിന്റെ പരിസരത്തിൽ അടുക്കുന്നതിനു ധൈര്യപ്പെട്ടില്ല. മഹാരാജാവ് മന്ത്രിമാരുടെ അഭിപ്രായത്തെ കാംക്ഷിപ്പാനും അവരോട് ആലോചനചെയ്‌വാനും പുറപ്പെടാതെ, ഊർജ്ജിതസ്വരത്തിൽ കൽപനകൾ നൽകുകമാത്രം ചെയ്തു. ആ കൽപനകൾ എങ്ങനെ കല്ലു പിളർന്നു എന്നു വഴിയേ.
ഹരിപഞ്ചാനനയോഗീശ്വരൻ സ്വശിഷ്യന്റെ സംസ്കൃതിക്കു പുരോഹിതവിധികൾ നൽകീട്ട് ആശ്രമത്തിലേക്കു മടങ്ങിയ ഉടനെ ആരംഭിച്ചത് പൂജയ്ക്കോ ഭക്ഷണത്തിനോ അല്ല. അദ്ദേഹത്തിന്റെ സ്വകാര്യവേദോക്തങ്ങൾപ്രകാരം ഒന്നു വൃഥാശ്രമവും, മറ്റൊന്ന് മഹാവ്രതാനുഷ്ഠായികൾക്ക് അപ്രധാനവും ആയിരുന്നു. അപ്പോഴത്തെ അത്യാനുകൂലഘട്ടത്തിൽ തന്റെ ചിരകാലശ്രമത്തെ സഫലീകരിക്കുന്നതിനു വേണ്ട വ്യവസ്ഥകൾ ചെയ്‌വാൻ അദ്ദേഹം തുടങ്ങി. മഹാരാജാവിനെപ്പോലെ മനോവിശ്രമത്തിനും മന്ത്രസന്നാഹത്തിനും പുറപ്പെടാതെ