അനന്തപത്മനാഭൻ: “എവിടെവിടെ? ആ മുഖം നേരെ ഒന്നു കാണട്ടെ—അങ്ങനെ ഒരുങ്ങിനടന്നാൽ, ചത്താലും എഴിച്ചു വരുമെന്ന് അനുഭവമില്ലയോ നമ്മുടെ അമ്മമ്മയമ്മേ? അതു കിടക്കട്ടെ. ഉമ്മിണിപ്പിള്ളയുടെ മരണം മഹാകഷ്ടം! ശുദ്ധപാവം—എല്ലാം കൊണ്ടും—മുഖംകാണിച്ചു വന്ന് എല്ലാം ആലോചിക്കാം.”
ബാലക്രീഡാരസോപഭോഗത്തിൽ ആകണ്ഠമഗ്നനായി കാണപ്പെട്ട അജയനായ ഈ രണസിംഹം കേശവപിള്ളയുടെ സങ്കടലേഖനത്തെ ആസ്പദമാക്കി മഹാരാജാവിനാൽ അരുളപ്പെട്ട ആജ്ഞയെ അനുസരിച്ച് രാജധാനിയിൽ എത്തിയിരിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ കുട്ടിക്കളിയെ അപഹസിപ്പാൻ സന്നദ്ധരായുള്ളവർ പട്ടണത്തുപ്പിള്ളയാർ എന്ന മഹാവധൂതന്റെ കഥയെ സ്മരിപ്പിൻ. ആ അവധൂതൻ സംസാരനിവൃത്തിയെ കാംക്ഷിച്ചും, പടത്തലവൻ സ്വരാജ്യക്ഷമേസിദ്ധിയെ പുരസ്കരിച്ചും, അവധൂതൻ തൃഷ്ണാകലിതമായ ഇഹലോകജീവിതത്തെ നിന്ദിച്ചും, പടത്തലവർ ലോകഗതിയുടെ സ്ഖലനങ്ങളിൽ ഉദാരകാരുണ്യത്തെ പ്രദർശിപ്പിച്ചും, ഈ രണ്ടുപേരും ഒരുപോലെ ആദത്യാഗികളായിരുന്നു. മഹാവിപത്തുകളിലും അതിശാന്തനായും മഹൽസമ്പത്തുകളിലും കേവലം ഉദാസീനനായും വർത്തിക്കകൊണ്ട് പ്രായാധിക്യത്തിലും യുവപ്രൗഢിക്ക് ക്ഷയം വന്നിട്ടില്ലാത്ത ഈ രാജ്യാഭിമാനി മഹാരാജാവിനെ മുഖംകാണിപ്പാനായി പരിവാരങ്ങളോടുകൂടി യാത്രയാരംഭിച്ചപ്പോൾ ആദ്യമായി ജനറൽ കുമാരൻതമ്പി അദ്ദേഹത്തെക്കണ്ടു തൊഴുതു. അടുത്ത പോലെ മറ്റോരോ പ്രധാന ഉദ്യോഗസ്ഥന്മാരും പൗരപ്രമാണികളും വന്നുചേർന്നു. പലരോടും സമാധാനം പറഞ്ഞും, കുമാരൻതമ്പിയുടെ ഹസ്തത്തെ അവലംബിച്ചും നടക്കുന്നതിനിടയിൽ ഓടിയെത്തി ആശീർവാദം പറഞ്ഞ മാമാവെങ്കിടന്നു പാശ്ചാത്യരീതിയിൽ കൈ കൊടുത്തു കുലുക്കി, അയാളെക്കൊണ്ടൊരു കൂപ്പാടുപോടിച്ചു. രാജമന്ദിരത്തിനകത്തു പ്രവേശിച്ചപ്പോൾ അവിടവിടെ മുഴങ്ങിക്കൊണ്ടിരുന്ന കലാപം പെട്ടെന്നു നിന്നു. സിംഹവിക്രമനായ തന്റെ പൂർവ്വഗാമിയുടെ മന്ത്രിശ്രേഷ്ഠനും പ്രഥമ തിരുമുഖസ്ഥാനികനും ആയിരുന്ന മഹാനുഭാവന്റെ ഏകപുത്രനും, തന്റെക്ഷണനപ്രകാരം വന്നിട്ടുള്ള അതിഥിയുമായ പടത്തലവനെ ഭാഗിനേയമാതുലന്മാർ അന്യോന്യം ആചരിക്കുന്ന ആദരമൈത്രികളോടുകൂടി, മഹാരാജാവ് ക്ഷണത്തിൽ സൽക്കരിച്ച് കുശലപ്രശ്നം ചെയ്തു. ധീരോദാത്തശീലനും നിരന്തരകാര്യനിരതനും ആയ മാർത്താണ്ഡവർമ്മമഹാരാജാവിനും വിനോദസംഭാഷണംകൊണ്ട് മനോലംഘനത്തെ ജനിപ്പിച്ചുവന്ന പടത്തലവരോട് മഹാരാജാവ് കുശലാന്വേഷണങ്ങൾ കഴിഞ്ഞ്, ക്ഷമാപ്രാർത്ഥിയെന്നുള്ള നാട്യത്തിൽ ഇങ്ങനെ അരുളിച്ചെയ്തു: “മഴക്കാലമാണല്ലോ—വേട്ടയ്ക്കു തരമില്ലാത്തതുകൊണ്ട് ഇങ്ങോട്ടു വരുത്തിയതാണ്.”
പടത്തലവർ: “അടിയൻ–നാട്ടിലും വേട്ടയ്ക്കു തരമുണ്ടെന്ന് തൃക്കണ്ണിൽ കണ്ടിരിക്കാം.”
മഹാരാജാവ്: “ഒരു കാടിളക്ക് ഇവിടെത്തന്നെ വേണ്ടിവരും. അതിലേക്കാണ് ആളയച്ചത്. പോക്കുമൂസായേയും വരുത്തിയിരുന്നു. അവിടന്നു പോന്ന കേശവൻ എങ്ങോട്ടു പോയി?”
പടത്തലവൻ: “കൂടിചെമ്പകശ്ശേരിയിൽ വിടകൊണ്ടിട്ടുണ്ട്. കഥയെല്ലാം അവൻ പറഞ്ഞു കേട്ടു. ഇനി കൽപന എന്തെന്ന് അരുളിച്ചെയ്യണം.”
മഹാരാജാവ്: “പല സംഗതിയുണ്ടിവിടെ, എങ്കിലും, ഉടനടി നിവൃത്തിക്കേണ്ട കാര്യം രണ്ടാണ്. ഒരു യോഗീശ്വരൻ എന്തിനോ ഒക്കെ പുറപ്പാടുണ്ട്. അതിന്റെ സൂക്ഷ്മം കേശവൻ ധരിപ്പിച്ചു. ഒതുക്കാൻ വേണ്ട ഏർപ്പാടുകൾ നാമും ചെയ്തു. അതിനെക്കുറിച്ചു മേലിൽ വേണ്ട ആലോചനകൾക്ക് ദളവാ ചെമ്പകശ്ശേരിയിൽ വന്നുകൊള്ളും. മറ്റേ സംഗതിയിലാണ് വിഷമമുള്ളത്. കഴക്കൂട്ടത്തുപിള്ളമാരുടെ വകയിൽ വല്ലോരും ശേഷിക്കുന്നുണ്ടോയെന്നറിയേണ്ടിയിരിക്കുന്നു. ചിലമ്പിനേത്തു തെക്കേതിൽ രണ്ടു സ്ത്രീകളുണ്ടെന്ന് കേശവൻ വാദിക്കുന്നു. അവരുടെ പരമാർത്ഥം നന്തിയത്തുണ്ണിത്താനും വെങ്കിടഭാഗവതർക്കും അറിയാം. അവരോടു ഞാൻ നേരിട്ടന്വേഷിപ്പാൻ പുറപ്പെട്ടാൽ കാര്യം കാര്യംപോലെ നടത്തേണ്ടിവരും. സ്ത്രീകളിൽ ഒന്നു കുട്ടിയാണ്. അവളെ കേശവന്റെ അരിവയ്പുകാരി പോയി കണ്ടു. ഈ സ്ഥിതിയിൽ അവന്റെ മനസ്സിന്റെ ഗതിയെന്തെന്നറിവാൻ പ്രയാസമായിരിക്കുന്നു. ആ വഴി