Jump to content

താൾ:Dharmaraja.djvu/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിശേഷിച്ചും ഒരു മഹാനിക്ഷേപത്തിന്റെ ഉടമസ്ഥകളായ മന്ത്രക്കൂടനിവാസിനികളും തന്റെ സ്വാധീനത്തിലിരിക്കുമ്പോൾ ദ്രവ്യഹാനികൊണ്ടുണ്ടാകുന്ന പ്രതിബന്ധത്തെ ഭയപ്പെടാനില്ലെന്ന് അദ്ദേഹം വീണ്ടും ഉദ്ദീപ്തനായി. ഉമ്മിണിപ്പിള്ളയുടെ ദേഹവിയോഗത്തിൽ ഉദ്ഭൂതമായ അനുകമ്പാഭാരം അദ്ദേഹത്തിന്റെ ഹൃദയത്തിനു വഹിക്കവഹിയാതെ ചമഞ്ഞതുപോലെ പരിതാപനമ്രനായി, തന്റെ ഗുരുപദത്തിനു ചേർന്ന പിതൃസ്ഥാനകർത്തവ്യത്തെ നിവർത്തിപ്പാനായി ഭക്തന്റെ സംസ്കാരക്രിയാകരണത്തിനു പുറപ്പെട്ടു.

ഈ സമയത്തുതന്നെ അധികാരികളിൽ ചിലർ കേശവപിള്ളയുടെ ഗൃഹപരിശോധന ആരംഭിച്ചു. ഭഗവതിഅമ്മ അവരുടെ ഉപാസനാദേവിയായ നീലിയെപ്പോലെ ഭയാനകയായി, കേശമകുടത്തെ ഉരൽപ്പെട്ടിപ്പോലെ ജൃംഭിപ്പിച്ചു വിടുർത്തി വിളങ്ങിച്ചുകൊണ്ടു തന്റെ കുരരീരവപടലികളാൽ ആ ഭവനത്തെ മാർജ്ജാരാക്ഷൗഹിണി പതിനെട്ടും ചേർന്നപോലുള്ള ഒരു കുരുക്ഷത്രമാക്കിത്തീർത്തു. പാർത്ഥനും പാർത്ഥസാരഥിയും മറ്റു ബന്ധുജനങ്ങളും പരിപന്ഥികളും താൻതന്നെ ആയി, വിശിഷ്ടചമ്മട്ടി ധരിച്ചും, ചില ഭഗവൽഗീതകളുപദേശിച്ചും, “കേശവപിള്ള എവിടെ?” എന്നു ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്മാർക്ക് തന്റെ നാസികാന്തത്തെ പൊക്കി വിശ്വദർശനം നൽകിയും, “പണ്ടാരവക ആളുകളോടു കളിക്കരുത്” എന്നു വാദിച്ച വിലരുടെ മുഖങ്ങളിലും മുതുകുകളിലും ദന്തനഖാദി ശസ്ത്രപ്രയോഗം ചെയ്തും, നിർബ്ബന്ധചോദ്യങ്ങൾ ചെയ്തവരുടെ പൂർവ്വപരമ്പരകൾ, മേലാൽ തിരുവനന്തപുരത്തിന്റെ സമീപദേശമായ തിരുവല്ലത്തെ പിണ്ഡസ്വീകാരത്തിനുപോലും പുറപ്പെടാതെ വർത്തിക്കത്തവണ്ണം, ദിവ്യാസ്ത്രങ്ങൾകൊണ്ട് അവരെ സമാരാധിച്ചും, പോർചെയ്തു. എന്നിട്ടും അമർത്താൻ സാധിക്കാത്ത ഭടന്മാരുടെ മാറത്തും തന്റെ മാറത്തും നിർദ്ദയമായി അറഞ്ഞും, “വെള്ളം കുടിയും മുട്ടട്ടെ” എന്ന് അക്രോശിച്ച്, പാളയെ എടുത്തു കിണറ്റിൽ നിക്ഷേപിച്ചും, ഭഗവതിഅമ്മ തൽക്കാലത്തേക്ക്, ശ്രീപരശുരാമൻ തപസ്സിനായി കേരളത്തിൽ പോന്നതുപോലെ, ശ്രീവരാഹക്ഷത്രത്തിൽ ഭജനമിരിപ്പാൻ പുറപ്പെട്ടു.

ഉമ്മിണിപ്പിള്ളയുടെ ദുർമ്മരണം തിരുവനന്തപുരം നഗരത്തെ ഒരു മഹാസാംക്രമികരോഗവ്യാപ്തിപോലെ ഭയകരിമ്പടംകൊണ്ട് ആവേഷ്ടിച്ചു. പൗരകാര്യസ്ഥന്മാർ മാത്രം ആ സംഗതിയുടെ അന്വേഷണത്തിനു പുറപ്പെടുകയും, മറ്റു സകല ജനങ്ങളും രാജാധികാരത്തിന് ഒരു രൂക്ഷശിക്ഷയായി, ദുഃഖദീക്ഷയെ അനുവർത്തിക്കയും ചെയ്തു. രാജാധാനിയിലെ ഗൗരവമായ ജനക്ഷോഭം അതിന്റെ പ്രശാന്തമായ നിസ്സ്വനതകൊണ്ടുതന്നെ രാജ്യത്തിന്റെ ചതുരന്തങ്ങളിലും ക്ഷണത്തിൽ പരന്നു. ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾക്കു പ്രതിബന്ധമുണ്ടാകാതെ കോട്ടയ്ക്കു പുറത്തു മാറ്റപ്പെട്ട മൃതശരീരത്തെ കാണുന്നതിനു കൂടിയ കരനാഥന്മാരുടെ ഇടയിൽ “ഈ അക്രമം ആരാൽ ചെയ്യപ്പെട്ടു?” എന്നുണ്ടായ ചോദ്യത്തിന് “നീട്ടെഴുത്തു കേശവപിള്ള” എന്നുത്തരം അശരീരിവചസ്സായി ആകാശത്തിലെങ്ങും മുഴങ്ങി. മൃതശരീരത്തിന്റെ പാർശ്വത്തിൽ ചിലമ്പിനേത്തു ചന്ത്രക്കാറൻ പെരുംകൂറ്റച്ചുരമാന്തൽകൊണ്ട് അനന്തശയനപുരത്തെ കുളംതോണ്ടി കടലോടു സംഘടിപ്പിക്കാൻ എന്നപോലെ തലതാഴ്ത്തി ചിനത്തു ചീറിക്കൊണ്ടുനിന്നു. നന്തിയത്തുണ്ണിത്താൻ തന്റെ സംബന്ധിയുടെ ദുഃഖത്തിൽ അനുതപിച്ചുകൊണ്ട് ദുശ്ശാസനന്റെ അധർമ്മചാരിത്വത്തെ ദർശിച്ച് മൂക്കിൽ വിരൽ തള്ളിപ്പോയ കൃപാദ്യാചാര്യന്മാരുടെ പ്രതിച്ഛായപോലെയും നിലകൊണ്ടു. നവീനലോകഗുരുവായുള്ള ഹരിപഞ്ചാനനയോഗീശ്വരൻ ദന്തപ്പാദുകങ്ങളിൽ ആരോഹണംചെയ്ത് എഴുന്നള്ളി, തന്റെ ഭക്തന്റെ മൃതശരീരത്തെ തലോടി അനുഗ്രഹിച്ചും, അങ്ങനെ പാവനമാക്കപ്പെട്ട കളേബരത്തെ ഭസ്മീകരിക്കാതെ സമാധിയിരുത്തി കൃമിഭോജ്യമാക്കുന്നതിനുള്ള വിധികളെ ഉപദേശിച്ചും, യാത്രയായി. അനന്തരം അണ്ണാവയ്യന്റെ സംഗതിയിലെന്നപോലെ നിയമപ്രകാരമുള്ള രേഖകൾ തയ്യാറാക്കുന്നതിന് അധികാരിമാർ ഉമ്മിണിപ്പിള്ളയുടെ ശരീരത്തെ പരിശോധിച്ചപ്പോൾ, അയാളെ നിഗ്രഹിക്കുമെന്ന് കേശവപിള്ള പ്രതിജ്ഞചെയ്തതിനെ സംബന്ധിച്ചു മഹാരാജാവിനു സമർപ്പിക്കാൻ അയാൾ തന്റെ ചരമലേഖനമായി തയ്യാറാക്കിയിരുന്ന സങ്കടപത്രം കാണപ്പെട്ടു. രാജാധികാരവിധി എങ്ങനെ അവസാനിച്ചാലും, ഉമ്മിണിപ്പിള്ളയുടെ കൃതാന്തൻ ആരെന്ന്, പുനരിനും പരിശോധനയ്ക്കും മാർഗ്ഗമില്ലാതെ രാജകീയതീർച്ചയായിത്തന്നെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/154&oldid=158421" എന്ന താളിൽനിന്ന് ശേഖരിച്ചത്