താൾ:Dharmaraja.djvu/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനേകവും രക്തവിസർജ്ജനത്തിന്റേയും വിസർപ്പകന്മാരുടേയും സ്മാരകങ്ങളെന്നു ഖണ്ഡിക്കാവുന്നതല്ലേ? ഇങ്ങനെയിരിക്കെ, പെരുമാക്കന്മാരാൽ ഭരിക്കപ്പെട്ടിരുന്ന കേരളമണ്ഡലത്തിന്റെ പ്രധാനഖണ്ഡമായി ശേഷിക്കുന്ന വഞ്ചിരാജ്യത്തിലും സംസ്ഥാനസ്വരൂപണത്തിന്റെ ഗത്യന്തരങ്ങൾക്കിടയിൽ, ചില വധങ്ങൾ സംഭവിച്ചു എന്നത്, ആ സംസ്ഥാനത്തിൽ തീക്ഷ്ണവീര്യന്മാരായ ബാഹുജസിംഹങ്ങൾ വസിച്ചിരുന്നതായി മാത്രമേ തെളിയിക്കൂ. അതുകൊണ്ട്, ഹരിപഞ്ചാനനമതത്തിന്റെ പ്രചാരണത്തിനിടയിൽ അദ്ദേഹത്തിന്റെ മുദ്രാധാരണത്താൽ അവരോധംചെയ്യപ്പെട്ട ഒരു ആചാര്യനോ ആര്യനോതന്നെയാകട്ടെ, മൃതനാക്കപ്പെട്ടത് നിസ്സാരമായ മത്സരഫലമെന്നു വാദിച്ചാൽ അത് വ്യാജവും, വ്യാഖ്യാനിച്ചാൽ ലോകമഹൽഗതിയെക്കുറിച്ചുള്ള അജ്ഞതയും ആയിരിക്കും.

ഉമ്മിണിപ്പിള്ളയുടെ മരണവൃത്താന്തശ്രവണത്തിൽ മഹാരാജാവിന് ഈ പ്രമാണങ്ങളുടെ സൂക്ഷ്മജ്ഞാനംകൊണ്ട് മേനിയും മനസ്സും തളർന്നു. ആ വൃത്താന്തത്തോടുകൂടി ഉമ്മിണിപ്പിള്ളയെ നിഗ്രഹിച്ചിട്ട്, നീട്ടെഴുത്തു കേശവപിള്ള നാടുവിട്ടു പോയിരിക്കുന്നു എന്നു കൂടി ധരിപ്പിക്കപ്പെട്ടപ്പോൾ അവിടത്തെ മുഖത്തുദിച്ച നരസിംഹദ്യുതികണ്ട്, ആ വൃത്താന്തവാഹകൻ അവന്റെ കഥയിലെ നായകനെപ്പോലെതന്നെ പരോക്ഷത്തിൽ എവിടെയോ അന്തർദ്ധാനംചെയ്തു. മഹാരാജാവിന്റെ മനോനേത്രം സംസ്ഥാനഭ്രംശത്തിന് ഉദ്യതമായ ഒരു പ്രതിയോഗിപക്ഷത്തിന്റെ ഊർജ്ജിതമായ പ്രവർത്തനത്തെ ദർശിച്ചു. കേശവൻകുഞ്ഞിന്റെ സംഗതിയിലെന്നപോലെ കേശവപിള്ളയ്ക്കുവേണ്ടിയും അവിടന്നു പ്രവേശിക്കാതെ പ്രധാനമന്ത്രിമാരുടെ ദൃഷ്ടിക്ക് ആ സംഗതിയെ പ്രത്യേകമായി വിഷയീഭവിപ്പിച്ചുമാത്രം ഒരു കൽപന പുറപ്പെടുവിച്ച്, അടങ്ങി.

ഹൃദയശുദ്ധന്മാരും ഹൃദയശൂന്യന്മാരും ഒന്നുപോലെ സുഖനിദ്രയാകുന്ന ഐഹികസ്വർഗ്ഗത്തെ അനുഭവിക്കുന്നു. പരിപഞ്ചാനനനായ ഹൃദയശൂന്യൻ സ്വയോഗനിദ്രയുടെ പ്രശാന്തതയെ അനുസ്മരിച്ച് ഉദ്ഗാരപടലികളും നൃത്തകീർത്തനാദികളുംകൊണ്ട് ഉദയാർഘ്യദാനത്തിൽ സംഭവിച്ചുപോയിട്ടുള്ള ന്യൂനതകളെ പരിഹരിച്ചു. കേരളേന്ദ്രപദവിയെ പ്രാപിച്ചുകഴിഞ്ഞതുപോലെ അദ്ദേഹത്തിന്റെ ഉല്ലാസപൂർണ്ണത ഉദയഭാസ്കരന്റെ മൃദുലകിരണങ്ങൾക്ക് അതിപ്രകാശം നൽകി. ഉദയസന്ധ്യാനടനായി നിൽക്കുന്ന യോഗിയുടെ മുമ്പിൽ ഒരു ഭൃത്യൻ പ്രവേശിച്ച് ഉമ്മിണിപ്പിള്ളയായ ശിഷ്യൻ മരിച്ചുപോയിരിക്കുന്നു എന്നുള്ള വൃത്താന്തത്തോടുകൂടി കേശവപിള്ളയെ കാൺമാനില്ലെന്നും ധരിപ്പിച്ചു. ആ പ്രാരബ്ധനിവൃത്തന്റെ മുഖത്ത് അപ്പോൾ സ്ഫുരിച്ച സംശയഭാവവും നേത്രങ്ങളിൽനിന്നു പുറപ്പെട്ട പ്രശ്നചിഹ്നങ്ങളും നാട്യകലാധിഷ്ഠാനദേവതയെക്കൊണ്ടും ‘പ്രീതോഹം’ വദിപ്പിക്കുമായിരുന്നു. തന്റെ യജ്ഞത്തിന്റെ ഋത്വിഗ്വരണം തന്നെ, അതിന്റെ മാഹാത്മ്യത്തിന് ഇത്ര അനുയോജ്യമായ ഒരു ബലിദാനത്തോടുകൂടി നടന്നല്ലോ എന്ന് അദ്ദേഹം സന്തുഷ്ടനായി മദിച്ചു. എന്നാൽ ആ തത്വനിധാനനായ അഗാധഹൃദയനാൽ അക്ഷീണമായി വചിക്കപ്പെടുമാറുള്ള “ജീവനെ മൃത്യുവും, സന്തോഷത്തെ സന്താപവും, ഉന്നതിയെ അധഃപതനവും വേർപിരിയാതെ നിരന്തരാവരണം ചെയ്യുന്നു” എന്നുള്ള പ്രമാണത്തിന്റെ ഒരു അനുഭവപാഠമായി അദ്ദേഹത്തിന്റെ ജയവിജൃംഭിതമായ ജടാബന്ധത്തിൽത്തന്നെ, ആ മഹാവിജയഘട്ടത്തിൽ ഒരു വജ്രനിപാതം ഉണ്ടായി. മഹാരാജാവിന് കേശവപിള്ളയുടെ വേർപാടുകൊണ്ടുണ്ടായ നഷ്ടംപോലെ, അവിടത്തെ കിരീടകാംക്ഷിയായുള്ള ഹരിപഞ്ചാനനന് അദ്ദേഹത്തിന്റെ വിശ്വസ്തസേവകനും കോശകാര്യസ്ഥനുമായ വൃദ്ധസിദ്ധനും ആകാശഗമനം ചെയ്തിരിക്കുന്നു. ഈ വൃത്താന്തം കേട്ടപ്പോൾ ഹരിപഞ്ചാനനൻ ഹതപഞ്ചാനനനായി. അദ്ദേഹത്തിന്റെ കപാലത്തിനകത്തുള്ള മജ്ജാപിണ്ഡം, അതിന്റെ ധ്രുവത്തിൽ ഭ്രമണംചെയ്തുതുടങ്ങിയതുപോലെ തോന്നി. തന്റെ ശ്രമങ്ങളുടെ സിദ്ധിക്ക് അപരിത്യാജ്യമായ ദ്രവ്യസഞ്ചയം തന്റെ പ്രേഷകന്മാരിൽനിന്നു വന്നുചേരുന്നതിനുള്ള കവാടം വൃദ്ധസിദ്ധന്റെ പുറകേ അടഞ്ഞുകണ്ടപ്പോൾ ഹരിപഞ്ചാനനൻ സ്വയം ആഗതമായ ഒരു സമാധിയാൽ ബന്ധിക്കപ്പെട്ടു. ഹതവിധിയാൽ താൻ അഭിയുക്തനായിത്തീർന്നിരിക്കുന്നു, എന്നുള്ള ബോധത്തോടുകൂടി, അദ്ദേഹം അല്പനേരം ആസനത്തെ അവലംബിച്ച് ഊർദ്ധ്വൻവലിച്ചു. ഭക്തന്മാരും സ്വാശ്രയവർത്തികളും ആയ പ്രഭുതതിയും,

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/153&oldid=158420" എന്ന താളിൽനിന്ന് ശേഖരിച്ചത്