Jump to content

ഘാതകവധം/അദ്ധ്യായം പതിമൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം പതിമൂന്ന്

[ 59 ]

൧൩ാം അദ്ധ്യായം.

സൂര്യൻ പിന്നെയും ഒരു ശാബതദിവസത്തിൽ ആ കുഡുംബത്തിന്റെ മേൽ പ്രകാശിച്ചു കോശികുൎയ്യന്റെ ദു:ഖമുഖത്തിൽ അല്പമായി ഒരു മാറ്റം കാണാനുണ്ടായിരുന്നു ചെറുപ്പകാരനായ ഉപദേശി മറിയത്തോടു മന്ത്രിച്ച ആ ചുരുക്കമായ വാക്കുകൾ വൃദ്ധനായ പുലയനെ ഇനിയും കണ്ടെത്തിയേക്കാം എന്നു ഒരു ആശ അവളിൽ വരുത്തി. തന്റെ അപ്പന്റെ മനസ്സും ആ സ്വഭാവത്തിൽ ആക്കേണ്ടതിനു അവൾ ശ്രമിക്കയും ചെയ്തു. എങ്കിലും ഓരൊ ദിവസം കഴിഞ്ഞുപൊകയും വൎത്തമാനങ്ങൾ ഒന്നും അറിയാതിരിക്കയും ചെയ്തതുകൊണ്ടു ആ ആശ അവനിൽ ഇല്ലാതായിപ്പോയി. താൻ ഒരു അരിഷ്ടകുലപാതകനെന്ന തന്നെത്താൻ തോന്നുകയും ചെയ്തു. എന്നാൽ ഇപ്പൊൾ അവന്റെ ശ്രദ്ധ മററുകാൎയ്യങ്ങളിൽ ആയിരുന്നു. അവന്റെ മനൊസാക്ഷി ൟ കാൎയ്യത്തിൽ പൂർണ്ണസൗെഖ്യത്തോടിരുന്നൊ ഇല്ലയൊ എന്നുള്ളതു പിന്നീടു അറിയാം.

കുഡുംബം ആസകലവും പള്ളിയിൽപോകുവാനായിട്ടു ഒരുങ്ങിയിരുന്നു. അവരെ കൊണ്ടുപോകേണ്ടതിനു ഒരു വല്യ വള്ളം കടവിൽ കിടപ്പുണ്ടായിരുന്നു തന്റെ അമ്മയ്ക്കു അന്നുകിട്ടിയ ചെറിയ സമ്മാനങ്ങളൊടു കൂടെ പള്ളിയിൽ പോകുവാൻ ഒരുങ്ങിയിറങ്ങിയതു കണ്ടു മറിയം നന്നാ പ്രസാദിച്ചുനിന്നു. മറിയം തന്നെ കൊടുത്തതും കഴുത്തിനു ചുറ്റും കയ്യേലും പട്ടുനൂൽകൊണ്ടുള്ള ചിത്രത്തയ്യലൊടു കൂടിയതുമായ പണിച്ചട്ട അവൾ ഇട്ടിരുന്നു. അപ്പന്റെ സമ്മാനമായിട്ടു വളരെ വീതിയിൽ കശവുള്ള ഒരുകവണിയും അമ്മുമ്മ കൊടുത്ത വിശേഷമായ ഒരു പുsകയും അവൾ ധരിച്ചിരുന്നു. ഭംഗിയുള്ള കൊച്ചുവിശറി അവളുടെ കയ്യിലും ഇളയ പെൺ മക്കളുടെ ചെറിയ മുത്തു സഞ്ചിയും ചുവപ്പുശീലകൊണ്ടുള്ള പണമടിശീലയും അവളുടെ പുടകയുടെ വല്യഞൊറിവുകളുടെ ഇടയിലും ഉണ്ടായിരുന്നു.

അവൾ അനുസരണവും കീഴമൎച്ചയുമുള്ള ഒരു ശിലത്തോടു കൂടി സാവധാനവും സ്നേഹവുമുള്ള ഒരു അമ്മയായിരുന്നു. അതുകൊണ്ടു തന്റെ ഭൎത്താവിന്റെ മാറ്റങ്ങളിലൊക്കെ അവൾ ചേൎന്നിരുന്നു, അവൻ ഒരു സുറിയാനിക്കാരനായി അവരുടെ പ്രാൎത്ഥനകളിൽ കൂടി നടന്നപ്പോൾ അ [ 60 ] വൾ സാവധാനത്തിൽ അവന്റെ പിന്നാലെപോയി. അവൾ കൊച്ചിലെ പരിചയിച്ചിട്ടുള്ള പ്രോത്തെസ്തന്തു പള്ളിയിൽ അവൻ പോയപ്പോൾ അവളും വിരോധം കൂടാതെ അവന്റെ കൂടെപോയി.

അവൾ തന്റെ മക്കളെ എല്ലാവരെക്കാളും സുന്ദരി ആയിരുന്നു. വെയിലത്തു മിന്നിയ ശൊഭയുള്ള പൊൻകസവു ധരിച്ചു അവൾ അവരുടെ പിന്നാലെ വള്ളത്തേൽ കേറിയപ്പോൾ അമ്മയെന്നല്ല മൂത്ത ജെഷ്ഠത്തിയെന്നു കാണികൾക്കു തോന്നിപോകും.

ബ്രാഹ്മണനെ കണ്ട കാൎയ്യത്തെക്കുറിച്ചു അവർ സംസാരിച്ചു നല്ല രസം എല്ലാവൎക്കും മുമ്പെ തന്നെ ഉണ്ടായിരുന്നു. വള്ളം പിന്നെയും പോകുമ്പോൾ ആയാളുടെ വീട്ടിന്റെ ഇരിപ്പും കണ്ടത്തിന്റെ വിസ്താരവും ചൂണ്ടിക്കാണിച്ചുകൊണ്ടു കോശികുൎയ്യൻ തന്നെ ആ വൎത്തമാനം ആവൎത്തിച്ചു ആറ്റിന്റെ മറ്റെക്കരെ ഒരു ധനവാനായ സുറിയാനിക്കാരന്റെ വകയായി കുറെ ഏറെ സ്ഥലം ഉണ്ടായിരുന്നു. അതു മറിയത്തെക്കാണിക്കെണ്ടതിനു അവൻ പ്രത്യേകം ശ്രമിച്ചു അതിന്റെ സാദ്ധ്യം അവൾ തല്ക്കാലം അറിഞ്ഞിട്ടില്ലാഞ്ഞു.

ഗിവറുഗീസു മിണ്ടാതെയും വിചാരത്തൊടും അപ്പഴപ്പോൾ അമ്മയുടെ മുഖത്തു നോക്കിക്കൊണ്ടും ഇരുന്നു ഇങ്ങിനെ വള്ളം വളരെ കല്പടകളുള്ള ഒരു കടവിൽ അടുത്തു കോശികുൎയ്യൻ ധൃതിയോടു കൂടെ ചാടി ഇറങ്ങി.

"അപ്പാ! അല്ലല്ല! ഇവിടെയെന്നല്ലെല്ലൊ പറഞ്ഞിരുന്നതു" എന്നു മറിയം വിളിച്ചു പറഞ്ഞു എങ്കിലും അവൻ കൂട്ടാക്കിയില്ല. ഇങ്ങിനെയുണ്ടാകുമെന്നു അവൻ മുമ്പുകൂട്ടിക്കരുതിയിരുന്നതുകൊണ്ടായിരുന്നു വള്ളം അടുത്ത ഉടനെ അതുവരാതിരിപ്പാൻ ചാടിക്കളഞ്ഞതു.

“നമ്മളെല്ലാവരെയും പ്രൊത്തെസ്താന്തിൽ വളൎത്തുന്നതിനു അപ്പനു നല്ല താല്പൎയ്യമുണ്ടെങ്കിലും പ്രവൃത്തിയിൽ നാം സുറിയാനിയിലൊ അപ്പനു എതകുന്ന മറ്റേതിലെങ്കിലുമൊ ആയിരിക്കെണമെന്നു ആഗ്രഹമുണ്ടു ഇങ്ങിനത്ത വ്യാജ പ്രവൃത്തി ഇനിക്കു ബഹു വെറുപ്പാകുന്നു” എന്നിങ്ങിനെ ഗീവറുഗിസു പറഞ്ഞപ്പോൾ അവന്റെ പരമാൎത്ഥതയുള്ള കണ്ണു കൊപഭാവത്തോടു കൂടിയിരുന്നു. “ഗീവറുഗീസും മറിയവും നിങ്ങളുടെ അപ്പനോടു എതൃക്കാതെ ചുമ്മായിരിപ്പിൻ ഇന്നു നിങ്ങളെ ഇവിടെകൊണ്ടു വന്നതിനു തക്ക കാരണം [ 63 ] ഉണ്ടു" ഇങ്ങിനെ അവരും കല്പടകേറി. കുറഞ്ഞപക്ഷം രണ്ടു മുഖങ്ങളിൽ അതൃപ്തി ഭാവം ഉണ്ടായിരുന്നു. അവർ മടിച്ചു മടിച്ചുനിന്നു എല്ലാവരും പള്ളിയുടെ മതില്ക്കകത്തു എത്തി അവിടെ വളരെ ആളുകൾ ഉറക്കെ താല്പൎയ്യത്തോടു കൂടി സംസാരിച്ചുകൊണ്ടിരുന്നു ഒരു ആൾ കുറെ നെല്ലിനു കച്ചവടം ചെയ്‌വാനു ഭാവിച്ചപ്പോൾ ഉടമസ്ഥൻ, പറഞ്ഞ വിലസമ്മതിക്കായ്കയാൽ വഴക്കിട്ടു. കഠിന വാക്കുകൾ പ്രയോഗവും തുടങ്ങി മറ്റുള്ളവർ കൂടിവന്നു സമാധാനം പറയുന്നതിനു പകരം അവരുടെ അരവം തന്നെ കലഹത്തെ വലുതാക്കിത്തൊന്നിച്ചു. ഒടുക്കം പത്തുമുപ്പതു പേരുടെ ശബ്ദങ്ങൾ കൂടിക്കലശി ഒരു ബാബേൽ പോലായി. സ്ത്രീകൾ കൂട്ടം കൂട്ടമായിനിന്നു ധൃതിയൊടെ സംസാരിക്കുന്നു. ഏതാണ്ടൊ നല്ല രസമുള്ള ഒരു വൎത്തമാനം അവരുടെ ചെവികളിൽ എത്തിയതുപോലെ തമ്മിൽ തമ്മിൽ കൈകോൎത്തുപിടിക്കയും മറ്റും ചെയ്യുന്നു. പിന്നേയും അവർ വെറ്റിലതിന്നു ചിറി മുതലായവ നല്ലവണ്ണം ചുവപ്പിച്ചു നില്ക്കയായിരുന്നു. അതുകൊണ്ടു കൂടെക്കൂടെ ചെന്നു ഭിത്തിയുടെ മീതെ കൂടെ തുപ്പിക്കൊണ്ടിരുന്നു. തന്റെഅപ്പൻ കൊള്ളാകുന്ന കൂട്ടത്തിലുള്ള ഒരാളുമായി വൎത്തമാനം പറയുന്നതു മറിയം കണ്ടു. അവർ നിന്നതു അസാരം ദൂരത്തായിരുന്നു. വറുഗീസും അവളും തന്നെ ൟ [1]സുറിയാനിക്കാരുടെ വണക്കമില്ലാത്ത ഭാവവും പടുതിയും കണ്ടു ക്ലേശത്തോടെ ആശ്വാസം ഇല്ലാതെ നിന്നു അമ്മ പള്ളിമുററത്തിരുന്നു ഒരു അയൽക്കാരിയുമായി വൎത്തമാനം പറഞ്ഞു.

വറുഗീസ് തന്റെ പാദത്തിങ്കൽ നോക്കിക്കൊണ്ടു "നമ്മൾ നിൽക്കുന്നതു എന്തൊരു സ്ഥലത്തെന്നു നീ അറിഞ്ഞാ? നമ്മുടെ വല്യപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ശവക്കുഴികളുടെ പുറത്താണു" എന്നു മറിയത്തോടു പറഞ്ഞു.

"ഇവിടെ അവരുടെ പേരുകൾ കാണുന്നു ഇനിയും ഒരാളിനു കൂടെ കിടക്കുവാൻ ഇവിടെ സ്ഥലമുണ്ടു" എന്നു മറിയം തന്റെ പാദം അവിടെ വച്ചുംകൊണ്ടു പറഞ്ഞു. [ 64 ] വറുഗീസ്. “മറിയം! നീയറിഞ്ഞൊ ആ സ്ഥലം ആരുടെ പേൎക്കാണെന്നു?"

മറിയം. "ഇല്ല എന്നൊടു പറക" "നിനക്കു നിനക്കു തന്നെ" എന്നു വറുഗീസു തീർത്തു പറഞ്ഞു.

മറിയം. "ഇനിക്കൊ? ഇല്ലില്ല സഹോദരാ ൟ പഴയപൊട്ടിയ കല്ലുകളുടെ ഇടയിൽ അടക്കപ്പെടുവാൻ ഇനിക്കു മനസ്സില്ല. നിനക്കായാൽ എന്താ വറുഗീസു. "ഞാൻ ജിവിച്ചിരിക്കുന്നെങ്കിൽ ഒരു പുരുഷനാകും അപ്പോൾ എന്റെ കാൎയ്യങ്ങൾ എന്റെ മനോഭാവപ്രകാരം ചെയ്‌വാൻ ഇനിക്കു സ്വാതന്ത്ര്യമുണ്ടാകും. എന്നാൽ നീ ഒരു പെണ്ണു നിന്റെ കാൎയ്യങ്ങൾ വിചാരിക്കുന്നതും ചെയ്യുന്നതും അന്ന്യന്മാർ തന്നെ അതിന കീഴടങ്ങുവാനേ നിനക്കു പാടും ഒള്ളു. ഇനിക്കു മുന്നറിവുണ്ടു" പിന്നെയും അവൻ അപ്പനും മറെറാരു ആളും കൂടെ ഇരുന്നു വൎത്തമാനം പറയുന്നിടത്തേക്കു നോക്കിക്കൊണ്ടു പറഞ്ഞു:- നീ അറിയാത്ത ഒരാൾ നിന്നെ കെട്ടും പിന്നെ നീ ഒരു വെറ്റില തീറ്റിക്കാരിയായി തീരുകയൊ തനിച്ചുപാർത്തു അല്പായുസ്സു സമ്പാദിക്കയൊ ചെയ്യും."

മറിയം. "കൊള്ളാം. അങ്ങിനെ വരുന്ന പക്ഷം എന്റെ ശവക്കുഴി ഇവിടെ ആകാതെയിരിപ്പാൻ നീ ശട്ടം കെട്ടുകയില്ലയൊ? അതു വിസ്തീൎണ്ണമായ ആകാശത്തിൻ കീഴിൽ മഴയും വെയിലും കൊള്ളുന്ന സ്ഥലത്തായിരിക്കട്ടെ എന്നാൽ ഇനിക്കു ഇഷ്ടമില്ലാത്തതിനു ഞാൻ വിരോധം പറയാതെ സമ്മതിച്ചേക്കും എന്നു നീ വിചാരിക്കുന്നു എങ്കിൽ അതു തെറ്റു തന്നെ. എന്റെ മനസ്സു നിന്റേതിനെ പോലെ തന്നെ ശക്തിയുള്ളതും എതൃപ്പാൻ കഴിയുന്നതുമാകുന്നു" ൟ സമയം സാമുദ്രികാലക്ഷണം നല്ല വശമുള്ള ഒരാൾ ഉണ്ടായിരുന്നെങ്കിൽ അവളുടെ ചിറിയുടെയും മൂക്കിന്റെയും പ്രയോഗങ്ങൾ കണ്ടു നല്ല ഉറപ്പുള്ള ഒരു മനസ്സിന്റെ ഭാവം അറിയായിരുന്നു.

അല്പനേരം കഴിഞ്ഞപ്പോൾ ഇടുങ്ങിയ നോട്ടത്തോടും അതൃപ്തിഭാവത്തോടും കൂടിയ ഒരു ചെറിയ സ്ത്രീ വന്നു മറിയത്തിന്റെ തലയിൽ കിടന്ന കവണി പുറകോട്ടു വലിച്ചു. അവളുടെ നാക്കും ചിറികളും വെറ്റിലതിന്നു നല്ലവണ്ണം ചുവന്നിരുന്നു. അതുകൊണ്ടു വൎത്തമാനം പറയെണമെങ്കിൽ വാ പൊക്കിതുറന്നു പിടിച്ചുകൊണ്ടെ പാടുള്ളു.

അവൾ മറിയത്തിന്റെ അടിക്കാതിൽ വിരലിട്ടുകൊണ്ടു [ 65 ] അരികെ നിന്നിരുന്ന അവളുടെ അമ്മയോടുപറഞ്ഞു - "ഇതു കൊച്ചായിപ്പോയി. കൊച്ചിലെ കാതിലിട്ടിരുന്ന ൟയ കുണുക്കു കട്ടി കൂട്ടി ഇടാഞ്ഞതു എന്തായിരുന്നു. ഇത്രയും പറഞ്ഞതു ഒരു ഉറച്ചവല്ലാത്ത ശബ്ദത്തോടു കൂടെയായിരുന്നു. രണ്ടു മൂന്നു വാക്കുകൾ പറയുമ്പൊഴേക്കു വായിൽ തുപ്പൽ നിറയും. അപ്പോൾ തല പൊക്കിപ്പിടിക്കും. ഉടനെ അങ്ങോട്ടു മാറി മതിലിന്റെ പുറത്തു കൂടി തുപ്പി പിന്നെയും വരും. ഇതിന്റെ ശേഷം അവൾ തലക്കെട്ടേൽ പിടിച്ചു പറഞ്ഞു. "ഹൊ ഇതും തുലൊം ചെറുതായിപ്പോയി. കൊച്ചുന്നാളിൽ എന്തായിരുന്നു തലമുടി കൂടെകൂടെ വടിപ്പിക്കാഞ്ഞതു ഇനി ഒരു പനി വന്നേച്ചാൽ ൟ ഉള്ളതു കൂടെ പൊഴിഞ്ഞു പോകും. വായും നല്ല കണക്കല്ല. ഇത്രകൊച്ചു വായ ഞാൻ കണ്ടിട്ടില്ല. ചെറിയവായുള്ള പെണ്ണുങ്ങളെത്തന്നെ ഇനിക്കത്ര ഇഷ്ടമല്ല. അവൎക്കു തീറ്റി എപ്പഴും തുലോം വിശേഷമായിരിക്കെണം.

മറിയത്തിന്റെ അമ്മ ൟ കിഴിച്ചു നോട്ടത്തിൽ നന്നാ രസക്കേടായിട്ടു ഉരിയാടാതെനിന്നു. വല്യ സൌന്ദൎയ്യക്കാരിയായിട്ടു താൻ വിചാരിച്ചിരുന്ന മകൾ ഈ അമ്മാവിയമ്മയുടെ കണ്ണുകളിൽ ഇത്ര വിരൂപിയായി കാണപ്പെട്ടതിൽ വച്ചു അവൾക്കു വളരെ അതിശയം തോന്നിപ്പോയി. ഇതെല്ലാം എന്തൊരു കളിയെന്നു മറിയം ഓൎത്തു ഒടുക്കം ഏതാണ്ടെല്ലാം അവൾക്കു മനസ്സിലായപ്പൊൾ ആ വല്ലാത്ത സ്ത്രീയുടെ അടുക്കൽനിന്നു മാറി കവണി തലയിലിട്ടു പുതച്ചുകൊണ്ടു പള്ളിയുടെ അകത്തൊട്ടു ഓടിക്കേറിക്കളഞ്ഞു.

അപ്പോൾ പിന്നെയും ആ സ്ത്രീ അവളെ നോക്കിപ്പറഞ്ഞതു:--"കണ്ടൊ ൟ പെണ്ണിന്റെ ശീലവും നല്ല കണക്കല്ല. പുസ്തകം വായിക്കുന്ന പെണ്ണുങ്ങൾ തന്നെ ഗുണമെന്നു ഞാൻ എണ്ണീട്ടില്ല. അവർ നല്ല ഭാൎയ്യാമാരാകുന്നതു പ്രയാസം. എന്തിനാ ഇവളെ പള്ളിക്കൂടത്തിൽ അയയ്ക്കാൻ പോയതു?" അപ്പോൾ അച്ചൻ കുൎബാനയ്ക്കു കേറിയതു കൊണ്ടു ൟ ചൊദ്യത്തിനു ഉത്തരം പറവാൻ ഇടയായില്ല. എല്ലാവരും പള്ളിയിൽ കേറുകയും ചെയ്തു.


  1. ഇവിടെ സുറിയാനി സഭയിൽ ഇരുപതു വൎഷം മുമ്പുണ്ടായ ഒരു കാൎയ്യത്തെക്കുറിച്ചാകുന്നു പറയുന്നതു തെക്കൻ ദിക്കുകളിലുള്ള ദൈവാലയങ്ങളിൽ കുറഞ്ഞ പക്ഷ മുമ്പിലത്തേതിനേക്കാൾ നന്നാ വണക്കമുണ്ടു കൊട്ടയത്തിനു വടക്കുള്ള പള്ളികളിൽ നവീകരണം ഇനിയും ആവശ്യം തന്നെ