അരികെ നിന്നിരുന്ന അവളുടെ അമ്മയോടുപറഞ്ഞു - "ഇതു കൊച്ചായിപ്പോയി. കൊച്ചിലെ കാതിലിട്ടിരുന്ന ൟയ കുണുക്കു കട്ടി കൂട്ടി ഇടാഞ്ഞതു എന്തായിരുന്നു. ഇത്രയും പറഞ്ഞതു ഒരു ഉറച്ചവല്ലാത്ത ശബ്ദത്തോടു കൂടെയായിരുന്നു. രണ്ടു മൂന്നു വാക്കുകൾ പറയുമ്പൊഴേക്കു വായിൽ തുപ്പൽ നിറയും. അപ്പോൾ തല പൊക്കിപ്പിടിക്കും. ഉടനെ അങ്ങോട്ടു മാറി മതിലിന്റെ പുറത്തു കൂടി തുപ്പി പിന്നെയും വരും. ഇതിന്റെ ശേഷം അവൾ തലക്കെട്ടേൽ പിടിച്ചു പറഞ്ഞു. "ഹൊ ഇതും തുലൊം ചെറുതായിപ്പോയി. കൊച്ചുന്നാളിൽ എന്തായിരുന്നു തലമുടി കൂടെകൂടെ വടിപ്പിക്കാഞ്ഞതു ഇനി ഒരു പനി വന്നേച്ചാൽ ൟ ഉള്ളതു കൂടെ പൊഴിഞ്ഞു പോകും. വായും നല്ല കണക്കല്ല. ഇത്രകൊച്ചു വായ ഞാൻ കണ്ടിട്ടില്ല. ചെറിയവായുള്ള പെണ്ണുങ്ങളെത്തന്നെ ഇനിക്കത്ര ഇഷ്ടമല്ല. അവൎക്കു തീറ്റി എപ്പഴും തുലോം വിശേഷമായിരിക്കെണം.
മറിയത്തിന്റെ അമ്മ ൟ കിഴിച്ചു നോട്ടത്തിൽ നന്നാ രസക്കേടായിട്ടു ഉരിയാടാതെനിന്നു. വല്യ സൌന്ദൎയ്യക്കാരിയായിട്ടു താൻ വിചാരിച്ചിരുന്ന മകൾ ഈ അമ്മാവിയമ്മയുടെ കണ്ണുകളിൽ ഇത്ര വിരൂപിയായി കാണപ്പെട്ടതിൽ വച്ചു അവൾക്കു വളരെ അതിശയം തോന്നിപ്പോയി. ഇതെല്ലാം എന്തൊരു കളിയെന്നു മറിയം ഓൎത്തു ഒടുക്കം ഏതാണ്ടെല്ലാം അവൾക്കു മനസ്സിലായപ്പൊൾ ആ വല്ലാത്ത സ്ത്രീയുടെ അടുക്കൽനിന്നു മാറി കവണി തലയിലിട്ടു പുതച്ചുകൊണ്ടു പള്ളിയുടെ അകത്തൊട്ടു ഓടിക്കേറിക്കളഞ്ഞു.
അപ്പോൾ പിന്നെയും ആ സ്ത്രീ അവളെ നോക്കിപ്പറഞ്ഞതു:--"കണ്ടൊ ൟ പെണ്ണിന്റെ ശീലവും നല്ല കണക്കല്ല. പുസ്തകം വായിക്കുന്ന പെണ്ണുങ്ങൾ തന്നെ ഗുണമെന്നു ഞാൻ എണ്ണീട്ടില്ല. അവർ നല്ല ഭാൎയ്യാമാരാകുന്നതു പ്രയാസം. എന്തിനാ ഇവളെ പള്ളിക്കൂടത്തിൽ അയയ്ക്കാൻ പോയതു?" അപ്പോൾ അച്ചൻ കുൎബാനയ്ക്കു കേറിയതു കൊണ്ടു ൟ ചൊദ്യത്തിനു ഉത്തരം പറവാൻ ഇടയായില്ല. എല്ലാവരും പള്ളിയിൽ കേറുകയും ചെയ്തു.
ആ ഞായറാഴ്ച ഉച്ചതിരിഞ്ഞു മാഞ്ചുവട്ടിൽ കൂടിയ ആളു