Jump to content

ഘാതകവധം/അദ്ധ്യായം ആറ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം ആറ്

[ 20 ]

൬-ാം അദ്ധ്യായം

വൃദ്ധനായ പൌലുസിന്റെ വീടു കരിമ്പു കൃഷിക്കായിട്ടു തിരിച്ചു കെട്ടിയിരുന്ന ഒരു വേലിക്കകത്തായിരുന്നു. കരിമ്പിനു കാവലായിരിക്കേണ്ടതിനു അതിന്റെ നടുവിൽ അവന്റെ തറ വച്ചുകൊള്ളുവാൻ അനുവാദമുണ്ടായിരുന്നു. കുറെ സ്ഥലം അവനു വല്ലതും നടുവാനായിട്ടു വിട്ടു കൊടുത്തിട്ടുണ്ടായിരുന്നതു ഒരു സൂചികുത്തുവാൻ ഇടയില്ലാത്ത വണ്ണം ഓരോരൊ കൃഷികൾ കൊണ്ടു നിറഞ്ഞിരുന്നു. [പുറത്തെ അതിരു നാലുകോൽ സമചതുരത്തിൽ ഒരു ചിറ] പിന്നെ ഒരു പന്തി വാഴ അതിനകത്തു ഒരു വാരം കൂൎക്കയും പിന്നെ നല്ല തഴപ്പോടുവളരുന്ന ചീരയും അതിനു പുറകിൽ ഒരു പന്തി ചീനി ഇതെല്ലാം കഴിഞ്ഞിട്ടു വീട്ടിനു ചുറ്റും വീതികുറഞ്ഞ ഒരു മുറ്റവും ഉണ്ടായിരുന്നു. ൟ പുരയുടെ മേൽകൂട്ടു ഓല കെട്ടിയതും ചെറിയതുമായിരുന്നു. കീഴെ നാലു മുളത്തൂണുകളുമുണ്ടായിരുന്നു. നാലു കോണുകളിലും ഓരൊ മത്ത വേഗത്തിൽ പുരയുടെ മുകൾ ഭാഗത്തു എത്തേണ്ടതിനു നല്ലവണ്ണം പടൎത്തിയിട്ടുണ്ടായിരുന്നു. മൂന്നുനാലുദിവസം മുമ്പെ പുരകെട്ടിയപ്പോൾ താഴെ വലിച്ചിട്ടതായിരുന്നു എല്ലായിലും മുകളിൽ നാലു വല്ല്യപാക്കു തേങ്ങാ ഏരച്ചുകെട്ടി ഇട്ടിരുന്നു. അതു കയ്യാലയുടെ നാലു കോണിലും ഓരോന്നു വയ്പാനായിട്ടു കരുതിയിരുന്നതായിരുന്നു. താൻ മോഷ്ടിച്ചുവന്ന കാലങ്ങളിൽ തേങ്ങാ അരച്ച കറികളുടെ സ്വാദറിഞ്ഞിരുന്നതുകൊണ്ടു വൃദ്ധനായ പൌലൂസു ഒരു തെങ്ങുവെച്ചു പിടിപ്പിപ്പാൻ വളരെ നാളായി ദീഷിച്ചിരിക്കയായിരുന്നു എങ്കിലും ക്രിസ്ത്യാനി ആയതു മു [ 21 ] തൽ മോഷ്ടിക്കപ്പെട്ട വസ്തുക്കൾ തന്റെ വായിലേക്കു കടന്നു കൂടാ എന്നു അവൻ നിശ്ചയിച്ചു. പലപ്പോഴും കഠിനമായ പരീക്ഷകളിൽ വീണിട്ടുണ്ടു എങ്കിലും അവൻ തന്റെ ക്രിസ്ത്യാനി എന്നുള്ള നാമത്തെ അവമാനിക്കാതെ ഇരിപ്പാൻ ശ്രമിച്ചു. മേൽ പറഞ്ഞ വൃക്ഷം ഒന്നു വെച്ചു പിടിപ്പിക്കേണമെന്നു അവനുണ്ടായിരുന്നു ആ നൂതന ആഗ്രഹം തന്റെ യജമാനന്റെ കുഞ്ഞുങ്ങൾ കരിമ്പിനായിട്ടു വന്നപ്പോൾ വെളിപ്പെട്ടു. ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ നാലു പേർ പുഞ്ചിരിയിട്ടും കൊണ്ടു ചെറിയ ചിറെക്കു മേൽ കൂടെ എത്തിനോക്കുകയും വൃദ്ധനായ പൌലുസു ചീരയുടെ ഇടയിലെ കള പറിച്ചു കളവാനായിട്ടു കുനിഞ്ഞപ്പോൾ അവന്റെ പുറവും കാൽ വിരലുകളും നൊമ്പരപ്പെടുവാൻ തക്കവണ്ണം കറത്തിട്ടു ഏതാണ്ടൊ നാലെണ്ണം വന്നു കൊണ്ടതായിതോന്നുകയും അതുകൾ അവന്നു ചുറ്റും നാലു പീരങ്കിയുണ്ട പോലെ കിടന്നോടുകയും ഉണ്ടായി എങ്കിലും വേദനയുടെ അടയാളങ്ങൾ കാണിക്കാതിരിപ്പാൻ തക്കവണ്ണം അവൻ ഉൾക്കരുത്തുള്ളവൻ ആയിരുന്നു. ഉടനെ നിവിൎന്നു നോക്കിയപ്പോൾ ഇങ്ങനെ തന്നെ പെട്ടെന്നു ഭ്രമിപ്പിച്ച ആളുകൾ ചിരിച്ചും കൊണ്ടു ഓടിപ്പോകുന്നതിനെ കണ്ടു.

നമ്മൾ മുൻപറഞ്ഞ ഞായറാഴ്ച വൈകുംപാടു മറിയവും അമ്മൂമ്മയും കൂടെ പോയതു ൟ സ്ഥലത്തേക്കു ആയിരുന്നു ൟ സമയം അവൾ കടമ്പ കടക്കുമ്പോൾ പുരപ്പുറത്തു നോക്കി വൃദ്ധനായ പൌലൂസു തെങ്ങുണ്ടാക്കുവാൻ ആരംഭിച്ചിരിക്കുനത കണ്ടു ഒന്നു പുഞ്ചിരിയിട്ടു. കുടിലും മുറ്റവും ഇരിക്കയൊ നിൽക്കയൊ ചെയ്യാകുന്ന സ്ഥലം എല്ലാം ആകുലന്മാരും സഹായമില്ലാത്തവരുമായ ആളുകളെ കൊണ്ടു നിറഞ്ഞിരുന്നു. നടുക്കു പൌലൂസും കിടന്നിരുന്നു. മറിയത്തിന്റെ ശബ്ദം സാധാരണയായി സന്തോഷകരവും താണതുമായിരുന്നു. എങ്കിലും ഒരു വല്യ മുഴക്കവുമുണ്ടായിരുന്നു. അവൾ ഓരോരുത്തരോടു അവരവരുടെ സ്ഥലത്തു ഇരിപ്പാൻ കല്പിച്ചപ്പോൾ അവളുടെ വാക്കുകൾ ക്ഷുദ്ര പ്രയോഗങ്ങൾ പോലെ പറ്റി കരച്ചിൽ വേഗത്തിൽ നിൎത്തി അവർ കയ്യാല കേറിയപ്പോൾ കുറെശ്ശ ഞരക്കമുണ്ടായിരുന്നു അതെല്ലാം ക്ഷണം കൊണ്ടു ഇല്ലാതെ ആയി വൃദ്ധനായ പൌലുസിന്റെ ഭാൎയ്യയും കൈ രണ്ടുമെടുത്തു വായപൊ [ 22 ] ത്തിക്കൊണ്ടു ഉരിയാടാതെ പുരയുടെ അങ്ങേ കോണിൽ പതുങ്ങിയിരുന്നു. മറിയം ഒരു പ്ലാവില എടുത്തു കുത്തി അതിൽ അസാരം പഞ്ചസാരയിട്ടു. അപ്പോൾ അവളുടെ അമ്മൂമ്മ ഏതാണ്ടൊ രണ്ടു മൂന്നു തുള്ളിമരുന്നു അതിൽ ഒഴിച്ചു. അതു അവരിരുവരും കൂടെ ദീനക്കാരന്റെ വായിൽ ഒഴിച്ചു കൊടുത്തു. ഉടനെ അവൻ കണ്ണതുറന്നു സംസാരിപ്പാൻ ഭാവിച്ചു. അപ്പോൾ മറിയം വിലക്കി. എല്ലാവരും മിണ്ടാതെയിരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ ഔഷധം പിന്നെയും കൊടുത്തു. അപ്പോൾ പൌലൂസ എഴുനീറ്റു ഇരുന്നു ചുറ്റും നോക്കി ഇപ്രകാരം പറഞ്ഞു.-- "ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇനിക്കിപ്പോൾ കുറെ സൌഖ്യമുണ്ടു". അപ്പോൾ മറിയം "കുറെ വെള്ളം കൊണ്ടുവന്നു അവന്റെ മുഖത്തെ ചോര കഴുകിക്കളക" എന്നു അവിടത്തെ വയസ്സിയോടു പറഞ്ഞു. എന്നാറെ അവൾക്കു ആപത്തു ഭാവം കാണിക്കുന്ന രക്തം മുഖത്തു നിന്നു കഴുകിക്കളവാൻ മനസ്സില്ലാഞ്ഞു. അപ്പോൾ മറിയം ഒന്നു കൂടെ നിൎബന്ധിച്ചു പറഞ്ഞു. അന്നേരം ആ വൃദ്ധ ഒരു ചിരട്ടയിൽ കുറെ വെള്ളം കൊണ്ടു വന്നു കഴുകിത്തുടങ്ങി. അപ്പോൾ മറിയം മുറിവു സാരമില്ലെന്നും മനൊ ചാഞ്ചല്യം കൊണ്ടു തന്നെ മോഹാലസ്യം വന്നതു എന്നും അവരെ മലസ്സിലാക്കി. "കുറെ കഞ്ഞികൊണ്ടുവരുവിൻ ഇപ്പോൾ എല്ലാം സൌഖ്യമാകും" എന്നു അവൾ പിന്നെയും പറഞ്ഞു. ഉടനെ കഞ്ഞികൊണ്ടുവന്നു. വൃദ്ധൻ ദാഹിച്ചിരുന്നതു കൊണ്ടു ആഗ്രഹത്തോടു അതു കുടിക്കയും ചെയ്തു. അപ്പോൾ അവനു അതിനാൽ അല്പം ബലം ഉണ്ടെന്നു തോന്നി എങ്കിലും ഉടനെ തന്നെ തന്റെ കൊച്ചുതമ്പുരാട്ടിയുടെ സമം ഇരിക്കുന്നതു വല്ലവരും കണ്ടാൽ ചീത്തയാണെന്ന വിചാരിച്ചു താഴാഴ്മയോടു കൂടെ ഒരു കോണിൽ പോയി പതുങ്ങിയിരുന്നു.

അതു കണ്ടു മറിയം പറഞ്ഞു:-- "പൌലൂസെ നീ അതു ചെയ്‌വാൻ ആവശ്യമില്ലായിരുന്നു. എന്തെന്നാൽ നാം എല്ലാവരും ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പാകെ കൂടുമ്പോൾ തമ്മിൽ തമ്മിൽ വ്യത്യാസമില്ലെന്നുള്ളതു നിനക്കു അറിയാമെല്ലൊ. പിന്നൊന്നുള്ളതു നീയാണധികമാത്മാക്കളെ യേശുവിങ്കലേക്കു തിരിച്ചതു എങ്കിൽ നിനക്കു എന്റേതിനേക്കാൾ കുറെക്കൂടെ ശോഭയെറിയ ഒരു കിരീടം കിട്ടും എന്നു മാത്രം." [ 23 ] പൌലുസ. ഹാ അമ്മേ ആക്കാൎയ്യത്തെ കുറിച്ചു ഇനിക്കു സംശയമില്ല. എങ്കിലും ചിലപ്പോൾ പാവപ്പെട്ട പുലയൎക്കു സ്വൎഗ്ഗമില്ലായിരിക്കുമെന്നു വിചാരിച്ചു ഞാൻ ഭയപ്പെടുന്നു ചിലപ്പോൾ ഇവിടെ ഞങ്ങൾ കീഴുജാതിക്കാരായിരിക്കുന്നതുപോലെ അവിടെയും ആയേക്കുമെന്നും തോന്നുന്നു. എങ്കിലും ധനവാനെ പോലെ പാവപ്പെട്ട അടിമക്കാരനെയും രക്ഷിപ്പാൻ യേശു മരിച്ചു എന്നു അമ്മ എന്നോടു പറഞ്ഞ ആ ദിവസം അനുഗ്രഹിക്കപ്പെട്ടതാകുന്നു എന്നു ഇനിക്കു തോന്നുന്നുണ്ടു. അവന്റെ തിരുവചനത്തിലും അവനോടുള്ള പ്രാൎത്ഥനയിലും ഇനിക്കു തന്നിട്ടുള്ളതിനേക്കാൾ അടുത്ത ഒരു കാഴ്ചെക്കു ഇനിക്കു ഒരിക്കലും ഇടയില്ലെന്നു വന്നാലും അതു താഴെ ഒരു സ്വൎഗ്ഗം ചമെച്ചിട്ടുള്ളതാകകൊണ്ടു ഞാൻ തൃപ്തിപ്പെട്ടിരിക്കേണ്ടതാകുന്നു"

മറിയം. "പൌലുസെ യേശുവിന്റെ സ്നേഹത്തെക്കുറിച്ചു ഞാൻ നിന്നോടു പറഞ്ഞിട്ടു ഇപ്പൊൾ എത്രവൎഷമായി.

പൌലൂസു. അഞ്ചായെന്നു തോന്നുന്നു. അന്നു ഒരു കൊച്ചു കുഞ്ഞായിരുന്ന നീ പള്ളിക്കൂടത്തിൽ നിന്നു വന്ന ഇടയ്ക്കു ഞാൻ വീട്ടിനരികെയുള്ള തോട്ടം നന്നാക്കിക്കൊണ്ടു നിന്നു നീ കാലത്തു എന്റെ അടുക്കൽ വന്നു നിന്റെ ചെറിയ വൃക്ഷത്തേലെ മാങ്ങാ കട്ടു കൊണ്ടുപോകാതിരുന്നാൽ ഇനിക്കു കുറെ കഞ്ഞി തരാം എന്നു പറഞ്ഞു. ഞാൻ ചെയ്കയില്ലെന്നും പറഞ്ഞു. എന്റെ ആയുസ്സകാലത്തിൽ ഒന്നാമത്തെ തവണ പരീക്ഷയെ എതൃക്കയും ചെയ്തു. പന്ത്രണ്ടു മണിയായപ്പോൾ ഞാൻ വീട്ടിലേക്കു നോക്കിത്തുടങ്ങി. അപ്പോൾ നീയൊരു ചട്ടിയുംകൊണ്ടു എന്റെ അടുക്കലേക്കു വരുന്നതു കണ്ടു. നീ ആതു താഴെ വച്ചേച്ചു എന്നെ വിളിക്കാതെ എന്റെ അടുക്കൽ അടുത്തുവന്നു. "അപ്പോൾ ഞാൻ പേടിച്ചു കുറെ മാറിനിന്നു. എന്തെന്നാൽ കുഞ്ഞുങ്ങളോടും മറ്റും ഞാൻ അധികം അടുത്തുനില്ക്കുന്നതു കണ്ടാൽ യജമാൻ എന്നെ തല്ലുമെന്നു ഞാൻ ഭയപ്പെട്ടു. നീ മാങ്ങാ എണ്ണി നോക്കി എല്ലാം ഉണ്ടെന്നറിഞ്ഞു ഏതാണ്ടു പറയാനുണ്ടെന്നും പറഞ്ഞു എന്നെ അടുക്കൽ വിളിച്ചു. എന്നാറെ ഞാൻ നന്നാ ഭയപ്പെട്ടു അടുത്തുവന്നു. അപ്പോൾ നീ എന്നോടു മേല്പോട്ടു ചൂണ്ടിക്കാണിച്ചുംകൊണ്ടു പറഞ്ഞു:-- ആകാശത്തിനു മുകളിൽ വലിയവനും പരിശുദ്ധനുമായ ഒരു ദൈവമുണ്ടു എന്നും, അവന്റെ പു [ 24 ] ത്രനെ എല്ലാ മനുഷ്യൎക്കു വേണ്ടിയും പാവപ്പെട്ട പുലയൎക്കു വേണ്ടിയും മരിപ്പാൻ അയച്ചു എന്നും നീ അറിഞ്ഞിട്ടുണ്ടോ? അവന്റെ പേരു യേശുക്രിസ്തു എന്നാകുന്നു. ആ പേരിനെ കുറിച്ചു നീ കുറെ വിചാരിപ്പാൻ ഉണ്ടു. നിനക്കു അതു പറയാമൊ? ഉടനെ ഞാൻ ശ്രമിച്ചു എങ്കിലും എന്റെ നാക്കുകൊണ്ടു പ്രയാസമായിരുന്നു. നീ പിന്നെയും പിന്നെയും അതു പറഞ്ഞു ഞാൻ മുമ്പെങ്ങും ആ ശബ്ദം കേട്ടിട്ടില്ലാഞ്ഞതുകൊണ്ടു എന്റെ നാവു തക്ക സ്ഥലത്തുചെന്നു തൊടാതെ തെറ്റിപ്പോയി. ഇനിയൊരിക്കൽ ആകട്ടെ എന്നു നീ പറഞ്ഞു. ആ രാത്രി മുഴുവനും ഞാൻ ൟ അപൂൎവ പേരിനെ കുറിച്ചു വിചാരിച്ചു അതെപ്പറ്റി കുറെക്കൂടെ അറിവാൻ നന്നാ ആഗ്രഹമുണ്ടായി. പിന്നെ പല തവണയും നീ എന്നെക്കൊണ്ടതു പറയിപ്പാൻ ശ്രമിച്ചു. ഒടുക്കും യേശു ക്രിസ്തു എന്ന ഞാൻ തെളിച്ചു പറഞ്ഞപ്പോൾ നിന്റെ കണ്ണിൽനിന്നു കണ്ണനീരുവീഴുന്നതു ഞാൻ കണ്ടു പിന്നെ ഒരു ദിവസം നീ വന്നു എന്നോടു പള്ളിക്കൂടത്തിലേക്കു പോകയാകുന്നു എന്നും യേശുക്രിസ്തുവിനെ കുറിച്ചു മുഴുവനും പറയുന്ന ഒരു സുവിശേഷം ഇനിക്കു തരാമെന്നും പറഞ്ഞു. ആ വാക്കു ഞാൻ അറിയെണ്ടതിനു അവിടെയൊരു അടയാളവും ഇട്ടുതരികയും ചെയ്തു. എന്നാറെ ഞാൻ അതു ഭയത്തോടു കൂടെ എടുത്തു. എന്തെന്നാൽ അതൊരു ദൈവമെന്നു ഇനിക്കു തോന്നിപ്പോയി. അതിനു മുമ്പു ഞാൻ പുസ്തകം കണ്ടിട്ടില്ല. പിന്നെ ഞാൻ കൂട്ടരുടെ ഇടയിൽ ചെന്നപ്പോൾ എല്ലാവരും അറിഞ്ഞു ൟ ആശ്ചൎയ്യം കണ്ടു അതേൽ തൊടുവാൻ ആഗ്രഹിച്ചു വന്നു. ഇങ്ങിനെ കാഴ്ചക്കാരു ഏറിയേറി വന്നപ്പോൾ എന്റെ പുസ്തകം പോയേക്കുമെന്നു വെച്ചു ഞാൻ അതു കുഴിച്ചിട്ടു. അപ്പോൾ ഇനിക്ക് അതു കൂടെക്കൂടെ കാണ്മാൻ പാടില്ലാതായി. അതുകൊണ്ടു ഞാൻ ഒരു വലിയ തൊപ്പി കുത്തി പുസ്തകം അതിലാക്കി എന്റെ തലയിലിട്ടുകൊണ്ടു നടന്നു. എന്റെ കൂട്ടരിൽ ആൎക്കും ശബ്ദിപ്പാൻ വഹിയാത്ത ഒരു പേരു അറിയാമെല്ലൊ എന്നു ഇനിക്കു ഒരു പൊണ്ണക്കാൎയ്യം തോന്നി ഞാൻ അവരെ പഠിപ്പിച്ചു തുടങ്ങി അതിന്റെ ശേഷം അതിനെക്കുറിച്ചു അധികം അറിയെണമെന്നുള്ള ആഗ്രഹം വൎദ്ധിച്ചു. ഒടുക്കം ഞാൻ ഒരു വഴിയാത്രയായി പോയപ്പോൾ ഒരു വലിയ ബങ്കളാവിന്റെ റാന്തലിനു [ 26 ]
മറിയം പൗലൂസിനെ പഠിപ്പിക്കുന്നതു
[ 27 ] താഴെ ആ പുസ്തകവും കൊണ്ടുനിന്നു. അപ്പോൾ നിന്നെക്കാൾ കൊച്ചാണു ഒരു പെൺപൈതൽ അഴിയുടെ ഇടവഴി നോക്കി എന്റെ കയ്യിലേതെന്തെന്നു ചോദിച്ചു. അതിനു ഞാൻ ഒരു ദൈവം എന്നു പറഞ്ഞു എടുത്തുകാണിച്ചു. അപ്പോൾ അവൾ "നീ ഒരു ദുഷ്ടനായ അജ്ഞാനി തന്നെ അതു ദൈവത്തിന്റെ വിശുദ്ധപുസ്തകം അല്ലയൊ? നീ അതു വായിക്കെണം. എന്നാൽ യേശുവിനെ സ്നേഹിപ്പാനും വിഗ്രഹങ്ങളെ വന്ദിക്കാതെ ഇരിപ്പാനും നിന്നെ അതു പഠിപ്പിക്കും എന്നു പറഞ്ഞു. ആ നല്ല കുഞ്ഞു പറഞ്ഞതെല്ലാം ഞാൻ കേട്ടുതിരിച്ചറികയും ചെയ്തു. ആ അല്പ വചനങ്ങളിൽ അധികം എന്റെ മനസ്സിൽ കൊള്ളുകയാൽ ഞാൻ സായ്പിനെ കാണാതെ തിരിച്ചുപോന്നു. അപ്പോൾ ഞാൻ വിചാരിച്ചു:--- ഉവ്വ ഞാൻ വായിപ്പാൻ പഠിക്കെണം. എന്നാൽ എങ്ങിനെ? കന്നുകാലിയെ തീറ്റുന്ന ചോകോകിടാത്തൻ പള്ളിക്കൂടത്തിൽ പോയി വായിപ്പാൻ പഠിച്ചിട്ടുണ്ടു. എന്റെ കൂലിയിൽ പാതി ഞാൻ അവനു കൊടുത്തു വായിപ്പാൻ പഠിക്കും. ഇങ്ങിനെ ഞാൻ ഒരു ക്രിസ്ത്യാനി ആയിത്തുടങ്ങി. എന്റെ ദിവസങ്ങൾ സൂൎയ്യരശ്മിയും സന്തോഷവും ഉള്ളവ ആയി തുടങ്ങി. എന്നാൽ ഇപ്പോൾ ഒരു മേഘം എന്നെ മൂടിയിരിക്കുന്നു അതെന്നെ നിലത്തു പതുക്കുവാൻ തക്കവണ്ണം പെരുത്തു കട്ടിയുള്ളതു തന്നെ. ഞാൻ താമസിക്കുന്നു എങ്കിൽ അതെന്നെ അശേഷം മൂടും. ഇനിക്കു ഞൂന്നിറങ്ങി പൊയ്ക്കൊള്ളുന്നതിനു ദൂരെക്കുഒരു ചെറിയ കോണു മാത്രമെ അതിൽ കാണുന്നുള്ളു.

"https://ml.wikisource.org/w/index.php?title=ഘാതകവധം/അദ്ധ്യായം_ആറ്&oldid=147983" എന്ന താളിൽനിന്ന് ശേഖരിച്ചത്