താൾ:Ghathakavadam ഘാതകവധം 1877.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൬

ത്രനെ എല്ലാ മനുഷ്യൎക്കു വേണ്ടിയും പാവപ്പെട്ട പുലയൎക്കു വേണ്ടിയും മരിപ്പാൻ അയച്ചു എന്നും നീ അറിഞ്ഞിട്ടുണ്ടോ? അവന്റെ പേരു യേശുക്രിസ്തു എന്നാകുന്നു. ആ പേരിനെ കുറിച്ചു നീ കുറെ വിചാരിപ്പാൻ ഉണ്ടു. നിനക്കു അതു പറയാമൊ? ഉടനെ ഞാൻ ശ്രമിച്ചു എങ്കിലും എന്റെ നാക്കുകൊണ്ടു പ്രയാസമായിരുന്നു. നീ പിന്നെയും പിന്നെയും അതു പറഞ്ഞു ഞാൻ മുമ്പെങ്ങും ആ ശബ്ദം കേട്ടിട്ടില്ലാഞ്ഞതുകൊണ്ടു എന്റെ നാവു തക്ക സ്ഥലത്തുചെന്നു തൊടാതെ തെറ്റിപ്പോയി. ഇനിയൊരിക്കൽ ആകട്ടെ എന്നു നീ പറഞ്ഞു. ആ രാത്രി മുഴുവനും ഞാൻ ൟ അപൂൎവ പേരിനെ കുറിച്ചു വിചാരിച്ചു അതെപ്പറ്റി കുറെക്കൂടെ അറിവാൻ നന്നാ ആഗ്രഹമുണ്ടായി. പിന്നെ പല തവണയും നീ എന്നെക്കൊണ്ടതു പറയിപ്പാൻ ശ്രമിച്ചു. ഒടുക്കും യേശു ക്രിസ്തു എന്ന ഞാൻ തെളിച്ചു പറഞ്ഞപ്പോൾ നിന്റെ കണ്ണിൽനിന്നു കണ്ണനീരുവീഴുന്നതു ഞാൻ കണ്ടു പിന്നെ ഒരു ദിവസം നീ വന്നു എന്നോടു പള്ളിക്കൂടത്തിലേക്കു പോകയാകുന്നു എന്നും യേശുക്രിസ്തുവിനെ കുറിച്ചു മുഴുവനും പറയുന്ന ഒരു സുവിശേഷം ഇനിക്കു തരാമെന്നും പറഞ്ഞു. ആ വാക്കു ഞാൻ അറിയെണ്ടതിനു അവിടെയൊരു അടയാളവും ഇട്ടുതരികയും ചെയ്തു. എന്നാറെ ഞാൻ അതു ഭയത്തോടു കൂടെ എടുത്തു. എന്തെന്നാൽ അതൊരു ദൈവമെന്നു ഇനിക്കു തോന്നിപ്പോയി. അതിനു മുമ്പു ഞാൻ പുസ്തകം കണ്ടിട്ടില്ല. പിന്നെ ഞാൻ കൂട്ടരുടെ ഇടയിൽ ചെന്നപ്പോൾ എല്ലാവരും അറിഞ്ഞു ൟ ആശ്ചൎയ്യം കണ്ടു അതേൽ തൊടുവാൻ ആഗ്രഹിച്ചു വന്നു. ഇങ്ങിനെ കാഴ്ചക്കാരു ഏറിയേറി വന്നപ്പോൾ എന്റെ പുസ്തകം പോയേക്കുമെന്നു വെച്ചു ഞാൻ അതു കുഴിച്ചിട്ടു. അപ്പോൾ ഇനിക്ക് അതു കൂടെക്കൂടെ കാണ്മാൻ പാടില്ലാതായി. അതുകൊണ്ടു ഞാൻ ഒരു വലിയ തൊപ്പി കുത്തി പുസ്തകം അതിലാക്കി എന്റെ തലയിലിട്ടുകൊണ്ടു നടന്നു. എന്റെ കൂട്ടരിൽ ആൎക്കും ശബ്ദിപ്പാൻ വഹിയാത്ത ഒരു പേരു അറിയാമെല്ലൊ എന്നു ഇനിക്കു ഒരു പൊണ്ണക്കാൎയ്യം തോന്നി ഞാൻ അവരെ പഠിപ്പിച്ചു തുടങ്ങി അതിന്റെ ശേഷം അതിനെക്കുറിച്ചു അധികം അറിയെണമെന്നുള്ള ആഗ്രഹം വൎദ്ധിച്ചു. ഒടുക്കം ഞാൻ ഒരു വഴിയാത്രയായി പോയപ്പോൾ ഒരു വലിയ ബങ്കളാവിന്റെ റാന്തലിനു

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/24&oldid=148529" എന്ന താളിൽനിന്ന് ശേഖരിച്ചത്