താൾ:Ghathakavadam ഘാതകവധം 1877.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൪

ത്തിക്കൊണ്ടു ഉരിയാടാതെ പുരയുടെ അങ്ങേ കോണിൽ പതുങ്ങിയിരുന്നു. മറിയം ഒരു പ്ലാവില എടുത്തു കുത്തി അതിൽ അസാരം പഞ്ചസാരയിട്ടു. അപ്പോൾ അവളുടെ അമ്മൂമ്മ ഏതാണ്ടൊ രണ്ടു മൂന്നു തുള്ളിമരുന്നു അതിൽ ഒഴിച്ചു. അതു അവരിരുവരും കൂടെ ദീനക്കാരന്റെ വായിൽ ഒഴിച്ചു കൊടുത്തു. ഉടനെ അവൻ കണ്ണതുറന്നു സംസാരിപ്പാൻ ഭാവിച്ചു. അപ്പോൾ മറിയം വിലക്കി. എല്ലാവരും മിണ്ടാതെയിരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ ഔഷധം പിന്നെയും കൊടുത്തു. അപ്പോൾ പൌലൂസ എഴുനീറ്റു ഇരുന്നു ചുറ്റും നോക്കി ഇപ്രകാരം പറഞ്ഞു.-- "ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇനിക്കിപ്പോൾ കുറെ സൌഖ്യമുണ്ടു". അപ്പോൾ മറിയം "കുറെ വെള്ളം കൊണ്ടുവന്നു അവന്റെ മുഖത്തെ ചോര കഴുകിക്കളക" എന്നു അവിടത്തെ വയസ്സിയോടു പറഞ്ഞു. എന്നാറെ അവൾക്കു ആപത്തു ഭാവം കാണിക്കുന്ന രക്തം മുഖത്തു നിന്നു കഴുകിക്കളവാൻ മനസ്സില്ലാഞ്ഞു. അപ്പോൾ മറിയം ഒന്നു കൂടെ നിൎബന്ധിച്ചു പറഞ്ഞു. അന്നേരം ആ വൃദ്ധ ഒരു ചിരട്ടയിൽ കുറെ വെള്ളം കൊണ്ടു വന്നു കഴുകിത്തുടങ്ങി. അപ്പോൾ മറിയം മുറിവു സാരമില്ലെന്നും മനൊ ചാഞ്ചല്യം കൊണ്ടു തന്നെ മോഹാലസ്യം വന്നതു എന്നും അവരെ മലസ്സിലാക്കി. "കുറെ കഞ്ഞികൊണ്ടുവരുവിൻ ഇപ്പോൾ എല്ലാം സൌഖ്യമാകും" എന്നു അവൾ പിന്നെയും പറഞ്ഞു. ഉടനെ കഞ്ഞികൊണ്ടുവന്നു. വൃദ്ധൻ ദാഹിച്ചിരുന്നതു കൊണ്ടു ആഗ്രഹത്തോടു അതു കുടിക്കയും ചെയ്തു. അപ്പോൾ അവനു അതിനാൽ അല്പം ബലം ഉണ്ടെന്നു തോന്നി എങ്കിലും ഉടനെ തന്നെ തന്റെ കൊച്ചുതമ്പുരാട്ടിയുടെ സമം ഇരിക്കുന്നതു വല്ലവരും കണ്ടാൽ ചീത്തയാണെന്ന വിചാരിച്ചു താഴാഴ്മയോടു കൂടെ ഒരു കോണിൽ പോയി പതുങ്ങിയിരുന്നു.

അതു കണ്ടു മറിയം പറഞ്ഞു:-- "പൌലൂസെ നീ അതു ചെയ്‌വാൻ ആവശ്യമില്ലായിരുന്നു. എന്തെന്നാൽ നാം എല്ലാവരും ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പാകെ കൂടുമ്പോൾ തമ്മിൽ തമ്മിൽ വ്യത്യാസമില്ലെന്നുള്ളതു നിനക്കു അറിയാമെല്ലൊ. പിന്നൊന്നുള്ളതു നീയാണധികമാത്മാക്കളെ യേശുവിങ്കലേക്കു തിരിച്ചതു എങ്കിൽ നിനക്കു എന്റേതിനേക്കാൾ കുറെക്കൂടെ ശോഭയെറിയ ഒരു കിരീടം കിട്ടും എന്നു മാത്രം."

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/22&oldid=148527" എന്ന താളിൽനിന്ന് ശേഖരിച്ചത്