ഘാതകവധം/അദ്ധ്യായം ഏഴ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം ഏഴ്

[ 27 ]

൭- ാം അദ്ധ്യായം

അവന്റെ ൟ വൎത്തമാനത്തിൽ മറിയത്തിനു നന്നാ രസം തോന്നി. അവൾ ആ അന്ത്യവാചകത്തിലെ കുണ്ഠിതഭാവത്തെക്കുറിച്ചു അത്ര വിചാരിച്ചില്ല. അവളുടെ അമ്മൂമ്മ വേഗം പോകേണമെന്നു നിൎബന്ധിച്ചപ്പോൾ മറിയം പൌലുസിനോടു "കൊള്ളാം ആ വാഴ്ത്തപ്പെട്ട പുസ്തകം തന്നെ വായിക്ക. എന്നാൽ എല്ലാം ചൊവ്വാകും" എന്നു മാത്രം പറഞ്ഞു. അവർ വേഗത്തിൽ കടമ്പ കടന്നു കരിമ്പു കൃഷി [ 28 ] യിൽ ഇരുട്ടുള്ള ഇടവഴി പോകുമ്പോൾ രാത്രി നിമിഷത്തിൽ അടുത്തുവരുന്നു എന്നു അവൎക്കു തോന്നി. അപ്പോൾ ആ ഗൂഢ സ്ഥലത്തു അന്നേരം ചെന്നിട്ടുള്ളതു തങ്ങൾ മാത്രമല്ല എന്ന മറിയം അറിഞ്ഞു. അവൾ ശ്വാസം വിടാതെ ചെവി ഓൎത്താറെ ഒരു ശബ്ദവും കേട്ടില്ല ആരെയും കണ്ടുമില്ല. അതുകൊണ്ടു താൻ ഒരു പൊട്ടിയാകുന്നു എന്നുള്ള വിചാരം അവളുടെ മനസ്സിൽ വന്ന ഉടനെ ഒരു കോണിൽ അങ്ങോട്ടു തിരിഞ്ഞപ്പോൾ ഒരു നീണ്ടു ഇരുണ്ട വസ്തു അവരുടെ മുമ്പിൽ കണ്ടു. പുറകോട്ടു പോകുന്നതു അസാദ്ധ്യമായിരുന്നു. വൃദ്ധസ്ത്രീ വിറച്ചും കൊണ്ടു മറിയത്തിന്റെ അരികിൽ അടുത്തുനിന്നു. ആ വസ്തു അടുത്തടുത്തുവന്നു. മറിയത്തിന്റെ കണ്ണ അമ്മൂമ്മയുടേതിനേക്കാൾ തെളിവുള്ളതായിരുന്നു. ഒരു സന്തോഷശബ്ദത്തോടു കൂടെ "എന്റെ അപ്പാ" എന്നു അവൾ വിളിച്ചു. അവൾ അവനോടടുത്തു ചെന്നു അവന്റെ മുഖം കോപഭാവത്തോടിരുന്നിട്ടും ആ വലിയ കൈകൾ കൊണ്ടു അവളെ കെട്ടിപ്പിടിപ്പാൻ നിൎബന്ധിച്ചു. അവൻ അവളിൽനിന്നു തിരിച്ചുകളഞ്ഞു കണ്ണു നേരെ വരുന്നതുവരെക്കും അവൾ അവനെ വിട്ടില്ല. എന്നാറെ ആ കണ്ണുകൾ ആദ്യം അവളുടെ തലമുടിയെലും രണ്ടാമതു ചട്ടയുടെ പണിയേലും പിന്നെ അവളുടെ കഴുത്തേലുണ്ടായിരുന്ന കാശുകൂട്ടത്തേലും പതിച്ചു. അപ്പോൾ മറിയം “അവിടെയല്ല അപ്പാ നിന്റെ ഹൃദയത്തിലെ സ്ഥിതി ഞാൻ നല്ലവണ്ണം അറിയേണ്ടതിനു എന്റെ കണ്ണിനു നേരെ നോക്കെണമെന്നു ഞാൻ ആഗ്രഹിക്കുന്നു" എന്നു പറഞ്ഞു. അതുകൊണ്ടു അവൻ അല്പനേരത്തേക്കു അവളുടെ കണ്ണിൽ നോക്കി എങ്കിലും തന്റെ കണ്ണുകൾ തീജ്വാല പോലെയിരുന്നതുകൊണ്ടു ആ കപടമില്ലാത്തവയിൽ നോക്കുവാൻ അവനു കഴിഞ്ഞില്ല. അതുകൊണ്ടു അവൻ ക്രൂര ഭാവം കൂടാതെ ക്ഷമയോടു അവളെ മാറ്റിയും വച്ചു അമ്മയുടെ നേരെ തിരിഞ്ഞു "ൟ അസമയത്തു ഇങ്ങിനത്ത ഒരു സ്ഥലത്തു അമ്മ വന്നു നില്ക്കുന്നതു ഒരു ബുദ്ധിയോടു കൂടിയ പ്രവൃത്തിയൊ ? എന്റെ അമ്മ തന്റെ മുറയെന്തെന്നുള്ളതു മറന്നുപോകുവാൻ ഇടയെന്തു." ഇതു അവൻ എപ്പോഴും തന്റെ അമ്മയെ വിചാരിച്ചു വന്നതു പോലെ ബഹുമാനിച്ചായിരുന്നു പറഞ്ഞതു. എങ്കിലും അവന്റെ പറച്ചിലിന്റെ നിമിഷതകൊണ്ടു കോപം അവന്റെ അകത്തു [ 29 ] ഉണ്ടായിരുന്ന ഭാവം വെളിപ്പെട്ടു. ആ വൃദ്ധസ്ത്രീ അങ്ങോട്ടും അതു പോലൊരു ചോദ്ദ്യം ചോദിപ്പാൻ ഭാവിച്ചപ്പോൾ മറിയം "അമ്മുമ്മെ നില്ക്ക ഞാൻ അപ്പനോടു എല്ലാം പറയാം" എന്നു പറഞ്ഞു. "വളരെ നാൾ മുമ്പു ഞാൻ അപ്പന്റെ മുട്ടേൽ ഇരിക്കുമ്പോൾ വേദപുസ്തകത്തിൽ നിന്നു ഒരു നല്ല കഥയെടുത്തു വായിച്ചു ഞാൻ ഇതുവരെയും മറന്നിട്ടില്ലാത്ത വിധത്തിൽ എന്നോടു അതു വിവരിച്ചു പറഞ്ഞതു അപ്പൻ മറന്നുപോയൊ? അതു നല്ല ശമറിയക്കാരന്റെ കഥയായിരുന്നു. ഇതു പറഞ്ഞപ്പോൾ അമ്മുമ്മ ഒരു പായേൽ നമ്മുടെ അടുക്കൽ ഇരിക്കയായിരുന്നു. അമ്മയും അടുക്കള ജോലികൾ വിട്ടു കേൾപ്പാനായിട്ടു വന്നു. അപ്പാ അതിൽ പിന്നെ ഞാൻ ഒരു പാവപ്പെട്ടവനെ കണ്ടാൽ നല്ല ശമറിയക്കാരനാകുവാൻ ശ്രമിക്കും. അതുപോലെ തന്നെ ഇന്നും ഒരു പാപപ്പെട്ടവൻ മരിപ്പാൻ തുടങ്ങിയപ്പോൾ ഞാനും അമ്മുമ്മയും ബുദ്ധിയൊ വിവേകമൊ എന്നുള്ള ചോദ്യം ചോദിപ്പാൻ വിചാരിക്കാതെ അപ്പൻ പഠിപ്പിച്ച ആ നല്ല പാഠത്തെ മാത്രം ഓൎത്തു ഞങ്ങൾ വരികയായിരുന്നു."

"നിങ്ങൾ ഏതു കള്ളന്റെ മുറിവാ കെട്ടിയതു?"

"അപ്പാ ഒരു കള്ളനല്ല വൃദ്ധനായ പൌലൂസു തന്നെ അവൻ മോഷണവും മറ്റുംവിട്ടു ഒരു ക്രിസ്ത്യാനിയായി തീർന്നിരിക്കുന്നു.“

"ഓഹോ നല്ല ക്രിസ്ത്യാനി. ക്രിസ്ത്യാനി മാൎഗ്ഗം ഇങ്ങിനത്ത കീഴുജാതിക്കാരിൽ എന്തു ഫലം വരുത്തും അവർ മൃഗങ്ങളെപ്പോലെ വേലയെടുക്കയും തിന്നുകയും മാത്രം ചെയ്‌വാനുള്ളവരല്ലയോ അവരുടെ അറിവു കണ്ടത്തിനപ്പുറം പോകുന്നതു അസാദ്ധ്യം തന്നെ."

"എങ്കിലും അപ്പാ വൃ‌ദ്ധനായ പൌലൂസു യേശുവിനെക്കുറിച്ചു അവനോടു ആദ്യം പറഞ്ഞതു ഞാൻ തന്നെ എന്നും ഞാൻ അന്നു കൊച്ചായിരുന്നു എന്നും ആ ഉപദേശത്തെ അവൻ ഇപ്പോഴും സ്നേഹിക്കുന്നു എന്നും പറയുന്നു."

ആ നീയാണൊ ആ കാൎയ്യങ്ങളെക്കുറിച്ചു അവനോടു പറഞ്ഞതു ഒരു പുലയനോടു സംസാരിപ്പാനായി അവന്റെ അടുക്കൽ അടുത്തു ചെല്ലത്തക്കവണ്ണം നീ ആരാ?

പുലയരുടെ ഈ അനുസരണക്കേടിനും വഴക്കമില്ലായ്മക്കും ഒക്കെ കാരണം നീയാണോ? എന്റെ കുഞ്ഞു ഇങ്ങനെ [ 30 ] നീചന്മാരോടടുത്ത അശുദ്ധപ്പെടുവാൻ പാടില്ലാ. ഇല്ല എന്റെ കുഞ്ഞു ഒരു സുറിയാനിക്കാരത്തിയാണു. "പുലയനാകട്ടെ ചോകോനാകട്ടെ അവളെ കേൾപ്പാൻ തക്കവണ്ണം അടുത്തു കൂടാ." അപ്പാ ഞാൻ അപ്പന്റെ മകൾ തന്നെ ഭൂമിയിൽ വസിപ്പാനായി സകല മനുഷ്യജാതിയെയും ഒരു രക്തത്തിൽ നിന്നു ദൈവം സൃഷ്ടിച്ചു എന്നുള്ളതു അപ്പൻ പറഞ്ഞാണ ഞാൻ കേട്ടതു നിങ്ങൾ സകല ജാതികളുടെ അടുക്കലും പോകുവിൻ എന്നു യേശു ശിഷ്യരോടു കല്പിച്ചപ്പോൾ പുലയരെ കൂടെ ഉൾപ്പെടുത്തിയാണ പറഞ്ഞതു. അല്ലേ, അപ്പാ

ഈ വാക്കുകൾ അവന്റെ മനോസാക്ഷിക്കു പറ്റുകയാൽ അവൻ കോപിച്ചു പറഞ്ഞു. "എന്റെ മകൾ ഒരു വലിയ പ്രസംഗക്കാരിയായി പോയി. നീ ഇങ്ങിനെയുള്ള കാൎയ്യങ്ങളിൽ മിണ്ടാതെ ഞാൻ പറയുന്നതിനെ മാത്രം കേട്ടിരിക്കയാണ ഈ നാട്ടു മൎയ്യാദക്കു ഒത്തതു

ഇതിനു മറിയം വിശേഷാലൊന്നും പറയാതെ സങ്കടത്തോടുകൂടെ തന്റെ കണ്ണുകൾ നിറഞ്ഞു ഒന്നു നോക്കി. അവൻ ഇങ്ങിനത്ത ക്രൂരശബ്ദത്തിൽ അവളോടു ഏറെ സംസാരിച്ചിട്ടില്ല. അവൻ എപ്പോഴും അവളുടെ വിചാരങ്ങളെ സ്വാതന്ത്ര്യമായി സംസാരിപ്പാൻ അവളെ ധൈൎയ്യപ്പെടുത്തുകയും അവൾ അറിഞ്ഞിട്ടുള്ള ചില ഭോഷത്വത്തെക്കുറിച്ചു ചില മൂപ്പച്ചന്മാരോടു അവൾ മിക്കപ്പോഴും തൎക്കിക്കുന്നതു കേട്ടു അവൻ സന്തോഷിക്കയും ചെയ്തിട്ടുണ്ടായിരുന്നു. എങ്കിലും ഇപ്പോൾ അവന്റെ സ്വന്ത ചട്ടങ്ങൾ തന്നെ ദ്രവ്യാഗ്രഹത്താൽ ക്ഷീണിപ്പിക്കപ്പെട്ടതായിത്തീൎന്നപ്പോൾ അവൻ തന്റെ മകളിൽ വൎദ്ധിപ്പിച്ചുവന്ന ആ ബുദ്ധിവാസന അപകടകരമെന്നു തോന്നിത്തുടങ്ങി. അവളുടെ മുമ്പിൽ വച്ചു പാപം ചെയ്കയും സൌഖ്യമായിരിക്കയും ചെയ്‌വാൻ തനിക്കു പാടില്ലായിരുന്നു. അല്പനേരം ആരും മിണ്ടാതിരുന്നപ്പോൾ മറിയം "നമ്മൾ വഴിതെറ്റിയാണ വന്നതു ഇതല്ലല്ലൊ വഴി" എന്നു പറഞ്ഞതിനു "ശരിശരി ഞാൻ ഒരു വള്ളം കൊണ്ടുവന്നിട്ടുണ്ടു നമുക്കു ആറെ പോകാം" എന്നു അപ്പൻ പറഞ്ഞു

മറിയം വെള്ളത്തിൽനിന്നും രക്ഷപെട്ടതു.
"https://ml.wikisource.org/w/index.php?title=ഘാതകവധം/അദ്ധ്യായം_ഏഴ്&oldid=147982" എന്ന താളിൽനിന്ന് ശേഖരിച്ചത്