ഘാതകവധം/അദ്ധ്യായം എട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം എട്ട്

[ 33 ]

൮- ാം അദ്ധ്യായം

ഇരുട്ടു എളുപ്പത്തിൽ കൂടി വന്നു. അവർ കടവിൽ ചെന്നാറെ വള്ളം നല്ലവണ്ണംകാണ്മാൻ വഹിയായിരുന്നു. വെള്ളം ഇളക്കവും ഒഴുക്കു കഠിനവുമായിരുന്നതുകൊണ്ടു വല്ലതും അപകടമുണ്ടായേക്കാമെന്നു തൊന്നി എങ്കിലും അവർ അനങ്ങാതെ ഇരുന്നാൽ അങ്ങിനെഒന്നും ഉണ്ടാകാതെ ആറെ താത്തു വേഗത്തിൽ വീട്ടിൽ എത്താമെന്നു അപ്പോൾ വിചാരിച്ചു അവൻ ഒരു ചൂട്ടു കൊണ്ടുവരുവാൻ പറഞ്ഞു തന്റെ അമ്മെ സൂക്ഷത്തൊടു പിടിച്ചു വള്ളത്തേൽ കയറ്റി. വള്ളം നീക്കിയപ്പൊൾ മറിയം ഒന്നു എഴുനീല്പാൻ ഭാവിച്ചു അന്നേരം തുലോം വേഗത്തിൽ താത്തു വരുന്ന വേറൊരു വള്ളം ഇതേൽ വന്നു മുട്ടി ഉടനെ മറിയം തെറിച്ചു വെള്ളത്തിൽ വീണു അവൾക്കു നീന്തലു നല്ലവണ്ണം അറിയായിരുന്നു എങ്കിലും പെട്ടന്നുണ്ടായ സംഗതിയും ഒഴുക്കുശക്തി ഏറിയതുമായിരുന്നതുകൊണ്ടു പാടില്ലാതെ തീൎന്നുപോയി ഇങ്ങനെ അല്പനെരം പിണങ്ങിയതിന്റെ ശേഷം താഴൊട്ടു ഒഴുകി പൊകയും ചെയ്തു. തന്റെ മകൾ വെള്ളത്തിൽ പോയതു കണ്ട ഉടനെ മറിയത്തിന്റെ അമ്മുമ്മ ഭയങ്കരമായി നിലവിളിച്ചു. കോശികുൎയ്യൻ അപ്പോൾ “ഇരി അമ്മെ" എന്നു പറഞ്ഞു ഒരു മല്ലനെ പോലെ തണ്ടു വലിച്ചു കരക്കു അടുത്തു “അമ്മ കരക്കു ഇറങ്ങു” എന്നു ഉത്തരം പറഞ്ഞു കൂടാത്ത ഒരു തീൎച്ച ശബ്ദത്തോടു അമ്മയോടും "കേറിനടൊ" എന്നു കരക്കു നിന്ന രണ്ടു പുലയരോടും പറഞ്ഞു ഒരു വിനാഴിക കൊണ്ടു വള്ളം മിന്നലുപോലെ ആറ്റൂടെ പോയി.

കോശികുൎയ്യന്റെ വല്യ തടിച്ച കൈകൾക്കു പന്ത്രണ്ടു പേരുടെ കരുത്തുണ്ടായിരുന്നു. അവന്റെ തൊഴച്ചിൽ രണ്ടും കല്പിച്ചു എന്ന വിധത്തിലായിരുന്നു. അപ്പോൾ മറ്റെ വള്ളത്തെൽ വന്നു ൟ സംഗതിക്കിടയാക്കിയവരായ മൂന്നാളുകൾ ഒട്ടും താമസിച്ചില്ല. അവരിൽ രണ്ടുപേർ വെള്ളത്തിൽ ചാടി ഒഴുകിപോയ ആളിന്റെ പുറകെ പോയി മൂന്നാമത്തവൻ വെട്ടത്തിന്നായിട്ടു വിളിക്കയും കൂകുകയും ചെയ്തു. പുലയരെ അശേഷം ഇളക്കി. നിൎഭാഗ്യനായ അപ്പൻ താൻ ഇത്ര നീചരായി വിചാരിപ്പാൻ തുടങ്ങിയ പുലയരു കൊണ്ടു വന്ന ചൂട്ടു മുതലായവ കാണുകയും അവരുടെ ദു [ 34 ] വനിലവിളി കേൾക്കയുംചെയ്തു. ൟ വെട്ടംകൊണ്ടു തലമുകളിലുണ്ടെന്നും ആ ചെറുപ്പക്കാരിരുവരും പുറകെ എത്തുന്നു എന്നും അവൻ അറിഞ്ഞു. ആ വളവിനു മുകളിൽ വച്ചുപിടിക്കണമെന്നായിരുന്നു അവന്റെ താല്പൎയ്യം എന്തന്നാൽ അവിടെ ഒഴുക്കു കൎശനമായിട്ടു ഉണ്ടായിരുന്നു. അതു കൂടാതെ അപകടം വൎദ്ധിപ്പിച്ചേക്കാകുന്നതായ ചില പാലക്കാലുകളും ആ സ്ഥലത്തു നില്പുണ്ടായിരുന്നു. ൟ സമയം ഒരു വല്ല്യ നഗ്നരൂപം ഉറച്ചു നിലവിളിച്ചുംകൊണ്ടു കരയിൽ നിന്നു ആറ്റിലോട്ടു ചാടുകയും മുങ്ങുവാൻ തുടങ്ങിയ പെണ്ണിനെ ഒരു മാത്രകൊണ്ടു എടുത്തു പൊക്കി പിടിക്കയും ചെയ്തു. അപ്പനു വെളുത്ത തുണി വെള്ളത്തിനുമീതെ കണ്ടു ശ്വാസം നേരെ വീഴുകയും ചെയ്തു. "എന്റെ കുഞ്ഞു രക്ഷപെട്ടു ദൈവത്തിനു സ്തുതി" എന്നു അവൻ പറഞ്ഞു. ഇത്ര പെട്ടന്നു വന്നു സ്തംഭിച്ചുപോകുന്നതിനു മുമ്പു ചെന്നു പിടിച്ചു തന്റെ മകളെ രക്ഷിച്ച പുള്ളി ആര എന്നു അവൻ അറിഞ്ഞില്ല. ഇതെല്ലാം ൟ പറഞ്ഞതിനിടയിൽ കഴിഞ്ഞു വള്ളം അടുത്തു വന്നപ്പോൾ ൟ അബദ്ധത്തിനു ഹേതുവായ വള്ളത്തിൽ താൻ ആദ്യം കണ്ടിട്ടുള്ളവരായ ആ രണ്ടു ചെറുപ്പക്കാരിൽനിന്നു ബോധം കെട്ടുപോയ തന്റെ മകളെ അപ്പൻ വാങ്ങിച്ചു അവൾക്കു ശ്വാസം ഉണ്ടായിരുന്നു. അതിവേദനയോടിരുന്ന അപ്പൻ അവളെ തന്റെ നെഞ്ചോടു അണെച്ചുപിടിച്ചപ്പോൾ ആ നിക്ഷേപത്തോടു കൂട്ടി നോക്കിയാൽ തന്റെ ലൗകിക സമ്പത്തൊക്കെയും തുലോം നിസ്സാരം തന്നെ എന്ന അവനു ബോധം വന്നു. ആ ചെറുപ്പക്കാർ വള്ളത്തെൽ കയറി തണ്ടു എടുത്തു എങ്കിലും തന്റെ മകളെ രക്ഷിച്ചതായി കോശി കുൎയ്യൻ കണ്ട ആ കറുത്ത സ്വരൂപത്തെ എങ്ങും കാണ്മാനില്ലായിരുന്നു. അതിനാൽ അവൻ "പക്ഷെ എന്റെ കാഴ്ചയുടെ കുറ്റമായിരിക്കും" എന്നു പറഞ്ഞ ഉടനെ ഒരു തല വെള്ളത്തിൻ മീതെ പൊങ്ങി. ഒരു അഗാധ അൎത്ഥമുള്ള ശബ്ദത്തോടു കൂടെ "നീ എന്റെ കുഞ്ഞിനെ കൊന്നു ഞാനൊ നിന്റതിനെ രക്ഷിച്ചിരിക്കുന്നു നമ്മൾ ഇപ്പോൾ സമന്മാരായി" എന്നിങ്ങനെ പറഞ്ഞു ആ തല കാഴ്ചയിൽനിന്നു മറകയും ചെയ്തു. ൟ വാക്കുകൾ കോശികുൎയ്യന്റെ ഹൃദയത്തിൽ ഇരിമ്പേൽ എന്നപോലെ അല്ല. വിലപിടിച്ച ഒരു ലോഹത്തിന്മേൽ വീണു അതിനെ ഉരുക്കി കീടനെ വേർതിരിക്കു [ 35 ] ന്ന തീക്കനലുകൾ പോലെ വീണു ആ ദിവസം മുതൽ കോശികുൎയ്യന്റെ ശീലം ഒന്നു ഭേദപ്പെട്ടുതുടങ്ങി എങ്കിലും ഒരു ലോഹത്തെ ശുദ്ധിവരുത്തുന്നതിനുള്ള വേലകൾ ഒട്ടും ധൃതി കൂടാതെ ആയിരിക്കുന്ന പ്രകാരം തന്നെ ദൈവം മനുഷ്യനെ ശുദ്ധിചെയ്യുന്നതും തുലോം സാവധാനത്തിൽ ആകുന്നു:--