ഉമാകേരളം/പതിനഞ്ചാം സർഗ്ഗം
←പതിനാലാം സർഗ്ഗം | ഉമാകേരളം (മഹാകാവ്യം) രചന: പതിനഞ്ചാം സർഗ്ഗം |
പതിനാറാം സർഗ്ഗം→ |
[ 154 ]
പതിനഞ്ചാം സർഗ്ഗം
[തിരുത്തുക]തികവുറ്റ ദുഷ്ടനൊരുമട്ടു കൈനില-
യ്ക്കകമെത്തിയോടി മുറിയൊന്നിലേറവേ
പികവാണിയുണ്ടതിലിരിപ്പൊരോമലാൾ
പുകയാൽക്കറുത്ത പുതു പൊൻവിളക്കുപോൽ. 1
കുലയാന കേറിയിളതാമുലട്ടിതൻ
കുലയെക്കണക്കു, മലർവാടി കാന്തരാൽ
കുലവധ്വരാതി മുകിലൻ ഹരിച്ചൊരാ-
കുലഹൃത്തെഴുന്ന നൃപപുത്രിയാണവൾ 2
മുറയൊന്നുമറ്റ മുകിലന്നു ശുദ്ധമേ
പറയന്നു സാധു പശുപോലധീനയായ്,
പറയുന്നതെന്തു, ചിറകറ്റു വീണിടും
പറവയ്ക്കു തുല്യമവൾ പാടുപെട്ടുതേ 3
ബലിയെന്നുമെച്ചിലിലയെന്നുമുളളതാ;
വലിയൊരു ഭേദ,മുരുവാം വിശപ്പിനാൽ
കലികൊണ്ട നായ്ക്കു കരുതാൻ നടക്കുമോ?
ബലികൾക്കു നീതി സമയത്തിനൊത്തപോൽ 4
അതിയായ്ക്കിഴിഞ്ഞു നിലവിട്ടിരക്കിലും
സതിയപ്പൂമാനെ നിരസിച്ചു കേവലം;
കൊതി ബാലരേന്തുകിലുമബ്ധിജാതയാം
മതിലേഖ വാനൊഴികെമന്നിലെത്തുമോ? 5
'വഴിയും പുളിപ്പിളതി'ലൊട്ടുമാങ്ങയും
വഴിപോലിനിപ്പതിനു പാകമാകണം,
കഴിയില്ലു ഞെക്കുവതി,നെന്നുവച്ചു മാൻ-
മിഴിയിൽ ബലാൽകൃതി തുടർന്നതില്ലവൻ 6
'വരപഞ്ജരത്തിലമരും കപോതിക-
യ്ക്കരമാശ വാനിലണവാൻ മുഴുക്കിലും
ചിരകാലമാകിലതുവിട്ടു തീനിടും
നരനോടിണങ്ങു,മതുപോലെതാൻ വധു. 7
ഹരിണാക്ഷികൾക്കു ധൃതിയേതു? സീതയാൽ
പരിഭൂതി പണ്ടൊരുവനാർന്നതൊട്ടുമേ
ശരിയല്ല,തല്ല ശരിയെങ്കി,ലായവ-
ന്നരി നൽകിയില്ല മതിയാംവരെത്തരം. 8
ഇരുപേരെ മന്നിലിണചേർക്കുവാൻ കിടു-
ക്കൊരു ദൂതനില്ല സമയത്തിനെന്നപോൽ
ഇരുകാര്യമൊന്നു ല വാസങ്ങളെ-
ക്കരുതാത്തവന്നു കരലബ്ധമൊക്കെയും 9
അഴൽവിട്ടു സിംഹിയുമൊരെച്ചിൽനായപോൽ
കഴൽകൂപ്പിടുന്ന കളി കാട്ടിടും പുമാൻ
ഉഴലേണ്ട ; കൊപ്പമണയുന്ന കൊമ്പനും
പഴകുന്നതുണ്ടു, പിടി പിന്നെയെന്തുവാൻ? ' 10
ഹൃദി ചിന്തയിങ്ങനെ കലർന്നു മേൽ വരും
സുദിനത്തെയോ, ർത്തതിനു കാത്തിരിക്കുവോൻ
മുദിതൻ മുറയ്ക്കു പഴകാനിരിപ്പതാം
മദിരപ്പടിക്കവളെ വിട്ടു മാറിനാൻ. 11
ചില നാളും, മല്ല പല മാസവും , മുറ-
യ്ക്കുലകിൻ ക്രമത്തിനു കഴിഞ്ഞു മേൽക്കുമേൽ ;
ഫലമേതുമില്ല; കിളി പൂത്തുനില്പതാ-
മിലവിൽക്കൊതിക്കുകിൽ വിശപ്പടങ്ങുമോ? 12
""കയറോടു ഹന്ത! കിണറിന്റെ പാലവും
നിയമേന ചേർന്നു കഴിയുന്നതില്ലയോ?
കയൽവാർമിഴിക്കു ലവമില്ല നിമ്‌നതാ-
ക്ഷയമംബുധിക്കു ശരി കാലശക്തിയാൽ. 13
ഗതികെട്ടിരുന്നു പുരികം നരയ്ക്കിലും
ക്ഷിതിയിൽപ്പരന്റെ കൊതി തീർത്തിടാത്തവൾ
സതിയല്ല, മൂക്കു മുറിവാക്കിയും മുറ-
യ്ക്കെതിരാളിതന്റെ ശകുനം മുടക്കുവോൾ. 14
ഹരിണേക്ഷണയ്ക്കു രസമെന്നിൽ മേൽക്കുമേൽ
വരികില്ലതല്ല വിരസത്വവും വരും;
ഗിരിവിട്ടു വാർദ്ധിവഴി പോയ നിർഝരം
തിരിയെക്കടന്നു ഗിരിയിൽക്കരേറുമോ? 15
അതിനാൽ സുമാംഗിയിവളൊത്തു ഞാൻ ഹഠാ-
ദ്രതിതാൻ-വരുന്നതുവരട്ടെ-ചെയ്തിടും;
അതിനെന്തു? പട്ടിണികിടന്നു ചാകിലും
മതിയെന്നുവച്ചു കവരാതിരിപ്പതാർ? 16
വഴിപോലെ മന്നനരുളീട്ടു വായ്ക്കിലും,
വഴിമേൽപ്പിടിച്ചുപറിയിൽക്കിടയ്ക്കിലും,
വഴി രണ്ടുമൊന്നു; പണമൊന്നിനെങ്ങുമി-
ന്നഴിയുന്ന കാശൊരറുപത്തിനാലു താൻ. 17
അരചൻ ചൊടിച്ചു കഴുവേറ്റുമെന്ന ഭീ
പരമുള്ള സാധു നടകൊണ്ടിടും വഴി
നരപലർവന്നു കരമേകുവോന്റെ യ,-
ല്ലുരഗപ്പടിക്കു ഗരുഡൻ ചരിക്കുമോ? 18
ഉടലുള്ള നേരമൊരുവന്നുമെന്റെ കൈ-
തടവാൻ ഞെരുക്ക, മതു നോക്കിയാൽ മതി;
ഉടൽവിട്ടു നിൽക്കുമുയിരെന്നുമില്ലതി- ന്നിടമെന്നു,മുണ്ടു പലപക്ഷമുഴിയിൽ 19
ഒരുവേള മുൾവി പറയുന്നതൊക്കെയും
പൊരുളെങ്കിലാട്ടെ;യതുമൂലവും ക്ഷയം
പെരുതില്ല; വർത്തകനു തന്റെ കൈയിൽ വ-
ന്നൊരുകാശു കോടി കുടിയിൽക്കിടപ്പതാം 20
നവമുണ്ടു നാകനരകങ്ങൾ പത്തിടു-
ന്നവനെന്നു ലോകർ പറയുന്നുവെങ്കിലും
ഇവൾ ചേരുമുഴി സുരലോകമാണെനി-
ക്കിവൾ ചേർന്നിടാത്തൊരിളതന്നെ നാരകം 21
ശരിയായ് നടപ്പതിനു കൂലി ഹൗറിത-
ന്നരികത്തൊടുക്കമണയുന്നതല്ലയോ?
ശരികേടുകൊണ്ടതുടനെ ലഭിപ്പതായ്-
വരികിൽക്കുറുക്കുവഴി മറ്റതല്ലയോ? 22
പുണരാം പിടിച്ചു ബലമായൊരിക്കൽ, നൽ-
പ്രണയംവരാനതൊരുവേള മാർഗ്ഗമാം;
ചുണയോടു കുല്യ പണിവോന്റെ മുന്നിൽ വ-
ന്നണയുന്നു ദുരെയൊഴുകും സ്രവന്തിയും 23
മതിതന്നിലേവമവനാർന്ന നിശ്ചയം,
സതിയോടുചെന്നു, സമിതിക്കു മുന്നമേ
അതിപ്പിയോവതി ഭയലേശമറ്റു; പെൺ-
കൊതിയിങ്കലെങ്ങു സദസദ്വിവേചനം? 24
പ്രലയപ്രചണ്ഡപവനങ്കൽ മുറ്റുമാ-
ലിലപോലതിങ്കൽ വിറപൂണ്ടിടേണ്ടവൾ
നിലയിങ്കൽനിന്നു, ധൃതിയാർന്നു, മന്ദനാം
മലയാനിലങ്കൽ മലയെന്നപോലവേ 25
ഉരചെയ്തു താനു"'മിതു നല്ലജാതിയി-
ത്തരമുള്ളിൽ മോഹമവിടെയ്ക്കിരിപ്പതായ്
നരനാഥ! ലേശമറിയാതെ പോയൊരെൻ
കരൾ കഷ്ടമേതു കളിമണ്ണിൽ വാർത്തതോ? 26
അനുരാഗഭാരദൃഢതാപരീക്ഷണ-
ത്തിനു ഞാൻ തുനിഞ്ഞതളവറ്റ സാഹസം;
മിനുസംവരാത്ത മണിയെന്നപോലെ ഞാൻ
ദനുജാരികൗസ്തുഭമുരച്ചു നോക്കിനേൻ 27
ചിലദിക്കിൽ വേണമതു,മൊട്ടുയൗവനം
തുലയുന്നനേരമിലമാൻ പലാക്ഷിയെ
ഫലമാഹരിച്ചപിറകുള്ള വാഴതൻ
കുലപോലെ ദൂരെയെറിയുന്നു കാമുകൻ 28
മലരുന്ന പൂക്കൾ പലമട്ടു തിങ്ങിടും മലർവാടിപുക്കു മണമേന്തിയപ്പുറം മലയാനിലൻപടി കടന്നുപോയിടും, മലമറ്റ മങ്കകളെ വിട്ടുമന്നവർ. 29
അതിലും വിശേഷമധികം, മഹമ്മദ-
ക്ഷിതിപാലകർക്കു തരുണിചതുഷ്ടയം
പതിവാ, ണിതൊക്കെ നിരുപിച്ചു സാധു ഞാൻ
കൊതി വെച്ചുപൂട്ടിയകമാറയ്ക്കകം. 30
ബുധനാം ഭവാന്റെ സഹധർമ്മിണീപദം
മുധയെന്നു മന്നിലൊരു മുഗ്ദയോർക്കുമോ?
ക്ഷുധകൊണ്ടു ചാകുമൊരുവന്റെ വായിൽ നൽ-
സുധ വന്നുവീഴ്കിലതു തുപ്പിനിൽകുമോ? 31
വിളികൊള്ളുമങ്ങു പരമെന്റെ മേനിയോ
കളിവിട്ടുറച്ചു ബലമായ്പ്പുണർന്നിടാൻ?
കിളിവാതിലൂടെയിരവിൽക്കടന്നിടും
കുളിർതെന്നലോടുമിനിയാം ബലാൽകൃതി! 32
മതി മുഗ്ദ്ധവാർത്ത; ബലമുള്ളതന്യർ വ-
ന്നെതിരിട്ടിടുമ്പൊഴുപയുക്തമാക്കിടാം;
ഇതിലേക്കെടുത്തുകളയേണ്ടതൊട്ടുമേ
ചതിയറ്റ ദിക്കിലടയാളമെന്തിനോ?"' 33
അഴൽവിട്ടിവണ്ണമരുളുന്നൊരാ മുകിൽ-
ക്കുഴലാളെ നോക്കി ""മതി പോരു,മോമനേ!
പിഴ നീ പൊറുക്ക, നുകരാതെ വിഡ്ഢി ഞാൻ
കഴൽ തേനെടുത്തു കഴുകാൻ തുടങ്ങിനേൻ. 34
പെറി നീയിരിക്കെയിവനന്യനാരിയിൽ-
ക്കുറി ദൃഷ്ടി ദോഷപരിഹാരമൊന്നിനാം;
മറിമാൻചലാക്ഷി! ശരറാന്തൽ കത്തിടും
മുറിയാരു ദീപശിഖയാൽ വിളക്കിടും? 35
മടവാരെനിക്കുചിലതു,ണ്ടവറ്റ നിൻ
മടവേലചെയ്യു,മതുപോരയെങ്കിലോ
മടവായിലുള്ള മലിനാംബുപോലെ ഞാൻ
മടൽകൊണ്ടുകുത്തി മറയത്തു തള്ളിടാം. 36
മരിയാദയറ്റ വിടനാകിലും ദൃഢം
പിരിയാതെ നിന്നൊടനിശം രമിച്ചിടും;
ശരിയായ മദ്യമരികിൽപ്പെടുന്നനാൾ
കിരിയാത്തുവെള്ളമൊരുവൻ കുടിക്കുമോ? 37
ജവമോടു പുൽകിടുക, വേണ്ട താമസം
ലവലേശ""മെന്നു മദനാർത്തിഹേതുവാൽ
അവനോതിയപ്പൊഴുരചെയ്തു പിന്നെയും
നവനീതഗാത്രിയനുനീതിപൂർവ്വമായ്. 38
""സുമവാടിതന്നിലിവൾ നോറ്റുവന്നതാ-
മമലവ്രതത്തിനവസാനമെത്തണം;
സുമതേ! കുറഞ്ഞതൊരുമണ്ഡലംവരെ-
ക്ഷമ വേണ,മെന്തുമതിനപ്പുറം രസം. 39
ഖലനോതി വീണ്ടു""മതിനെന്തു, വെന്നു ഞാൻ
മലനാ,ടതിന്നു ചില ചട്ടമൊക്കയും
നലമോടു നൽകി; ഭൃശമെന്നെ വെൽകയാ-
ലലസാക്ഷി! നീയുമതുപോലെ കാട്ടിടാം. 40
ശരി ,യെങ്കിലാട്ടെയതുകൂടി""യെന്നവൻ
പരിചിൽപ്പറഞ്ഞു പകവിട്ടുപോകവേ
ഹരിണാക്ഷി പാർത്തു, കഴുവേറിടേണ്ട നാ-
ളരികത്തുനിന്നു കുറെ നീണ്ട ബന്ദിപോൽ. 41
അതിനുള്ളിലാണു പട വന്നുചേർന്നതും
സതിയപ്പുമാന്റെ ശിബിരത്തിലായതും;
അതിലും വിശേഷമൊരുമണ്ഡലം മുഴു-
പ്പതിനുള്ള നാളുമതുതന്നെ കാണുവിൻ. 42
പതിവായ് സുമാംഗി പരമുള്ളു പാതിമെയ്
പതിയോടു വാങ്ങിയ ഭവാനിയിൽ ദൃഢം
പതിയിച്ചു; മർത്യർ ഭവസാഗരം കട-
പ്പതിനംബ! നിന്റെ പദപങ്കജം പ്ലവം. 43
ഇടയിൽപ്പെടുന്ന കഥയിത്രമാത്രമുൾ-
ത്തടമോർത്തുകൊണ്ടിനി മഹമ്മദീയനെ
സ്‌ഫുടമാശു കൈനിലയിലെത്തി നമ്മൾ പിൻ-
തുടരാം; വരട്ടെ പിറകേ നൃപാലകൻ. 44
അളങ്കമായ മുകുരത്തിലെന്നപോ-
ലകമേ വിളങ്ങുമഗജാപദങ്ങളിൽ
പകലും നിദാനമിരവും നൃപന്റെ ന-
ന്മകൾ ചേർപ്പതുണ്ടു നതിയാം സുമാഞ്ജലി. 45
കളവാർന്ന പാപി കരൾകാഞ്ഞകത്തു പു-
ക്കളവും മുറയ്ക്കു പരചിന്തയെന്നിയേ
കളവാണി കാലരിപുകാന്തതന്നഘം
കളയും പദങ്ങൾ കരുതുന്നു, കാണുവിൻ. 46
പുറവാതിൽ പൂട്ടി മിഴിയാം വിളക്കുതൻ-
നിറയുന്ന ഭാസ്സു ഹൃദയത്തിലേക്കവൾ
മുറപോൽത്തിരിച്ചു വിലസുന്നു, കർഷകൻ
തിറമായ് നിലത്തിനകമാറ്റുനീരുപോൽ. 47
വിഷമിപ്പതിന്നു കഴിയാത്തമെട്ടെഴും
വിഷമങ്ങളൊന്നുമറിയുന്നതില്ലവൾ;
വിഷഭുഗ്വിലാസിനി വിളങ്ങിടും വിധൗ
വിഷയാന്തരത്തെ വിലവയ്ക്കുമോ മനം? 48
ഇരുകൈകൾ കൂപ്പി മിഴി മൂടിയോമന-
ത്തിരുവയ്ക്കമാർന്ന ഭഗവാന്റെ ദേവിയെ
കരുതുന്നു ചിത്ത,മിതരാംഗമൊക്കെയും
മരുവുന്നു തീരെ മരവിച്ചമാതിരി. 49
പരമേവമന്നു പടവീട്ടിൽ വാണിടും
പരപുഷ്ടവാണിയുടെ കാഴ്‌ചയാൽ ക്ഷണം
വരമന്ത്രമോതി വിഷഹാരി കെട്ടിയോ-
രുരഗംകണക്കു മുകിലൻ പകച്ചുപോയ്. 50
ധൃതി വീണ്ടുമാർന്നു ഖലനോതി: ""തങ്കമേ!
മതി നിഷ്ഠ! വന്നു സവിധത്തിൽ വല്ലഭൻ;
സ്തുതിവാക്കിനൊന്നുമിടയില്ല, കൺമിഴി-
പ്പതിനാണപേക്ഷ; കളയൊല്ല കാൽക്ഷണം. 51
ഒരു കണ്ണു കത്തിമുനകൊണ്ടു കുത്തുകിൽ-
ത്തരുമുള്ളിലുള്ള കുളിർനീർ കരിക്കുകൾ;
ഒരുമട്ടു കാമിയഴലിള്ളിലേകുകിൽ-
ത്തരുണീജനത്തിനവനോടുമിഷ്ടമാം. 52
പുഴു നീ, വരട്ടെ, മതി പിട്ടു, വല്ലതും
കഴുവേറിടട്ടെ, വിടുകില്ല തെല്ലു ഞാൻ
പഴുതേ കളഞ്ഞ ദിവസങ്ങൾ പോട്ടെ, യി-
പ്പൊഴുതെങ്കിലും പിറവി സാർത്ഥമാക്കുവാൻ. 53
മൃതി പുല്ലു; പിന്നെയരിയേവനും വധി-
പ്പതിലല്ലലില്ല ലവ""മെന്നുരച്ചവൻ
സതിതന്റെ മുമ്പിൽ മദദന്തിപോലെ വ-
ന്നെതിരിട്ടിടുന്നു; പരദൈവമേ ഗതി! 54
പിടികൂടുമെന്നു സതി കണ്ടനേരമേ
ഞൊടികൊണ്ടു തന്റെ നെടുതാം ചുരുട്ടുവാൾ
മടിയിങ്കൽനിന്നു മടിയാതെയൂരിയ-
ത്തടിമാടനുള്ള തല നോക്കി വീശിനാൾ. 55
മണവാളനായ് വരണദാമമാ വധൂ-
ഗണമുത്തിൽനിന്നു പെറുവാൻ കൊതിച്ചവൻ
മണവാട്ടിയൊടു ഗളനാളഭ്രഷയായ്
നിണമെന്ന കോകനദമാല വാങ്ങിനാൻ. 56
അവിതർക്കമേവമൊരു പെണ്ണവന്റെ മേൽ
പ്പവിപോലെ വാളു പതിയിച്ചതോർക്കുകിൽ
ഭവിതവ്യഥയ്ക്കുടയ ദിവ്യശക്തിയോ? ഭവികപ്രദാത്രി ശിവതൻ കടാക്ഷമോ? 57
മടിയാതെ കാവിൽ മലർ കൊൾവതിന്നു പൂ-
ച്ചെടി തേടുവോനെയതിലുള്ള പന്നഗി
കടികൂടി മൃത്യുവരുളുംവിധത്തില-
ത്തടിയൻ മരിച്ചു വധുവിന്റെ വാളിനാൽ. 58
പരിണാഹികാന്തി ലലനാവപുസ്സുതൻ
പരിരംഭമേറ്റു മിഴി തെല്ലടയ്ക്കുവാൻ
പരിചിൽക്കൊതിച്ച ജളനുർവരാംഗനോ-
പരി വീണടച്ചു മിഴി രണ്ടുമന്ത്യമായ്. 59
കടൽമങ്ക തോല്ക്കുമവൾതന്റെ മേൽ മിഴി-
ക്കടവാളു വീശുവതിനാശ വാച്ചവൻ
കടകംപെടും കരമുയർത്തി മങ്കയുൽ-
ക്കടവാളു വീശുമളവുജ്ഝിതാശനായ്. 60
മണിമാല വിഡ്ഢിനഖരത്തിനാലവൾ-
ക്കണിയിപ്പതിന്നു കൊതിപൂണ്ട വേളയിൽ
പണിവിട്ടുഖഡ്ഗലതയാലവന്നുതാൻ
മണിമാല ചാർത്തി ഗളസീമ്നി മാനിനി. 61
സുദതീലലാമമണിവെച്ചു പൂട്ടിടും
രദനച്ഛദാഗ്ര്യസുധ കൈവരായ്കയാൽ
ഹൃദയത്തിലാത്മഗളരക്തമേറ്റവൻ
മദനാനലന്നു ശമനം വരുത്തിനാൻ. 62
കുരുതിക്കുപിൻപു തറമേൽക്കിടത്തിടു-
ന്നൊരു ചാവർതന്നുടെയിരുമ്പുബിംബവും
ഉരുവാകകൊണ്ടഭിധ സാർത്ഥമാമവ-
ന്നതുമില്ല പൂജ്യമിതുമെന്നമട്ടിലായ്. 63
കുതുകത്തൊടാജിയിൽ മരിച്ചു ഹൗറിതൻ
പുതുമേനി പുൽകുവതിലാശയെന്നിയേ
അതുലാഭകോലുമവളെക്കൊതിച്ചവ-
ന്നതുമില്ല പൂജ്യമിതുമെന്നമട്ടിലായ്. 64
തിറമായ് ജയദ്ധ്വജപതാക പാറുവാൻ
മുറപോലെ തീർത്ത ശിബിരം തനിക്കവൻ
പുറമേവരുന്ന കഥയാരു കണ്ടു?-ക-
ല്ലറയാകുമെന്നു കരുതീല തെല്ലുമേ. 65
ശരമഞ്ചുകൊണ്ടു മുകിലന്നു ഹൃത്തിലും
കരവാളമൊന്നു കഠിനം കഴുത്തിലും;
സ്മരനർക്കജന്നു വിടഗേഹമെത്തുവാൻ
ത്വരയോടു മുന്നിൽ വഴി കാട്ടിടും ഭടൻ. 66
[ 161 ] <poem>
നെടുകേ കിഴക്കുവഴി പാഞ്ഞുപാഞ്ഞു ചെ-
ന്നൊടുവിങ്കൽ മേക്കു പടവെത്തിടുന്നപോൽ
ചുടുമാൽ ക്രമത്തിലധികം വരുന്ന നാൾ-
പ്പെടുമേതു ഭീരുവബലയ്ക്കുമുൾബലം. 67
അതിലും വിശിഷ്യ പതിദേവതാഗ്ര്യയാം
സതി ചാമ്പൽ മൂടുമെരിതീ കൊടുങ്കനൽ;
അതിലാശ പക്വഫലബുദ്ധിയാൽ വരും
കൊതിയന്നു നാവുമകവും ദഹിച്ചുപോം. 68
അതുമല്ല തന്വി നരനാഥപുത്രിയെ-
ന്നതുമായുധങ്ങളിൽ വിദഗ്ദ്ധയെന്നതും
ചതുരന്നു കാണ്മതിനു പറ്റിയില്ലവൻ
ചതുരത്തെയോർത്തു ശരിയായ വൃത്തമായ്. 69
രസ കാക്കുവോന്റെ തനയയ്ക്കു വായ്ക്കുവോ-
രസമാനശക്തിയറിയാത്തൊരക്ഖലൻ
രസ,മെന്തുചെയ്‌വൂ, ഘനപൂർവമായിടും
രസമെന്നുവച്ചു പിശകിക്കുടിച്ചുപോയ്. 70
അതുനാളിൽ മാനി, വിധിതന്ന ചമ്പക-
പ്പുതുതാർ വിരിച്ച പുരടക്കിടക്കയായ്
കുതുകത്തൊടോർത്ത വധു കത്തുമന്തക-
ക്രതുശാലയായ ചിതയായ്ച്ചമഞ്ഞുപോയ്. 71
ഉടലിങ്കൽനിന്നു തലവിട്ടു കാളിതൻ
കൊടനാളിൽ വെട്ടിയ കരിങ്കിടാവുപോൽ
തടവറ്റു ചോര ചളിയാക്കുമൂഴിയിൽ-
ക്കിടകൊണ്ടിരുന്നു കിടയറ്റ കീർത്തിമാൻ. 72
തിരിയൊന്നു പെട്ടിയിലുരച്ചതുക്കൊടൊ-
ത്തെരിയുമ്പൊഴേക്കുമെറിയുന്ന കുട്ടിപോൽ
ഹരിണാക്ഷി തന്റെ നരഹത്യ ചെയ്ത വാ-
ളരികത്തുനിന്നുമകലെക്കളഞ്ഞുതേ. 73
പ്രമദം വിഷാദമിവരണ്ടിനും സ്ഥലം
സമമേകിടുന്നൊരകതാരിലോമലാൾ
ശമലം ശമിച്ചു ശമലം വരുന്നതി-
ന്നുമതിൻ പദങ്ങൾ നിലനിർത്തി മേവിനാൾ. 74
ഉടനുണ്ടു വാതിൽ ഞൊടികൊണ്ടടിച്ചുട-
ച്ചടരിൽപ്പരർക്കു മൃതിചേർത്തു മൂന്നുപേർ
തടവറ്റു പാഞ്ഞു കയറുന്നു; ദാനവ-
പ്പട വെന്നണഞ്ഞ് വിധി, വിഷ്ണു, ശർവർപോൽ. 75
അരിതന്റെ കൂട്ടരവരെന്നു ഹൃത്തിലും
പരിചിൽപ്പെടുന്ന ചലനം കഥിക്കവേ
ഹരിണേക്ഷണയ്ക്കു വരുമത്തൽ മാഞ്ഞുപോയ്. 76
ഉയരത്തിൽനിന്നുമസിപൂണ്ട കൈയോടും
ഭയശങ്കകൾക്കു വശമാം മനസ്സൊടും
രയമാർന്നണഞ്ഞൊരവർ കണ്ട കാഴ്ച ഞാൻ-
ജയ ശൈലനന്ദിനി!----കഥിപ്പതെങ്ങനെ? 77
അതിഘോരമാകുമൊരവസ്ഥ കാണുവാൻ
മതികൊണ്ടുറച്ചു മുറിയിൽക്കടക്കവേ
അതിനല്ല നേത്രമമൃതാബ്ധിയിൽക്കുളി-
പ്പതിനാണു ഭാഗ്യ,മവർ ധന്യരല്ലയോ? 78
കഥമെന്നു ചൊൽവതിനു മുന്നമത്ഭുതം
കഥ തീർന്നുപോയ ഖലനേയു,മായവർ
കഥനീയകാന്തി സതിയേയു,മാ നില-
യ്ക്കഥ കണ്ടു കണ്ണുകൾ തിരുമ്മി നോക്കിനാർ. 79
നിരയത്തിലെത്തിയതിനുള്ളിൽ വാഴുവാ-
നരയും മുറയ്ക്കു തലയും മുറുക്കുവോൻ
പരമാം പദം തരുവതിന്നു മുന്നിലായ്
മുരമാഥി നില്ക്കിലതു വിശ്വസിക്കുമോ? 80
ഇരുകൺ തുടച്ചു സചിവൻ മുറിക്കക-
ത്തരുളും സുമാംഗിയെയുമാര്യമന്ത്രിയെ
രുരുനേത്രയാളു,മവരെശ്ശരിക്കു മ-
റ്റിരുപേരു,മപ്പൊഴുതിലുറ്റു നോക്കിനാർ. 81
അവളേവളെന്നു തനുകാന്തി ചൊൽകിലും
നൃവരാഗ്ര്യഹൂണവിചികിത്സയെദ്‌ദൃഢം
അവർതന്നനൂനവദനപ്രസാദവും
നവമോദബാഷ്പവുമകറ്റിയാകവേ. 82
ഒരു വാക്കുപോലുമനുയായിമാരൊടോ
തരുണീസമൂഹമണിയുന്ന മുത്തൊടോ
അരുളാൻ രസജ്ഞയുയരാതെ കണ്ണുനീർ
പെരുകിച്ചുനിന്നു സചിവൻ കൃതാർത്ഥനായ്. 83
കരുണാപയോധി കമലാധവന്റെ കാൽ
കരുതുന്ന മന്ത്രിയുടെ കൈയിൽനിന്നുടൻ
ഒരുവായ വാളുമതുപോലെ ഹൃത്തിൽനി-
ന്നുരുകുന്ന മാലുമകലെത്തെറിച്ചുപോയ്. 84
നെടുവീർപ്പു, പുഞ്ചിരി, വിയർപ്പിവയ്ക്കു കീഴ്-
പ്പെടുമാനനത്തൊടുമിളക്കമെന്നിയേ
പടുമന്ത്രി ചെറ്റു കരുണീയബോധമ-
റ്റിടുമുള്ളമോടുമവിടത്തിൽ നിന്നുപോയ്. 85
ചരിതാർത്ഥനാകുമവനെക്കുളുർക്കവേ
പരിചോടു നോക്കി നൃപഹൂണവര്യരും
ത്വരിതം ജനിക്കു സഫലത്വമേകിനാർ;
പെരിയോർക്കു മിത്രശുഭമാത്മഭാവുകം. 86
ഒരുദിക്കിൽ മുത്തുമപരത്ര ലജ്ജയും
തരുണിക്കു വന്നു വശമാകയാൽ മുഖം
അരുണോദയത്തിലരയോളവും വിടു-
ർന്നൊരു പങ്കജത്തിനെതിരായ് ലസിച്ചുതേ. 87
സ്മരനേറ്റിവയ്ക്കുമളവറ്റതാം ത്രപാ-
ഭരമുദ്വഹിപ്പതിനു ശക്തിയെന്നിയേ
പരമമ്പരക്കുമബലയ്ക്കുയർത്തുവാൻ
തരമെത്തിടാതെ തല തത്ര താണുപോയ്. 88
നിലവിട്ടു താതകമിതാക്കളെപ്പിരി-
ഞ്ഞലമാർന്നൊരത്തലിരുൾ മാറിടുംപടി
നലമേറുമല്പഹസിതൗഷധീശ്വരൻ
തലകാട്ടിനിന്നു വദനോദയാദ്രിയിൽ. 89
കൊലകൊണ്ടു പങ്കമിയലുന്ന തയ്യലിൻ
മലർമേനി വീണ്ടുമതിശുദ്ധമാക്കുവാൻ
നലമോടു ഹൃത്തു നിരുപിക്കമൂലമോ
ജലധാരചെയ്തു ജലജേക്ഷണദ്വയം. 90
അടിതൊട്ടു ഹന്ത മുടിയോളമെങ്ങുമ-
പ്പടി ചുട്ടൊരത്തൽമണൽ മാത്രമായ്‌പരം
കൊടിയോരു ജന്മസികതാടവിക്കകം
കുടിവെള്ളമേതു മൃഗതൃഷ്ണയെന്നിയേ? 91
ഉരുപുണ്യമാർന്ന പഥികർക്കു മാത്രമാ-
മരുഭൂമിതൻ നടുവിൽ വല്ല നാളിലും
ഒരുതെല്ലു വാരി നുകരാൻ തരം കനി-
ഞ്ഞരുളാം വിരിഞ്ച,നരുളാതെയും വരാം. 92
നിതരാം ദുരാപതരമാകുമത്തരം
ചിതമോടുമെന്നതിരിൽ വന്നിടുന്നുവോ,
ദ്രുതമന്നുതന്നെ നിമിഷാർദ്ധമെങ്കിലും
കൃതകൃത്യനെന്നു കരുതുന്നു പൂരുഷൻ. 93
അതിനൊന്നിനാണു നിഗമജ്ഞർ ഹന്ത! നിർ-
വൃതിയെന്ന നാമമരുളുന്നരൂഴിയിൽ;
അതിനെക്കുറിച്ചതനുഭൂതമാകിലും
മതിയാർക്കുമില്ല ശരിയായ് സ്മരിക്കുവാൻ. 94
വഴിപോലെയന്നില വരച്ചുകാട്ടുവാൻ
വഴിയില്ല മന്നിലൊരു ചിത്രകൃത്തിനും;
പഴി സാധു പിന്നെയിവനേതു? നിങ്ങളേ
കഴിവുള്ളപോലെ നിരൂപിച്ചുകൊള്ളുവിൻ
95
അകളങ്കമെത്തിയരികത്തു മന്ത്രിയ-
പ്പികവാണിയാൾ ചെറുതു നീട്ടിടും കുരം
മികവിൽ ഗ്രഹിക്കിലുമതൊന്നുമായവർ-
ക്കകതാരശേഷമറിയാതിരുന്നുപോയ്.
96
സമയം കുറച്ചഥ കഴിഞ്ഞു താദൃശ-
ഭ്രമമറ്റുറങ്ങിയെഴുന്നേറ്റിടും വിധം
പ്രമദായുവാക്കൾ നയനംതുടച്ചതി-
ന്നിമ മുട്ടിടാതെയെതിരിങ്കൽ നോക്കിനാർ.
97
കളവല്ല കണ്ടതു കിനാവുനല്ല നി-
ഷ്കളനാം പുരാൻറെ തിരുളളമെന്നവർ
അളവറ്റശങ്കയകലുംപടിക്കു ക
ണ്ടിളതൻ മണാളനു സമീപമെത്തിനാർ.
98
അലമിപ്പരുങ്ങൽ, ഭവൽകൃപാബലം
ബലമാർക്കുമെന്നു നൃപനോതി നാൽവരും
നിലവിട്ടു ഹൃത്തു കുളിരേന്തുമാറുകൈ-
നിലവിട്ടു കൂട്ടരുടെ മുന്നിലെത്തിനാർ.
99
ആ നാലാളുകളേയുമാ നിലയിലായ്-
ക്കണ്ടത്ഭുതപ്പെട്ടിടും
നാനാമാനുഷരും പടകടൽ കട-
ഞ്ഞപ്പോളനല്പോദയം
മാനാതീതമഹസ്സൊടൊത്തുദിയാം
താർ മങ്കയും തൽപ്രിയൻ
ശ്രീനാരായണനും ഭവദ്രൂഹിണരും
താനെന്നു മാനിച്ചുതേ
100
കാലത്തുദിച്ച ഖരദീധിതി പുല്ലുമാത്ര-
മാലംബമാം ഹിമകണങ്ങളെയെന്നപോലെ
മാലറ്റു കേരളനൃപൻ മുകിലൻറെ യോധ-
ജാലത്തിനെക്കഥകഴിച്ചു രണോർവി കേട്ടു.
101
ഊനം വിട്ടജ്ജയകഥയുമാദേവിയോടോതുവാനാ-
യാനന്ദംപൂണ്ടിരുചരരെ വിട്ടക്ഷിതിക്ഷിത്തു പിന്നെ
സ‌്യാനന്ദൂരത്തിനു പടയൊടും ഹൂണമന്ത്രീന്ദ്രരോടും
പീനശ്രോണീമണിയൊടുമുടൻതന്നെ മന്ദം തിരിച്ചാൻ
102
പതിനഞ്ചാം സർഗ്ഗം സമാപ്തം