Jump to content

താൾ:ഉമാകേരളം.djvu/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> ഭവിതവ്യഥയ്ക്കുടയ ദിവ്യശക്തിയോ? ഭവികപ്രദാത്രി ശിവതൻ കടാക്ഷമോ?        57


മടിയാതെ കാവിൽ മലർ കൊൾവതിന്നു പൂ- ച്ചെടി തേടുവോനെയതിലുള്ള പന്നഗി കടികൂടി മൃത്യുവരുളുംവിധത്തില- ത്തടിയൻ മരിച്ചു വധുവിന്റെ വാളിനാൽ.        58


പരിണാഹികാന്തി ലലനാവപുസ്സുതൻ പരിരംഭമേറ്റു മിഴി തെല്ലടയ്ക്കുവാൻ പരിചിൽക്കൊതിച്ച ജളനുർവരാംഗനോ- പരി വീണടച്ചു മിഴി രണ്ടുമന്ത്യമായ്.        59


കടൽമങ്ക തോല്ക്കുമവൾതന്റെ മേൽ മിഴി- ക്കടവാളു വീശുവതിനാശ വാച്ചവൻ കടകംപെടും കരമുയർത്തി മങ്കയുൽ- ക്കടവാളു വീശുമളവുജ്ഝിതാശനായ്.        60


മണിമാല വിഡ്ഢിനഖരത്തിനാലവൾ- ക്കണിയിപ്പതിന്നു കൊതിപൂണ്ട വേളയിൽ പണിവിട്ടുഖഡ്ഗലതയാലവന്നുതാൻ മണിമാല ചാർത്തി ഗളസീമ്നി മാനിനി.        61


സുദതീലലാമമണിവെച്ചു പൂട്ടിടും രദനച്ഛദാഗ്ര്യസുധ കൈവരായ്കയാൽ ഹൃദയത്തിലാത്മഗളരക്തമേറ്റവൻ മദനാനലന്നു ശമനം വരുത്തിനാൻ.        62


കുരുതിക്കുപിൻപു തറമേൽക്കിടത്തിടു- ന്നൊരു ചാവർതന്നുടെയിരുമ്പുബിംബവും ഉരുവാകകൊണ്ടഭിധ സാർത്ഥമാമവ- ന്നതുമില്ല പൂജ്യമിതുമെന്നമട്ടിലായ്.        63


കുതുകത്തൊടാജിയിൽ മരിച്ചു ഹൗറിതൻ പുതുമേനി പുൽകുവതിലാശയെന്നിയേ അതുലാഭകോലുമവളെക്കൊതിച്ചവ- ന്നതുമില്ല പൂജ്യമിതുമെന്നമട്ടിലായ്.        64


തിറമായ് ജയദ്ധ്വജപതാക പാറുവാൻ മുറപോലെ തീർത്ത ശിബിരം തനിക്കവൻ പുറമേവരുന്ന കഥയാരു കണ്ടു?-ക- ല്ലറയാകുമെന്നു കരുതീല തെല്ലുമേ.        65


ശരമഞ്ചുകൊണ്ടു മുകിലന്നു ഹൃത്തിലും കരവാളമൊന്നു കഠിനം കഴുത്തിലും; സ്മരനർക്കജന്നു വിടഗേഹമെത്തുവാൻ ത്വരയോടു മുന്നിൽ വഴി കാട്ടിടും ഭടൻ.        66

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/160&oldid=172810" എന്ന താളിൽനിന്ന് ശേഖരിച്ചത്