<poem> മലരുന്ന പൂക്കൾ പലമട്ടു തിങ്ങിടും മലർവാടിപുക്കു മണമേന്തിയപ്പുറം മലയാനിലൻപടി കടന്നുപോയിടും, മലമറ്റ മങ്കകളെ വിട്ടുമന്നവർ. 29
അതിലും വിശേഷമധികം, മഹമ്മദ-
ക്ഷിതിപാലകർക്കു തരുണിചതുഷ്ടയം
പതിവാ, ണിതൊക്കെ നിരുപിച്ചു സാധു ഞാൻ
കൊതി വെച്ചുപൂട്ടിയകമാറയ്ക്കകം. 30
ബുധനാം ഭവാന്റെ സഹധർമ്മിണീപദം
മുധയെന്നു മന്നിലൊരു മുഗ്ദയോർക്കുമോ?
ക്ഷുധകൊണ്ടു ചാകുമൊരുവന്റെ വായിൽ നൽ-
സുധ വന്നുവീഴ്കിലതു തുപ്പിനിൽകുമോ? 31
വിളികൊള്ളുമങ്ങു പരമെന്റെ മേനിയോ
കളിവിട്ടുറച്ചു ബലമായ്പ്പുണർന്നിടാൻ?
കിളിവാതിലൂടെയിരവിൽക്കടന്നിടും
കുളിർതെന്നലോടുമിനിയാം ബലാൽകൃതി! 32
മതി മുഗ്ദ്ധവാർത്ത; ബലമുള്ളതന്യർ വ-
ന്നെതിരിട്ടിടുമ്പൊഴുപയുക്തമാക്കിടാം;
ഇതിലേക്കെടുത്തുകളയേണ്ടതൊട്ടുമേ
ചതിയറ്റ ദിക്കിലടയാളമെന്തിനോ?"' 33
അഴൽവിട്ടിവണ്ണമരുളുന്നൊരാ മുകിൽ-
ക്കുഴലാളെ നോക്കി ""മതി പോരു,മോമനേ!
പിഴ നീ പൊറുക്ക, നുകരാതെ വിഡ്ഢി ഞാൻ
കഴൽ തേനെടുത്തു കഴുകാൻ തുടങ്ങിനേൻ. 34
പെറി നീയിരിക്കെയിവനന്യനാരിയിൽ-
ക്കുറി ദൃഷ്ടി ദോഷപരിഹാരമൊന്നിനാം;
മറിമാൻചലാക്ഷി! ശരറാന്തൽ കത്തിടും
മുറിയാരു ദീപശിഖയാൽ വിളക്കിടും? 35
മടവാരെനിക്കുചിലതു,ണ്ടവറ്റ നിൻ
മടവേലചെയ്യു,മതുപോരയെങ്കിലോ
മടവായിലുള്ള മലിനാംബുപോലെ ഞാൻ
മടൽകൊണ്ടുകുത്തി മറയത്തു തള്ളിടാം. 36
മരിയാദയറ്റ വിടനാകിലും ദൃഢം
പിരിയാതെ നിന്നൊടനിശം രമിച്ചിടും;
ശരിയായ മദ്യമരികിൽപ്പെടുന്നനാൾ
കിരിയാത്തുവെള്ളമൊരുവൻ കുടിക്കുമോ? 37
ജവമോടു പുൽകിടുക, വേണ്ട താമസം
ലവലേശ""മെന്നു മദനാർത്തിഹേതുവാൽ