താൾ:ഉമാകേരളം.djvu/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരിതാർത്ഥനാകുമവനെക്കുളുർക്കവേ
പരിചോടു നോക്കി നൃപഹൂണവര്യരും
ത്വരിതം ജനിക്കു സഫലത്വമേകിനാർ;
പെരിയോർക്കു മിത്രശുഭമാത്മഭാവുകം.        86

ഒരുദിക്കിൽ മുത്തുമപരത്ര ലജ്ജയും
തരുണിക്കു വന്നു വശമാകയാൽ മുഖം
അരുണോദയത്തിലരയോളവും വിടു-
ർന്നൊരു പങ്കജത്തിനെതിരായ് ലസിച്ചുതേ.        87

സ്മരനേറ്റിവയ്ക്കുമളവറ്റതാം ത്രപാ-
ഭരമുദ്വഹിപ്പതിനു ശക്തിയെന്നിയേ
പരമമ്പരക്കുമബലയ്ക്കുയർത്തുവാൻ
തരമെത്തിടാതെ തല തത്ര താണുപോയ്.        88

നിലവിട്ടു താതകമിതാക്കളെപ്പിരി-
ഞ്ഞലമാർന്നൊരത്തലിരുൾ മാറിടുംപടി
നലമേറുമല്പഹസിതൗഷധീശ്വരൻ
തലകാട്ടിനിന്നു വദനോദയാദ്രിയിൽ.        89

കൊലകൊണ്ടു പങ്കമിയലുന്ന തയ്യലിൻ
മലർമേനി വീണ്ടുമതിശുദ്ധമാക്കുവാൻ
നലമോടു ഹൃത്തു നിരുപിക്കമൂലമോ
ജലധാരചെയ്തു ജലജേക്ഷണദ്വയം.        90

അടിതൊട്ടു ഹന്ത മുടിയോളമെങ്ങുമ-
പ്പടി ചുട്ടൊരത്തൽമണൽ മാത്രമായ്‌പരം
കൊടിയോരു ജന്മസികതാടവിക്കകം
കുടിവെള്ളമേതു മൃഗതൃഷ്ണയെന്നിയേ?        91

ഉരുപുണ്യമാർന്ന പഥികർക്കു മാത്രമാ-
മരുഭൂമിതൻ നടുവിൽ വല്ല നാളിലും
ഒരുതെല്ലു വാരി നുകരാൻ തരം കനി-
ഞ്ഞരുളാം വിരിഞ്ച,നരുളാതെയും വരാം.        92

നിതരാം ദുരാപതരമാകുമത്തരം
ചിതമോടുമെന്നതിരിൽ വന്നിടുന്നുവോ,
ദ്രുതമന്നുതന്നെ നിമിഷാർദ്ധമെങ്കിലും
കൃതകൃത്യനെന്നു കരുതുന്നു പൂരുഷൻ.        93

അതിനൊന്നിനാണു നിഗമജ്ഞർ ഹന്ത! നിർ-
വൃതിയെന്ന നാമമരുളുന്നരൂഴിയിൽ;
അതിനെക്കുറിച്ചതനുഭൂതമാകിലും
മതിയാർക്കുമില്ല ശരിയായ് സ്മരിക്കുവാൻ.        94

വഴിപോലെയന്നില വരച്ചുകാട്ടുവാൻ
വഴിയില്ല മന്നിലൊരു ചിത്രകൃത്തിനും;

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/163&oldid=172813" എന്ന താളിൽനിന്ന് ശേഖരിച്ചത്