Jump to content

ആൾമാറാട്ടം/അദ്ധ്യായം ഏഴ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആൾമാറാട്ടം
രചന:കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
അദ്ധ്യായം ഏഴ്
[ 29 ]
7
എഫെസൂസിലെ അന്റിപ്പൊലസിന്റെ
ഭവനത്തിൽനിന്നു സൈറാക്ക്യൂസിലെ
അന്റിപ്പൊലസും ഡ്രോമിയൊയും ഇറങ്ങിപ്പോയ
വിവരം

സൈ. അന്റി - എടാ ഡ്രോമിയോ നീ എവിടെക്കാണ് ഇത്ര ധൃതിവെച്ചോടുന്നതു?

സൈ. ഡ്രോമി - യജമാനനെ ഞാൻ നിങ്ങളുടെ ഭ്യത്യനായ ഡ്രോമിയോ തന്നെയോ? ഇനിക്കു സുബുദ്ധിയുണ്ടോ പൊയ്പോയൊ?

സൈ. അന്റി - നീ എന്റെ ഭൃത്യൻ തന്നെ. നിനക്കു സുബോധവുമുണ്ടു.

സൈ. ഡ്രോമി - ഇല്ലില്ല. ഇനിക്കു ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു. ഞാൻ ഒരു കഴുതയും ഒരുത്തിയുടെ ഒരുത്തനും ആയിത്തീർന്നിരിക്കുന്നു.

സൈ. അന്റി - ഏതൊരുത്തിയുടെ ഒരുത്തനെടാ? നിനക്കെന്തു പിണഞ്ഞു ബുദ്ധിഭ്രമം പിടിപ്പാൻ?

സൈ. ഡ്രോമി - എന്റെ യജമാനനേ ഇവിടെ ഒരു സ്ത്രീ ഞാൻ അവളുടെ ഭർത്താവാകുന്നു എന്നു പറഞ്ഞുംകൊണ്ടു എന്റെ പുറകെ ഓടി നടക്കുന്നു. ജന്മം ചെയ്താൽ അവൾ എന്റെ അടുക്കൽനിന്നു വിട്ടുമാറുകയില്ലെന്നു തുടങ്ങിയിരിക്കുന്നു.

സൈ. അന്റി - അവൾ ഏതെടാ?

സൈ. ഡ്രോമി - ആരുകണ്ടാലും മാനിക്കത്തക്കവണ്ണം അവൾ തുലോം വണ്ണമുള്ളവളാകുന്നു. പക്ഷേ ഇനിക്കു ആ പൊണ്ണത്വമുള്ള ബന്ധുതയൊട്ടും രസിച്ചിട്ടില്ല.

സൈ. അന്റി - അങ്ങിനെയുണ്ടോ ഒരു ബന്ധുതയുള്ളു?

സൈ. ഡ്രോമി - ഒവ്വേ അതു ബന്ധുതയുടെ അല്ല, അവളുടെ പൊണ്ണത്വത്തെക്കുറിച്ചത്രേ ഞാൻ പറഞ്ഞു. അവൾ ഇവിടത്തെ [ 30 ] കുശിനിക്കാരത്തിയാണെന്നു തോന്നുന്നു. അവളുടെ ഉടുപ്പിന്മെലുള്ള കൊഴുപ്പുകണ്ടാൽ നായ കഞ്ഞികുടിക്കയില്ല. അവളുടെ പഴന്തുണിക്കു തീ കൊളുത്തിയാൽ ആറു മാസത്തേക്കു നിന്നു കത്തുവാൻ വേണ്ടുന്ന കൊഴുപ്പുകാണും. അവളെ ഒരു വിളക്കാക്കുന്നതിനല്ലാതെ പിന്നെ എന്തിനു കൊള്ളിക്കാമെന്നു ഇനിക്കു അറിഞ്ഞുകൂടാ.

സൈ. അന്റി - അവളെ കണ്ടാൽ എങ്ങിനെ ഇരിക്കുന്നു.

സെ. ഡ്രോമി - എന്റെ ചെരിപ്പുപോലെ കറുത്തിരിക്കുന്നു. എന്നാൽ അവളുടെ മുഖത്തുപോലും അത്രയും വെടിപ്പില്ല.

സെ. അന്റി - അതു വെള്ളംകൊണ്ടു തീർക്കാകുന്ന ഒരു അറ്റകുറ്റമല്ലയോ?

സെ. ഡ്രോമി - ഉവ്വുവ്വു. നോഹായുടെ കാലത്തിലെ ജലപ്രളയം പോലും അവളുടെ മുഖത്തേ അഴുക്കുകളവാൻ മതിയാകയില്ല

സൈ. അന്റി - അവളുടെ പേർ എന്തു?

സൈ. ഡ്രോമി - പേർ. എല്ലെൻ എന്നാണെ, പക്ഷേൽ ഒരിക്കോൽ താഴ്ചയിൽ കുഴിച്ചാലും എല്ലുകാണുമെന്നു തോന്നുന്നില്ല.

സൈ. അന്റി - അതെന്താ അവൾക്കു അത്ര പെരുത്തു വണ്ണമുണ്ടോ?

സൈ. ഡ്രോമി - വണ്ണവും നീളവും വ്യത്യാസപ്പെടുത്തുവാനില്ല. സാക്ഷാൽ പറകിൽ അവൾ ഭൂഗോളംപോലെ ഉരുണ്ടിരിക്കുന്നു. ചില ചില ദിക്കുകളൊക്കെയും ഞാൻ അവളുടെ സർവ്വാംഗത്തേൽ കാൺകയും ചെയ്തു.

സൈ. അന്റി - അതുവ്വോ? എന്നാൽ ഐല്ലാന്തു എവിടെയാ കണ്ടതു?

സൈ. ഡ്രോമി - അതു അവളുടെ ബാഹുമൂലത്തിലെ ഈർപ്പം കണ്ടിട്ടു അവിടെയെന്നാണെ തോന്നിയതു.

സൈ. അന്റി - സ്കോത്ത്‌ളാണ്ടോ?

സൈ. ഡ്രോമി - അതു പാഴുനിലയായി കിടക്കുന്ന ഉള്ളങ്കയ്യിലെന്നു തോന്നുന്നു.

സൈ. ആന്റി - അപ്രിക്ക എവിടെയാ കണ്ടതു?

സൈ. ഡ്രോമി - അതു ഞാൻ കണ്ടില്ലെന്നുവരികിലും അവ [ 31 ] ളുടെ വാ പൊളിക്കുമ്പോൾ വരുന്ന ആവികൊണ്ടു അതു ആ ചുറ്റുപാട്ടെണ്ടാണ്ടോ ആയിരിക്കുമെന്നു വിചാരിക്കാം.

സൈ. അന്റി - എടാ ഹിമാലയപർവ്വതങ്ങൾ കണ്ടുവോ?

സൈ. ഡ്രോമി - ഉവ്വു - അതിലെക്കും ഉയർന്ന ശിഖരങ്ങളായ ധവളഗിരി - ചിമുലാരി - എന്ന ഗിരികൾ രണ്ടും അവളുടെ മാറത്തു തിങ്ങിനില്‌പുണ്ടു.

സൈ. അന്റി - എടാ താണപ്രദേശമായ നെഥല്ലന്തൊ?

സൈ. ഡ്രോമി - കണ്ടില്ല. യജമാനനോടു പറയുമ്പോൾ പരമാർത്ഥം വെണ്ടയോ പറവാൻ? ഞാൻ അത്ര കുനിഞ്ഞു നോക്കുവാൻ പോയില്ല. ആ ജ്യേഷ്ട-മൂധേവി എന്റെമേൽ അവകാശം പറകയും കൂടക്കൂടെ എന്റെ പേർ പറകയും ചെയ്യുന്നതുകൂടാതെ ഗൂഢസ്ഥലത്തു ഇനിക്കൊരു മറുവുള്ളതുംകൂടെ കണ്ടിട്ടുള്ളപ്രകാരം നടിക്കുന്നു. അതുവളരെ അതിശയമല്ലയോ? ഞാൻ നന്നാപ്പേടിച്ചു ആ ക്ഷുദ്രക്കാരിയുടെ കയ്യിൽനിന്നു രക്ഷപ്പെടുവാനായിട്ടു ഓടുകയാകുന്നു.

സൈ. അന്റി-എടാ എല്ലാവരും നമ്മെ അറികയും പേർ ചൊല്ലിവിളിക്കയും ചെയ്യുന്നു. നാം ഇവരിൽ ഒരുത്തരേയും അറിയുന്നുമില്ല. വേഗം ഇവിടെനിന്നു പൊയ്ക്കൊണ്ടില്ലെങ്കിൽ നിശ്ചയമായിട്ടു വല്ല ആപത്തും വന്നു ഭവിക്കും. ശീഘ്രംപോയി ഇന്നു വല്ലിടത്തേക്കും പോകുന്ന കപ്പൽ ഉണ്ടോയെന്നു തിരക്കിക്കൊണ്ടു വരിക. നീ വരുന്നതുവരെ ഞാൻ കമ്പോളത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടു താമസിക്കാം.

സൈ. ഡ്രോമി- എന്റെ ഭാര്യ എന്നു പറഞ്ഞുങ്കൊണ്ടു പുറകേവന്നവളുടെ അടുക്കൽനിന്നു കടുവയെപ്പേടിച്ചു ഓടുന്നവനെപ്പോലിതാ ഞാൻ ഓടിപ്പോകുന്നു.

(എന്നു പറഞ്ഞുങ്കൊണ്ടു പോയി)

സൈ. അന്റി - ഈ പട്ടണത്തിലുള്ളവരത്രയും ക്ഷുദ്രക്കാരാകുന്നു. എന്തുതന്നെ വന്നാലും എന്റെ ഭാര്യ എന്നു പറഞ്ഞുങ്കൊണ്ടു എന്നെപ്പിടിച്ചുവലിച്ചുകൊണ്ടു പോയവളെ അംഗീകരിക്കയില്ല. അവളുടെ അനുജത്തിയുടെ ഭംഗിയും ചാതുര്യവാക്കും ഹേതുവാൽ ഞാൻ വശീകരിക്കപ്പെട്ടുപോയിരിക്കുന്നു. അവളെ ഒരുവേള വിവാഹം [ 32 ] കുഴിച്ചുകളയുന്നതിൽവച്ചു മോശമില്ല. എന്നാൽ അതിന്നായിട്ടു ഇവിടെത്താമസിച്ചാൽ ഉയിരുംകൊണ്ടു ഇവിടെനിന്നു പോവാൻ സംഗതിവരുമോ എന്നു ശങ്കിക്കുന്നു. (എന്നിപ്രകാരം വിചാരിച്ചുങ്കൊണ്ടു നില്ക്കുമ്പോൾ അൻജീലൊ വന്നു യജമാനനായ അന്റിപ്പൊലേസ്സേ എന്നു വിളിച്ചു)

സൈ. അന്റി - അതേ. എന്റെപേർ അതുതന്നേ.

അൻജീലോ - ഉവ്വേ അതു ഞാൻ പണ്ടേ അറിയുമല്ലൊ. ഇതാ പൊന്മാല. ഞാൻ ഇതു പോർക്ക്യൂപ്പൈനിൽ തന്നെ കൊണ്ടുവന്നു തരുവാൻ കഴിയാഞ്ഞതു കൂട്ടിവിളക്കുവാനും നിറം കാച്ചുവാനും അധികത്താമസം വന്നുപോകകൊണ്ടത്രെ.

സൈ. അന്റി - ഞാൻ ഇതുകൊണ്ടു എന്തു ചെയ്യണമെന്നാണെ നിന്റെ അഭിലാഷം?

അൻജീലൊ - വല്ലതും കാണിച്ചാലും വേണ്ടതില്ല. എന്നോടു തീർത്തു കൊണ്ടുവരാൻ പറഞ്ഞു. ഞാൻ അങ്ങിനെ തന്നെ കൊണ്ടു വരികയും ചെയ്തു.

സൈ. അന്റി - എന്റെ പേർക്കായിട്ടു തീർത്തെന്നോ? ഞാൻ പറഞ്ഞിട്ടില്ലാഞ്ഞു.

അൻജീലൊ - ആ പറഞ്ഞതു പരമാർത്ഥം. ഒന്നും രണ്ടും തവണയല്ല ഒരു നൂറു പ്രാവശ്യം എന്നോടു പറഞ്ഞിരുന്നു. ഇതു കൊണ്ടുപോയിക്കൊടുത്തു വേഗം ഭാര്യയുടെ മുഷിച്ചിൽ തീർത്താട്ടെ ഞാൻ വൈകുമ്പാടു വന്നു വില വാങ്ങിക്കൊള്ളാം.

സൈ. അന്റി - നിനക്കു വേണമെങ്കിൽ പണം ഇപ്പോൾ തന്നെ വാങ്ങിക്കൊണ്ടു പൊയ്ക്കൊള്ളുക. അല്ലെങ്കിൽ പിന്നെ കിട്ടുകയില്ലെന്നു വന്നേക്കുമെ.

അൻജീലൊ - നിങ്ങൾ വലിയ ഫലിതക്കാരനാണെ. ഞാൻ അങ്ങോട്ടു പൊയി വരട്ടെ.

(എന്നു പറഞ്ഞുംവെച്ചു നടന്നു)

സൈ. അന്റി - ഹാ! ഇതൊക്കെ എന്തൊരു വിസ്മയമെന്നു ഇനിക്കു അറിഞ്ഞുകൂടാ. എന്തായാലും ഇത്ര നല്ല ഒരു സമ്മാനത്തെത്തള്ളിക്കളയുന്നതു യോഗ്യമല്ല (എന്നു തന്നെത്താൻ പറഞ്ഞിട്ടു ആ മാല കഴുത്തിൽ ഇട്ടുംകൊണ്ടു ഡ്രോമിയൊയെ നോക്കി നടന്നു)