താൾ:Aalmarattam.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുഴിച്ചുകളയുന്നതിൽവച്ചു മോശമില്ല. എന്നാൽ അതിന്നായിട്ടു ഇവിടെത്താമസിച്ചാൽ ഉയിരുംകൊണ്ടു ഇവിടെനിന്നു പോവാൻ സംഗതിവരുമോ എന്നു ശങ്കിക്കുന്നു. (എന്നിപ്രകാരം വിചാരിച്ചുങ്കൊണ്ടു നില്ക്കുമ്പോൾ അൻജീലൊ വന്നു യജമാനനായ അന്റിപ്പൊലേസ്സേ എന്നു വിളിച്ചു)

സൈ. അന്റി - അതേ. എന്റെപേർ അതുതന്നേ.

അൻജീലോ - ഉവ്വേ അതു ഞാൻ പണ്ടേ അറിയുമല്ലൊ. ഇതാ പൊന്മാല. ഞാൻ ഇതു പോർക്ക്യൂപ്പൈനിൽ തന്നെ കൊണ്ടുവന്നു തരുവാൻ കഴിയാഞ്ഞതു കൂട്ടിവിളക്കുവാനും നിറം കാച്ചുവാനും അധികത്താമസം വന്നുപോകകൊണ്ടത്രെ.

സൈ. അന്റി - ഞാൻ ഇതുകൊണ്ടു എന്തു ചെയ്യണമെന്നാണെ നിന്റെ അഭിലാഷം?

അൻജീലൊ - വല്ലതും കാണിച്ചാലും വേണ്ടതില്ല. എന്നോടു തീർത്തു കൊണ്ടുവരാൻ പറഞ്ഞു. ഞാൻ അങ്ങിനെ തന്നെ കൊണ്ടു വരികയും ചെയ്തു.

സൈ. അന്റി - എന്റെ പേർക്കായിട്ടു തീർത്തെന്നോ? ഞാൻ പറഞ്ഞിട്ടില്ലാഞ്ഞു.

അൻജീലൊ - ആ പറഞ്ഞതു പരമാർത്ഥം. ഒന്നും രണ്ടും തവണയല്ല ഒരു നൂറു പ്രാവശ്യം എന്നോടു പറഞ്ഞിരുന്നു. ഇതു കൊണ്ടുപോയിക്കൊടുത്തു വേഗം ഭാര്യയുടെ മുഷിച്ചിൽ തീർത്താട്ടെ ഞാൻ വൈകുമ്പാടു വന്നു വില വാങ്ങിക്കൊള്ളാം.

സൈ. അന്റി - നിനക്കു വേണമെങ്കിൽ പണം ഇപ്പോൾ തന്നെ വാങ്ങിക്കൊണ്ടു പൊയ്ക്കൊള്ളുക. അല്ലെങ്കിൽ പിന്നെ കിട്ടുകയില്ലെന്നു വന്നേക്കുമെ.

അൻജീലൊ - നിങ്ങൾ വലിയ ഫലിതക്കാരനാണെ. ഞാൻ അങ്ങോട്ടു പൊയി വരട്ടെ.

(എന്നു പറഞ്ഞുംവെച്ചു നടന്നു)

സൈ. അന്റി - ഹാ! ഇതൊക്കെ എന്തൊരു വിസ്മയമെന്നു ഇനിക്കു അറിഞ്ഞുകൂടാ. എന്തായാലും ഇത്ര നല്ല ഒരു സമ്മാനത്തെത്തള്ളിക്കളയുന്നതു യോഗ്യമല്ല (എന്നു തന്നെത്താൻ പറഞ്ഞിട്ടു ആ മാല കഴുത്തിൽ ഇട്ടുംകൊണ്ടു ഡ്രോമിയൊയെ നോക്കി നടന്നു)

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/32&oldid=155446" എന്ന താളിൽനിന്ന് ശേഖരിച്ചത്