Jump to content

ആൾമാറാട്ടം/അദ്ധ്യായം എട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആൾമാറാട്ടം
രചന:കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
അദ്ധ്യായം എട്ട്
[ 33 ]
8
ഒരു വ്യാപാരി ഒരു ശിപായി അൻജീലൊ


വ്യാപാരി - അൻജീലോ നീ കീഴാണ്ടു കുംഭമാസത്തിൽ എന്നൊടു വാങ്ങിയ പണം ഇതുവരെ തന്നു തീർത്തില്ലല്ലൊ. ഇപ്പോൾ ഝടുതിയായിട്ടു ഇനിക്കു പാർസ്യായ്ക്കുപോവാൻ ഒരു അടിയന്തിരം വരികയും തല്ക്കാലം ഒരു ചെമ്പുകാശുപോലും കൈക്കൽ ഇല്ലാതെ വന്നിരിക്കയും ചെയ്തുകൊണ്ടു നീ തരുവാനുള്ള പണം തന്നു നാം തമ്മിലുള്ള ഇടപാടു തീർക്കുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾതന്നെ ശിപായിയെക്കൊണ്ടു പിടിപ്പിച്ചു നിന്നെ തുറങ്കിൽ വയ്പിക്കും. അതിനായിട്ടാണെ ഞാൻ ഈയാളെ കൂടെ കൂട്ടിച്ചുംകൊണ്ടു വന്നിരിക്കുന്നതു.

അൻജീലോ - ഞാൻ തങ്ങൾക്കു തരുവാനുള്ള തുകയോളം തന്നേ ഇനിക്കു അന്റിപ്പോലസിന്റെ പക്കൽനിന്നു വരുവാനുള്ളതു കൊണ്ടു ദയവുചെയ്തു അങ്ങേരുടെ വീട്ടിലോളം പോരുമെങ്കിൽ ഇപ്പോൾതന്നേ അതു വാങ്ങിത്തന്നു കാര്യം തീർത്തു കച്ചീട്ടുവാങ്ങിക്കൊള്ളുകയും ആം. അഞ്ചുമണിക്കു ചെല്ലുമെന്നാണെ ഞാൻ പറഞ്ഞിരുന്നതു. (എന്നിങ്ങനെ പറഞ്ഞുകൊണ്ടുനില്ക്കുമ്പോൾ എഫേസൂസിലെ അന്റിപ്പൊലസും ഡ്രോമിയൊയുംകൂടെ വരുന്നതു കണ്ടു)

ശിപായി - എടോ കൂവേ ആ പ്രയാസം കൂടിയേപോവു എന്നില്ല. ഇതാ അയാൾ അല്ലയൊ ആ വരുന്നതു? എ. അന്റി - എടാ ഡ്രോമിയൊ നീ ചന്തയിൽ ചെന്നു നല്ലതായിട്ടൊരു ചൂരൽ വാങ്ങിക്കൊണ്ടുവാ. ഞാൻ തട്ടാന്റെ വീട്ടിലോട്ടു കേറട്ടെ. എന്നെപ്പുറത്തിട്ടു വാതിലടച്ചുകളഞ്ഞ അവളെയും അവളുടെ [ 34 ] ചേനാരെഎല്ലാവരെയും ഞാൻ ഒന്നു പഠിപ്പിച്ചേ മാറൂ. നോക്കു തേ- ഈ മുഴുപ്പുള്ളതായിരിക്കണം കേട്ടോ.

(ഡ്രോമിയോ ചന്തയിലെക്കുപോയി‌)

എ. അന്റി - (അൻജീലോയെക്കണ്ടുംകൊണ്ടു) കൊള്ളാം. കൊള്ളാം. നല്ല നേരുകാരൻ - നിന്നോടു മാല തീർത്തുംകൊണ്ടും പോർക്ക്യൂപ്പൈനിൽ വരുവാൻ പറഞ്ഞിരുന്നാറെ എന്തേ വരാഞ്ഞു?

അൻജീലൊ - ഹേ കളഞ്ഞാട്ടെ. സദാ കളി പറഞ്ഞാൽ അതിനു വിലയില്ലെന്നു വന്നുപോം. ഇങ്ങേരും ഞാനും ആയിട്ടൊരു ഏർപ്പാടുള്ളതു തീർപ്പാനായിട്ടു ആ മലയുടെ വിലയിങ്ങു തന്നാട്ടെ. കാര്യത്തിനു തീർച്ചവരുത്തിക്കൊണ്ടു കപ്പൽ കേറുവാൻ അങ്ങേരു ധ്യതിപ്പെടുന്നു.

എ. അന്റി - എന്റെ കയ്യിൽ പണമൊന്നും കിടപ്പില്ല. നീ ഇയ്യാളെ കൂട്ടിച്ചുംകൊണ്ടു വീട്ടിൽ ചെന്നു പണം വാങ്ങി കൊടുക്ക. ഞാൻ രണ്ടുനാഴികയ്ക്കകത്തു വന്നേക്കാം. “ഇത്തറ്റം പോയിട്ടു ഒരു ആവശ്യമുണ്ടു"

അൻജീലോ - എന്നാലെന്താ മാല ഞാൻ കൊണ്ടുപോകുന്നുവോ അതോ നിങ്ങൾതന്നെ കൊണ്ടുവന്നേക്കുന്നോ?

എ. അന്റി - നീ തന്നേ കൊണ്ടുപോകേ വേണ്ടു. ഞാൻ ഒരു വേള അല്പം താമസിച്ചുപോയെങ്കിൽപിന്നെ നിങ്ങൾക്കു അതു പ്രയാസമെന്നു വരേണ്ട.

അൻജീലൊ - എന്നാൽ മാലയിങ്ങാട്ടു തന്നാട്ടെ.

എ. അന്റി - അതു എന്റെ പക്കൽ തന്നിട്ടില്ലാത്തതുകൊണ്ടു നിന്റെ കയ്യിൽതന്നെ കാണുമായിരിക്കുമല്ലൊ.

അൻജീലൊ - ഇല്ല. കളി നീ കാര്യമായിത്തീർന്നേക്കുമേ. വ്യഥാ മറ്റുള്ളവരെക്കൂടെ താമസിപ്പിക്കരുതു. ഇങ്ങേർക്കു വെക്കം പോയില്ലെങ്കിൽ തക്കം പിഴെക്കും.

എ.അന്റി - ഉവ്വെടാ. നീ ഇപ്പറയുന്നതിന്റെ സാരമിങ്ങു ഗ്രഹിച്ചു. മാല പറഞ്ഞിരുന്ന സമയത്തു തീർത്തുകൊണ്ടു വരായ്കകൊണ്ടു ശകാരിക്കാതെയിരിപ്പാൻ വേണ്ടിയല്ലയോ? ആകട്ടെ വേഗം കൊണ്ടു പോയിക്കൊടുത്തു പണം വാങ്ങിക്കൊടുക്ക. [ 35 ] വ്യാപാരി - (അൻജീലോയോടു) നോക്കൂ - നേരം പോകുന്നു. വേഗം ആകട്ടെ.

അൻജീലോ - (അന്റിപ്പോലിസിനോടു) അല്ല - ഇതു കേൾക്കുന്നില്ലയോ? മലയിങ്ങോട്ടു തന്നാട്ടെ.

എ.ആന്റി - നീ എന്നോടു മാല വാങ്ങിയിട്ടേ പിന്നെ ഇയാളെ പറഞ്ഞയക്കേണ്ടു - മാല കയ്യിലുണ്ടെങ്കിൽ കൊണ്ടുപോയിക്കൊടുത്തു വേഗം പണം വാങ്ങിക്കൊൾക.

അൻജീലൊ - ഇതു നല്ല പുതുമയല്ലാകുന്നു. മാല ഞാൻ നിങ്ങളുടെ പക്കൽ തന്നിട്ടിപ്പോൾ അരനാഴികയിലധികം ആയിട്ടില്ലല്ലോ. കളിവാക്കുകൾ പറഞ്ഞുങ്കൊണ്ടുനില്ക്കാതെ ഒന്നുകിൽ മാലയിങ്ങോട്ടു തരൂ. ആയതല്ലെങ്കിൽ തന്റെ ഭാര്യ പണം തന്നയ്ക്കത്തക്കവണ്ണം വല്ല അടയാളവും പറഞ്ഞയക്കൂ.

എ. ആന്റി - മാലകൂടാതെ പോയാൽ പണം കൂടാതെ പോരുന്നതുതന്നെ അടയാളം.

വ്യാപാരി - (അന്റിപ്പോലിസിനോടു) എടോ ഇനിക്കു നിങ്ങളുടെ പുതുമയും കേട്ടുകൊണ്ടുനിന്നാൽ പോരാ. താൻ ആ പണം തരുമോ ഇല്ലയോ? രണ്ടാലൊന്നു പറയൂ. അതറിഞ്ഞിട്ടുവേണം ഇനിക്കു പിന്നെ വാങ്ങുവാനുള്ള വഴി നോക്കുവാൻ.

എ. അന്റി - എന്താ ഞാൻ തനിക്കു വല്ലതും തരുവാനുണ്ടോ?

അൻജീലോ - മാലയുടെ വകയായിട്ടു ഇനിക്കു തരുവാനുള്ളതു ഇങ്ങേർക്കു കൊടുത്തേക്കൂ.

എ. ആന്റി - ഞാൻ മാല വാങ്ങിയിട്ടുണ്ടെങ്കിൽ മാത്രമല്ലാതെ നിനക്കോ ഈയാൾക്കോ വല്ലതും തരികയോ കൊടുക്കയോ ചെയ്യേണമോ?

അൻജീലോ - നിങ്ങൾ എന്നോടു മാല വാങ്ങിയിട്ടില്ലെന്നോ?

എ. അന്റി - ഇല്ല. നീ ഒരുനാളും എന്റെ പക്കൽ തന്നിട്ടില്ല. പിന്നെ ഇങ്ങിനെ ഇല്ലാവചനം പറഞ്ഞു എന്നെ അപമാനിക്കുന്നതോർത്താറെ വളരെ ദണ്ഡം തോന്നുന്നു.

അൻജീലോ - കൊള്ളാകുന്ന ആളുകൾ ഇപ്രകാരമുള്ള നേരുകേടും അടാപിടിയും തുടങ്ങിക്കൊള്ളുന്നതിനാൽ ഇനിക്കെന്തുമാത്രം [ 36 ] ദണ്ഡം കൊണ്ടിരിക്കുന്നു. ഈ വർത്തമാനം കേൾക്കുന്നവർ ഇനി എന്നെ വിശ്വസിച്ചു വല്ലതും ഏല്പിക്കുമോ? എടോ താൻ എന്റെ പിച്ചച്ചട്ടിയിൽ മണ്ണു വാരിയിടുകയല്ലയോ ചെയ്യുന്നതു?

വ്യാപാരി - എടാ ശിപായി ഇവനെപ്പിടിച്ചുകെട്ടുക. ഇവൻ ചൊവ്വെ പണം തന്നു തീർപ്പാനുള്ള ഭാവം കാണുന്നില്ല.

ശിപായി - എന്നാൽ അങ്ങിനെതന്നേ. നടക്കെടോ ഢാണാവിലേക്കു. വേഗം ആകട്ടെ.

അൻജീലോ - (അന്റിപ്പോലസിനോടു) എന്നെ ഇപ്രകാരം അപമാനിപ്പിക്കുന്നതു ശരിയല്ല. അളമുട്ടിയാൽ കടിക്കേ നിർവ്വാഹമുള്ളു. നിങ്ങൾ ഇനിക്കു തരുവാനുള്ളതു തരികയില്ലെങ്കിൽ ഈ ശിപായിയെക്കൊണ്ടുതന്നെ നിങ്ങളേയും പിടിപ്പിക്കും.

എ. അന്റി - ഞാൻ നിനക്കു വല്ലതും തരുവാനുണ്ടോ? നീ എന്നെ ശിപായിയെക്കൊണ്ടു പിടിപ്പിക്കുമോ! എന്നാൽ അതൊന്നു കാൺകതന്നെ.

അൻജീലോ - (ശിപായിയോടു) താൻ എന്നെത്തടുത്തു വച്ചിരിക്കുന്നതും ഈയാൾക്കു കൊടുപ്പാനുള്ളതു കൊടുക്കായ്കകൊണ്ടല്ലയൊ? എന്നാൽ ഈ അന്റിപ്പോലസ്സു ഇനിക്കു തരുവാനുള്ളതു തരാതെ അന്തെക്കിന്ത പറഞ്ഞുങ്കൊണ്ടു നില്ക്കയാൽ അയാളെയും പിടിക്കൂ.

ശിപായി - (അന്റിപ്പോലസ്സിനോടു) എന്നാൽ താനും അങ്ങോട്ടു നടക്കേവേണ്ടു.

എ. അന്റി - കൊള്ളാകുന്ന ആളുകൾക്കു സർക്കാരിനെ അപമാനിക്കുന്നതു യോഗ്യമല്ലായ്കകൊണ്ടു ജാമ്മ്യം തരുന്നതുവരെ താൻ പറയുന്നതു കേൾക്കേ പാടുള്ളു. എന്നാൽ ഈ തട്ടാരക്കഴുവെയോടു ഞാൻ ഇതിനു തക്കപോലെ ചോദിക്കുന്നില്ലാ എങ്കിൽ ഛീ ഞാൻ പിന്നെ ആണായിട്ടു നടക്കുന്നില്ല. നീ ചെവിയെ നുള്ളിക്കൊൾകേവെണ്ടു.

അൻജീലോ - അത്ര പേടിപ്പിക്കേണ്ടായേ. ഈ എഫേസൂസിൽ നേരും ന്യായവും നടക്കുന്ന കാലത്തെങ്ങും തന്റെ ഈ പേപ്പടി ഒന്നും ഇങ്ങോട്ടു പറ്റുകയില്ല. അമ്പൊ! വെടിക്കാരന്റെ കോഴിയല്ലയോ ഞാൻ തന്റെ ഈ ഭീഷണികെട്ടങ്ങു ഭ്രമിച്ചുപോവാൻ. [ 37 ] (എന്നിങ്ങനെ അവർ തമ്മിൽ പറഞ്ഞുങ്കൊണ്ടു നില്ക്കുമ്പോൾ സൈറാക്ക്യൂസിലെ ഡ്രോമിയോ വന്നു അന്റിപ്പോലസ്സിനോടു)

യജമാനനെ എപ്പിഡാമ്‌നിലേക്കു പോകുന്ന ഒരു കപ്പൽ കിടപ്പുണ്ടു. നമ്മുടെ തട്ടുമുട്ടു സാമാനങ്ങൾ ഒക്കയും ഞാൻ അതിൽ ആക്കിയിരിക്കുന്നു. അതിന്റെ ഉടമക്കാരൻ കരെക്കിറങ്ങിയിരിക്കുന്നു. അങ്ങേരും നിങ്ങളും ചെന്നു കേറുന്ന താമസമേയുള്ളൂ. നങ്കൂരം വലിച്ചു കപ്പൽ ഓടിക്കുന്നതിന്നു.

എ. അന്റി - എടാ ഭ്രാന്താ എന്റെ പേർക്കായിട്ടു താമസിക്കുന്ന കപ്പൽ ഏതു?

സൈ. ഡ്രോമി - അല്ലേ അവിടുത്തെ കല്പനപ്രകാരം ഞാൻ ചെന്നു കേവു പിടിച്ചതുതന്നേ. ആ കാര്യം മറന്നുപൊയി എന്നു തോന്നുന്നു.

എ. അന്റി - എടാ വിഡ്ഢി ഞാൻ നിന്നെ പറഞ്ഞയച്ചതു ഒരു ചൂരൽ വാങ്ങിപ്പാനല്ലാഞ്ഞുവോ? അതു ഇന്നവകെക്കു എന്നുംകൂടെ ഞാൻ നിന്നോടു പറഞ്ഞുവല്ലൊ. അതു കിടക്കട്ടെ. മേലാൽ വല്ലതും പറഞ്ഞാൽ നല്ലപോലെ ശ്രദ്ധിച്ചു കേൾപ്പാൻ അവസരമുള്ളപ്പോൾ നിന്നെ പഠിപ്പിച്ചുകൊള്ളാം. ഇന്നാ ഈ താക്കോൽ കൊണ്ടുപോയി വീട്ടിൽ കൊടുത്തു ആ പെട്ടിക്കകത്തിരിക്കുന്ന പട്ടുംമടിശ്ശീലയിങ്ങു എടുത്തുതരുവാൻ പറക. എന്നെ ഇതാ ഒരു ശിപായി തടുത്തുവച്ചുങ്കൊണ്ടു നില്ക്കുന്നു. വേഗം വന്നേക്കണം കേട്ടോ.

സൈ. ഡ്രാമി - (വീട്ടിലോ അതു ഏതായിരിക്കും - ഓഹോ - ഇന്നു ഉച്ചെക്കു യജമാൻ തീനിന്നുപോയ ആ വീട്ടിൽ ശരിതന്നെ. എന്നാലൊരു ദൂഷ്യം വരുമെല്ലോ. അവിടെപ്പോയാൽ എന്റെ ഭാര്യ എന്നു പറഞ്ഞുങ്കൊണ്ടു വന്ന ആ പൊണ്ണി അവൾ ഓടിവന്നേക്കുമെല്ല. എന്തായാലും യജമാനന്റെ കല്പനപ്രകാരം ചെയ്കയല്ലാതെ ഭൃത്യനു പാങ്ങുണ്ടോ. എന്നിങ്ങനെ ഒക്കയും മനസ്സിൽ കരുതിക്കൊണ്ടു ഓടിച്ചെന്നു അഡ്രിയാനോയൊടു) കൊച്ചമ്മേ - ഇതാ താക്കോൽ - ആ പെട്ടിക്കകത്തു - ഇരിക്കുന്ന ചുവന്ന മടിശ്ശീല - ഇങ്ങോട്ടു എടുത്തു തന്നാട്ടെ വേഗം.

അഡ്രി - എന്തെടാ ഇത്ര അണെക്കുന്നതു.

സൈ. ഡ്രോമി - എന്റെ അമ്മേ കുഴപ്പി ഓടിയതുകൊണ്ടിയിരിക്കും. [ 38 ] അഡ്രി - നിന്റെ യജമാനൻ എവിടെ?

സൈ. ഡ്രോമി - എന്റെ പൊന്നമ്മ അക്കാര്യം പറഞ്ഞാൽ ഒശ്ശിയുണ്ടു. ഇനിക്കു പോകുവാൻ വൈകി. യജമാനൻ ഇപ്പോൾ ഏകദേശം നരകത്തോടു സമമായ ഒരു സ്ഥലത്തെന്നു പറയാം. വിധിക്കു മുമ്പെ മനുഷ്യരെ അന്ധകാലയത്തിൽ കൊണ്ടുപോകുന്ന കാലന്റെ കിങ്കരന്മാരിൽ ഒരുവനെപ്പോലെയുള്ള ഒരു ശിപായി അങ്ങേരേയുംകൊണ്ടു അങ്ങോട്ടു നടന്നു. അവിടെനിന്നു വിടീച്ചുകൊണ്ടുപോരുന്ന വകയ്ക്കു ആകുന്നു പണം എടുത്തുതരുവാൻ പറഞ്ഞതു.

അഡ്രി - അയ്യൊ കാര്യമെന്തെടാ?

സൈ. ഡ്രോമി - അതു ഞാനും നല്ലപോലെ അറിയുന്നില്ല. മടിശ്ശീലയിങ്ങെടുത്തു തന്നാട്ടെ വേഗം.

അഡ്രി - ലൂസിയാനാ അതിങ്ങോട്ടു എടുത്തു കൊടുക്ക. മുടിഞ്ഞിനി ഇതെന്തൊരു കൂത്തെന്നു അറിഞ്ഞില്ലല്ലാ. ഞാൻ അറിയാതെ വല്ല കൊള്ളക്കൊടുക്കലും ഉണ്ടായിട്ടുണ്ടോ?

ലൂസി - ഇതാ ജ്യേഷ്ഠത്തീ ചാളിക.

അഡ്രി - ഇന്നാ ഡ്രോമിയൊ ഇതു കൊണ്ടുചെന്നു നിന്റെ യജമാനനെ വിടുവിച്ചുകൊണ്ടുവാ.

(ഡ്രോമിയോ പണവും വാങ്ങിക്കൊണ്ടുപോയി)