താൾ:Aalmarattam.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദണ്ഡം കൊണ്ടിരിക്കുന്നു. ഈ വർത്തമാനം കേൾക്കുന്നവർ ഇനി എന്നെ വിശ്വസിച്ചു വല്ലതും ഏല്പിക്കുമോ? എടോ താൻ എന്റെ പിച്ചച്ചട്ടിയിൽ മണ്ണു വാരിയിടുകയല്ലയോ ചെയ്യുന്നതു?

വ്യാപാരി - എടാ ശിപായി ഇവനെപ്പിടിച്ചുകെട്ടുക. ഇവൻ ചൊവ്വെ പണം തന്നു തീർപ്പാനുള്ള ഭാവം കാണുന്നില്ല.

ശിപായി - എന്നാൽ അങ്ങിനെതന്നേ. നടക്കെടോ ഢാണാവിലേക്കു. വേഗം ആകട്ടെ.

അൻജീലോ - (അന്റിപ്പോലസിനോടു) എന്നെ ഇപ്രകാരം അപമാനിപ്പിക്കുന്നതു ശരിയല്ല. അളമുട്ടിയാൽ കടിക്കേ നിർവ്വാഹമുള്ളു. നിങ്ങൾ ഇനിക്കു തരുവാനുള്ളതു തരികയില്ലെങ്കിൽ ഈ ശിപായിയെക്കൊണ്ടുതന്നെ നിങ്ങളേയും പിടിപ്പിക്കും.

എ. അന്റി - ഞാൻ നിനക്കു വല്ലതും തരുവാനുണ്ടോ? നീ എന്നെ ശിപായിയെക്കൊണ്ടു പിടിപ്പിക്കുമോ! എന്നാൽ അതൊന്നു കാൺകതന്നെ.

അൻജീലോ - (ശിപായിയോടു) താൻ എന്നെത്തടുത്തു വച്ചിരിക്കുന്നതും ഈയാൾക്കു കൊടുപ്പാനുള്ളതു കൊടുക്കായ്കകൊണ്ടല്ലയൊ? എന്നാൽ ഈ അന്റിപ്പോലസ്സു ഇനിക്കു തരുവാനുള്ളതു തരാതെ അന്തെക്കിന്ത പറഞ്ഞുങ്കൊണ്ടു നില്ക്കയാൽ അയാളെയും പിടിക്കൂ.

ശിപായി - (അന്റിപ്പോലസ്സിനോടു) എന്നാൽ താനും അങ്ങോട്ടു നടക്കേവേണ്ടു.

എ. അന്റി - കൊള്ളാകുന്ന ആളുകൾക്കു സർക്കാരിനെ അപമാനിക്കുന്നതു യോഗ്യമല്ലായ്കകൊണ്ടു ജാമ്മ്യം തരുന്നതുവരെ താൻ പറയുന്നതു കേൾക്കേ പാടുള്ളു. എന്നാൽ ഈ തട്ടാരക്കഴുവെയോടു ഞാൻ ഇതിനു തക്കപോലെ ചോദിക്കുന്നില്ലാ എങ്കിൽ ഛീ ഞാൻ പിന്നെ ആണായിട്ടു നടക്കുന്നില്ല. നീ ചെവിയെ നുള്ളിക്കൊൾകേവെണ്ടു.

അൻജീലോ - അത്ര പേടിപ്പിക്കേണ്ടായേ. ഈ എഫേസൂസിൽ നേരും ന്യായവും നടക്കുന്ന കാലത്തെങ്ങും തന്റെ ഈ പേപ്പടി ഒന്നും ഇങ്ങോട്ടു പറ്റുകയില്ല. അമ്പൊ! വെടിക്കാരന്റെ കോഴിയല്ലയോ ഞാൻ തന്റെ ഈ ഭീഷണികെട്ടങ്ങു ഭ്രമിച്ചുപോവാൻ.

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/36&oldid=155450" എന്ന താളിൽനിന്ന് ശേഖരിച്ചത്