Jump to content

ആൾമാറാട്ടം/അദ്ധ്യായം അഞ്ച്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആൾമാറാട്ടം
രചന:കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
അദ്ധ്യായം അഞ്ച്
[ 22 ]
5
എഫെസൂസിലെ അന്റിപ്പൊലസ്സു, ഡ്രോമിയൊ
ബൽതാസ്സെർ, അൻജീലൊ മുതലായവർ

എ. അന്റി - അൻജീലൊ ഞാൻ തീൻ സമയത്തു വീട്ടിൽ എത്തുന്നില്ലെങ്കിൽ അതെന്റെ ഭാര്യയ്ക്കു പെരുത്തു മുഷിച്ചിൽ ആണു. അതു കൊണ്ടു ഇന്നു കുറെ താമസിച്ചുപോയതിന്നു ഒരു ഉപായം പറകേ പാടുള്ളു. അവളുടെ പേർക്കു ഒരു പൊന്മാല തീർപ്പിപ്പാനായിട്ടു ഞാൻ ഇതുവരയും നിന്റെ വീട്ടിൽ ഇരിക്കയായിരുന്നു എന്നു നീകൂടെ ഒന്നു പറഞ്ഞേക്കണം. എന്നാൽ ഈ വിഡ്ഢി ഇവൻ അതൊക്കെ തെറ്റിക്കും. ഇവൻ എന്നെ വന്നു വിളിച്ചപ്പോൾ ഞാൻ അവനെത്തല്ലി. ഇനിക്കു വീടും ഭാര്യയും ഒന്നും ഇല്ലെന്നു പറഞ്ഞു ഒരായിരം അറബിക്കാശു ചോദിച്ചു എന്നിങ്ങനെയൊക്കെപ്പറഞ്ഞുകൊള്ളുന്നുവല്ലോ. എടാ നീ ഇനി ഇപ്രകാരമൊക്കെയുംഅവളൊടുചെന്നു പറഞ്ഞുവോ? ഇതിന്റെ സാരമെന്തെടാ. ഞങ്ങൾ തമ്മിൽ കടിപിടി കൂടുന്നതു കണ്ടു നിനക്കു ചരിക്കേണം ഇല്ലയോ?

എ. ഡ്രോമി - അവിടേക്കു ബോധിച്ചതൊക്കെയും പറഞ്ഞുകൊണ്ടാട്ടെ. ഉണ്ടായ പരമാർത്ഥമൊക്കെയും ഞാൻ പറഞ്ഞു. നിങ്ങളുടെ വിരൽ അഞ്ചും ഇപ്പോഴും എന്റെ ചെള്ളയ്ക്കു കിടപ്പുണ്ടായിരിക്കും.

എ.അന്റി - നീ ഒരു കഴുത ആകുന്നു.

എ.ഡ്രോമി - അതു പരമാർത്ഥം തന്നെ. അതല്ലയോ ഞാൻ ഈ പാടുകേടൊക്കയും ഏറ്റുകൊള്ളുന്നതു?

എ. അന്റി - എടോ ബൽതാസ്സേർ തന്റെ പേർക്കായി വിശേ [ 23 ] ഷാൽ ഒന്നും ഒരുങ്ങിയിട്ടില്ലെങ്കിലും വരൂ. തീൻ കഴിഞ്ഞിട്ടു പോകാം.

ബൽതാസ്സേർ - സൽക്കാരത്തിൽ ഭക്ഷണസാധനങ്ങളുടെ പെരുപ്പമല്ല നോക്കുവാനുള്ളതു. ക്ഷണിക്കുന്ന ആളിന്റെ സ്നേഹവും സന്തോഷവും അത്രേ.

എ. അന്റി - അതു തന്നെപ്പോലെയുള്ള ലുബ്ധന്മാരുടെ പ്രമാണമാകുന്നു. നില്ക്ക വാതിൽ അടച്ചിരിക്കുന്നു. ഡ്രോമിയോ വല്ലവരയും വിളിച്ചു. ഇതു തുറപ്പാൻ പറക.

എ. ഡ്രോമി - എടാ തോമാസേ! എടീ മര്യാളെ! റോസെ! ഈ വാതിലങ്ങോട്ടു തുറക്ക.

സൈ. ഡ്രോ - (അകത്തു) എടാ ഛീ. അതാരടാ പോടാ, മണ്ടത്തലയാ, പെരുവായാ. ഇപ്പോൾ തുറക്കയില്ല. അല്പം താമസിച്ചേ തുറക്കുന്നുള്ളു.

എ. ഡ്രോമി - ഇതു ഏതു തെമ്മാടിയെ ആകുന്നു ഈ വാതുക്കൽ നിർത്തിയിരിക്കുന്നത്? യജമാനൻ വന്നു പുറത്തു നില്പാൻ തുടങ്ങിയിട്ടു ഇപ്പോൾ എത്ര നാഴികയായി.

സൈ. ഡ്രോമി - അങ്ങേരു നിന്നു കാലുകഴെക്കാതെ തിരിച്ചു പോയി. തെല്ലു വെയിലാറുമ്പോൾ വരുവാൻ പറക.

എ. അന്റി - അതു ആരടാ അവിടെ അകത്തു പറയുന്നതു? ഹേ - തുറക്ക.

സൈ. ഡ്രോമി - അയ്യോ അത്ര പേടിപ്പിക്കില്ലേ. ഇന്നപ്പോൾ തുറക്കുമെന്നു ഞാൻ പറയാം. ഇന്നവകെക്കു എന്നു എന്നോടു പറയേണം.

എ. അന്റി - ഇന്നവകെക്കെന്നോ? ഞാൻ ഇന്നു തീൻ തിന്നില്ല ആ വകെക്കു.

സൈ. ഡ്രോമി - എന്നാൽ ഇന്നു ഇവിടെനിന്നു തിന്നാമെന്നു ഓർക്കേണ്ട. പോയി പിന്നെ ഒരിക്കൽ വന്നാട്ടെ.

എ. അന്റി - എടാ എന്നെപ്പുറത്തിട്ടു എന്റെ വീട്ടിന്റെ വാതിലും അടെച്ചുംകൊണ്ടു നില്ക്കുന്നതു ഇതേതവനെടാ?

സൈ.ഡ്രോമി - തത്സമയത്തേക്കു നിയമിക്കപ്പെട്ട ഒരു വാതിൽ കാവൽക്കാരൻ. എന്റെപേർ ഡ്രോമിയോ എന്നു. എന്താ ഇപ്പോൾ നിറഞ്ഞുവോ? ഇനിയും അതു അറിയാഞ്ഞിട്ടു എന്നുവേണ്ടാ. [ 24 ] എ.ഡ്രോമി -- എടാ തെമ്മാടീ നീ ഇപ്പോൾ എന്റെ സ്ഥാനം അപഹരിച്ചതുകൂടാതെ പേരും എടുത്തുകൊണ്ടുവോ? ഇന്നു മുഴുവനും നീ ഡ്രോമിയോ ചമഞ്ഞിരുന്നെങ്കിൽ നിനക്കിപ്പോൾ ഒട്ടു മതി വന്നേനെ.

ലൂസി - (അകത്തുനിന്നു) ഡ്രോമിയോ എന്താ അവിടെ വാതുക്കൽ ഒരു അരവം കേൾക്കുന്നതു?

എ.ഡ്രോമി - അതാരു ലൂസിയമ്മയോ ? വാതിൽ തുറന്നു യജമാനനേ അകത്തോട്ടുകേറ്റുവാൻ പറക.

ലൂസി - ഇല്ലില്ല. ഇത്ര താമസിച്ചുവന്നാൽ അകത്തോട്ടു കേറ്റുകയില്ലെന്നുതന്നെ നിന്റെ യജമാനനോടു പറഞ്ഞേരെ.

എ.ഡ്രോമി - ഇതു കേട്ടിട്ടു ചിരിവരുന്നു എന്നല്ലാതെ എന്താ പറവാനുള്ളതു.

എ.അന്റി - എടാ അകത്തു നില്ക്കുന്ന തുമേ നീ വാതിൽ തുറക്കുമോ ഇല്ലയോ?

സൈ.ഡ്രോമി - ആരെപ്രതിയാ ഞാൻ വാതിൽ തുറക്കേണ്ടയതു?

എ.ഡ്രോമി - യജമാനനേ ഉറച്ചു മുട്ടുക.

ലൂസി - കൈ കഴെക്കുന്നതുവരെ മുട്ടട്ടെ.

എ.അന്റി - ഞാൻ വാതിൽ ചവിട്ടിപ്പൊളിച്ചു അങ്ങോട്ടു കേറി വന്നാൽ എല്ലാവർക്കും കുറേ പുളിക്കുമായിരിക്കും കേട്ടോ.

ലൂസി - എന്തിന്നു അത്ര വിഷമിക്കുന്നു. ഇതു കോടും കച്ചേരിയും ആമവും പാറാവും ഒന്നും ഇല്ലാത്ത ഒരു ദിക്കില്ലല്ലോ.

അഡ്രി - ഇതാരാണെന്നു പറഞ്ഞു വാതില്ക്കൽ കടന്നു ഇത്ര പൊടിച്ചുവാരുന്നതു.

സൈ. ഡ്രോമി - എന്റെ അമ്മേ ഇവിടെ അല്ലയോ തന്തെക്കു മുമ്പെ പിറന്ന ഒരുകൂട്ടം പിളേള്ളർ വന്നു കിടന്നുംകൊണ്ടു വാതിൽ ചവിട്ടിപ്പൊളിപ്പാനും മറ്റും ഭാവിക്കുന്നതു.

എ.അന്റി - അതാരാ ആ പറയുന്നതു. എന്റെ ഭാര്യയല്ലയോ? അല്ല നീ കൂടെ അവിടെ ഇരുന്നുങ്കൊണ്ടൊ ഞങ്ങളെ ഇവിടെ നിറുത്തി വിഷമിപ്പിക്കുന്നതു? [ 25 ] അഡ്രി - പോടാ പോക്കിരി നിനക്കേതാ ഭാര്യ എന്റെ വാതുക്കൽനിന്നു വേഗം പൊയ്ക്കൊള്ളുന്നതു നിനക്കു നല്ലതു.

എ. ഡ്രോമി - യജമാനനെ അകത്തോട്ടു കേറിയാൽ ഉടനെ നമുക്കു ഈ വാതുക്കൽ നില്ക്കുന്ന തെമ്മാടിക്കിട്ടു നല്ലപോലെ നാലു കൊടുക്കേണം.

അൻജീലൊ - ഇവിടെയൊന്നും നല്ല പന്തിയാകുമെന്നു ഇനിക്കു തോന്നുന്നില്ല.

ബൽതാസ്സേർ - വീട്ടുകാരനും വിരുന്നുകാരനും എല്ലാം ഉറി പോലെ പോകേ ഉണ്ടാവൂ.

എ. അന്റി - ഡ്രോമിയോ നീ ചെന്നു വല്ലതും എടുത്തുകൊണ്ടുവാ. ഞാൻ ഈ വാതിൽ ഇടിച്ചുപൊളിക്കട്ടെ.

സൈ. ഡ്രോമി - താപ്പായി. ഇവിടെ വല്ലിടവും ഇടിച്ചുപൊളിച്ചാൽ ആ പൊളിക്കുന്നവന്റെ തല ഞാനും ഇടിച്ചുപൊളിക്കും.

എ. അന്റി - എടാ നീ ചെന്നു ഒരു കോടാലിതന്നെ വാങ്ങിക്കൊണ്ടുവാ.

ബൽതാസ്സേർ - ഹേ അതു ശരിയല്ല. ബഹുജനങ്ങളെ ശങ്കിക്കേണ്ടായോ? നിങ്ങളുടെ ഭാര്യയിൽ ഇതുവരെ കണ്ടിട്ടുള്ള സൽഗുണങ്ങളേയും സുകൃതങ്ങളേയും കുറിച്ചു ഓർത്താൽ അവർ ഇപ്പോൾ നമ്മെപ്പുറത്തിട്ടു വാതിൽ അടച്ചുകളഞ്ഞതിനും ഏതാണ്ടോ മതിയായ കാരണം ഉണ്ടായിരിക്കുമെന്നേ വിചാരിപ്പാനുള്ളു. അതുകൊണ്ടു എന്റെ ഈ ഗുണദോഷം കേൾക്ക. നമുക്കു വല്ല അഗാരത്തിലും ചെന്നു തീൻ കഴിച്ചശേഷം പിന്നെ വൈകുന്നേരത്തു വന്നു ഇതിന്റെ കാരണം തിരക്കിക്കൊള്ളുന്നതത്രേ യുക്തം. ആയതല്ലാതെ ഈ നട്ടയ്ക്കാട്ടുച്ചെക്കു പട്ടണത്തിന്റെ നടുവിൽവെച്ചു വാതിൽ വെട്ടിപ്പൊളിക്കയും ധൃതിയുണ്ടാക്കുകയും ചെയ്യുമ്പോൾ പുരുഷാരം എന്തുമാത്രം വന്നുകൂടുമെന്നു തോന്നുന്നു. കാര്യമെന്തായാലും ഒരു ദുഷ്കേൾവിക്കും അപമാനത്തിന്നും ഇടയായിത്തീരും.

എ. അന്റി - ചങ്ങാതീ താൻ ആ പറഞ്ഞതു കാര്യം തന്നെ. എന്നാൽ നമുക്കു പൊർക്ക്യൂപ്പൈനിൽ പോയി തീൻ കഴിക്കാം. കയ്യിൽ കാശുണ്ടായാൽ അറിയാത്ത ഉമ്മായും അപ്പം തരികയില്ലയൊ? സ്വന്തവാതുക്കൽ മുട്ടിയാൽ തുറക്കാത്തപക്ഷം പിന്നെ തുറക്കുന്ന വാതി [ 26 ] ല്ക്കൽ മുട്ടുകയല്ലാതെ നിർവ്വാഹമുണ്ടൊ? അൻജീലൊ നീ പോയി വെഗം ആ മാലകുറ്റംതീർത്തു പൊർക്ക്യൂപ്പൈനിൽ കൊണ്ടുവന്നേരെ. അതെന്റെ ഭാര്യയുടെ പേർക്കായിട്ടു നിശ്ചയിച്ചിരുന്നതാണെങ്കിലും അവളുടെ ഇന്നത്തെ തുടക്കം കണ്ടാറെ അവൾക്കു കൊടുപ്പാൻ മനസ്സില്ല. അവൾക്കു ദണ്ഡം കൊൾവാനായിട്ടു അതു ഞാൻ ആ തേവിടിച്ചിക്കു കൊടുത്തേക്കുന്നുണ്ടു.

അൻജീലോ - വേണ്ടതില്ല. കുറേത്താമസിക്കുമ്പോൾ അവിടെക്കൊണ്ടുവന്നേക്കാം.

എ. അന്റി - എനിക്കു കുറെ പണച്ചിലവു വന്നാലും ശരി അവളെ ഞാനൊന്നു പഠിപ്പിച്ചേലെ സമ്മതിക്കൂ. (എന്നിപ്രകാരം ഭാര്യയെക്കുറിച്ചു പറഞ്ഞുങ്കൊണ്ടു വലിയൊരു മനക്ലേശത്തോടുകൂടെ തീനിന്നു പോയി)