ആൎയ്യവൈദ്യചരിത്രം/അവതാരിക
←മുഖവുര | ആൎയ്യവൈദ്യചരിത്രം (ചരിത്രം) രചന: അവതാരിക |
പ്രസ്താവന→ |
ഹിന്തുക്കളായ നമ്മൾ ഓരോ ചരിത്രങ്ങളെ പ്രദിപാദിക്കുന്ന പുരാണങ്ങൾ കാവ്യങ്ങൾ മുതലായ ചില ഗ്രന്ഥങ്ങളെ പരിചയിച്ചുവരുന്നുണ്ടെങ്കിലും, അവകളിൽ അത്യുക്തി അതിശയോക്തി മുതലായ അലങ്കാരപ്രയോഗങ്ങളെക്കൊണ്ടും കല്പിതങ്ങളായ വർണ്ണനാവൈഭവങ്ങളെക്കൊണ്ടും ശരിയായ ചരിത്രത്തെ മനസ്സിലാക്കുവാനുള്ള വഴികൾ വളരെ ചുരുക്കമായിട്ടുതന്നേ കാണപ്പെടുന്നുള്ളൂ. എന്നുമാത്രമല്ല, ഓരോ ചരിത്രാംശങ്ങളുടെ കാലങ്ങളെ ശരിയായി പ്രദിപാദിക്കുക എന്നുള്ള അംശത്തിൽ ആവക ഗ്രന്ഥങ്ങൾ ശ്രദ്ധവെച്ചതായി കാണുന്നതുമില്ല.
ഇംഗ്ലീഷുകാർ, അല്ലെങ്കിൽ പുതിയ ആലോചനാശക്തിയുള്ളവർ, ഇതിന്നു വിപരീതമായി അതാതു സമയങ്ങളിലുള്ള എല്ലാ വസ്തുക്കളുടേയും ചരിത്രങ്ങളെ യഥാർത്ഥസ്ഥിതിയിൽതന്നെ ഗ്രന്ഥരൂപേണ എഴുതിസൂക്ഷിച്ചുവരുന്നുണ്ടെന്നു മാത്രമല്ല, പണ്ടു ചരിത്രങ്ങളില്ലാതെ കിടക്കുന്ന പലേ വസ്തുക്കളുടേയും യഥാർത്ഥചരിത്രങ്ങളെ ക്കൂടി അനേകം ഗ്രന്ഥങ്ങളെ പരിശോധിച്ചും പലവിധത്തിലുള്ള അൻവേഷണങ്ങൾ നടത്തിയും ശരിയായി സമ്പാദിച്ചുവരുന്നുണ്ടെന്നുള്ള സംഗതി ഏറ്റവും സന്തോഷഹേതുവും, അവരുടെ ഈ സ്വഭാവം നമ്മൾക്ക് അവരിൽനിന്നു പഠിക്കേണ്ടതായ പല സ്വഭാവങ്ങളുമുള്ള കൂട്ടത്തിൽ പ്രധാനമായി ഗണിക്കത്തക്കതുമാണെന്നു സധൈൎയ്യം പറയാവുന്നതാകുന്നു.
പ്രകൃതമായ ഈ 'ആൎയ്യവൈദ്യചരിത്രം' മേൽക്കാണിച്ചവി [ vi ] ധത്തിൽ ഇന്ത്യയിലെ യോഗ്യനായ ഒരു രാജാവിനാൽ ഇംഗ്ലീഷു ഭാഷയിലെഴുതപ്പെട്ട 'ആൎയ്യവൈദ്യശാസ്ത്രത്തിന്റെ ഒരു ചുരുക്കമായ ചരിത്രം' എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി 'ധൻവന്തരി'യുടെ ഒരു ഉടമസ്ഥനും മാനേജരുമായ പി.വി. കൃഷ്ണവാരിയർ അവർകളാൽ എഴുതപ്പെട്ടിട്ടുള്ളതാണു. എന്നാൽ ഇതു മേല്പറഞ്ഞ ഇംഗ്ലീഷുപുസ്തകത്തിന്റെ ഒരു അനുപദതർജ്ജമയല്ലെന്നുമാണു അറിയുന്നത്.
ഈ ചരിത്രപുസ്തകത്തിൽ ഹിന്തുക്കളുടെ പ്രാചീനപരിഷ്കാരം, പണ്ടെത്തെ ഹിന്തുവൈദ്യ ഗ്രന്ഥകാരന്മാർ, സൃഷ്ടിയെക്കുറിച്ചുള്ള ഹൈന്ദവസിദ്ധാന്തം, ആർത്തവകാലത്തെ ചൎയ്യ, ഹിന്തുക്കൾ മനസ്സിലാക്കിയപ്രകാരമുള്ള ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ, ഹിന്തുക്കളുടെ വൈദ്യശാസ്ത്രസിദ്ധാന്തം, ഹിന്തുക്കളുടെ ഭേഷജകല്പം, രോഗങ്ങളുടെ നിദാനലക്ഷണ ചിത്സകളെക്കുറിച്ച് എഴുതിയ ഹിന്തുഗ്രന്ഥകാരന്മാർ, ഒരു വൈദ്യന്റെ ഗുണങ്ങളും സാദ്ധ്യാസാദ്ധ്യ വിചാരവും, ഇന്ത്യയിലെ ശസ്ത്രവിദ്യയും അതിന്റെ അഭ്യുദയവും അധ:പതനവും, ഹിന്തുവൈദ്യ ശാസ്ത്രത്തിന്നു സംഭവിച്ച മാറ്റങ്ങൾ ഈവക വിഷയങ്ങളെ പതിനൊന്ന് അദ്ധ്യായങ്ങളെ ക്കൊണ്ടു വിശദമായി പ്രതിപാദിച്ച് 12-ാം അദ്ധ്യായത്തിൽ ആൎയ്യവൈദ്യചരിത്രത്തിന്റെ പലേ സ്ഥിതികളെപ്പറ്റിയുമുള്ള ഒരു പ്രസംഗത്തോടുകൂടി ഗ്രന്ഥസമാപ്തി വരുത്തുന്നു.
പ്രസ്തുതപുസ്തകത്തിന്റെ ഒടുവിൽ ഇതിന്റെ ഏഴും പത്തും അദ്ധ്യായങ്ങളിൽ വിവരിക്കപ്പെട്ട യന്ത്രങ്ങളുടേയും ശസ്ത്രങ്ങളുടെയും ചിത്രങ്ങൾ നമ്പ്രിന്റെ ക്രമത്തിൽ കാണിച്ച് അതുകളുടെ പേരുകളെ അതാതുഭാഗത്തിൽതന്നെ കൊടുത്തിരിക്കുന്നതു വളരെ ആവശ്യവും ഉചിതവുമായിത്തീർന്നിരിക്കുന്നു.
ഇത് ഒരു ചരിത്രപുസ്തകമാണെങ്കിലും ആൎയ്യവൈദ്യശാ [ vii ] സ്ത്രപ്രകാരം ചികിത്സിക്കുവാൻ തുടങ്ങുന്ന ഏതു വൈദ്യന്മാർക്കും വൈദ്യശാസ്ത്രത്തിന്റെ എല്ലാ സ്ഥാനങ്ങളിൽനിന്നും അറിയേണ്ടതായ പലേ വിഷയങ്ങളും ഇതിൽ പല ഘട്ടങ്ങളിലുമായി വേണ്ടവിധം വെളിപ്പെടുത്തീട്ടുള്ളതുകൊണ്ട് ഇതിന്റെ പരിശീലനം ആ വക വൈദ്യന്മാർക്ക് അത്യാവശ്യമാണെന്നു മാത്രമല്ല, ഇതുപോലെ ആൎയ്യവൈദ്യശാസ്ത്രത്തിലുള്ള പലവിധവിഷയങ്ങളെ പ്രതിപാദിക്കുന്ന മറ്റ് ഒരു ഗ്രന്ഥവും നമ്മുടെ ഇടയിൽ ഇതുവരെ നടപ്പായിക്കണ്ടിട്ടില്ലാത്തതുകൊണ്ട് ഇതു നമുക്ക് കൂടാതെ കഴിപ്പാൻ നിവൃത്തിയില്ലാത്തതു കൂടിയാണെന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
ഇതിൽ വൈദ്യശാസ്ത്രത്തെപ്പറ്റിയല്ലാതെ, ജ്യോതിശ്ശാസ്ത്രം, ധർമ്മശാസ്ത്രം, രത്നശാസ്ത്രം, ശ്രൗതവിധി, മന്ത്രശാസ്ത്രം, പാകശാസ്ത്രം മുതലായ മറ്റു പലേ ശാസ്ത്രങ്ങളുടേയും ചിലചരിത്രങ്ങളും തത്വങ്ങളും കൂടി പ്രതിപാദിക്കപ്പെട്ടിട്ടുള്ളതിനാൽ ആവക ശാസ്ത്രങ്ങളിൽ പരിചയിക്കുന്നവർക്കും ഇത് ഉപകാരപ്രദമായി വരുന്നതാകുന്നു.
ഹിന്തുവൈദ്യശാസ്ത്രത്തിൽ കിടപ്പുള്ള അനേകം മഹാഗ്രന്ഥങ്ങളെ ആമൂലചൂഡം കൂലങ്കഷമായി പരിശോധിക്കാത്ത ഒരാൾക്ക് ഇങ്ങിനെ ഒരു ഗ്രന്ഥം ഉണ്ടാക്കുവാൻ കഴിയുന്നതല്ലെന്ന് ഇതിന്റെ പരിശോധനയിൽ സധൈര്യം പറയാവുന്നതാണു.
ഹിന്തുക്കൾ പ്രമാണപ്രകാരം വിശ്വസിച്ചുപോരുന്ന പ്രാരബ്ധകർമ്മത്തിന്റെ സ്വരൂപത്തെ നല്ലവണ്ണം ആലോചിക്കുകയും അതിൽ ഓരോ രോഗവിശേഷങ്ങൾക്കു ഓരോ പാപവിശേഷങ്ങൾ കാരണമായിത്തീരുമെന്നും മറ്റുമുള്ള പ്രാചീനമതത്തെകൂടി എടുത്തു കാണിക്കുകയും ഇതിൽ ചെയ്യാതിരുന്നിട്ടില്ല.
ചില ചില ഘട്ടങ്ങളിൽ സുശ്രുതൻ, ശാർങ്ഗധരൻ, വാഗ്ഭടൻ മുതലായ ചിലരുടെ വചനങ്ങളെകൂടി എടുത്തെഴുതുകയും [ viii ] അതുമൂലം പ്രാചീനന്മാരായ ആൎയ്യവൈദ്യന്മാർക്കുണ്ടായിരുന്ന ഓരോ വിശേഷജ്ഞാനങ്ങളെ കൂടി എടുത്തുകാണിച്ചു യുക്തികൊണ്ടു സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
അതിന്നു പുറമെ ശരീരത്തിലുള്ള ഞരമ്പുകൾ, അസ്ഥികൾ, നാഡികൾ, തോലുകൾ മുതലായവയുടെ ഉൽപത്തിയേയും അവയുടെ വകവിവരങ്ങളേയും കുറിച്ചുള്ള നിരൂപണവും ഇതിൽ ചുരുക്കത്തിൽ ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇതിൽ കാണിച്ച ചില ചരിത്രഭാഗങ്ങളിൽ ചില പൗരാണികവചനങ്ങളോടു വിസംവാദം കാണപ്പെടുന്നുണ്ടെങ്കിലും ആയത് അനേകപുരാണവചനങ്ങൾക്ക് ആപാതത്തിൽ കാണപ്പെടുന്ന അനോന്യവിരോധങ്ങളുടെ കൂട്ടത്തിൽ ഒന്നാണെന്നു മാത്രമേ വിചാരിപ്പാൻ വഴിയുള്ളൂ.
ഇപ്പോൾ കാലക്രമം കൊണ്ടു ആൎയ്യവൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള അറിവു തുലോം ചുരുങ്ങിവന്നിരിക്കുന്നു എന്നുമാത്രമല്ല ചിലർക്ക് ഇതിനെപ്പറ്റി നിന്ദകൂടി ജനിച്ചുതുടങ്ങിയിരിക്കുന്ന ഈ സമയത്ത് ഇതിന്റെ പഴയകാലത്തുണ്ടായിരുന്ന യഥാൎത്ഥമായ ചരിത്രത്തെ പ്രതിപാദിക്കുന്ന വഴിയിൽ അറിവാനിടയാക്കിത്തീൎക്കുന്ന പ്രസ്തുതപുസ്തകത്തിന്റെ ആവിർഭാവം അവസരോചിതവും ചെറുപ്പക്കാരനായ മിസ്റ്റർ വാരിയരുടെ ഈ വിഷയത്തിലുള്ള പരിശ്രമം ഏറ്റവും ശ്ലാഘനീയവുമാണെന്നു പറഞ്ഞുകൊണ്ടു തൽക്കാലം ഈ അവതാരികയെ ഇവിടെ അവസാനിപ്പിക്കുന്നു.
എന്ന് | ||
പട്ടാമ്പി 1-11-1905 |
പുന്നശ്ശേരി നമ്പി നീലകണ്ഠശൎമ്മാ. |