ആൎയ്യവൈദ്യചരിത്രം/മുഖവുര
←ആൎയ്യവൈദ്യചരിത്രം | ആൎയ്യവൈദ്യചരിത്രം (ചരിത്രം) രചന: മുഖവുര |
അവതാരിക→ |
[ i ]
"ആര്യവൈദ്യചരിത്രം" എന്ന പ്രസ്തുതപുസ്തകം പുറത്തു വരുവാനുണ്ടായ സന്ദർഭം ഒന്നാമതായി ഇവിടെ പ്രസ്താവിക്കട്ടെ.
ആര്യവൈദ്യസമാജം വകയായി കൊല്ലം തോറും നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വൈദ്യപരീക്ഷയിൽ ഉത്തമപരീക്ഷയ്ക്കു "ആര്യവൈദ്യചരിത്രം" എന്ന ഒരു വിഷയം ഉൾപ്പെടുത്തിയപ്പോൽ വിദ്യർഥികൾക്ക് അതിന്നു തക്കതായ ഒരു പാഠപുസ്തകം കൂടി ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടുന്ന ഭാരം സമാജത്തിലെ അധികാരസ്ഥന്മാർക്കു നേരിട്ടു. അതിന്നു വേണമെങ്കിൽ, നിർഭാഗ്യവശാൽ ഈ ഒരു വിഷയത്തിൽ നമ്മുടെ പൂർവ്വന്മാർ അശേഷം ശ്രദ്ധ വെച്ചിട്ടില്ലാത്തതിനാൽ, ആര്യവൈദ്യശാസ്ത്രത്തിന്റെ എന്തെങ്കിലും ഒരു ചരിത്രം സംസ്കൃതത്തിലാകട്ടെ, മറ്റു നാട്ടുഭാഷ കളിലാകട്ടെ ഇതേവരെ ഉണ്ടായിട്ടുമില്ല. ആ സ്ഥിതിക്കു നമ്മുടെ ആവശ്യത്തിന്നു പുതുതായി ഒരു വൈദ്യശാസ്ത്ര ചരിത്രം ഉണ്ടാക്കുവാൻ ശ്രമിക്കണമെന്നും, അതിന്നു താൻ എന്താണു വേണ്ടതെന്നുവച്ചാൽ സഹായിക്കാമെന്നും സമാജസിക്രട്ടരിയും എന്റെ ജ്യേഷ്ഠനുമായ പി. എസ്സ്. വാരിയർ അവർകൾ എന്നോടു പറഞ്ഞു. അപ്പോൾ എനിക്കു പ്രസ്തുതചരിത്രത്തെപ്പറ്റി സ്ഥുലമായിട്ടെങ്കിലും ഒരു ജ്ഞാനമില്ലാതിരുന്നതിനാൽ ഈ കാര്യം ഏതു വിധത്തിലാണു നിർവഹിക്കേണ്ടതെന്നു വിചാരിച്ചു വലിയ പരിഭ്രമമായി. യതൊരു അവലംബവുമില്ലാതെ വല്ലതും ഒന്നു ശ്രമിച്ചു നോക്കുന്നത് എങ്ങിനെയാണു? ചുമരി [ ii ] ല്ലാതെ ചിത്രമെഴുതുവാൻ നിവൃത്തിയില്ലല്ലൊ. ഏതായാലും പ്രാചീനങ്ങളും ആർവ്വാചീനങ്ങളുമായ മിക്ക വൈദ്യ പുസ്തകങ്ങളും ഇയ്യിടയിൽ ബങ്കാളികളും ബോമ്പെക്കാരും മറ്റും പരിശോധിച്ച് അതാതിന്ന് അവസ്ഥാനുസരണം ഓരോ വിശേഷപ്പെട്ട പ്രസ്താവനയോടുകൂടി പ്രസിദ്ധപ്പെടുത്തീട്ടുള്ളതിനാൽ ആവക പുസ്തകങ്ങൾ കുറേ നോക്കിയാൽ ഏതാനും വിവരങ്ങൾ കിട്ടുമെന്നും, എന്നാൽ പണി തുടങ്ങാമെന്നും നിശ്ചയിച്ച് അതിന്നായി ശ്രമിച്ചുതുടങ്ങി. അങ്ങിനെ ഇരിക്കുമ്പോളാണു വടക്ക് ഒരു രാജാവായ താക്കോർ സാഹിബ്ബ് എന്ന മഹയോഗ്യൻ ഇതേ വിഷയത്തിൽ തന്നെ "ആര്യവൈദ്യശാസ്ത്രത്തിന്റെ ഒരു ചുരുക്കമായ ചരിത്രം" (A Short History of the Aryan Medical Science) എന്നു പേരായി ഇംഗ്ലീഷിൽ ഒരു പുസ്തകം വരുത്തി വായിച്ചപ്പോൾ എനിക്കുണ്ടായ കൃതാർത്ഥതക്ക് അവസാനമില്ല. ഇതിനെ അടിസ്ഥാന പ്പെടുത്തി സ്വല്പം ചില ഭേദഗതിയോടുകൂടി ഒരു പുസ്തകം എഴുതിയാൽ സമാജക്കാരുടെ ഉദ്ദേശ്യം നടക്കുമെന്ന് തോന്നുകയും, താമസിയാതെ ഈ പുസ്തകം എഴുതിത്തുടങ്ങുകയും ചെയ്തു.
ഇത് ഏകദേശം 1078 ഒടുവിലാണു. പിന്നെ ഞങ്ങളുടെ "ധന്വന്തരി" എന്ന വൈദ്യമാസിക തുടങ്ങുവാനും വളരെ താമസമുണ്ടായില്ല. അതിൽ എനിക്ക് മാനേജ്മെന്റിന്നു പുറമെ ലേഖനങ്ങളുടെ ഭാരം കൂടി കുറെ വഹിക്കേണ്ടിവന്നതിനാൽ എല്ലാ തവണയും വല്ലതും ചിലതു ഞാനും എഴുതേണ്ടതായി വന്നു. അപ്പോൾ ഞാൻ എഴുതിവന്നിരുന്ന ഈ വൈദ്യശാസ്ത്ര ചരിത്രം അതാതു ലക്കത്തിൽ ഫോറമായി പ്രസിദ്ധപ്പെടുത്താമെന്ന് നിശ്ചയിക്കുകയും, അങ്ങിനെ ഒന്നിലധികം സംവത്സരത്തിനുള്ളിൽ ഇത് ഒരു പുസ്തകമായിത്തീരുകയും ചെയ്തു. [ iii ]
ഈ പുസ്തകം താക്കോർ സാഹിബ്ബ് എന്ന മഹാന്റെ ചരിത്രപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയതാണെന്ന് ഞാൻ മേൽ പ്രസ്താവിച്ചുവല്ലൊ. എന്നാൽ ഇത് അതിനെ മാതൃകയാക്കി എഴുതിയതാണെന്നല്ലാതെ അതിന്റെ ഒരു അനുപദ തർജ്ജമയല്ല. അതിൽ കാണുന്ന എല്ലാ ഭാഗങ്ങളും ആ ക്രമത്തിൽതന്നെ ഇതിൽ എടുത്തിട്ടുണ്ടെങ്കിലും ദുർല്ലഭം ചിലതു വിട്ടുകളയുകയും, ചിലതു പുതുതായി കൂട്ടി ച്ചേർക്കുകയും കൂടി ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇതിൽ അവിടവിടെ കാണുന്ന സംസ്കൃതപാഠങ്ങളെല്ലാം വിദ്യാർത്ഥികൾക്ക് ഉപകരിക്കണമെന്നുള്ള വിചാരത്താൽ ഞാൻ ഓരോ ഗ്രന്ഥങ്ങൾ നോക്കി എടുത്തിട്ടുള്ളതാണു.
ഇതിൽ കാണിച്ചിട്ടുള്ള യന്ത്രശസ്ത്രങ്ങളെപ്പറ്റിയും എനിക്കു രണ്ടുവാക്കു പറയുവാനുണ്ട്. ഇതിന്റെ ഏഴും പത്തും അദ്ധ്യായങ്ങളിൽ പറയുന്ന യന്ത്രങ്ങളും ശസ്ത്രങ്ങളും ആൎയ്യവൈദ്യഗ്രന്ഥങ്ങളിൽ വിവരിക്കപ്പെട്ടവയാണെങ്കിലും ആവക ഗ്രന്ഥങ്ങളിൽ ഇതിന്റെ ഒന്നും ഛായ കൊടുത്തിട്ടില്ലാത്തതുകൊണ്ട് വിദ്യാൎത്ഥികൾക്ക് അവയുടെ സ്വഭാവം നല്ലവണ്ണം മനസ്സിലാക്കുവാൻ വളരെ പ്രയാസമായിത്തീർന്നിട്ടുണ്ട്.[1] നമ്മുടെ ശസ്ത്രവിദ്യതന്നെ നാമാവശേഷമായിത്തീർന്നിട്ടുള്ള സ്ഥിതിക്ക് യന്ത്രശസ്ത്രങ്ങളുടെ സ്വഭാവം മനസ്സിലാക്കാതെതന്നെ നാട്ടു വൈദ്യന്മാർ ഇപ്പോൾ ഒരുമാതിരി കഴിഞ്ഞുകൂടുന്നുണ്ടെങ്കിലും ആൎയ്യവൈദ്യത്തെ കാലാനുസാരേണ പരിഷ്ക്കരിക്കേണമെന്നു വിചാരിക്കുന്നവർ ഒന്നാമതായി ദൃഷ്ടിവെക്കേണ്ടതു; ശസ്ത്രവിദ്യയുടെ കാൎയ്യത്തിലാണെന്ന് ആരും സമ്മതിക്കുന്നതാണല്ലൊ. അതുകൊണ്ട്, ഞങ്ങളുടെ തൽക്കാലസ്ഥിതി നോക്കുമ്പോൾ കുറെ സാഹസമായിരുന്നാലും [ iv ] വായനക്കാരുടെ-പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ-സൗകര്യത്തിന്നുവേണ്ടി ആര്യവൈദ്യ ശാസ്ത്രത്തിൽ പറയുന്ന മിക്ക യന്ത്രശസ്ത്രങ്ങളുടെയും ബ്ളോക്കുകൾ കൂടി ഇതിൽ ചേർത്തിട്ടുണ്ട്. എന്നാൽ ഈ ബ്ളോക്കുകൾ ഇത്രയും ഭംഗിയായി കിട്ടുവാൻ സാധിച്ചത് മ.രാ.രാ. അമ്പാടി നാരായണപൊതുവാൾ അവർകളുടെയും, മതിരാശി മെഡിക്കൽ കോളേജിൽ പഠിക്കുന്ന (ഇപ്പോൾ ചിങ്കൽ പെട്ട ദുൎഗ്ഗുണ പരിഹാര പാഠശാലാസൂപ്രണ്ടായിരിക്കുന്ന ഡാക്ടർ) പി. കൃഷ്ണവാരിയർ അവർകളുടെയും സഹായം കൊണ്ടാണെന്നും ഇവിടെ സന്തോഷ പൂർവ്വം പ്രസ്താവിക്കേണ്ടിയിരിക്കുന്നു.
ഇതു ഞാൻ സമാജക്കാരുടെ ആവശ്യം പ്രമാണിച്ച് എഴുതിയതാകയാൽ വൈദ്യ വിദ്യാർത്ഥികൾക്ക് ഇതുകൊണ്ട് ഗുണമുണ്ടാകുന്നപക്ഷം ഈ പ്രയത്നം സഫലമായി എന്നാണു എന്റെ വിശ്വാസം.
ഈ പുസ്തകം എഴുതുമ്പോൾ വൈദ്യഭാഗങ്ങളിൽ എനിക്കു നേരിടുന്ന സംശയങ്ങളെല്ലാം അതാതു സമയം തീർത്തുതന്ന് എന്നെ സഹായിച്ചിട്ടുള്ള ജ്യേഷ്ടൻ പി.എസ്സ്. വാരിയർ അവർകൾക്കും, എന്റെ അപേക്ഷപ്രകാരം ഇതിന്നു സാരവത്തായ ഒരു അവതാരിക എഴുതിത്തന്ന പുന്നശ്ശേരി നമ്പി നീലകണ്ഠശൎമ്മാവ് അവർകൾക്കും കൂടി എന്റെ വന്ദനം പറഞ്ഞ് ഈ പുസ്തകം ഞാൻ കേരളീയമഹാജനങ്ങളുടെ മുമ്പാകെ ഇതാ സമർപ്പിച്ചു കൊള്ളുന്നു.
- ↑ ഇയ്യിടയിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ള ദുർല്ലഭം ചില പഴയ വൈദ്യപുസ്തകങ്ങളിൽ യന്ത്രശസ്ത്രങ്ങളുടെ ഛായ കൊടുത്തിട്ടില്ലെന്നില്ല. എങ്കിലും അതുകൊണ്ട് കാൎയ്യം മുഴുവനും നടക്കുന്നതല്ല.