സഭാപ്രവേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സഭാപ്രവേശം

രചന:കുഞ്ചൻ നമ്പ്യാർ
[ 1 ]
സഭാപ്രവേശം


പറയൻ തുള്ളൽ
നമസ്തേവിഘ്നരാജാവേ!നമസ്തേവിശ്രുതാത്മാവേ
നമസ്തേവിശ്വധാതാവേ! നമസ്തേവൈരിജേതാവേ!
നമസ്തേപാർവതീനാഥ!നമസ്തേജാനകീനാഥ!
നമസ്തേഭാരതീനാഥനമസ്തേഭാർഗ്ഗവീനാഥ!
നരലോകോത്തമൻധാത്രീസുരലോകാധിപനെന്റെ
ഗുരുനാഥൻ ഗുണാംഭോധികരുണാശീതളസ്വാന്തൻ
പരിചോടെൻമനക്കാമ്പിൽ പരിശോഭിച്ചരുളേണം
പരമാനന്ദമൂർത്തേ!തേപദപത്മേവണങ്ങുന്നേൻ
കുറവില്ലാത്തൊരുകിള്ളികുറിശ്ശിശ്രീമഹാദേവൻ
കുറവെന്യേമനോരങ്‌ഗേനിറമോടേവിളങ്ങേണം
അറിഞ്ഞോരുകഥാഭാഗം കുറഞ്ഞൊന്നിസ്സഭതന്നിൽ
പറഞ്ഞുപോരുവാനായ്ഞാനുറഞ്ഞുവന്നിഹകേറി
നിറഞ്ഞുള്ളന്തണന്മാർവന്നിരിക്കുന്നസമക്ഷത്തു
പറഞ്ഞുകൊൾകയുംപാരംവിഷമമെന്നതേവേണ്ടു
പറയന്റെകുലംതന്നിൽപിറന്നുള്ളോരടിയങ്ങൾ
പറയുന്നപരമാർത്ഥമറിയുന്നജനംതുഛം
പറയിപെറ്റുളനാംപാക്കനാരെന്നുപുകഴ്ന്നൊരു
പറയപ്രൗഢനെക്കേട്ടാലറിയാതാരുമില്ലിപ്പോൾ;
മറകൾനാലിലുമുള്ളമതമെല്ലാമവന്നുള്ളിൽ;
മറക്രൂടാതിയലുന്നു,മറവിയുംതരുമ്പില്ല
കുറുപ്പത്തിലൊരുമാർഗ്ഗമുറപ്പിച്ചുമനക്കാമ്പിൽ
ചെറുപ്പത്തിൽപഠിച്ചതുനിരപ്പോടെപറഞ്ഞീടാം
അറപ്പുവിട്ടടിയങ്ങളറിയിക്കുന്നതുകേട്ടാൽ
ചെറുപ്പക്കാർക്കൊരുപന്തിവെറുപ്പുണ്ടായ്‌വരുമെന്നാൽ
കറുത്തഭാവവുംപൂണ്ടുമറുത്തുവന്നുടൻനമ്മെ
പുറത്തുമാറ്റുവാൻചാടിപ്പുറപ്പെട്ടെങ്കിലുംഞങ്ങൾ
തരിമ്പുമാറുകയില്ലെന്നറിഞ്ഞുകൊൾകെടോമുറ്റും
തരംപോലെപ്രയോഗിപ്പാനൊരുമ്പെട്ടുപുറപ്പെട്ടു
കരിമ്പുവില്ലനെച്ചുട്ടുകരിച്ചോരീശ്വരൻനല്ലോ-
രിരിമ്പുങ്കട്ടപോലുള്ളിലുറച്ചുവാണരുളുന്ന,
പരംപൂർണ്ണംപരബ്രഹ്മസ്വരൂപം,പാവനാകാരം
ചിരംപാലിച്ചരുളേണംചിന്മയാത്മൻ!നമസ്കാരം
തിരുവനന്തപുരേവിളങ്ങിനപത്മനാഭനമോസ്തുതേ
തരുണജലധരനികരതുലിതകളേബരായനമോസ്തുതേ
അരുണപങ്കജകോമളായതലോചനായനമോസ്തുതേ
ചരണസരസിജയുഗളനിപതിതനിഖിലദേവനമോസ്തുതേ
ഉന്നതോരുകിരീടകുണ്ഡലമണ്ഡനായനമോസ്തുതേ
ഉരഗവരമയശായന!ജയജയനളിനനാഭ!നമോസ്തുതേ
ഇന്ദിരാമണിമന്ദിരാമലസുന്ദരാങ്‌ഗനമോസ്തുതേ
ഇരവുപകലഹമജിതതവതനുചിന്തയാമിനമോസ്തുതേ
വഞ്ചിരാജകുലോത്തമൻകുലശേഖരപ്പെരുമാളഹോ
വടിവിലടിയനുവിനകളൊഴിവതിനാശ്രയംപരമാശ്രയം
സഞ്ചിതാഖിലധർമ്മകർമ്മസുനിർമ്മലാത്ഭുതപൗരുഷൻ
സകലരിപുകുലശലഭദഹനമഹാനുഭാവസുപൂരുഷൻ.
വിക്രമാതിശയങ്ങൾകൊണ്ടരിനൃപതിരാജ്യമശേഷമേ
ആക്രമിച്ചുടനാകവേപരിപാലനേനമഹോത്സവം
ശക്രലോകസമാനമാക്കിവരുത്തിവാണരുളീടിനാൻ,
അർക്കതുല്യഭുജപ്രതാപനശേഷഗുണനിധിപാതുമാം
പാക്കനാരുടെവംശലേശമതില്പിറന്നവനേഷഞാൻ
വാക്കിനാരൊടുമെത്തിനേർത്തുമടങ്ങിമാറുകയില്ലെടൊ

[ 2 ]

തീക്കനൽക്കുമടക്കമില്ലവനങ്ങൾഭസ്മമതാക്കുവാൻ
നീക്കമില്ലനിരപ്പിലുള്ളകവിപ്രബന്ധമതോതുവാൻ
മറുവശത്തുവരുന്നവന്റെ മനസിലുള്ളോരുതള്ളലും
മറിവുമവനുടെനെറിവുമൊരുവിധമറിവുമൊരു വകതുള്ളലും
പറയനോട്ഫലിക്കയില്ലതുപറകയല്ലറിയാമുടൻ
കറവുവരുവതിനെന്തുസംഗതിഗുരുജനങ്ങളിരിക്കവെ
സൽക്കവിപ്രവരൻചമച്ചകവിപ്രബന്ധനിബന്ധനം
തസ്‌കരിച്ചുവലിച്ചുകെട്ടിയകഷ്ടിപിഷ്ടികവിത്തരം
ദുഷ്ക്കവിക്കോരുനാണമില്ലതുചൊല്ലുവാനിഹവല്ലതും
ശുഷ്കബുദ്ധികളെന്തറിഞ്ഞുപറഞ്ഞതൊക്കെവൃഥാഫലം
മധുരമാകിനപഞ്ചതാരയിൽവേപ്പിലപ്പൊടികൂട്ടിയാൽ
വിധുരമായ്‌വരുമാരുമങ്ങുഭുജിക്കയില്ലതുനിർണ്ണയം
കൈതകറുമൊഴിമുല്ലമാലതിമാലതന്നിലിടയ്ക്കിടെ
കൂവളക്കുസുമങ്ങൾചേർത്തകണക്കിനേകവികെട്ടിയാൽ
നല്ലപരിമളമുള്ളതൊക്കെമറിച്ചുദുഷ്ടതായ്‌വരും
തെല്ലുസംശയമില്ലദുഷകവിവാക്കുകൾക്കരുതാരുമേ
സജ്ജനത്തിനുസംസ്കൃതക്കവികേൾക്കകൗതുകമെങ്കിലും
ദുർജ്ജനത്തിനതിങ്കലൊരുരസമേശുകില്ലിതുകാരണം
ഭടജനങ്ങടെസഭയിലുള്ളോരുപടയാണിക്കിഹചേരുവാൻ
വടിവിയെന്നൊരുചാരുകേരളഭാഷതന്നെചിതംവരൂ
കടുപടെപ്പടുകഠിനസംസ്കൃതവികടകടുകവികേറിയാൽ
ഭടജനങ്ങൾധരിക്കയില്ലതിരിക്കുമൊക്കെയുമേറ്റുടൻ
ഭാഷയേറിവരുന്നനല്ലമണിപ്രവാളമതതെങ്കിലോ
ദൂഷണംവരുവാനുമില്ലവിശേഷഭൂഷണമായ്‌വരും
വേഷസങ്‌ഗതിയോടുചേർന്നൊരുഭാഷവേണമതെങ്കിലേ
ശേഷമുള്ളജനത്തിനുംപരികോഷമെന്നുവരൂദൃഢം
ഘോരമാകിനദുരിതജലധികടന്നുമറുകരപറ്റുവാൻ
ഭാരതംകഥസാരമെന്നുധരിച്ചുകൊൾകമഹാജനം
വീരനായസുയോധനന്റെസഭാപ്രവേശവിഡംബനം
കാരണേനഭവിച്ചവാർത്തചുരുക്കിഞാനിഹചൊല്ലുവൻ
മാത്തൂരംബികേനിൻമെയ്‌പാർത്തുഞാൻവണങ്ങുന്നേൻ
ആർത്തികളൊഴിച്ചെന്നെക്കാത്തിടേണമേദേവി
ഷോണീമണ്ഡലംതന്നിലൊക്കവേപുകഴ്ന്നൊരു
ഷോണീവാനവർവീരൻദ്രോണമ്പള്ളിയാചാര്യൻ
ക്ഷീണമെന്നിയേകാത്തീടേണമിപ്പരിഷയ്ക്കു
പ്രാണപഞ്ചകത്തിന്റേത്രാണത്തിന്നനുകൂലൻ
ആചാര്യോത്തമൻബാലരവിയെന്നുപുകഴ്ന്നൊരു
ശ്രീചാരുസ്വരൂപന്റെചരണാംഭോരുഹംരണ്ടും
ആചാരോചിതംകൂപ്പിക്കവിചൊൽവാൻതുടങ്ങുന്നേൻ
വാചാവർണനംചെയ്‌വാൻവശമില്ലെങ്കിലുമെന്റെ
ദേശികേശ്വരൻതന്റെദയകൊണ്ടുകുറഞ്ഞൊന്നു
ക്ലേശിച്ചാലൊരുമാർഗംവരുമെന്നാഗ്രഹംമൂലം
കേവലപ്രിയന്മാരാംപാന്ധവൻമാരുടെവൃത്തം
കേവലമൊരുഭാഗംകഥിക്കുന്നുബുധന്മാരേ!
സോമവംശാംബുധിചന്ദ്രൻധർമരാജൻമഹാരാജൻ
ഭീമസേനാർജ്ജുനന്മാരുംആശ്വിനേയാത്മജന്മാരും
കാമിനിമാർമണിപഞ്ചാലിയും,പിന്നെസുഭദ്രയും
ശ്രീമതിയാകിനകുന്തീദേവിയുംതൽസഖിമാരും
വാസവപ്രസ്ഥമെന്നുള്ളവാസഗേഹേവഴിപോലെ
വാസസൗഖ്യോദയത്തോടെരമിച്ചുമേവിനകാലം
വാസവന്റെപുത്രനായോരർജ്ജുനൻവാണിരിക്കുന്ന
വാസഗേഹേവന്നുകൂപ്പിമയനാംദാനവശ്രേഷ്ഠൻ

[ 3 ]

സ്വാഗതംദാനവാശാരിപ്പണിക്കൻനമ്മുടെമുമ്പിൽ
ആഗമിച്ചീടുവാനെന്തുകാരണംകൗശലക്കാരാ!
വേഗമോടിങ്ങനെനിന്നെക്കണ്ടുകൊൾവാനെനിക്കിപ്പോൾ
യോഗമുണ്ടായതുമെന്റെഭാഗധേയോദയംതന്നെ
ഇപ്രകാരംഫൽഗുനന്റെവാക്കുകേട്ടുപ്രസാദിച്ചു
ശില്പിവീരൻമയൻമെല്ലെച്ചൊല്ലിനാനാദരവോടെ
അപ്രമേയപ്രഭാവശ്രീമന്ദിര!സുന്ദരാകാര!
ത്വൽപ്രസാദംകൊണ്ടുജീവിച്ചീടിനേനേഷഞാൻപാർത്ഥ!
ഖാണ്ഡവംകാനനംപാടേചുട്ടെരിച്ചില്ലയോമുന്നം
പാണ്ഡവ!ഫൽഗുന!നീയുംപങ്കജാക്ഷൻഭഗവാനും
ഗാണ്ഡിവംചാപവുംതേരുംലഭിച്ചുനീവാസവന്റെ
താണ്ഡവാഡംബരാടോപംശമിപ്പിച്ചില്ലയോവീര?
ചക്രവുംകൊണ്ടുടൻനമ്മെക്കൊല്ലുവാനായണഞ്ഞോരു
പ്രക്രമത്തെശമിപ്പിച്ചുതൽക്കനിവുമുളവാക്കി
ശ്രീഘ്രമെന്നെക്കാത്തുരക്ഷിച്ചില്ലയോനീമഹാത്മാവേ!
അന്നുചെയ്തോരുപകാരത്തിന്നുഞാൻപ്രത്യുപകാരം
എന്നുചെയ്‌വാൻമതിയാമെന്നുള്ളഭാവംനമുക്കില്ല
ആനവിറ്റുപണമുണ്ടാക്കുന്നവരെത്തെളിയിപ്പാൻ
ചേനവിറ്റുപൊറുക്കുന്നചങ്ങാതിമതിയാമോ
പൊന്നുവാരികൊടുക്കുന്നധനികന്മാർക്കൊരുകാക്ക
പ്പൊന്നുമാത്രംകാഴ്ചവച്ചുപ്രസാദത്തെവരുത്താമോ
പ്രാണദാനംചെയ്തവന്നുപകരമൊന്നുപകാരം
വേണമെന്നുനിരൂപിച്ചാലിങ്ങുസാധിക്കുമോപാർത്ഥ
കാണമൊന്നുംകൊതിച്ചിട്ടല്ലുത്തമന്മാരഹോദീന
ത്രാണമെന്നുള്ളധർമ്മത്തെത്താനറിഞ്ഞാചരിക്കുന്നു
ഇക്ഷിതിമണ്ഡലേമേവുന്നൊരുവേഴാമ്പലെന്നുള്ള
പക്ഷികൾക്കുവഴിപോലെമാരികോരിച്ചൊരിഞ്ഞാശു
കുക്ഷിപൂർത്തിവരുത്തീടുന്നില്ലയോവാരിവാഹങ്ങൾ
രക്ഷചെയ്യുംജനത്തിന്റെലക്ഷണമങ്ങനെയുള്ളു
സജ്ജനങ്ങൾക്കുപകാരമൊന്നുചെയ്‌വാൻനിരൂപിച്ചാ-
ലിജ്ജനങ്ങൾക്കതുസാധിച്ചീടുവാൻശക്തിയില്ലല്ലൊ
ദുർജ്ജനങ്ങൾക്കുപകാരംദൂഷണത്തിന്നൊരുമാർഗ്ഗം
അർജ്ജുനാ!കേൾഭവാനെല്ലാമറിഞ്ഞോരുദേഹമല്ലോ
പാമ്പിനുപാൽകൊടുത്തോനെപ്പാഞ്ഞുവന്നുകടികൂടും
ചേമ്പിനുനെയ്യൊഴിച്ചാകിൽചൊറിഞ്ഞുകൂട്ടുവാൻമേലാ
ഇഷ്ടമാടിക്കനിഞ്ഞുചോറിട്ടകൈക്കുകടിക്കുന്ന
പട്ടികൾക്കുകൊടുക്കുന്നയെഷ്ടികൾക്കുനമസ്കാരം
കൂട്ടിലാക്കിപ്പലനാളുംപട്ടിണിയായ്ക്കിടക്കുന്ന
കാട്ടുപ്പുള്ളിക്കടുവായെപ്പാട്ടിലാക്കാനിരകൊണ്ടു
നീട്ടിയോരുകയ്ക്കുകേറിക്കടിക്കുമങ്ങനെയുള്ള
കൂട്ടമൊന്നുമൊരുനാളുംവിശ്വസിപ്പാൻപാത്രമല്ല
കാട്ടിലുള്ളകടുവയെകാട്ടിലേറ്റംകശ്മലന്മാർ
നാട്ടിലുള്ളനരന്മാരുംനാലുമൂന്നല്ലൊരുലക്ഷം
വീട്ടിലുള്ളമുതലെല്ലാംവിറ്റുതിന്നുകടംകൊണ്ടു
വീട്ടുവാനുംവകയില്ലാഞ്ഞൊളിച്ചുകാനനംപുക്കു
വാട്ടമറ്റുപുറപ്പെട്ടുരാത്രിയിൽമെല്ലവേചെന്നു
നാട്ടകത്തുനടന്നോരോരാജഭണ്ഡാരവുംമറ്റും
കട്ടുകൊണ്ടുതിരിക്കുന്നുകണ്ടറിഞ്ഞജനത്തോടു
വെട്ടുകൊണ്ടുമരിക്കുന്നുതസ്കരന്മാർഇയ്യവസ്ഥ
കണ്ടുനില്ക്കുന്നവൻതന്നെകള്ളനായിപ്പുറപ്പെട്ടു
കണ്ടദിക്കിൽചെന്നുകപ്പാനായവന്നുഭയമില്ല
കണ്ടകന്മാർക്കൊരുനാണംകണികാൺമാൻപോലുമില്ല
കണ്ടുകൊൾകർജ്ജുന!കാലത്തിന്റെയോരോവിശേഷങ്ങൾ
കണ്ടാലുമറിയാത്തകള്ളന്മാർതലയ്ക്കിട്ടു
കൊണ്ടാലുമറികയില്ലുണ്ടാകുമബദ്ധങ്ങൾ
രക്ഷിപ്പാനധികാരിയായുള്ളയജമാനൻ
ഭക്ഷിപ്പാൻപുറപ്പെട്ടാലക്കാലംപ്രജകൾക്കു
ഉമ്മാനുമുടുപ്പാനുംതേപ്പാനുംവകയില്ലാ
ഞ്ഞെങ്ങാനുംപുറപ്പെട്ടുപൊയ്ക്കൊൾകെന്നതേയുള്ളു
പണ്ടങ്ങുകിഴവന്മാർകൊണ്ടങ്ങുകൃഷിചെയ്യും
കണ്ടങ്ങൾപ്രഭുക്കന്മാർകണ്ടങ്ങെഴുതിക്കൊണ്ടാൽ
ഉണ്ടങ്ങുപൊറുക്കുന്നോരുണ്ടാമോവിചാരിച്ചു
കണ്ടാലുംകുരുക്കൾക്കുവേണ്ടുന്നതൊഴിലില്ലാ

[ 4 ]

കർണ്ണനുംശകുനിയുംകാര്യക്കാരവർചെന്നു
കർണ്ണത്തിലുപദേശംചെയ്യുന്നവിധമെല്ലാം
വർണ്ണിച്ചുവസിക്കുന്നുവൈരിയാംസുയോധനൻ
കണ്ണില്ലാജ്ജനകന്നു,കാര്യക്ലേശവുമില്ല
ഉണ്ണികൾപറയുന്നതൊക്കെയുംപരമാർത്ഥം
ഉണ്ണൊല്ലാപിതാവെന്നുപറഞ്ഞെങ്കിലതുംകേൾക്കും;
തൊണ്ണൂറുമൊരുപത്തുംമക്കൾക്കുമനക്കാമ്പിൽ
തോന്നുന്നതൊഴിലെല്ലാംതോപ്പനാർക്കുമനുവാദം
കണ്ണുംദിക്കുമില്ലാത്ത കിഴവച്ചാരുടെവായിൽ
മണ്ണുചേർക്കുമിക്കൂട്ടമെന്നുനമ്മുടെപക്ഷം
എണ്ണങ്ങൾവളരെയുണ്ടാകുമ്പോളവർക്കെല്ലാം
പെണ്ണുങ്ങളഞ്ചുമെട്ടുംപ്രത്യേകമുണ്ടുപോലും
അണ്ണന്റെകളത്രമേതനുജന്റെകളത്രമേ-
തെന്നുള്ളവിവാഭാഗങ്ങളവിടെ കാണുകയില്ലിപ്പോൾ
എണ്ണയ്ക്കുമുടുപ്പാനുമുണ്മാനുവർക്കെല്ലാ-
മേന്നേയ്ക്കുംമുടങ്ങാതെചെലവിട്ടുമുടിക്കുന്ന
പ്പൊണ്ണന്മാരുടെനാടുംനഗരവുംനശിക്കുമീ
വണ്ണംധ്വംസനംചെയ്താലെന്നുബോധമില്ലാർക്കും
നാടുവാഴികളെണ്ണമേറുമ്പോളവർതന്റെ
നാടുപാഴിലാക്കീടുമന്ന്യോന്ന്യംകലഹിക്കും
ഞാനത്രേയജമാനൻഞാനത്രേയജമാനൻ
താനത്രഞെളിയാതങ്ങടങ്ങിപ്പാർത്തുകൊണ്ടാലും
ചേട്ടനെക്കാൾനമുക്കുത്രേശ്രേഷ്ഠഭാവമെന്നൊരുത്തൻ
ചേട്ടകൾക്കുഗുരുത്വമെന്നള്ളതീനൂറ്റുവർക്കില്ലാ
നൂറുകുഞ്ഞുങ്ങളെത്തീറ്റിവളർത്തോരച്ഛനെപ്പോലും
കൂറുതെല്ലുമവർക്കില്ലാകുറ്റമുണ്ടാക്കുകേയുള്ളൂ
ചോറുകാലത്തുകിട്ടാഞ്ഞാലച്ഛനോടുനമ്മയോടും
ചീറുമെന്നല്ലാപാരാധംനൂറുകൂട്ടുമുളവാക്കും
അക്ഷരജ്ഞാനവുംമില്ലാആയുധഭ്യാസവുമില്ലാ
രക്ഷശിക്ഷാദികളില്ലാരാജ്യസംസാരവുമില്ല
വീര്യമില്ലാവിദ്യയില്ലാകാര്യമില്ലാബോധമില്ലാ
ഭക്തിയില്ലാശൗര്യമില്ലാശക്തിയില്ലാധൈര്യമില്ലാ
ധർമ്മമില്ലാസത്യമില്ലാസാരമില്ലാകൃത്യമില്ലാ
കീർത്തിയില്ലാതത്വമില്ലാ താഴ്ചയില്ലാസത്വമില്ലാ
സാരമില്ലനേരുമില്ലാനെറിയില്ലാചേരുകില്ലാ
പേരുകേട്ടാലതുംപാരംകഷ്ടമെന്നേപറയാവൂ
മുർമുഖൻ,ദൂഷണൻ,ദുശ്ശാസനൻ;ദുശ്ശേശ്വരൻപിന്നെ
ദുർമ്മദൻ, ദുർദ്ദമൻ,ദുർമ്മർഷണൻ,ദുർദ്ധർഷണൻതാനും
ദുർമ്മതി,ദുർഗ്ഗതി,ദുർമ്മേധാവഹോനല്ലദുർബുദ്ധി
ദുർശഠൻ,ദുർഭഗൻ,ദുര്യോധനൻതന്റെസോരന്മാർ
ദൂശ്ശളഎന്നൊരുപെണ്ണുണ്ടിവർക്കുപെങ്ങളായിട്ടു
വിശ്വസിപ്പാനൊരമ്മാവൻ താനുമുണ്ടുമഹാപാപി
അശ്‌ശകുനികുസൃതിക്കുനല്ലപാത്രമജ്ജനത്തെ
ദുശശകുനമെന്നപോലെദൂരവേസന്ത്യജിക്കേണം
എന്തിനിത്രപറഞ്ഞുദാനവനെന്തുസംഗതിഎന്നു
ചിന്തിയാത്തവനല്ലനിങ്ങടെബന്ധുഞാനസുരമയൻ
കുന്തിതന്നുടെമക്കളിൽകനിവുണ്ടെനിക്കതുകാരണാ
ലന്തികേതവവന്നുവൈരികളെദുഷിക്കയുമല്ലെടോ
ദന്തിമന്ദിരവാസിയായസുയോധനാദികളോടഹോ
സന്ധിചേർന്നുവസിപ്പതിന്നുകൊതിക്കുവേണ്ടധനഞ്ജയ
ദന്തിരഥതുരഗാദിപടയുടെവടിവുകൂട്ടിവസുക്കണം
ബന്ധമെന്നിയെഝടിതിചതിപടകൾകൂട്ടുമരികൾധരിക്കനീ
കോട്ടവാടകിടങ്ങുകൊത്തളമിത്തരങ്ങളുറയ്ക്കണം
കോട്ടമരുൊരുദിക്കിലുംകരുതീട്ടുതന്നെവസിക്കണം
ധാർത്തരാഷ്ട്രനസൂയകൊണ്ടൊരുപൊറുതിയില്ലൊരുനേരവും
ധാത്രിയൊക്കെയടക്കിവാഴുവതിനെത്രതന്നെദുരാഗ്രഹം
അത്രനിങ്ങടെരാജാധാനിവിഭ്രതികേൾക്കാനിമിത്തമാ
യെത്രതന്നെയസൂയനിങ്ങടെവൈരികൾക്കുധനജ്ഞയ
വർത്തമാനമിതറിവതിന്നതിഗൂഢചാരജനങ്ങൾ
യാത്രയാക്കിവിടുന്നുപലകുറിഖലകുലോത്തമനാമവൻ
ശത്രുഭടജനമത്രവരുമവരെച്ചതിപ്പതിനിന്നുഞാൻ

[ 5 ]

ചിത്രതരമൊരുഭവനമുടനുളവാക്കുവാനിഹവന്നതും
സ്വർണ്ണരത്നസഭാപ്രവേശവിശേഷമൊന്നിഹതീർത്തുഞാൻ
കർണ്ണവൈരിയതാംനിനക്കുതരുന്നതുണ്ടുകപിദ്ധ്വജ!
കണ്ടുകൊൾക!രിപൂക്കളിസ്സഭതന്നിൽവന്നുകരേറുകിൽ
ചെണ്ടകൊട്ടിമറിഞ്ഞുവീണിഹപല്ലുപോമതുനിശ്ചയം
കുണ്ടിലമ്പൊടുവീണുരുണ്ടുവിരണ്ടുഴന്നരിപുക്കളെ
കണ്ടിരുന്നുചിരിപ്പതിന്നുതരംവരുത്തുവനേഷഞാൻ
ഇപ്രകാരംമയൻതന്റെമതംകേട്ടുമഹാവീരൻ
വിപ്രദേവപ്രിയൻപാർത്ഥൻവിസ്മയംപൂണ്ടുരചെയ്തു
തൽപ്രകാരംസഭതീർപ്പാൻഭാവമുണ്ടുനിനക്കെങ്കിൽ
മൽപ്രസാദംവഴിപോലെസംഭവിക്കുംമഹാത്മാവേ
അഗ്രജന്റെതിരുവുള്ളമറിഞ്ഞുഞാനുരചെയ്യാം
അത്രനേരമൊരുദിക്കിൽപാർത്തുകൊൾകമയ!വീര!
ഇത്രമാത്രമുരചെയ്തുധർമ്മജൻവാണിരിക്കുന്ന
പത്തനത്തിലകംപുക്കുപാണികൂപ്പിഗുഡാകേശൻ
വർത്തമാനമുണർത്തിച്ചുകല്പനയുമുളവാക്കി,
വർദ്ധകിയെവിളിച്ചേവംപറഞ്ഞുഫൽഗുനൻമെല്ലെ
ശിൽപിവീര!മയ!നിന്റെകൌശലത്തിനൊത്തപോലെ
ശിൽപമായിട്ടൊരുചാരുസഭാസ്ഥാനംചമച്ചാലും
തൽപുരംതീർപ്പതിനുള്ളസാധനങ്ങൾവേണ്ടതെല്ലാ
മല്പവുംതാമസിക്കാതെകോപ്പുകൂട്ടിത്തരാമിപ്പോൾ
എന്നതുകേട്ടുരചെയ്തുദാനവാശാരിയുംമോദാൽ
ഒന്നുമിന്നുവിശേഷിച്ചുകോപ്പുകൂട്ടേണ്ടതുമില്ലാ
കല്ലുവേണ്ടാമരംവേണ്ടാകല്ലുളിവാച്ചിയുംവേണ്ടാ
നെല്ലുവേണ്ടാപണംവേണ്ടാതെല്ലുപോലുംവ്യയംവേണ്ടാ
രണ്ടുനാലുദിവസത്തെഭക്ഷണംമാത്രമേവേണ്ടു
കണ്ടുകൊള്ളാമടിയന്റെകൌശലങ്ങളിന്നുതന്നെ
അണ്ടർകോൻനാട്ടിലാശാരിപ്പണിക്കുവിശ്വകർമ്മാവെ
ന്നുണ്ടൊരുകൌശലക്കാരൻനല്ലചിത്രപ്പണിക്കാരൻ
മുന്നമങ്ങേരിവിടത്തിലിന്ദിരപ്രസ്ഥമെന്നുള്ള
മന്ദിരത്തെയിപ്രകാരംമന്ദമെന്ന്യേപണിചെയ്തു
മന്നിലുംവിണ്ണിലുംപാർത്താലിപ്പുരത്തിന്നെതിരാകും
മന്ദിരംമന്നവന്മാർക്കില്ലെന്നുലോകത്രയഖ്യാതം
അങ്ങനെയുള്ളൊരുരാജധാനിതന്നിലടിയങ്ങൾ
എങ്ങനെതമ്പുരാന്മാർക്കുപള്ളിമാടംപണിയേണ്ടു
വാശ്ശതെന്നാകിലുമൊന്നുതീർത്തുകാട്ടാൻകുറവില്ല
ഈശ്വരാനുഗ്രഹംപോലെസംഭവിക്കുമതേവേണ്ടു
   സാദരമേവംപറഞ്ഞുമയൻഗുരു-
പാദസരോജങ്ങളോർത്തുടനെ
വേദിയന്മാരെവണങ്ങിമുദാനാലു
വേദങ്ങളേയുംനമസ്കരിച്ചു
കോടാലികയ്യിലെടുത്തുമെല്ലേയൊട്ടും
കോടാതെതഞ്ചത്തിൽതാണുനിന്നു
വാടാതെകോടാലികൊണ്ടൊരുതാമസം
കൂടാതെവെട്ടിമഹീതലത്തിൽ
തെല്ലുപിറകോട്ടുമാറിനിന്നുപത്തു
കല്ലുജപിച്ചങ്ങെറിഞ്ഞളവേ
മെല്ലെന്നുഭൂമിപിളർന്നുപുറപ്പെട്ടു
നല്ലൊരുപൊന്മണിമൌലികുംഭം
ഉത്തുങ്‌ഗഗോപുരശൃംങ്‌ഗങ്ങളുംനിന്നു
കത്തുന്നതീക്കനലെന്നപോലെ
പത്തരമാറ്റുള്ളതങ്കപ്രകാശത്തെ
കുത്തിക്കവർന്നനിറംകലരും
പത്തനപങ്‌ക്തിനിരക്കെപ്പുറപ്പട്ടു
പത്തുദിക്കൊക്കെപ്രകാശത്തോടെ
മുത്തുംപവിഴംമരതകാമാണിക്ക-
മൊത്തുവിളങ്ങുംമതിലുകളും
അഛസ്ഫടികപ്രദേശങ്ങളുംപിന്നെ
സ്വഛങ്ങളാകുംതടാകങ്ങളും
പച്ചക്കല്ലൊത്തനിലത്തൊഴുകുംനദീ
കഛത്തിലുത്തമവൃക്ഷങ്ങളും
ഉച്ചത്തിലുള്ളൊരെഴുനിലമാടങ്ങൾ
മെച്ചത്തിൽമാളികവീഥികളും
മച്ചുംമറകളുംമാടപ്പുരകളും
മറ്റുംപലപലഗേഹങ്ങളും

[ 6 ]

കൊട്ടിലും,കട്ടിലുംമേക്കട്ടിമെത്തകൾ
തട്ടുംപതിനെട്ടുകെട്ടുകളും
പട്ടുകൾകൊണ്ടുവിതാനങ്ങളുംമണി,
കോട്ടത്തളങ്ങൾപുറത്തളവും,
നാടകശാലകൾവാടകിടങ്ങുകൾ
ചേടികചേടികൾവീടുകളും
ഘോടകശാലകൾഹാഠകശാലകൾ
പാഠകശാലവിശേഷങ്ങളും,
അട്ടങ്ങളുംമണിഘട്ടങ്ങളുംപല
ചട്ടങ്ങളിങ്ങിനെഭംഗിയോടെ
പെട്ടെന്നുവന്നുപ്രകാശിച്ചുവിസ്മയ
മൊട്ടല്ലപിട്ടല്ലിതൊന്നുമഹോ
വെള്ളപ്പളുങ്കുപതിച്ചുള്ളതോടുകൾ
വെള്ളംനിറഞ്ഞങ്ങുനിൽക്കുന്നേരം
ഉള്ളിലെസ്വഛതകൊണ്ടിപ്രദേശത്തു
വെള്ളമില്ലന്നുഭ്രമിച്ചുപോകും,
വെള്ളമില്ലാത്തപ്രദേശങ്ങളിൽപിന്നെ
വെള്ളംവളരെയുണ്ടെന്നുതോന്നും,
ഉള്ളംഭ്രമിപ്പിപ്പാനുള്ളവിധംപുന-
രുള്ളതശേഷമവിടെക്കാണാം;
കള്ളംമനക്കാമ്പിലുള്ളജനത്തിന്റെ
തള്ളലുംതുള്ളലുംനിർത്തീടുവാൻ
കള്ളപ്രയോഗങ്ങളിങ്ങിനെനിർമ്മിച്ചു
കള്ളനേകള്ളമറിഞ്ഞുകൂടൂ.
ദ്വാരമില്ലാത്തൊരുഭിത്തികളിൽപിന്നെ
ദ്വാരമുണ്ടെന്നുംദ്രമിച്ചുപോകും
സാരമില്ലാത്തജനങ്ങൾവന്നാലിഹ
പാരമുഴന്നുവലഞ്ഞുപോകും
പിന്നെക്കതകുള്ളദിക്കിൽ കതകുക-
ളില്ലെന്നുബോധിച്ചുമാറിപ്പോരും
അന്യത്രവാതിലെന്നോർത്തങ്ങവിടത്തിൽ
ചെന്നുതലതല്ലിവാങ്ങിപ്പോരും
കുണ്ടുളളദിക്കുകൾകണ്ടറിയത്തില്ലാ,
കന്നുള്ളദിക്കുമവിവണ്ണംതന്നെ.
പണ്ടുള്ളതൊക്കെമറിച്ചുകല്പിച്ചതു
കണ്ടുനടക്കേണമെല്ലാവരും
തണ്ടുതപ്പിത്തരംകാട്ടുന്നകൂട്ടത്തെ
ക്കൊണ്ടുതരംകെടുത്തീടുമിപ്പോൾ.
കണ്ടകന്മാരെയുംകശ്മലന്മാരെയും
ചെണ്ടകൊട്ടിപ്പാനിവണ്ണമാക്കി-
ക്കണ്ടവർക്കൊത്തോണംവന്നുകരേറുവാൻ
പണ്ടത്തെപ്പോലെയെളുതല്ലിപ്പോൾ.
സ്ഥായിക്കാരന്മാരെക്കൂടാതൊരുത്തർക്കും
കോയിക്കൽചെന്നുകരേറിക്കൂടാ.
ഓതിക്കുനംപൂരിമാരെങ്കിലുമങ്ങു
ബോധിക്കാതുള്ളിൽകടപ്പാൻമേലാ
നോക്കുന്നദിക്കിലെവാതല്ക്കൽവാതല്ക്കൽ
തോക്കുംപിടിച്ചുള്ളകാവൽക്കാരും
പാർക്കുന്നതുണ്ടതുകൊണ്ടിസഭതന്നി-
ലാർക്കുംകരേറുകസാധ്യമല്ലാ
സർവ്വാധികാരിയക്കാരനെപ്പോലുംത-
ടുപ്പാനവർക്കൊരുശംകയില്ല;
ഗർവ്വാഭിമാനങ്ങളൊന്നും ഫലിക്കയി-
ല്ലുർവീശശാങ്കന്റെമന്ദിരത്തിൽ
വിസ്താരമുള്ള സഭതനിൽ കേറുവാ-
നുത്തരംകൂടാതെളുതല്ലിപ്പോൾ
മൂർദ്ധാഭിഷിക്തരായുള്ള നൃപന്മാരു-
മൂർദ്ധ്വരായ്‌പോകുമിവിടെവന്നാൽ
ധർമ്മങ്ങൾകൊണ്ടുജഗത്തുജയിച്ചൊരു
ധർമ്മാത്മജന്നുവസിച്ചരുൾവാൻ
ശർമ്മാനുകൂലംചമച്ചുസഭവിശ്വ-
കർമ്മാവിനേക്കാൾവിദഗ്ദ്ധൻമയൻ
സന്മാനുഷന്മാർവരിഷ്ഠൻയുധിഷ്ഠിരൻ
സമ്മാനമോടെമയാസുരന്നു
സമ്മാനമോരോന്നുപട്ടുംവളകളും,
സംപൂർണ്ണമാംദിവ്യരത്നങ്ങളും
കങ്കണംമാലകടകംപതക്കവും
തങ്കപ്പണിമണികുണ്ഡലങ്ങൾ
കങ്കണംകാഞ്ചികടിസൂത്രമുത്തമം
കൈവിരൽമോതിരംചാരുഹാരം
മംഗലാലങ്കാരസാരമാകുംവീര-
ചങ്ങലരത്നങ്ങൾരണ്ടുകൈക്കും
ഇങ്ങനെയൊക്കെക്കൊടുത്തുതെളിയിച്ചു
ഭംഗിയോടഞ്ജസായാത്രയാക്കി
ഭിമനുംപാർത്ഥനുംതാനുംനകുലനും
കോമളാകാരൻസഹദേവനും
കാമിനീ ദ്രൗപദികുന്തീസുഭഭ്രയും
കൌതുകത്തേടേസഭാപ്രവേശം
നല്ലൊരുനേരത്തുപാലുകാച്ചിക്കൊണ്ടു
മെല്ലെന്നകംപൂക്കുവാങ്ങിടിനാർ.
ദാനംപ്രതിഗ്രഹംസർവാണിയെന്നുള്ള
നാനാപ്രകാരേണധർമ്മങ്ങളും
ആനന്ദസൽക്കാരമന്നദാനങ്ങളും
അമ്പോടുചെയ്തുസുഖിച്ചുവാണു.
   ശ്രീകൊണ്ടുവിളങ്ങുന്നശ്രീകൃഷ്ണൻഭഗവാനും
ശ്രീരാമൻഭഗവാനുംവീരൻസാത്യകിതാനും
യാദവാധിപന്മാരുമേതാനുപ്രജകളും
മോദാലസ്സഭകാൺമാൻമോഹിച്ചുതദാവന്നു
പഞ്ചപാണ്ഡവന്മാരുംപാഞ്ചാലി,സുഭദ്രയും
വാഞ്ഛാപൂർവകംചെന്നുവന്ദിച്ചുവഴിപോലെ
പഞ്ചാസ്ത്രോപമന്മാരാംരാമകേശവന്മാരെ
മഞ്ചാഗ്രേവസിപ്പിച്ചുമാനിച്ചുമഹാരാജൻ,
പാദക്ഷാളനംചെയ്തുപൂജിച്ചുവിധിയോടെ
പാദാംബുമഹാതീർത്ഥംമൂർദ്ധാവിലേറ്റുകൊണ്ടു
നാലഞ്ചുപ്രദക്ഷിണംവച്ചുവന്ദനംചെയ്തു

[ 7 ]

ലീലാമാനുഷൻമാരോടേവംധർമ്മജൻചൊന്നാൻ
കൃഷ്ണ!രാമ!മുകുന്ദ!മാധവ!വാസുദേവ!നമോസ്തുതേ
വൃഷ്ണിവീരവിരിഞ്ചവാസവവന്ദനീയനമോസ്തുതേ
ജിഷ്ണുതന്നുടെബന്ധുവാകിനവിഷ്ണുദേവഭവാനഹോ
ധൃഷ്ണുസർവ്വസഹിഷ്ണു വിശ്വചരിഷ്ണു,ഭൂഷ്ണുജഗന്നിധേ
ഇഷ്ടികൊണ്ടതിതുഷ്ടനാകിനവിഷ്ടപാധിപനേഭവാൻ
വൃഷ്ടികൊണ്ടിഹപുഷ്ടി നൽകുമതിഷ്ടഹേതുനമുക്കഹോ
സൃഷ്ടികാരണമിഷ്ടപൂരണ,മഷ്ടമൂർത്തിനിഷേവിതൻ
ശിഷ്ടപാലന!ദുഷ്ടനാശന!പുഷ്ടപൌരുഷനേഷനീ
മാരസമസുകുമാര!പശുപകുമാര!യദുകുല വീര!
വിമലഗഭീര!മധുരശരീര!മഹിതസുധീര!മരതകസാര
ഘനരുചിപൂരവിഗതവികാര!വിശദവിചാര
വിമലനികാരാ!നിരസനശൂര_
നിജപരിവാര!മിളിതവിഹാര!തരളിതഹാര,
ലോലതരവനപാലതുലിത തമാല!പരമനുകൂല
കനകദുകൂല!കലിഹരശീല!കലിതസുലീല!ജലധരനീല!
പശുകുലപാല!വിശദകപോല!സുവിപുലചേല!
സുഖിതകുചേല!യമുന രപാല
പരമവിശാല!ഗുണഗണശാലസുചരിതജാലജയജയ
ഇപ്രകാരമനേക കീർത്തനമാശുചെയ്തു യുധിഷ്ഠിരൻ
ക്ഷിപ്രമംബുജനേത്രനെത്തൊഴുതത്രനിന്നദശാന്തരേ
പ്രാകൃതക്കവിചൊല്ലുവാൻവിരുതുള്ളൊരന്തണപുംഗവൻ
ലോകനാഥനെവന്നുകൂപ്പിവണങ്ങിനിന്നുപുകഴ്ത്തിനാൻ;
പദുമണാഹണമോണമോതുഹപങ്കയക്കണമോണമോ;
ജതുകുമാളതമാള,ണീളശളീളവീളണമോണമോ
മശിണഘുശിണശിഹണ്ഡമണ്ഡണമജ്ഝണാഹണമോണമോ
കണകകഞ്ചണവശണ, ചഞ്ചളണയണതുജ്ഝണമോണമോ
ഇളിയകളയകളിയഘണമണിവളയണിളയ,മെണമോ,ണമോ
തുളിയമളയഗതണുയ,പണിഹിയകണയഭൂരണമോണമോ
അളിയമാണുശ,ശളശമാണ,ഗളിയദോശ,ണമോണമോ!
മിളിയശുമബളബഹുളശുന്ദള്ളുവയികന്ദണമോണമോ
പളയഗുണഗണണളയ,ജിയമഹിവളയ,കഹ്ണിണമോണമോ
നിളയവിളഹിയ,കളയമയിളയമളുണചളണണമോണമോ
പുളയപംമളകളുണികളപളിളംഭളോളണമോണമോ
ചളണണിപഡണവിളയമപഹളമഹമഹോശണമോണമോ,
കുന്ദശുന്ദളമന്ദഹാശ!മുകുന്ദ!ശോളിണമോണമോ
ചന്ദവയണ,പുളന്ദളാദിശൂളച്ചിയംഘിണമോണമോ
ണന്ദണന്ദണചന്ദണാമളശീയശീളണമോണമോ
വന്ദണിജ്ജകളിന്ദജായഡകേളിളോളണമോണമോ
ഹസ്തിനപുരംതന്നിലതുകാലംവഴിപോക്കർ
അത്താഴത്തിനുവന്നുകൊട്ടിൽകേറിസ്ഥലംവെച്ചു
പട്ടന്മാർപരിപ്പുകാർമടപ്പള്ളിദ്വിജന്മാരും
വട്ടങ്ങൾതെളിയിച്ചുവെളിവിലങ്ങിലവച്ചു
മൃഷ്ടഭോജനംനല്ലകറിയുംഭൂസുരന്മാർക്ക-
ങ്ങിഷ്ടത്തിനൊത്തപോലെവിളമ്പിഭുക്തിചെയ്യിച്ചു
അഷ്ടിയുംകഴിച്ചുകൊണ്ടലസാതെവഴിപോക്കർ
കൊട്ടിലിൽതളംകേറിഇരുന്നുവെറ്റിലതിന്നു
രെട്ടുംകമ്പിളിയെല്ലാംവിരിച്ചുപാളയംപോട്ടു
പാട്ടുംപാടിയോരോന്നേപറഞ്ഞങ്ങുശയിക്കുമ്പോൾ
പാന്ഥന്മാരുടെപാട്ടുംപരിഹാസങ്ങളുംകേട്ടു
താൻതന്നെപുറപ്പെട്ടുധൃതരാഷ്ട്രാത്മജശ്രേഷ്ഠൻ
അമ്മാവൻശകുനിയുംസഖിയാംകർണ്ണനുംകൂടി
തൽമാർഗ്ഗേപുറപ്പെട്ടുതരസാമൂവരുംകൂടി
ഗൂഢമായൊരുദിക്കിലിരുന്നുകൊണ്ടിരപാർക്കും-
മൂഢാത്മാത്മാക്കളെപ്പോലെശ്രവിച്ചുപാന്ഥസംസാര

[ 8 ]

തങ്ങളിൽപഥികന്മാർപറയുന്നുപലവാക്യം
എങ്ങുന്നുവരുന്നുതാൻവഴിപോക്കദ്വിജചൊൽക
ഇന്ദ്രപ്രസ്ഥമെന്നുള്ളനഗരംതന്നിൽനിന്നിപ്പോൾ
ഇന്നത്തെപ്രാതലൂണുംകഴിച്ചിങ്ങുവരുന്നുഞാൻ
ധർമ്മനന്ദനൻതാനുംസഹജൻമാരുമെല്ലാരും
സമ്മോദിച്ചവിടത്തിൽവസിക്കുന്നില്ലയോവിപ്ര
ധർമ്മത്തിന്നൊരുനാളുംകുറവില്ലാത്തവർക്കുണ്ടോ
സമ്മോദത്തിനുഹാനിവരുന്നുജീവനുള്ളപ്പോൾ
ഊട്ടുണ്ടൊവഴിപോലെവഴിപോക്കർക്കവിടത്തിൽ
ഊട്ടിന്റെവിധമെല്ലാമുരപ്പാൻനേരമില്ലിപ്പോൾ
ഊട്ടുകോലാഹലമെല്ലാംകേട്ടുവെങ്കിൽഭവാൻതന്റെ
കെട്ടുമാറാപ്പുകൾതോളിലിട്ടുകൊണ്ടുപുറപ്പെട്ടു
കൊട്ടിലേറിസ്ഥലംവയ്പാൻഒട്ടുമേതാമസിക്കില്ല
പട്ടരച്ചാപരമാർത്ഥംകേട്ടുകൊൾകമഹാത്മാവേ
കുറുതായുള്ളരിച്ചോറുംനറുനെയ്യും,മലയാള
ക്കറിനാലുംനല്ലപാലുംവറുത്തുപ്പേരിയോലോലൻ
ചെറുനാരങ്ങ,മാങ്ങായും,ചെറുപക്വങ്ങളുംകണ്ണൻ
പഴം,വണ്ണൻപഴം,കാളിപ്പഴം,നേന്ത്രപ്പഴം,ചിങ്ങൻ
പഴം,കദളിപ്പഴം,പൂവൻപഴം,ചക്കപ്പഴം,പിന്നെ
പരിപ്പുംപച്ചടിച്ചാറുംകരുമ്പിന്നീർഗുളംതേനും
വലിയപപ്പടം,ചെറിയപപ്പടംപഞ്ചതാരയും
വേപ്പിലക്കട്ടിഇഞ്ചിത്തൈരഞ്ചുകൂട്ടംപൊടിത്തൂവൽ
താളകം,താളവംപിന്നെത്താളുകൊണ്ടുപുളിശ്ശേരി
നല്ലതൈരും,നല്ലമോരുംനല്ലസംഭാരവും,ഞാനി
ച്ചൊല്ലിയതൊന്നുമേഭോഷകല്ലച്ഛനാണപരമാർത്ഥം
അത്താഴത്തിനുനല്ലകാളനുംകാച്ചിയമോരും
കത്തിരിക്കാക്കറിയതും,കണ്ണിമാങ്ങാ,യുണക്കിഞ്ച
മത്തൻകൊണ്ടൊരുകൂട്ടംതോർന്നെരിശ്ശേരിയുംനല്ല
മത്തൻകുമ്പളങ്ങാകൊണ്ടൊരുകൂട്ടംപുളിമുളകും
അത്താഴംകഴിയുമ്പോളടയ്ക്കാവെറ്റിലനൂറും
അത്യാവശ്യമുള്ളോർക്കുപുകയിലകൂടെയുണ്ട്
നിത്യമിങ്ങനെചട്ടംനീക്കമില്ലങ്ങൊരുനാളും,
സത്യംധർമ്മരാജന്റെധർമ്മമത്രേധർമ്മമിപ്പോൾ
ആറുമാസമൊരാണ്ടുമവിടത്തിൽപാർത്തുകൊണ്ടാൽ
ചോറുമെണ്ണയുംകിട്ടുമുടുപ്പാൻവസ്ത്രവുംകിട്ടും
ഞാറാഴ്ചവാവുരണ്ടുമൊരിക്കലൂണുള്ളവർക്കു
വേറായിട്ടൊരുദിക്കിൽപലഹാരത്തിന്റെവട്ടം
അടയുമപ്പവും,ദോശവടയുമിഡ്ഡിലിചീടാ
കടിയൻമാരിടിക്കുന്നോരവിലുംശർക്കരതേങ്ങാ
മുറുക്കുംതേൻകുഴലുംനൽപ്പരിപ്പുംതേങ്ങയും,നെയ്യിൽ
വറുക്കുംറൊട്ടിയുംനല്ലമലരുംപഞ്ചതാരയും
കുറുക്കിക്ഷീരവുംതേനുംപാനകംഞാനിതുസർവം
ചുരുക്കിചൊല്ലിനേനിപ്പോൾവിസ്തരിപ്പാൻനേരമില്ല
ഉറക്കംവന്നീലെന്നാകിൽഇനിയുംഞാനുരചെയ്യാം
മറക്കാതെമനക്കാമ്പിൽകിടക്കുന്നുനമുക്കെല്ലാം
ചെറുപ്പക്കാർക്കൊരുകൂട്ടംമോഹമുണ്ടെങ്കിലോനല്ല
ചെറുക്കിമാരവിടെയുണ്ടവർക്കേതുംമടിയില്ല
അടയ്ക്കുാവെറ്റിലമാത്രംകൊടുത്താലാഗ്രഹമൊക്കെ
കിടയ്ക്കാമത്തൊഴിലിന്നുംകിടക്കാരുചിലരുണ്ടാം
വെളുക്കുമ്പോൾപുരംതൂത്തുതളിക്കുന്നച്ചിമാർവന്നു
വിളിക്കുമ്പോളെഴുന്നേറ്റുകുളിക്കുന്നുചിലരെല്ലാം
ഇളിച്ചുകൊണ്ടൊരുകൂട്ടംകളിച്ചുകാമിനിമാരെ
വിളിച്ചുംകൊണ്ടുചെന്നൊട്ടുംവെളിച്ചമില്ലാത്തദിക്കി
ലൊളിച്ചുള്ളമനോരാജ്യംതെളിച്ചുപോരുമാകാര്യ-
ങ്ങളിൽചാടികനംകെട്ടുഗമിച്ചുകൊൾകയുമുണ്ടു
നേരംപോക്കത്തിനുവേണ്ടആരംഭംപലതുണ്ടു
ഓരോദിക്കിലോരോരോഘോഷങ്ങളതുംകാണാം.

[ 9 ]

പന്തുമാടുകചിന്തുപാടുക,പകിടകളി,ചതുരംഗവും
പന്തണിക്കുളിർകൊങ്കന്മാരുടെപടുതതടവിനനടവും
ചന്തമേറിനചാക്കിയാരുടെ,കൂത്തുമൊരുവകമേളവും
കുന്തമേറുകൾതപ്പുകൊട്ടുകൾചെപ്പടിക്കളികളികലശവും
പാണ്ടിരിമേളമുരുട്ടുചെണ്ടകുറുംകുഴൽഇടിതാളവും
ആണ്ടിയാട്ടവുമായുധക്കളിപാഠകംപലചാട്ടവും
തിത്തിമദ്ദളവേണുവീണകൾതിമിലതകിൽമുഖവീണയും
കത്തിവെച്ചൊരുപാവകളികളുമഖിലദിശിബഹുവിസ്മയം
ഇത്തരംബഹുഘോഷമേപ്പോഴുമവനിപതിയുടെമന്ദിരേ
ചിത്തരംഗസുഖത്തിനുള്ളൊരുസരണിപലവിധമുണ്ടെടോ
എപ്പറഞ്ഞതിലേറ്റമിപ്പോഴൊരൽഭുതം പുനരൽഭുതം
ശില്പശാസ്ത്രവിദഗ്ദ്ധനായമയാസുരൻബഹുബുദ്ധിമാൻ
അപ്പുരത്തിലിറങ്ങിവന്നുവിചിത്രമായസഭാസ്ഥലം
ശിൽപമായപണിചെയ്തുനൽകിയുധിഷ്ഠരന്നതിവിസ്മയം
മുന്നമർജുനനവനുവന്നൊരുസങ്കടത്തെയൊഴിച്ചുപോൽ
എന്നതിന്നിഹപകരമുപകൃതിചെയവതിന്നിതുചെയ്തുപോൽ
മന്നിടങ്ങളിലൊന്നിലുംപുനരിപ്രകാരമൊരാലയം
പിന്നെമറ്റൊരുദിക്കിലില്ലാതരിമ്പുസംശയമില്ലെടോ!
അമരവരനുടെനഗരമാമമരാവതിക്കുനിറംകെടും
അമരുമതിനുടെഡമരമിതുബതകണ്ടുവെങ്കിലസംശയം
അമലമണിഗണകനകഘനതരരുചിരരുചിഭരശോഭനം
കമലയുടെകുലഭവനമതുബതജയതിശിവശിവശങ്കര!
സ്‌ഥായിയില്ലവിരിഞ്ചദേവനുനമ്മളിൽപൊളിയല്ലെടോ!
ആയിരംനയനംനമ്മുക്കുതരാഞ്ഞതെന്തു മഹാശഠൻ,
ആയതിന്ദ്രനുകൊണ്ടുചെന്നുകൊടുത്തതിന്നുവൃഥാഫലം
ആയവൻപുനരത്രവന്നിതു കാൺകയില്ലതിനീരസൻ
രണ്ടുകണ്ണുകൾക്കൊണ്ടുക്കണ്ടതുകൊണ്ടെനിക്കൊരുതൃപ്തിയി
ല്ലണ്ടർകോനൊടുചെന്നിരുന്നതുകൈക്കലാക്കുകകൂടുമോ
രണ്ടുവാക്കുനമുക്കുനഹിനഹി, പണ്ടുമിപ്പൊഴുമേഷഞാൻ
കണ്ടുകേട്ടറിയുന്നതില്ലിതുപോലെ മറ്റൊരുമന്ദിരം
ഹസ്‌തിനംപുരമെത്രവിസ്മയമെന്നുഭാവമിവർക്കഹോ
വസ്തുബോധവിശേഷമില്ലസുയോധനാദികൾനൂറ്റിനും
ഹസ്തിയുംപുനരാടുമൊക്കുമെതെങ്കിലതുമിതുമൊരുവിധം
വിസ്തരിച്ചതുപോരുമിവരിതുകേട്ടുവെങ്കിലാബദ്ധമാം
എന്തബദ്ധമെനിക്കൊരിത്തിരിപേടിയില്ലിവരേസഖേ!
അന്തണർക്കൊരുദിക്കിലുംതടവില്ലവല്ലതുമോതുവാൻ,
എന്തുനിശ്ചയമിപ്പഴുള്ളപ്രഭുക്കടേതൊഴിലൊരുവിധം
ചിന്തയിൽക്കനിവില്ലവർക്കതുകരുതിനിൽക്കണമേവനും
എങ്കിലസ്തുസുയോധനൻമമവസ്തുവന്നുവിലക്കുമോ
ശങ്കിയാത്തജനത്തിനല്ലൽവരുത്തുവാൻതടവില്ലേടോ
എന്റെദിക്കിലിവന്റെശക്തിനടക്കുമില്ലമഹീസുര
ഏതുമാർക്കുമറിഞ്ഞുകൂടമറിഞ്ഞുകാലമാതോർക്കണം.
ഇതഥമോരോവിശേഷങ്ങൾപറഞ്ഞുപാഥവിപ്രന്മാർ
അർധരാത്രികഴിഞ്ഞപ്പോളുറക്കംവന്നുബാധിച്ചു
ഒട്ടുകൂർക്കംവലിച്ചുംകൊണ്ടുരിയാട്ടങ്ങളുംമാറി
കെട്ടുഭാണ്ഡംതലയ്ക്കുംവെച്ചുറങ്ങിയൊക്കവേകൂടെ
മറഞ്ഞുകേട്ടിരിക്കുന്നധൃതരാഷ്ട്രാന്മജനുള്ളിൽ
നിറഞ്ഞുകോപവുമിത്ഥംപറഞ്ഞുമാതുലാനോടേ:-
അറിഞ്ഞോമാതുലനമ്മെദുഷിക്കുംദുഷ്ടപാന്ഥന്മാർ

[ 10 ]

പറഞ്ഞോരക്ഷരമെല്ലാമബദ്ധംശുദ്ധമേഭോഷ്ക്
കറിയുംചോറുമാശ്ചര്യംകളിയുംകാട്ടുംമാശ്ചര്യം
അറയുംമച്ചുമാശ്ചര്യംപറയുംവാക്കുമാശ്ചര്യം
ഒരുവസ്തുവഷളായിട്ടില്ലപോലപ്പുരംതന്നിൽ
ഒരുകൂട്ടംദുരാത്മാക്കൾക്കിന്നതേനൽകുവെന്നില്ലാ
കൂറുകൊണ്ടുപറയുന്നവാക്കിനെന്തുത്തരംവേണ്ടൂ?
ചോറുകൊണ്ടുസ്തുതിക്കുന്ന,ചോഴിയബ്രാഹ്മണന്മാരെ
വാറുകൊണ്ടുതല്ലുകൂട്ടാനൊട്ടുമേയോഗ്യമല്ലല്ലോ
ഏറുകൊണ്ടുമണ്ടുമിപ്പൊൾമറ്റൊരുത്തൻപറഞ്ഞെങ്കിൽ
ചോറുതിന്മാനിവിടത്തിൽ,കൂറുകുന്തീസുതന്മാരിൽ
നൂറുകൂട്ടമപരാധംനമുക്കുംസോദരന്മാർക്കും
പോറകൾക്കങ്ങൊരുവാലുംതലയുമില്ലതുകൊണ്ടി
ങ്ങീറവന്നാലെന്തുചെയ്യാം?അടങ്ങിപ്പാർക്കയേയുള്ളു
പറഞ്ഞുമാതുലൻ;ഉണ്ണി!കുറഞ്ഞൊന്നുക്ഷമിച്ചാലും
മറഞ്ഞുകേട്ടവൃത്താന്തമറിഞ്ഞില്ലെന്നുവയ്ക്കേണം
തനിക്കാംപോന്നവർക്കെല്ലാംമനക്കാമ്പിൽസ്ഥിരംവേണം
അനക്കാതിങ്ങിരുന്നുകൊണ്ടിനിക്കാര്യംവിചാരിക്കാം
മിനക്കേടുസഹിക്കാഞ്ഞാൽകനക്കേടുഭവിച്ചേക്കും
നിനക്കേതുമിതുകൊണ്ടുമനക്ലേശംവരാനില്ലാ
എനിക്കുത്രേരിപുപ്രൌഢിനിനയ്ക്കുമ്പോൾസാഹിക്കാത്തു
പതുക്കെപാണ്ഡവന്മാരെച്ചതിക്കുന്നുണ്ടുഞാനുണ്ണി
കൊതിക്കുംവസ്തുസാധിപ്പാനതിക്ലേശംനമുക്കില്ലാ
എതിരിട്ടുവരുന്നോരെചതികൂട്ടുംശകുനിക്കി
ക്ഷിതിതന്നിലൊരുമാററാരെതിരില്ലെന്നറിഞ്ഞാലും
പ്രതിമല്ലക്ഷിതിപാലക്ഷതിനോക്കിസ്ഥിതിചെയ്യു
ന്നതിനിങ്ങുന്നതിയില്ല,മതിതന്നിലതിനുള്ള
ഗതിയുണ്ടുചതിയുണ്ടുമതിമാൻഞാൻമതിയാകും
അതിരേകുംകൊതിയുമുണ്ടതിനൊത്തവിധിയുമു
ണ്ടതിൽകൂടെസ്ഥിതിചെയ്താൽമതി,ഭൂമിപതിവീര
പതിനെട്ടുവിധംമായാപ്രയോഗങ്ങളുണ്ടെനിക്കു
ഉറക്കംവന്നുവെങ്കിൽപോയ്ഉറങ്ങിക്കൊൾകനീയുണ്ണീ നിറക്കേടുവരികില്ലെന്നുറച്ചുകൊൾകനീവിരാ, ഉറക്കത്തിൽപണിക്കത്തംതനിക്കുമില്ലെനിക്കുമി
ല്ലറക്കൊട്ടിലകംപുക്കാൻനമ്മളെല്ലാമൊരുപോലെ
ഇപ്രകാരമുരചെയ്തുശകുനി,കർണ്ണനുംകൂടെ
സ്വപ്രവേശംപ്രവേശിച്ചുശയിച്ചുനിദ്രയുംപൂണ്ടു
ദുഷ്പ്രഭുത്വംപെരുത്തദുര്യോധനൻതൻപുരംപുക്കു
സുപ്രകാശംതല്പമേറിശ്ശയിച്ചുസമ്മദത്തോടെ
അന്തണന്മാർപറഞ്ഞോരസ്സഭാസ്ഥാനപ്രഭാവത്തെ
ചിന്തചെയ്തങ്ങസൂയകൊണ്ടുറക്കവുംവന്നതില്ലാ
വെട്ടമങ്ങുതുടർന്നപ്പോൾഎഴുന്നേറ്റുപുറത്തുവ
ന്നിഷ്ടബന്ധുക്കളെയെല്ലാംവിളിച്ചങ്ങുവിചാരിച്ചു
ദുർമ്മുഖ!ദൂഷണ!ദുശ്ശാസന!ദുശ്ശേശ്വര!വാടാ,
ധർമ്മജന്റെപുരംതന്നിലുണ്ടുപോലൽഭുതംകിഞ്ചിൽ
വെൺമഴുകൊണ്ടവനിയിൽവെട്ടിപോൽദാനവാശാരി
വേഴ്ചചേരുംസഭാസ്ഥാനംതീർന്നുപോലപ്പൊഴേതന്നെ
കർണ്ണനെങ്ങു?വരികനീനമ്മുടെമാതുലനെങ്ങൂ?
വർണ്ണിതമാകുമാസ്ഥാനംചെന്നുകണ്ടുവരേണ്ടയോ?
ഭോഷ്കുതന്നെവഴിപോക്കർപറഞ്ഞെന്നെന്നുടെപക്ഷം
വാക്കുകൊണ്ടുഫലിപ്പിപ്പാനന്തണന്മാർക്കാരുമൊക്കാ
വല്ലതെന്നാകിലുമിന്ദ്രപ്രസ്ഥമാംപത്തനംതന്നിൽ
വല്ലഭത്വംനടിച്ചവൻമക്കളെക്കണ്ടുപോരേണം
ധർമ്മജൻനമ്മുടെജ്യേഷ്ഠൻഭീമസേനാദികൾനാലും
നമ്മുടെസോദരന്മാരുമങ്ങനെചാർച്ചയുണ്ടല്ലോ
അജ്ജനത്തോടിങ്ങുവൈരംഇജ്ജനത്തോടങ്ങുവൈരം
സജ്ജനങ്ങൾക്കൊരുപോലെബോധമീവർത്തമാനങ്ങൾ

[ 11 ]

അർജ്ജുനനഗ്രജനാകുംഭീമസേനൻമഹാദുഷ്ടൻ
ലജ്ജകൂടാതെവൻനമ്മേവാലെടുക്കുംതത്രചെന്നാൽ
പൊണ്ണനാംഭിമനെത്തെല്ലുംഭീതിയില്ലാനമുക്കുള്ളിൽ
അണ്ണനെന്തിന്നുകൂസുന്നുഎന്നുദുശ്ശാസനൻചൊന്നാൻ
കർണ്ണനുമങ്ങനെപക്ഷം,ശകുനിക്കുമതുപക്ഷം
നിർണ്ണയിച്ചുപുറപ്പാടുകൂട്ടിദുര്യോധനനപ്പോൾ
താതനോടുയാത്രചോൽവാനൊരുമ്പേട്ടുനൂറ്റുപേരും
ജാതമോദംശകുനിയുംകർണ്ണനുമാദരവോടെ
ജനകന്നുംകണ്ണുകാണാ,ജനനിക്കുംകണ്ണുകാണാ
തന്നയന്മാരരികത്തുചെന്നുകൂപ്പിച്ചുമച്ചപ്പോൾ
ചുമക്കുന്നാരെടായെന്നുധൃതരാഷ്ട്രഗിരംകെട്ടു
ചുമക്കുന്നതടിയങ്ങളെന്നവരുമുണർത്തിച്ചു
ഉണ്ണികൾക്കെന്തൊരുദ്യോഗംഎന്നുതാതൻഅടിയങ്ങൾ
കണ്ണൂരണ്ടുംസഫലമാക്കീടുവാനായിതുടങ്ങുന്നു
മക്കളേ!നിങ്ങടെവാക്കിന്നർത്ഥമുണ്ടായീലെന്നഛൻ
മിക്കവാറുംമുണർത്തിക്കാമർത്ഥമുണ്ടായില്ലെന്നാകിൽ
ധർമ്മജന്റെപുരംതന്നിലുണ്ടുപോലുമോരാശ്ചര്യം
രമ്യമാകുംസഭാസ്ഥാനംതീർത്തുപോൽ ദാനവാശാരി
അദ്ധ്വഗന്മാർപറഞ്ഞേവംകേട്ടുഞങ്ങളതുകാണ്മാൻ
അത്രനിന്നുപുറപ്പെട്ടുജനകൻസമ്മതിക്കേണം
അതുകാണാത്തവരുടെകണ്ണൂരണ്ടുംപാഴിലെന്നു
പഥികന്മാർപറയുന്നുപാർത്തുകണ്ടാലറിഞ്ഞീടാം
എങ്കിലെൻമക്കളെചെന്നുകണ്ടുവേഗേനപൊന്നാലും
ശങ്കവേണംമനക്കാമ്പിൽശത്രുരാജ്യത്തുചെല്ലുമ്പോൾ
ഇജ്ജനത്തെഅവർക്കാർക്കുമിഷ്ടമില്ലെന്നറിഞ്ഞാലും
അർജ്ജുനൻഭീമനുംകൂടെച്ചതികൂട്ടുന്നതോർക്കേണം
അത്രയുമല്ലതിനോക്കാളുണ്ടൊരുദുർഘടമിപ്പോൾ
എത്രയുംബന്ധുവായിട്ടുണ്ടേഷണിക്കാനെന്നങ്ങേകൻ
ശത്രുപക്ഷക്കാരിൽമുൻപൻശാഠ്യമോരോന്നുളവാക്കും
അത്രനമ്മേച്ചതിപ്പാനല്ലാതേമറ്റുതൊഴിലില്ല
താനല്ലെന്ന്‌ഭാവിക്കുന്തരംനോക്കിപ്രയോഗിക്കും
സ്ഥാനത്തങ്ങോരേടത്തുംതന്റെവേഷംകാട്ടുകില്ല
മാനത്തുപറക്കുന്നപരുന്തുപക്ഷിയെപ്പോലെ
മീനത്തെക്കൊക്കിലാക്കികൊണ്ടുപോയെഅറിഞ്ഞിടു
കപ്പാനുംമടിയില്ലാകാമിനിമാർകളെപ്പാട്ടിൽ
വയ്പാനുംമടിയില്ലാവധിപ്പാനുംമടിയില്ല
നമ്മെചെണ്ടകൊട്ടിപ്പാൻതരംനോക്കിനടക്കുന്നു
നന്മക്കുനിരൂപിച്ചിട്ടബന്ധംവന്നുപോകൊല്ലാ
വെട്ടത്തുകാണുകില്ലപിറകെനിന്നൊരുവെടി
പൊട്ടിക്കുന്നതേകേൾക്കുചത്തുവീഴുന്നതേകാണു
അങ്ങിനെയുള്ളൊരുദേഹമങ്ങിരുന്നുപ്രയോഗിക്കു
മെങ്ങിനെയെന്നറിയാതെഇജ്ജനത്തെച്ചതികൂട്ടും
എന്നുടെമക്കളെനിങ്ങളായവന്റെകപടത്തിൽ
ചെന്നുച്ചാടിവലയാതെപോന്നുകൊൾവിൻവിരവോടെ
സജ്ജനങ്ങളിരിക്കുന്നദിക്കിലേസഞ്ചാരിക്കാവു
ദുർജ്ജനങ്ങളോടുചേർന്നാൽദൂഷണംസംഭവിച്ചീടും
ഒാട്ടുപാത്രങ്ങളിൽനല്ലപുളിച്ചതൈരൊഴിച്ചെന്നാൽ
കൂട്ടുവാൻകൊള്ളരുതെന്നുകേട്ടുകണ്ടീടുന്നതല്ലോ
കാട്ടുമൂർഖപ്പാമ്പിനെക്കൈകൊണ്ടുമെല്ലെത്തലോടിത്തൻ
പാട്ടിലാക്കാമെന്നുമോഹംമാനുഷന്മാർക്കുളവാമോ
അജ്ജനങ്ങൾക്കിജ്ജനത്തോടുള്ളവൈരം പോകയില്ല
ഇജ്ജനങ്ങൾക്കജ്ജനത്തോടുള്ളവൈരവുമപ്രകാരം
രണ്ടുക്കൂട്ടക്കാരുമായിച്ചേരുവാനുള്ളദുർമ്മോഹം
കൊണ്ടുപാഴിൽപ്രയത്നങ്ങൾചെയ്തുഞാൻമക്കളേകേൾപ്പിൻ!
എലിയുംപൂച്ചയുംതമ്മിൽകീരിയുംസർപ്പവുംതമ്മിൽ
പുലിയുംഗോക്കളുംതമ്മിൽകാക്കയുംമൂങ്ങയുംതമ്മിൽ
ഒരുനാൾചേർച്ചയുണ്ടാമോഎന്നപോലെകണ്ടുകൊൾവിൻ

[ 12 ]

കരുക്കൾപാണ്ഡവന്മാരുംതലങ്ങളിലുള്ളവൈഷമ്യം
ഉമ്മരത്തെപല്ലുകൊണ്ടുചിരിക്കുന്നമ്മകളെകണ്ടാൽ
ഉള്ളിലെപ്പല്ലുകൾകൊണ്ടിട്ടുരുമ്മുംപാണ്ഡുപുത്രന്മാർ
തുഷ്ഠികൂടാതഹോതുക്കക്കാരുടെനൽചിരിപോലെ
സ്പഷ്ടമായിക്കണ്ടുപോരാനുണ്ണികൾക്കുമോഹമെങ്കിൽ
ഒട്ടുമേതാമസിക്കാതെഗമിപ്പിൻ!മക്കളേനിങ്ങൾ
എട്ടുനാളിലകമിങ്ങുവരേണംബാലകന്മാരെ!
അന്ധനരവരവചനമിങ്ങനെകേട്ടുസപതിസുയോധനൻ
അന്ധമതിശഠശകുനികണ്ണസമാകുലൻസമാകുലസുമഹാധനൻ
ഹന്തസു ഖമിതിമനസ്സിഘനകുതുകേനസംഭൃതസാധനൻ
ചന്തമൊടുനടകൊണ്ടുവിരവൊടുസകലരിപുകുലബാധനൻ
തമ്പിമാർപുനരമ്പതുംപുനരൊമ്പതുംബതനാല്പതും
മുമ്പിലമ്പിലകമ്പടയ്ക്കുടനമ്പുവില്ലുമെടുത്തുടൻ
കംഭിതുരഗരഥാദിപടകളുമുടമയൊടുപടഘോഷവും
കൊമ്പുകുഴൽതുടിപടഘടഘടരടിതകടുപരിഘോഷവും
ഇടികളൊടുപടതുടരുമൊരുവകവെടികളു‍െനിനദങ്ങളും
കൊടികൾ കുട തഴചടുല ചാമരമാല വട്ടശതങ്ങളും
പൊടികളിളകിമറിഞ്ഞുദിശിദിശിഝടിതിനടനവിധങ്ങളും
നടികളുടെമൃദുനടനമുടനഥവിടഭടാദിവിലാസവും
സരസമവരുടെമോടിയുംസുഖമോടിയുംചിലർപാടിയും
വിരസമൊരുവകപാടിയുംനരകോടിയുംഇടകൂടിയും
സപദിമലഹലിപാടിയുംചിലർപാടിയുംചിലരാടിയും
സകലമലവനാടിയുംചിലർതേടിയുംമലർചൂടിയും
ഫലിതമൊരുവകപറകയുംചിലരുറകയുംചിലർമറകയും
പലരുമിഹഭുവിനിറകയുംചിലർവിറകയുംരസമറികയും
ചലനവിധമിതു കറകയും നഹിവരികയും ചിലരറികയും
ക----ലൊരുദിശിമറികയുന്തനുമുറികയുമ്പുനരറികയും
ചലനവിധമിതുകുറകയുംനഹിവരികയുംചിലരറികയും
വിളിച്ചുംതെളിച്ചുംകനിവൊടുകളിച്ചുംപുളച്ചുംനലമൊടു
നടിച്ചുംവദിച്ചുംപലരസമുദിച്ചുംമറിച്ചുംപരിചൊടു
ചരിച്ചുംചിരിച്ചുംപലവഴിതിരിച്ചുംഭരിച്ചുംചുമടുകൾ
നടന്നുംകടന്നുംചിലരലഥമുടന്നുംകിടന്നുംവനമപി
തകർത്തുംതിമിർത്തുംപുതുമകളുതിർത്തുംമുതിർത്തുമ്മധുബത
കുടിച്ചുംചൊടിച്ചുംതങ്ങളിലടിച്ചുംപിടിച്ചുംഭള്ളുകൾ
നടിച്ചുംകടിച്ചുംതടതല മിടിച്ചുംപൊടിച്ചുംവടിതടി
എടുത്തുംകടുത്തുംഖലകുലമടുത്തുംതടുത്തുംചിലരിഹ
പെടുത്തുംകറുത്തുംമുഖമതുചെറുത്തുംപൊറുത്തുംകടുമൊഴി
ഉരുത്തുംപെരുത്തുംപലതൊഴിൽവരുത്തുംനിരത്തുംശിവശിവ!
ഈവണ്ണമവിടത്തിലാവന്നപുരുഷാരം
ആകുന്നപടക്കോപ്പുമാകവേചരതിച്ചു
നാഗമന്ദിരംതന്നിൽആഗമിച്ചഴകോടെ
നാഗകേതുവെച്ചെന്നുവേഗനകൈവണങ്ങി
ആയുധമെടുത്തുംകൊണ്ടായിരത്തിയിരുന്നൂറു
നായന്മാരകംപടിയായ്‌മുന്നിൽനടക്കേണം
അമ്പതുചവളക്കാരമ്പതുമറക്കാരും
പിമ്പേസഞ്ചരിക്കേണംഅത്രമാത്രമേവേണ്ടൂ
ബാലപ്പിള്ളരുംവേണ്ടാവൃദ്ധന്മാർകളുംവേണ്ട
കാലിന്നുമുടവുള്ളകാര്യക്കാരുംവേണ്ട
കാലത്തുപഴംകഞ്ഞികുടിക്കാതെനടപ്പാനും
മേലാത്തഭടന്മാരുംയജമാനന്മാരുംവേണ്ടാ
ബാലപ്പെൺകൊടിമാരെകാണുമ്പോൾഇളിക്കുന്ന
മാലക്കണ്ണുള്ളവരുംമടിയന്മാർമുടിയന്മാർ
മാലോകർദുഷിക്കുംകൾകുടിയന്മാർമടിയന്മാർ
നാലിന്നുമുതകാത്തനാടന്മാർശുനകന്റെ
വാലിന്നുംവിലകാണാത്താണുങ്ങളിഹവേണ്ടാ
പള്ളക്കുപൊറുപ്പാനായ്ഇരന്നുണ്ടുനടന്നതുതൻ
തള്ളക്കുമൊരു വറ്റുകൊടുക്കാത്തോരിരപ്പാളി
പ്പിള്ളർക്കുപിറന്നുള്ളഭടന്മാരെകൊണ്ടുപോയാൽ
തൊള്ളക്കുതെല്ലുവെള്ളംകുടിപ്പാൻകൂടവേകൂടാ
മാറ്റിക്കണ്ടനെക്കൂട്ടുകൊണ്ടങ്ങുനടക്കുന്ന

[ 13 ]

പോറ്റിക്കുമനർത്ഥങ്ങൾ വരുമെന്നു ധരിക്കേണം
മാറ്റിപ്പേർപറഞ്ഞെന്നാൽമലവെള്ളംപൊങ്ങിനില്പോ
രാറ്റിൽമുങ്ങിയാൽപോലുംജലപാനംകൂടുകില്ലാ
തന്നെക്കാൾവലിയോരെത്തരിമ്പുംശങ്കയില്ലാത്ത
കന്നങ്ങൾമറുനാട്ടിൽചെന്നുപോരാൻചിതംപോരാ
പെണ്ണുങ്ങൾപറയുന്നമൊഴികേട്ടുനടക്കുന്നോ
രെണ്ണങ്ങൾപലതുണ്ടാമവരാരുമിങ്ങുവേണ്ടാ
വിപ്രന്മാർവരുന്നേരംവഴിമാറിക്കൊടുക്കാത്ത
ദുഷ്പ്രഭുക്കളുംവേണ്ടാദുരഹങ്കാരികൾവേണ്ടാ
സ്വാമികല്പനകേൾപ്പാൻമടിക്കുന്നമഹാപാപി
ഭൂമിയിലൊരേടത്തുംപൊറുപ്പാനുത്തമനല്ല
തമ്പുരാന്റെമടപ്പള്ളിച്ചെമ്പിലേച്ചോറുഭക്ഷിപ്പാൻ
മുമ്പിൽവന്നുസ്ഥലംവയ്ക്കുമാമ്പടിക്കാരൊരുകൂട്ടം
വമ്പടവന്നടുക്കുമ്പോൾപിമ്പിലെങ്ങാനൊളിക്കുന്ന
വമ്പരെല്ലാമങ്ങുവീട്ടിൽപാർത്തുകൊൾകേവേണ്ടുവിപ്പോൾ
കേട്ടുകേട്ടുവന്നുകൂടുംമാനുഷന്മാരൊരുലക്ഷം
നാട്ടുപട്ടന്മാരുമെല്ലാമെന്തിനിപ്പോൾപോന്നുവന്നു
ഊട്ടിലുൺമാൻകൂട്ടുകൂട്ടിപോകയല്ലീപ്രഭുത്വത്തെ
കാട്ടിയൊപ്പിക്കണംവൈരിജനങ്ങൾക്കെന്നതുമല്ല
നാട്ടിലുള്ളമുതുക്കന്മാർപിള്ളരുംപിള്ളമാരോരോ
കോട്ടിൽനിന്നുപുറപ്പെട്ടുവന്നുയോഗംതികയുന്നു
കാട്ടിലുള്ളഫലമൂലംചുട്ടുതിന്നുകിടക്കുന്ന
ചേട്ടകൾക്കഷ്ടിയെന്നല്ലാതെപ്പൊഴുംചിന്തയുമില്ലാ
നരയന്മാരൊരുകൂട്ടംജരയന്മാരൊരുകൂട്ടം
കുരയന്മാരൊരുകൂട്ടംകുരുടന്മാരൊരുകൂട്ടം
കറുമ്പന്മാർവെളുമ്പന്മാർകഷണ്ടിക്കാർകിഴവന്മാ
രൊരുമ്പെട്ടുപുറപ്പെട്ടുതരിമ്പുംതാമസിക്കാതെ
പെരുക്കാലുള്ളവരെല്ലാമനങ്ങാതെതന്റെവീട്ടി
ലിരിക്കാതെമെല്ലെമെല്ലനടന്നിങ്ങുവന്നുകൂടീ
ഒരിക്കലുമൊരേടത്തുംനടക്കാതെകിടക്കുന്ന
കരക്കാരൊന്നൊഴിയാതെപരക്കെവന്നീടുകൂടി
ഇരപ്പാളിപ്പരിഷയ്ക്കങ്ങൊരുനേരംതെല്ലുചോറു
നിരപ്പോടേകൊടുത്തങ്ങുപിരിപ്പാനിപ്പുരംതന്നിൽ
പരിപ്പുകാരനുംചന്ത്രക്കാരനുംചന്തമോടെകാ
ത്തിരിപ്പുമറ്റവരൊക്കെത്തിരിപ്പുതങ്ങടെവീട്ടിൽ
കുറുപ്പന്മാർപണിക്കന്മാർകണക്കപ്പിള്ളമാർപിന്നെ
ചെറുപ്പക്കാർവലിപ്പക്കാരിജ്ജനങ്ങളിപ്പുരത്തിൽ
ഉറപ്പിച്ചുവസിച്ചാലുമഛനേയുമമ്മയേയും
വെറുപ്പിച്ചീടൊലാവല്ലാത്തേഷണിവാക്കുകൾകൊണ്ടു
കുറുപ്പത്തിലൊരുയോഗംകൂട്ടിഞാനുംതമ്പിമാരും
പുറപ്പെട്ടുപാണ്ഡവന്മാരിരിക്കുംദിക്കിലേക്കിപ്പോൾ
പറക്കൊട്ടുംകൊമ്പുകാളംതാളവുംമേളവുംവേണ്ടാ
നിറക്കേടില്ലതില്ലാഞ്ഞാൽഇജ്ജനങ്ങൾക്കൊരേടത്തും
അറിഞ്ഞാലുംനിങ്ങളാടാച്ചാക്കിയാർക്കേകോപ്പുവേണ്ടു
കുറഞ്ഞൊന്നുതാഴ്ചയില്ലാനമുക്കുമേളമില്ലാഞ്ഞാൽ
പറഞ്ഞാൽകഷ്ടമെന്നാലുംപറയാംതതമ്പുരാന്മാരും
കുറഞ്ഞൊന്നല്ലഹോഞങ്ങൾനൂറുപേരുണ്ടൊരു പോലെ
ഒരുയുദ്ധത്തിനുവേണ്ടുംനൃപന്മാർഞങ്ങൾതാൻപോരും
കുരുരാജാധിപൻതന്റെഭാഗ്യമെന്നേപറയാവൂ
ഒരുദിക്കിൽചെന്നുപോരാനൊരുവൈഷമ്യമില്ലിപ്പോൾ
ഒരേടത്തുമവമാനമിജ്ജനങ്ങൾക്കില്ലതാനും
പെട്ടകംപെട്ടിയുംകെട്ടിച്ചുമപ്പാൻപിള്ളരുംകുട്ടി
പട്ടരുംവെറ്റിലസ്സഞ്ചിക്കാരനും,കാരിയക്കാരും
എട്ടുപത്തുകടക്കാരുമഞ്ചുപത്തുവരിയോല
ക്കെട്ടെടുക്കുംഭടന്മാരുമായിരംനായരുംവേണം
ഇപ്രകാരമുരചെയ്തുധാർത്തരാഷ്ട്രാഗ്രജവീരൻ
ക്ഷിപ്രമങ്ങുപുറപെട്ടുസാദരംസോദരന്മാരും
തൽപ്രകാരംശകുനിയുംകർണ്ണനുംകാരിയക്കാരും

[ 14 ]

സപ്രമോദംഭടന്മാരുംസർവവൃന്ദങ്ങളുംപിമ്പേ
വമ്പനായുള്ളോരുനല്ലകൊമ്പനാനത്തലവന്റെ
കൊമ്പുരണ്ടുംമസ്തകവുംപൊൻപടംകൊണ്ടണിയിച്ചു
തൻപുറത്ത്മദംമൂത്തതമ്പുരാനുംകരയേറി
തമ്പിരാജാക്കളുംതൊണ്ണൂറ്റൊമ്പത്ആനപ്പുറമേറി
മുമ്പിലാശുനടകൊണ്ടുമൂത്തരാജാവാനുജന്മാർ
പിമ്പിലമ്മവാനുംപിന്നെകർണ്ണനുംരണ്ടുഭാഗത്തും
വമ്പിയന്നയജമാനന്മാരുമൊക്കെപുറപ്പെട്ടു
ജൃംഭിതഘോഷാമംവണ്ണംഗമിച്ചാരദരാദരവോടെ
വീടുംകുടികളുംനാടുംനഗരവും
തോടുംപുഴകളുംകാടുംമലകളും
കടന്നുനടന്നുവാപീതടവുംഇടവുംനല്ല
ജലവുംസ്ഥലവുംവൃക്ഷത്തണലുംമണലുംപൂവിൻ
മണവുംഗുണവുംകണ്ടുകുരുക്കൾതരുക്കൾമൂലേ
പരന്നങ്ങിരുന്നനേരംതുടങ്ങിഭടന്മാർനായാ-
ട്ടടങ്ങിമടങ്ങീടാതെ,കലയുംപുലിയുമുള്ള
മലയിൽവലയുംകെട്ടിതടുത്തുംകടുത്തുംവില്ലു
മെടുത്തുംതൊടുത്തുംബാണമുടക്കിമുടക്കിനിന്നും
തടിയുംവടിയുമേന്തിവെടിയുംപൊടിയുമാർത്തു
കരിയുങ്കിരിയുംപോത്തുംനരിയുംഹരിയുംചാടി
കടിച്ചുംപിടിച്ചുംവെട്ടിമുറിച്ചുംമരിച്ചുംതള്ളി
പ്പിടിച്ചുംകിടച്ചുംമാംസംപിളർന്നുംകിളർന്നുംമോദം
വളർന്നുംതളർന്നുംകൂട്ടംകലമ്പികലമ്പിതമ്മിൽ
കയർത്തുംവിയർത്തുംമേനിവിളിച്ചുംതെളിച്ചുംപന്നി
കുറവുംപുറവുംകണ്ടിച്ചെടുത്തുംകൊടുത്തുംചുട്ടു
ഭൂജിച്ചുംത്യജിച്ചുംകള്ളുകുടിച്ചുചൊടിച്ചുംതൊഴിൽ
നായാട്ടുമതിയാക്കിനായന്മാരിഹപോന്നു
നായാടികളുംമാറിപ്പോയാരോക്കവേകൂടെ,
ഇന്ദ്രപ്രസ്ഥമെന്നുള്ളമന്ദിരസ്ഥലത്തിന്റെ
അന്തികപ്രദേശത്തങ്ങടുത്തുധാർത്തരാഷ്ട്രന്മാർ
ദന്തികന്ധരംതന്നിൽനിന്നിറങ്ങിനൂറ്റുപേരും
രത്‌നങ്ങൾകൊണ്ടുകെട്ടിപ്പടുത്തൊരാൽത്തറകേറി
രാജനന്ദനന്മാരുംകർണൻമാതുലൻതാനും
പെട്ടന്നുകാറ്റുമേറ്റുസുഖിച്ചുമേവിനനേരം
പെട്ടകംതുറന്നാലുമെന്നുരാജാവരുൾചെയ്തു
പെട്ടിപെട്ടകമെല്ലാംതുറന്നു,പൊന്മണിക്കൊപ്പം
പട്ടുംപട്ടുറുമാലുംചേലയുംപച്ചപ്പാലാവും
എന്നുള്ളപദാർത്ഥങ്ങളെടുത്തുകൊണ്ടലങ്കാര-
മൊന്നുമേകുറയാതെചമയത്തിനൊരുമ്പെട്ടു
ചന്ദനംപനിനീരുകുംകുമകളഭലളിതജവാതുവും
ചന്തമേറിനപുഴുകുമഴകൊടിഴുക്കിമെയ്യിലശേഷമേ
കന്ദകുറുമൊഴിമല്ലികമലർമാലകൊണ്ടുശിരോരുഹേ
മന്ദമൻപിലണിഞ്ഞുസുന്ദരസുഭഗരൂപിസുയോധനൻ
സ്വർണ്ണമണിമയമകുടകടകകിരീടഭൂഷണഭൂഷിതൻ
കർണ്ണയുഗമതിലധികവിലസതകുണ്ഡലങ്ങളണിഞ്ഞുടൻ
മുത്തുമാലപതക്കുമുരുതരമുരസിച്ചേർത്തുമനോഹരം
പത്തുകൈവിരലുംനിറച്ചഥമോതിരങ്ങൾനിരന്തരം
ഏട്ടുരണ്ടുമുളത്തിലുള്ളൊരുപട്ടുടുത്തരഞ്ഞാണവും
ഇട്ടുപട്ടുറുമാലുകെട്ടിമുറുക്കിനല്ലൊരുതൊങ്ങേലും
തട്ടുപുഴുകുമെടുത്തുമുഞ്ഞിമിനുക്കിനൽകുറിയിട്ടുടൻ
മുട്ടുകുത്തിയിരുന്നുതലമുടിതൂർത്തുകെട്ടിമഹാരഥൻ
ശില്പമോടഥചന്ദ്രകാവിവളച്ചുകെട്ടിവിശിഷ്ടമാം
ദർപ്പണത്തെയെടുത്തുപല്ലുമിളിച്ചുനോക്കി,രസിക്കയും
ഇപ്രകാരമതൊക്കെവൈരികൾകാണണംമമപൌരുഷം
എന്നുറച്ചുജഇപ്രഭുത്വവിധങ്ങളഖിലമെടുത്തഹോ
മന്നവൻനിജവേഷഭൂഷണഭംഗിയൊക്കെവരുത്തിനാൻ
ഉന്നതംകട,ചാമരം,തഴ,കൊടികളിടകലരുംവിധം
പന്നഗദ്ധ്വജനാശുപാണ്ഡവനഗരനികടമവാപ്തവാൻ ധാർത്തരാഷ്ട്രനരചെയ്തുസോദരന്മാരോടു മെല്ലെ
ധൂർത്തരാഷ്ട്രംപ്രവേഗിച്ചുനമ്മളെന്നുഗ്രഹിക്കേണം

[ 15 ]

കീർത്തിഭംഗംവരാതെകണ്ടിപ്രദേശങ്ങളെയെല്ലാം
പാർത്തുകണ്ടുംകൊണ്ടുവെക്കമങ്ങുതന്നേഗമിക്കേണം
അബദ്ധങ്ങളൊന്നുകാട്ടാതിരിക്കേണമനുജന്മാർ
അവസ്ഥാനങ്ങളിൽചെന്നുചാടിയാൽദൂഷണമുണ്ടാം
അവസ്ഥാദേശകാലങ്ങളറിഞ്ഞേസഞ്ചരിക്കാവൂ
സുബദ്ധംനമ്മൾചെയ്താലുമബദ്ധമാക്കുമക്കൂട്ടം
പരന്മാർപാണ്ഡുപുത്രന്മാർപരിഹാസത്തിനുവട്ടം
പരിചിൽകൂട്ടുമങ്ങേറ്റംകരുതിക്കൊണ്ടുചെല്ലേണം
എനിക്കേതുമബദ്ധങ്ങൾവരികയില്ലോരേടത്തും
കനക്കേടുംവരുത്തില്ലെന്നനുജന്മാർധരിക്കേണം
അനക്കാതെന്നുടെപിമ്പേനടന്നുപോന്നുകൊള്ളേണം
അനർത്ഥമാർക്കുമില്ലെന്നാലവമാനംവരാനില്ലാ
ഇത്ഥംപറഞ്ഞുസുയോധനവീരൻ
ചിത്തംതെളിഞ്ഞുനടന്നുതുടങ്ങി
ചിത്രപ്പുരത്തിലകത്തുകടന്നു
ചിത്രപ്പണികളുംകണ്ടുനടന്നു
പാണ്ഡവന്മാരുമദ്രൌപദിതാനും
മണ്ഡപംതന്നിൽകരേറിപതുക്കെ
മാധവനേയുംബലഭദ്രനേയും
മാനിച്ചുനന്ദിച്ചവിടെവസിച്ചു
ദുര്യോധനനുംസഹോദരന്മാരും
ദൂരത്തുനിന്നുവരുന്നതുകണ്ടു
ധർമ്മതനൂജന്റെമാനസംതന്നിൽ
സമ്മോദമേറ്റംവളർന്നുകിളർന്നൂ
സമ്മാനത്തിന്നുള്ളവട്ടങ്ങൾകൂട്ടി
സന്തോഷമോടെവസിക്കുന്നനേരം
ദിവ്യസഭതന്നിൽവന്നുകരേറി
ഭവ്യനായുള്ളസുയോധനഭൂപൻ
വെള്ളസ്ഫടികസ്ഥലങ്ങളിലെല്ലാം
വെള്ളമുണ്ടെന്നൊരുശങ്കതുടങ്ങി
ഉള്ളിൽവിളങ്ങുന്നരത്നങ്ങൾകണ്ടാൽ
തള്ളിയലയ്ക്കുന്നപേരെന്നുതോന്നും
നീരുള്ളദിക്കെന്നുറച്ചുപതുക്കെ
നീന്തുവാനുള്ളൊരുവട്ടങ്ങൾകൂട്ടി
വീരാളിപ്പട്ടുചെരച്ചുകയറ്റി
വീരൻപതുക്കെപ്പദംകൊണ്ടുതപ്പി
പിമ്പിൽനടക്കുന്നതമ്പിമാരെല്ലാം
മുമ്പിൽനടക്കുന്നചേട്ടനെപ്പോലെ
ചന്തത്തിനുള്ളൊരുപട്ടുമുയർത്തി
കുന്തിച്ചുകുന്തിച്ചുയാത്രതുടങ്ങി
അപ്രദേശങ്ങൾപതുക്കെക്കടന്നു
അഗ്രഭാഗത്തിങ്കൽചെന്നൊരുനേരം
പച്ചനിറമുള്ളരത്നങ്ങളാലേ
മെച്ചത്തിൽക്കെട്ടിപടുത്തുവിളങ്ങും
നീരാഴമുള്ളോരുനീരാഴിതന്റെ
തീരത്തുചെന്നുകരേറിനരേന്ദ്രൻ
ജലമേന്തിനിൽക്കുന്നോരാറ്റിന്റെമദ്ധ്യേ
ജലമില്ലെന്നുള്ളത്തിലോർത്തുപതുക്കെ
നലമോടുപൊണ്ണൻകുതിച്ചങ്ങുചാടി
നിലവിട്ടുവെള്ളത്തിൽവീണാശുമുങ്ങി
പുഴുകുംകളഭവുംചാന്തുംകുറിയും
കഴുകിജലത്തിൽകിടന്നങ്ങുഴച്ചു
മുഴുകിയുംപൊങ്ങിയുമങ്ങൊരുദിക്കിൽ
ഒഴുകിത്തിരിഞ്ഞുതനിച്ചൊരുവീരൻ
വെള്ളംകുടിച്ചുംകിതച്ചുംപതച്ചും
ഉള്ളംചൊടിച്ചുമുരഞ്ഞുംപിരണ്ടും
തള്ളിയലച്ചുംവിറച്ചുംവിയച്ചും
തള്ളിപ്പിടിച്ചുംമറിഞ്ഞുംതിരിഞ്ഞും
പാരംവലഞ്ഞുപതുക്കെപ്പതുക്കെ
തീരമണഞ്ഞൊരുദിക്കിൽകരേറി
കണ്ടുവസിക്കുംവൃകോദരനപ്പോൾ
രണ്ടുകരങ്ങളുംകൊട്ടിച്ചിരിച്ചു
പണ്ടുനീനമ്മെക്കയർകൊണ്ടുകെട്ടി
ക്കൊണ്ടുകയത്തിൽപിടിച്ചുമറിച്ചു
അങ്ങനെചെയ്തൊരുദുര്യോധന!നീ
ഇങ്ങനെവെള്ളത്തിൽമുങ്ങീടവേണം
തങ്ങൾചെയ്തീടുംദുരാചാരമെല്ലാം
തങ്ങൾക്കുതന്നെഭവിച്ചിടുമല്ലോ
ശൃംഗാരമോടിയുംകൂട്ടിക്കൊണ്ടയ്യോ
ചങ്ങാതിവന്നെന്റെനീരാഴിതന്നിൽ
മുങ്ങാനവകാശംവന്നതുകൊള്ളാം
എങ്ങുനിന്നിപ്പോളിവിടേക്കുവന്നു?
നിങ്ങടെരാജ്യത്തിൽവെള്ളംകുടിപ്പാ-
നെങ്ങുമൊരേടത്തുമില്ലായ്കകൊണ്ടോ
ഞങ്ങടെനാട്ടിലെത്തോട്ടിലെവെള്ളം
അങ്ങുള്ളവെള്ളത്തെക്കാൾഗുണമെന്നോ?
ഇത്ഥമോരോപരിഹാസംപറഞ്ഞുഭീമസേനന്താൻ
ഹസ്തസംഘട്ടനത്തോടെഹസിച്ചങ്ങുരസിക്കുന്നു
മാനിനിമാർമണിയാളാംദ്രൌപദിയുംകരംകൊണ്ടു
ങ്ങാനനത്തെമറച്ചാശുമന്ദഹാസംചെയ്തുമെല്ലെ
നാണവുംകോപവുംപാരംവൈരവുംമാനസംതന്നിൽ

[ 16 ]

ക്ഷീണവുംദൈന്യവുംപൂണ്ടുനാഗകേതുമഹാരാജൻ
പ്രാണനാശത്തിനെക്കാളുംസങ്കടമിപ്പരിഹാസം
പ്രാണികൾക്കുസഹിക്കാവോന്നല്ലഹാ!ഹാ!മഹാകഷ്ടം
കെട്ടിഞാത്തിയുടുത്തോരുപട്ടുമെല്ലാമിട്ടുമുക്കി
മുട്ടുകുത്തിമുഖംതാഴ്ത്തിതോട്ടിൽനിന്നുകരകേറി
കൂട്ടമോടേവസിക്കുന്നോരനുജന്മാർക്കുതൻമുഞ്ഞി
കാട്ടുവാനുമെളുതല്ലാലജ്ജകൊണ്ടുമാധികൊണ്ടും
ഇപ്രകാരംവിഷാദിച്ചുധാർത്തരാഷ്ട്രൻതമ്പിമാരും
ക്ഷിപ്രമങ്ങുഗമിപ്പാനായൊരുമ്പെട്ടുപുറപ്പെട്ടു
തൽപ്രകാരമറിഞ്ഞൊരുധർമ്മപുത്രൻവിരവോടേ
തൽപ്രദേശത്തേക്കുചെന്നുനല്ലപട്ടുംകൊണ്ടുമെല്ലേ
അയ്യോ!കഷ്ടമേനിങ്ങൾക്കീവണ്ണമിതുകാലം
ദുര്യോഗംസംഭവിപ്പാനൊട്ടുംസംഗതിപോരാ
അങ്ങുന്നീഭവനത്തിലിന്നിപ്പോൾവരുമെന്നു
ഞങ്ങൾക്കുനിനവില്ലാഭാഗ്യമെന്നതേവേണ്ടൂ
വല്ലാത്തൊരബദ്ധത്തിൽചാടിപ്പോയതുകൊണ്ടും
തെല്ലുംകുണ്ഠിതംവേണ്ടാകുരുരാജാത്മജവീര
പട്ടുകൊണ്ടുടനീറൻപകർന്നാലുംവിരവോടെ
ഒട്ടുംസംശയംവേണ്ടദുകൂലംഞാൻതരാമിപ്പോൾ
ഇങ്ങുള്ളധനമെന്നുംഅങ്ങുള്ളധനമെന്നും
എങ്ങുംഭേദമില്ലല്ലോഭംഗിക്കുപറകല്ല
അങ്ങേഅച്ഛന്നുമെന്റെതാതന്നുംപിതാവേകൻ
അങ്ങേനുള്ളസമ്പത്തുരണ്ടുപേർക്കുംസമമല്ലോ
ഇത്ഥമുള്ളയുധിഷ്ഠിരന്റെവിശുദ്ധവാക്കുകൾകേട്ടുടൻ
ക്രുദ്ധഭാവരസംമറച്ചുപറഞ്ഞുപന്നഗകേതനൻ
പട്ടുകെട്ടുകയിൽതരിമ്പുമൊരാശയില്ലനമുക്കെടോ
വെട്ടുകൊണ്ടുമരിച്ചില്ലെങ്കിലതീശ്വരന്റെയനുഗ്രഹം
മുട്ടുതീർത്തുവിടേണമെന്നുഭവാന്റെമനസിമനോരഥം
മുട്ടുകൊണ്ടുമുറിഞ്ഞുചാകരുതന്നിനിക്കുമനോരഥം
സല്കരിപ്പതിനായ്‌വരുന്നഭവാന്റെതമ്പിവൃകോദരൻ
ധിക്കരിച്ചുചിരിച്ചതെന്നുമറക്കുമേഷസുയോധനൻ
ഇക്കണക്കുപിരിഞ്ഞതെന്നുടെഭാഗ്യമെന്നിഹഞങ്ങളെ
ച്ചുക്കുതീറ്റിവിടേണമെന്നുകൊതിച്ചിരുന്നുസഹോദരൻ
ശക്രസുതനൊടുരണ്ടുവാക്കുപറഞ്ഞുപോരെണമെന്നഹോ
അർക്കസുതനൊരുമോഹമുള്ളതുസാധിയാഞ്ഞതുകുണ്ഠിതം
ഒക്കെയുംപുനരുപരികഴിവരുമർക്കനന്ദനനന്ദന
വെക്കമങ്ങുഗമിക്കഞങ്ങളുമങ്ങുപോവതിനൊട്ടുമേ
കാലതാമസമില്ലയാത്രപഞ്ഞുഞങ്ങൾമഹാമതേ
ചാലവേമമഹസ്തിപത്തനമെത്തിയെന്നുധരിക്കനീ
കാലവാതവലാന്തകാശ്വികുമാരരാകിനനിങ്ങളും
ലീലയാനിജമന്ദിരത്തിൽവസിച്ചുകൊൽകയഥാസുഖം
നിറഞ്ഞമത്സരമെല്ലാംമറച്ചുകൊണ്ടിപ്രകാരം
പറഞ്ഞുകൌരവനുള്ളിലുറഞ്ഞകോപവുംപൂണ്ടു
നിറക്കേടുംതരക്കേടുംചിതക്കേടുംപതക്കേടും
കനക്കേടുംമനക്കേടുംമതക്കേടുംമദക്കേടും
കുറഞ്ഞൊന്നല്ലഹോ!കഷ്ടംകുരുക്കൾക്കിങ്ങനെമുന്നം
ഒരിക്കാലമൊരേടത്തുമകപ്പെട്ടിട്ടറിവില്ല
കറുത്തുവക്ത്രവുംചിത്തംവെറുത്തുദുഷ്പ്രഭുത്വവും
കുറുത്തുകുണ്ഠിതമൊട്ടുപൊറുത്തുകൂടുകയില്ല
വളർന്നുനാണവുമംഗംതളർന്നുവൈരവുമേറ്റം
കിളർന്നുമാനസമൊന്നുപിളർന്നുപോയതുപോലെ
പകർന്നുവെറ്റയുംപാക്കുംനുകർന്നുപല്ലുകൾചുണ്ടും
ചുകന്നുകാൺകയിലാർക്കുമകന്നുമോടികളെല്ലാം
നടന്നുകാനനമെല്ലാംകടന്നൂഹസ്തിനഗേഹ
മടുത്തുചെന്നകംപുക്കുകടുത്തുള്ളോരവമാനം
ക്ഷമിച്ചുതാതനെച്ചെന്നുനമിച്ചുതൻപുരംതന്നിൽ
ഗമിച്ചുഭാര്യമാരോടേരമിച്ചുകൌരവശ്രേഷ്ഠൻ
പറവാൻബുദ്ധിയില്ലാത്തപറയൻഞാനിത്രമാത്ര

[ 17 ]

മറിഞ്ഞോരുകാഥാലേശംപറഞ്ഞേനെന്നതേവേണ്ടു
ഗുരുക്കന്മാരടിയന്റെകുറവുകൾപൊറുക്കേണം
നിരക്കുന്നഗുണമിങ്ങുതെരിക്കെന്നുവരുത്തേണം
ഇരിക്കുന്നസഭാവാസിജനമെല്ലാംപ്രസാദിച്ചു
തരക്കേടുവരാതെന്നെത്തുണയ്ക്കേണംനസ്കാരം
പരബ്രഹ്മസ്വരൂപശ്രീപരമേശൻമഹാദേവൻ
പരമാർത്ഥംപരംദൈവംപരമാനന്ദസന്ദോഹം
പരമാത്മാവരമിന്നുപരിചോടിങ്ങരുളേണം
പരിതോഷംവരുത്തണംപരമെന്നെനികത്തേണം
അമരസേവിതേ!മാത്തൂരമരുംശ്രീമഹാഭദ്രേ!
മമതായേ!മഹാമായേ!മമതാവാരിധേ!ദേവി
നമസ്തേലോകമാതാവേ!നമസ്തേനായികേ!നാഥേ
നമസ്തേമൽക്കുലാധാരേ!നമസ്തേമംഗളാകാരേ

സഭാപ്രവേശം പറയൻതുള്ളൽ


സമാപ്തം


"https://ml.wikisource.org/w/index.php?title=സഭാപ്രവേശം&oldid=206866" എന്ന താളിൽനിന്ന് ശേഖരിച്ചത്