സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
യെഹെസ്കേൽ‌ പ്രവാചകന്റെ പുസ്തകം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.

2 ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ചു യിസ്രായേൽ പർവ്വതങ്ങളിൽ വരുത്തും.

3 നിന്റെ ഇടങ്കയ്യിൽനിന്നു ഞാൻ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യിൽനിന്നു നിന്റെ അമ്പു വീഴിക്കും.

4 നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപർവ്വതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.

5 നീ വെളിൻ പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

6 മാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയക്കും; ഞാൻ യഹോവ എന്നു അവർ അറിയും

7 ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും.

8 ഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ഇതത്രേ ഞാൻ അരുളിച്ചെയ്ത ദിവസം.

9 യിസ്രായേലിന്റെ പട്ടണങ്ങളിൽ വസിക്കുന്നവർ പുറപ്പെട്ടു പരിച, പലക, വില്ലു, അമ്പു, കുറുവടി, കുന്തം മുതലായ ആയുധങ്ങളെ എടുത്തു തീ കത്തിക്കും; അവർ അവയെക്കൊണ്ടു ഏഴു സംവത്സരം തീ കത്തിക്കും.

10 പറമ്പിൽനിന്നു വിറകു പെറുക്കുകയോ കാട്ടിൽനിന്നു ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നേ അവർ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവർ കൊള്ളയിടുകയും തങ്ങളെ കവർച്ച ചെയ്തവരെ കവർച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

11 അന്നു ഞാൻ ഗോഗിന്നു യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിന്നു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നേ; വഴിപോക്കർക്കും അതു വഴിമുടക്കമായ്തീരും; അവിടെ അവർ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കം ചെയ്യും; അവർ അതിന്നു ഹാമോൻ -ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്നു പേർ വിളിക്കും.

12 യിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീർത്തു ദേശത്തെ വെടിപ്പാക്കുവാൻ ഏഴു മാസം വേണ്ടിവരും.

13 ദേശത്തിലെ ജനം എല്ലാംകൂടി അവരെ അടക്കംചെയ്യും; ഞാൻ എന്നെത്തന്നേ മഹത്വീകരിക്കുന്ന നാളിൽ അതു അവർക്കും കീർത്തിയായിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

14 ദേശമെല്ലാം വെടിപ്പാക്കേണ്ടതിന്നു അതിൽ ശേഷിച്ച ശവങ്ങളെ അടക്കുവാൻ ദേശത്തിൽ ചുറ്റി സഞ്ചരിക്കുന്ന നിത്യപ്രവൃത്തിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവർ പരിശോധന കഴിക്കും.

15 ദേശത്തു ചുറ്റി സഞ്ചരിക്കുന്നവർ സഞ്ചരിക്കുമ്പോൾ അവരിൽ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിന്നരികെ ഒരു അടയാളം വേക്കും; അടക്കം ചെയ്യുന്നവർ അതു ഹാമോൻ -ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കംചെയ്യും.

16 ഒരു നഗരത്തിന്നും ഹമോനാ (പുരുഷാരം) എന്നു പേരുണ്ടാകും; ഇങ്ങനെ അവർ ദേശത്തെ വെടിപ്പാക്കും.

17 മനുഷ്യപുത്രാ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നതും: നിങ്ങൾ കൂടിവരുവിൻ ; നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യണ്ടേതിന്നു ഞാൻ യിസ്രായേൽപർവ്വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്കു വേണ്ടി അറുപ്പാൻ പോകുന്ന എന്റെ യാഗത്തിന്നു നാലുപുറത്തു നിന്നും വന്നുകൂടുവിൻ .

18 നിങ്ങൾ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം; അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നേ.

19 ഞാൻ നിങ്ങൾക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തിൽനിന്നു നിങ്ങൾ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.

20 ഇങ്ങനെ നിങ്ങൾ എന്റെ മേശയിങ്കൽ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

21 ഞാൻ എന്റെ മഹത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെമേൽ വെച്ച എന്റെ കയ്യും സകല ജാതികളും കാണും.

22 അങ്ങനെ അന്നുമുതൽ മേലാൽ, ഞാൻ തങ്ങളുടെ ദൈവമായ യഹോവയെന്നു യിസ്രായേൽഗൃഹം അറിയും.

23 യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവർ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാൻ എന്റെ മുഖം അവർക്കും മറെച്ചു, അവരൊക്കെയും വാൾകൊണ്ടു വീഴേണ്ടതിന്നു അവരെ അവരുടെ വൈരികളുടെ കയ്യിൽ ഏല്പിച്ചു എന്നും ജാതികൾ അറിയും.

24 അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങൾക്കും തക്കവണ്ണം ഞാൻ അവരോടു പ്രവർത്തിച്ചു എന്റെ മുഖം അവർക്കും മറെച്ചു.

25 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇപ്പോൾ ഞാൻ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേൽഗൃഹത്തോടൊക്കെയും കരുണ ചെയ്തു എന്റെ വിശുദ്ധനാമംനിമിത്തം തീക്ഷണത കാണിക്കും.

26 ഞാൻ അവരെ ജാതികളുടെ ഇടയിൽനിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽ നിന്നു അവരെ ശേഖരിച്ചു പല ജാതികളും കാൺകെ എന്നെത്തന്നേ അവരിൽ വിശുദ്ധീകരിച്ചശേഷം

27 ആരും അവരെ ഭയപ്പെടുത്താതെ അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കുമ്പോൾ, തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സർവ്വദ്രോഹങ്ങളും മറക്കും.

28 ഞാൻ അവരെ ജാതികളുടെ ഇടയിൽ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരിൽ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്നു അവർ അറിയും.

29 ഞാൻ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കയാൽ ഇനി എന്റെ മുഖം അവർക്കും മറെക്കയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>