സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
യെഹെസ്കേൽ‌ പ്രവാചകന്റെ പുസ്തകം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

2 മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവിൽ പാർക്കുംന്നു; കാണ്മാൻ കണ്ണുണ്ടെങ്കിലു അവർ കാണുന്നില്ല; കേൾപ്പാൻ ചെവിയുണ്ടെങ്കിലും അവർ കേൾക്കുന്നില്ല; അവർ മത്സരഗൃഹമല്ലോ.

3 ആകയാൽ മനുഷ്യപുത്രാ, നീ യാത്രക്കോപ്പു ഒരുക്കി പകൽസമയത്തു അവർ കാൺകെ പുറപ്പെടുക; അവർ കാൺകെ നിന്റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്രപുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവർ കണ്ടു ഗ്രഹിക്കുമായിരിക്കും.

4 യാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകൽസമയത്തു അവർ കാൺകെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്തു അവർ കാൺകെ പ്രവാസത്തിന്നു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.

5 അവർ കാൺകെ നീ മതിൽ കുത്തിത്തുരന്നു അതിൽകൂടി അതു പുറത്തു കൊണ്ടുപോകേണം.

6 അവർ കാൺകെ നീ അതു തോളിൽ ചുമന്നുകൊണ്ടു ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു ഒരു അടയാളം ആക്കിയിരിക്കുന്നു.

7 എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രക്കോപ്പുപോലെ ഞാൻ എന്റെ സാമാനം പകൽസമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാൻ എന്റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവർ കാൺകെ തോളിൽ ചുമന്നു.

8 എന്നാൽ രാവിലെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

9 മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോടു: നീ എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ?

10 ഈ അരുളപ്പാടു യെരൂശലേമിലെ പ്രഭുക്കന്മാർക്കും അവരുടെ ചുറ്റും പാർക്കുംന്ന യിസ്രായേൽ ഗൃഹത്തിന്നൊക്കെയും ഉള്ളതു എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക.

11 ഞാൻ നിങ്ങൾക്കു ഒരടയാളമാകുന്നു എന്നു നീ പറക; ഞാൻ ചെയ്തതുപോലെ അവർക്കും ഭവിക്കും; അവർ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.

12 അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളിൽ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന്നു അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവൻ മുഖം മൂടും.

13 ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്തു ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവെച്ചു മരിക്കും.

14 അവന്റെ ചുറ്റുമുള്ള സഹായക്കാരെ ഒക്കെയും അവന്റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാൻ നാലു ദിക്കിലേക്കും ചിതറിച്ചുകളയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.

15 ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ചു ദേശങ്ങളിൽ ചിന്നിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.

16 എന്നാൽ അവർ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകലമ്ളേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്നു ശേഷിപ്പിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.

17 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

18 മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടെ വെള്ളം കുടിക്കയും ചെയ്ക.

19 ദേശത്തിലെ ജനത്തോടു നീ പറയേണ്ടതു: യെരൂശലേംനിവാസികളെയും യിസ്രായേൽ ദേശത്തെയും കുറിച്ചു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടു കൂടെ ശൂന്യമായ്പോകുന്നതുകൊണ്ടു അവർ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോട വെള്ളം കുടിക്കയും ചെയ്യും.

20 ജനപുഷ്ടിയുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിർജ്ജനവും ആയിത്തീരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

21 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

22 മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങൾക്കു യിസ്രായേൽ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?

23 അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ ഈ പഴഞ്ചൊല്ലു നിർത്തലാക്കും; അവർ യിസ്രായേലിൽ ഇനി അതു ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദർശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്നു അവരോടു പ്രസ്താവിക്ക.

24 യിസ്രായേൽ ഗൃഹത്തിൽ ഇനി മിത്ഥ്യാദർശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.

25 യഹോവയായ ഞാൻ പ്രസ്താവിപ്പാൻ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാൻ വചനം പ്രസ്താവിക്കയും നിവർത്തിക്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

26 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

27 മനുഷ്യപുത്രാ, യിസ്രായേൽഗൃഹം: ഇവൻ ദർശിക്കുന്ന ദർശനം വളരെനാളത്തേക്കുള്ളതും ഇവൻ പ്രവചിക്കുന്നതു ദീർഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.

28 അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>