Jump to content

ഭാസ്ക്കരമേനോൻ/രണ്ടാമദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാസ്ക്കരമേനോൻ (നോവൽ)
രചന:രാമവർമ്മ അപ്പൻ തമ്പുരാൻ
രണ്ടാമദ്ധ്യായം
[ 5 ]
രണ്ടാമദ്ധ്യായം

ഉറങ്ങുന്നാരൊ ചൊന്നാൽ വിശ്വസിക്കൊല്ല പറ്റി-

പ്പരുങ്ങുന്നാളേ വേഗം വേണ്ടതിന്നയക്കൊല്ല-
ചുരുങ്ങുന്നേരംകൊണ്ടു വേണ്ടകൃത്യത്തിൽ താന്താ-
നിറങ്ങുന്നതേ നല്ലൂ ... ... ...

കൃത്യാകൃത്യവിവേചനം.


ഗോവിന്ദൻ അമ്പലക്കാട്ടു ചെന്നപ്പോൾ പുറപ്പെട്ട സമയം നല്ലതായിരുന്നുവെന്നു് അറിഞ്ഞു. എന്തോ അടിയന്തിരകാര്യമായിട്ടു് അപ്പാത്തിക്കരി പുറത്തേക്കു ഇറങ്ങിയിട്ടു് അധികം നേരമായില്ലെന്നും, പുറത്തു് ഇറയത്തു കിടന്നിരുന്ന ഒരു വാലിയക്കാരൻ പറഞ്ഞു. ഗോവിന്ദൻ പിന്നെ പല ചോദ്യങ്ങളും അയാളോടു ചോദിച്ചതിനു്, ഉറക്കത്തിന്റെ ശക്തികൊണ്ടു കേൾക്കാഞ്ഞിട്ടോ വേണ്ടെന്നുവെച്ചിട്ടോ, അയാൾ മറുപടി യാതൊന്നും പറഞ്ഞില്ല. പുറത്തിറങ്ങി വല്ലവരോടും ചോദിച്ചുകളയാമെന്നുവച്ചാൽ ഈ സമയത്തു ആരെയാണു കണ്ടുകിട്ടുന്നതു്? കണ്ടുകിട്ടിയാൽതന്നെ, അയാൾ അപ്പാത്തിക്കരി പോയവഴി അറിഞ്ഞുകൊള്ളണമെന്നുണ്ടോ എന്നു വിചാരിച്ചു അവിടത്തന്നെ കുറച്ചുനേരം കാത്തിരിക്കുവാൻ തീർച്ചയാക്കി. ഈറൻമുണ്ടു പിഴിഞ്ഞുടുത്തു്, തണുത്തു വിറച്ചുംകൊണ്ടു് ഇറയത്തുതന്നെ കൂടി, അങ്ങനെയിരുന്നൊന്നു മയങ്ങുകയും [ 6 ] ചെയ്തു. പിന്നെ ഉണൎന്നപ്പോൾ അടുക്കൽ കിടന്നിരുന്നവനെ കാണ്മാനില്ല. നേരം പ്രകാശമാകേണ്ട ദിക്കായി. 'ഇനിയിരുന്നാൽ പറ്റില്ല. വരുന്നതൊക്കെ വരട്ടെ, അകത്തുനിന്നു് ആരേ എങ്കിലും വിളിച്ചു ചോദിക്കുകതന്നെ' എന്നു തീർച്ചയാക്കി വാതുക്കൽചെന്നു മുട്ടി.

വാതിൽ തുറന്നതു അപ്പാത്തിക്കരിയാണു്. പുളിങ്ങോട്ടു നിത്യനായിരുന്നതുകൊണ്ടു ഗോവിന്ദനെ കണ്ടപ്പോൾ മനസ്സിലായി.

'എന്താ' പുളിങ്ങോട്ടു വിശേഷം ഒന്നും ഇല്ലല്ലോ? എന്നു ചോദിച്ചു.

'ഉവ്വു;. ഏമാന്നു് സുഖക്കേടു കുറച്ചധികമാണു്. ഞാൻ ഇവിടെ വന്നിട്ടു നേരം തെല്ലായി. വന്നപ്പോൾ ഇവിടുന്നു പുറത്തേയ്ക്കു ഇറങ്ങിയിരിക്കയാണെന്നാണു കേട്ടതു്.

'ആരു പറഞ്ഞു?'

'ഒരു വാലിയക്കാരൻ.'

'പേരെന്ത്?'

'ചോദിച്ചിട്ടു പറഞ്ഞില്ല'.

'അവനെവിടെ?'

'ഞാനൊന്നു മയങ്ങി ഉണൎന്നപ്പോൾ കണ്ടില്ല'.

'അവനെവിയെയാണു കിടന്നിരുന്നതു്?'

'ഈ ഇറയത്തുതന്നെ'.

'എയ്! എന്നാൽ എന്റെ ശിഷ്യനല്ല. അവൻ അകത്താണു കിടന്നിരുന്നതു്. തെണ്ടിനടക്കുന്ന വികൃതികൾ വല്ലവരും ആയിരിക്കാം. ആകട്ടെ, ഞാൻ ചായകഴിഞ്ഞിട്ടു പുറപ്പെട്ടാൽ പോരേ?

'ഇപ്പോൾതന്നെ കൂട്ടിക്കൊണ്ടുവരണമെന്നു പറഞ്ഞാണു് കുഞ്ഞിരാമമേനോൻ എന്നെ അയച്ചതു്.' [ 7 ] കുഞ്ഞിരാമൻനായരു ബുദ്ധിക്കു വളരെ വിവേകമുള്ള ഒരാളാണെന്നും, അദ്ദേഹത്തിനു യാതൊരു സംഗതിയിലും പരിഭ്രമലേശംപോലും ഉണ്ടാവാറില്ലെന്നും, പരിചയംകൊണ്ടു്, അപ്പാത്തിക്കരിക്കു നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടു കുഞ്ഞിരാമൻനായരു ഇങ്ങനെ പറഞ്ഞയയ്ക്കണമെങ്കിൽ സാരമായ കാരണം വല്ലതും ഉണ്ടായിരിക്കണമെന്നുറച്ചു ഉടനെ മരുന്നുപെട്ടി എടുത്തുകൊണ്ടുവന്നു ഗോവിന്ദന്റെ കൈയിൽ കൊടുത്തു 'നീ മുമ്പെ നടന്നോ, ഞാൻ പിന്നാലെ വരുന്നുണ്ടു്' എന്നു പറഞ്ഞു അയാളെ അയച്ചു. അപ്പാത്തിക്കരി കുപ്പായം തൊപ്പി എല്ലാം ഇട്ടു ഭാൎയ്യയെ വിളിച്ചു് - 'എനിക്കുവേണ്ടി കാത്തിരിക്കേണ്ട; ഞാൻ പുളിങ്ങോട്ടേയ്ക്കു പോവുകയാണു്. വരുമ്പോൾ കുറച്ചു നേരം വൈകുവാനും മതി. എനിക്കു ഉണിനുള്ളതു പകൎന്നുവച്ചേയ്ക്കു്' എന്നു പറഞ്ഞു വീട്ടിനു പുറത്തിറങ്ങി കുതിരയ്ക്കു ഏറുകോപ്പുവെച്ചു ആസ്പത്രിയിൽ കൊണ്ടുവരുവാൻ കുതിരക്കാരനോടു പറഞ്ഞു ശട്ടം കെട്ടി അദ്ദേഹം ആസ്പത്രിയിലേയ്ക്കു നടന്നു. അമ്പലക്കാട്ടുനിന്നും ആസ്പത്രിയിലേയ്ക്കു ഒരു വിളിപ്പാടെ ഉള്ളു. അപ്പാത്തിക്കരി അവിടെ ചെന്നു ചില കുഴലുകളും കരുക്കളും എടുത്തു കുപ്പായക്കീശയിൽ ഇട്ടു. താമസിയാതെ കുതിരയും എത്തി. വേഗം കുതിരപ്പുറത്തു കയറി കുതിരക്കാരനോടു പിന്നാലെ വരുവാനും പറഞ്ഞു പുളിങ്ങോട്ടേയ്ക്കു തിരിച്ചു. ആസ്പത്രിയിൽനിന്നു പുളിങ്ങോട്ടേയ്ക്കു ഒരു മയിലിൽ കുറയാതെയുണ്ടു്. അപ്പാത്തിക്കരി പുളിങ്ങോട്ടെത്തിയപ്പോൾ പെട്ടിയുമായിട്ടു ഗോവിന്ദനും വന്നുചേർന്നു. കുതിരപ്പുറത്തുനിന്നിറങ്ങി, പെട്ടി താൻതന്നെ മേടിച്ചു, കുതിരയെ നോക്കേണ്ടഭാരം ഗോവിന്ദനേയും ഏല്പിച്ചു്, അപ്പാത്തിക്കരി [ 8 ] തളത്തിലേയ്ക്കു കടന്നു. അപ്പോഴേയ്ക്കും കുഞ്ഞിരാമൻനായരുടെ ആഴമുള്ള ക്ഷമയ്ക്കു അടികാണേണ്ട ദിക്കായി.

ഗോവിന്ദൻ പോയിട്ടു് തികച്ചു മൂന്നേമുക്കാൽ മണിക്കൂറായി. ആദ്യത്തെമണിക്കൂർ മനോരാജ്യത്തിൽകഴിഞ്ഞു. പിന്നത്തെ നാഴിക എണ്ണീട്ടും പിന്നത്തെ വിനാഴിക എണ്ണീട്ടും കഴിച്ചുകൂട്ടി. എന്നിട്ടും ശിഷ്യന്റെ വർത്തമാനമൊന്നും കേൾപ്പാനില്ല. തനിച്ചായതുകൊണ്ടു അവിടെനിന്നു വിട്ടുപിരിയാനും തരമില്ല. കൂട്ടിലിട്ട സിംഹത്തെപ്പോലെ ലാത്തിത്തുടങ്ങി. നടക്കുമ്പോൾ കാലടികൾ ഒന്നോടൊന്നു തൊടത്തക്കവണ്ണം അടുപ്പിച്ചുവയ്ക്കുന്നതു അമ്പലക്കാട്ടേയ്ക്കു വഴി അളന്നു അങ്ങോട്ടുപോയി വരുവാനുള്ള സമയം കണക്കാക്കുകയായിരിക്കാം. കുറെ കഴിഞ്ഞപ്പോൾ നടയൊന്നു മാറി കാലു നീട്ടിവെച്ചുതുടങ്ങി. ഈ സമയത്താണു അപ്പാത്തിക്കരി അകത്തേക്കു പ്രവേശിച്ചതു്. കുഞ്ഞിരാമൻ നായർക്കു ഇങ്ങോട്ടു ചോദിക്കുവാനൊന്നും ഇടകൊടുക്കാതെ:-

വിചാരിക്കാത്തവിധത്തിൽ ചില ദുർഘടങ്ങൾ നേരിട്ടതുകൊണ്ടു വരുവാൻ താമസം വന്നതാണു്. അതെല്ലാം വിവരിച്ചു വഴിയെ പറഞ്ഞുകൊള്ളആം. കത്തുന്ന തീയിൽ നെയ്യൊഴിച്ചതുപോലെ, ഞാൻ വരുവാൻ അമാന്തിച്ചതുകൊണ്ടു നിങ്ങളുടെ മനസ്സിനുള്ള സുഖക്കേടു വർദ്ധിച്ചിരിക്കാം. എന്നാൽ ഇതു മനഃപൂൎവം വരുത്തിക്കൂട്ടിയതൊന്നുമല്ല. നിർഭാഗ്യവശാൽ ഇങ്ങനെ വന്നുകലാശിച്ചുവെന്നേ ഉള്ളു എന്നു അപ്പാത്തിക്കരി അങ്ങോട്ടു കടന്നു പറഞ്ഞു.

കുഞ്ഞിരാമൻനായൎക്കു ഈ പ്രസംഗം കേട്ടുനിൽക്കുവാൻ ക്ഷമയുണ്ടായില്ല. അകത്തേക്കു മുമ്പേ കടന്നു കട്ടിലിന്മേൽകിടക്കുന്ന ആ സ്വരൂപത്തെ ചൂണ്ടിക്കാണിച്ചുംകൊണ്ടു് നിർഭാഗ്യവശാൽ ഇങ്ങനെ വന്നു കലാശിച്ചു [ 9 ] വെന്നേ ഉള്ളൂ എന്നു പറഞ്ഞു് ഒഴിഞ്ഞുനിന്നു. അപ്പാത്തിക്കരിയും പിന്നാലെ കടന്നു. കരുത്തുണ്ടെന്നല്ലാതെ വൈഷമ്യത്തിന്റെ സംശയംപോലും ഉണ്ടെന്നു ശങ്കിക്കാത്തതായ ഒരു ഉദരരോഗത്തിനു അധീനനായിരുന്ന കിട്ടുണ്ണിമേനവന്റെ സ്ഥാനത്തു ഒരു വികൃതരൂപത്തെ കണ്ടപ്പോൾ അപ്പാത്തിക്കരിയും ഒന്നു പരുങ്ങിയില്ലെന്നില്ല. പക്ഷെ പരിചയഭേദംകൊണ്ടു പരുങ്ങലു് പുറത്തേയ്ക്കത്ര പ്രകാശിച്ചില്ല. അടുത്തുചെന്നു സാവധാനത്തിൽ മുടിതൊട്ടു അടിയോളം ഒന്നു കണ്ണോടിച്ചു. എന്നിട്ടു് ഉള്ളങ്കാൽ മുതൽ ദേഹമെല്ലാം തൊട്ടുനോക്കി കണ്ണിന്റെ ചുവട്ടിലത്തെ പോളയും വിടൎത്തിനോക്കി. അതുകൊണ്ടു തൃപ്തിയായെന്നു തോന്നുന്നു. തിരിഞ്ഞു കുഞ്ഞിരാമൻനായരെ നോക്കി:-

'ഇതൊരു ദുൎമ്മരണമാണു്. സ്റ്റേഷൻ ആപ്സരെ വേഗം വരുത്തണം' എന്നു പറഞ്ഞു, സ്റ്റേഷൻ ആപ്സർ വരുന്നതുവരെ ഈ സംഗതിയെപ്പറ്റി യാതൊന്നും സംസാരിക്കയില്ലെന്നുള്ള ഭാവത്തിൽ, പുറത്തേക്കു കടന്നു. പൂമുഖത്തു ചാരുകസാലയിന്മേൽ ചെന്നിരുന്നു കുപ്പായക്കീശയിൽ നിന്നു ഒരു ചെറിയ പുസ്തകം എടുത്തു നോട്ടുകുറിക്കുവാനും തുടങ്ങി.

കുഞ്ഞിരാമൻനായരു അപ്പാത്തിക്കരിയുടെ ഭാവമറിഞ്ഞു തളത്തിൽനിന്നു പുറത്തുവന്നപ്പോൾ, ഗോവിന്ദൻ കുതിരയെ കുതിരക്കാരൻവശം ഏല്പിച്ചു സ്വസ്ഥനായിട്ടു നിൽക്കുകയായിരുന്നു. വേഗം അപ്പാത്തിക്കരിയോടു സ്റ്റേഷനാപ്സൎക്ക് ഒരു കുറിമാനം വാങ്ങി ഗോവിന്ദൻ പക്കൽകൊടുത്തു് അയാളെ സ്റ്റേഷനിലേക്കു അയച്ചു. കുഞ്ഞിരാമൻനായരു ഇറയത്തുതന്നെ, പടിക്കലേക്കു നോക്കിക്കൊണ്ടു ദീർഘാലോചനയിൽ വീണു.