ഭാസ്ക്കരമേനോൻ/ഒന്നാമദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാസ്ക്കരമേനോൻ (നോവൽ)
രചന:രാമവർമ്മ അപ്പൻ തമ്പുരാൻ
ഒന്നാമദ്ധ്യായം
[ 1 ]
ഭാസ്കരമേനോൻ


ഒന്നാമദ്ധ്യായം

ഇഷ്ടന്മാരരികിൽക്കിടന്നു പകലും രാവും പണിപ്പെട്ടതി

ക്ലിഷ്ടം തെല്ലിടകണ്ണടച്ചു കടുദുസ്വപ്നങ്ങൾ കാണുംവിധൌ
കഷ്ടം കശ്മലകാളരാത്രി കഴിയുമുമ്പം ചിലപ്പോൾ മഹാ
ദുഷ്ടന്മാർ ഖല കാലദൂതർ ചിലരെക്കൊല്ലുന്നു കില്ലെന്നിയേ

കൊല്ലം ആയിരത്തറുപത്തിമൂന്നാമതു തുലാമാസം അഞ്ചാംതീയതി അർദ്ധരാത്രി ഏകദേശം ഒരുമണിയായെന്നു തോന്നുന്നു; അപ്പോൾ പുളിങ്ങോട്ടു കിട്ടുണ്ണിമേനവന്റെ ബങ്കളാവിൽ പൂമുഖത്തു കിടന്നുറങ്ങിയിരുന്നവരിൽ പടിഞ്ഞാറെ അറ്റത്തു ജനാലയുടെ നേരെ കിടന്നിരുന്ന ഒരാൾ ഞെട്ടി ഉണൎന്നു കിടന്ന കിടപ്പിൽതന്നെ ഇടത്തും വലത്തും തിരിഞ്ഞുനോക്കി, കുറച്ചു നേരം ചെവി ഓൎത്തുകൊണ്ടു മിണ്ടാതെ കിടന്നു.

കുറഞ്ഞൊന്നു തുറന്നു കിടക്കുന്ന ജനാലയുടെ പഴുതിൽക്കൂടി അകത്തേക്കു കടക്കുന്ന കാറ്റിനു ജലകണങ്ങളുടെ സംസർഗ്ഗമുള്ളതുകൊണ്ടു മഴ പൊഴിയുന്നുണ്ടായിരിക്കണം. എന്നാൽ, ഇറക്കാലിൽ നിന്നും വെള്ളം വീഴുന്ന ഒച്ച കേൾക്കാത്തതുകൊണ്ടു മഴ പെയ്യുന്നില്ലെന്നു ഊഹിക്കാം. ഇടകലൎന്നു തുടരെത്തുടരെ ഇടിമുഴക്കവും മിന്നലും ഉള്ളതിനു പുറമെ ഒരു ദീനസ്വരത്തിൽ അനദ്ധ്യായമില്ലാതെ ശ്വാവു നിലവിളിക്കുന്നതു കേൾപ്പാനുണ്ടു്. ഈ വക ശബ്ദംകൊണ്ടും അടുക്കൽ കിടക്കുന്നവരുടെ കൂൎക്കം [ 2 ] വലികൊണ്ടും വേറെ വല്ല ഒച്ചയനക്കവും ഉണ്ടെങ്കിൽ തന്നെ അറിയാൻ പ്രയാസം.

ഇങ്ങനെ കിടന്നു ചെവി ഓൎത്തിട്ടു ഫലമില്ലെന്നു കരുതി അയാൾ എഴുനേറ്റു, ഇരുട്ടത്തു തപ്പിത്തടഞ്ഞു ദീനക്കാരൻ കിടക്കുന്ന മുറിവാതുക്കൽ എത്തി. എടത്തുകാലു ഉമ്മറപ്പടിയിന്മേൽ ഊന്നി ചെവിയുടെ പിന്നിൽ കൈയുംകൊടുത്തു, ഒരു ഭാഗത്തേക്കു ചെരിഞ്ഞു ശ്വാസവുമടക്കി കുറച്ചുനേരം നിന്നു. ഒരു ശബ്ദവും കേട്ടില്ല. വാതിൽ പതുക്കെ തുറന്നു നോക്കിയപ്പോൾ, വിളക്കു കെട്ടിരിക്കുന്നു. തീപ്പെട്ടിയിരിക്കുന്നേടം നിശ്ചയമുള്ളതുകൊണ്ടു ചുവരിന്മേൽപിടിച്ചു കാലുകൊണ്ടു നിലം തടവി, രോഗി കിടക്കുന്ന കട്ടിലിന്റെ തലക്കൽചെന്നു തീപ്പെട്ടിക്കോലെടുത്തു ഉരച്ചു. വിളക്കിരുന്നിരുന്നതു അടുത്തു പിന്നിൽ തന്നെ ഒരു മേശപ്പുറത്തായിരുന്നതിനാൽ ദീനക്കാരനു അഭിമുഖമായി നിന്നട്ടാണു് തീപ്പെട്ടിക്കോലുരച്ചതു്. കോലു കത്തിത്തെളിഞ്ഞപ്പോൾ അയാളുടെ കണ്ണു മുമ്പേ പതിഞ്ഞതു രോഗിയുടെ മുഖത്താണു്.

'അയ്യോ! എന്റെ ദൈ—'

എന്നു പകുതി പറഞ്ഞപ്പോഴേക്കും തൊണ്ട ഇടറീട്ടു ഒച്ച പൊങ്ങുന്നില്ല. നഖശിഖാന്തം വിയർത്തു അന്ധനായിട്ടു കുറച്ചുനേരം നിന്നനിലയിൽത്തന്നെ അയാൾ നിന്നുപോയി.

കുഞ്ഞിരാമൻനായരു സ്വതേ മനസ്സിനു നല്ല ധൈൎയ്യമുള്ളൊരാളാണെങ്കിലും തന്റെ പ്രാണസ്നേഹിതനായ കിട്ടുണ്ണിമേനവനു വന്ന അത്യാപത്തിങ്കൽ സ്വാഭാവികമായ പ്രകൃതിക്കു ഇങ്ങനെ ഒരു വികാരഭേദം സംഭവിച്ചതാണു്. [ 3 ] സ്വബോധമുണ്ടായി നോക്കിയപ്പോഴേക്കും താഴെവീണ തീപ്പെട്ടിക്കോലു കെട്ടുപൊയ്ക്കഴിഞ്ഞു. രണ്ടാമതും ഒരു കോലെടുത്തുരച്ചു കൊളുത്തി.

കട്ടിലിന്മേൽ കിടക്കുന്ന ആ സ്വരൂപത്തെ കണ്ടാൽ ഭയപ്പെടാതെ സാമാന്യക്കാരിലാരും ഉണ്ടാവില്ല. കണ്ണു രണ്ടും തുറിച്ചു മിഴിച്ചിട്ടുണ്ടു്. കൃഷ്ണമണി സ്വതേ ഉള്ളതിൽ ഇരട്ടി വലുതായിട്ടും ഉണ്ടു്. പല്ലു നാവിന്മേൽ കോർത്തുകടിച്ചിരിക്കുന്നു. ചുണ്ടുരണ്ടും വരണ്ടു ചുരുങ്ങീട്ടുള്ളതുകൊണ്ടു പല്ലും നൊണ്ണും പുറത്തോട്ടു തള്ളിയപോലെയും തോന്നും. മുഖം കരിനീലം. ദേഹമെല്ലാം വിറങ്ങലിച്ചു തടിവെട്ടിയിട്ടപോലെയും കിടക്കുന്നു.

കുഞ്ഞിരാമൻനായർക്കു മരിച്ചു കിടക്കുന്ന ദേഹത്തിന്റെ വിരൂപതയെപ്പറ്റി ആലോചിപ്പാനും ഭയപ്പെടുവാനും ഒന്നും ഇടയുണ്ടായിരുന്നില്ല. സ്നേഹാതിശയത്താൽ ശ്വാസമുണ്ടായിരിക്കുമോ എന്നൊരാശകൊണ്ടു, പുറങ്കൈ മൂക്കിന്റെ അടുക്കലും വായയുടെ അടുക്കലും വച്ചുനോക്കി. അതുകൊണ്ടു സംശയം തീർന്നില്ല. വേഗം കൈ മാറത്തുവച്ചുനോക്കി; മാറു പിടയ്ക്കുന്നില്ല; നാഡിപിടിച്ചുനോക്കി. അതും നിന്നിരിക്കുന്നു. തീരെ നിരാശനായപ്പോൾ അതിസങ്കടത്തോടുകൂടി തന്റെ രണ്ടാമതുള്ള ഹൃദയമായരുന്ന അദ്ദേഹത്തിന്റെ മുഖത്തൊന്നുനോക്കി. മിഴിച്ചിരിക്കുന്ന കണ്ണുകളെക്കൊണ്ടു അദ്ദേഹവും തന്റെ നേരെ നോക്കുകയാണെന്നു തോന്നിപ്പോയി. ആ നോട്ടം സഹിക്കുക വയ്യാതെ കുഞ്ഞിരാമൻ നായരു വേഗം തന്റെ മുഖം തിരിച്ചു, കുറച്ചുനേരം കഷ്ടം വച്ചുകൊണ്ടു നിന്നു. പിന്നെ പതുക്കെ പൂമുഖത്തേക്കുചെന്നു, 'ഗോവിന്ദാ, ഗോവിന്ദാ,' എന്നു വിളിച്ചു. അയാൾ ഉണൎന്നില്ല. വേഗം അടുത്തുചെന്നു [ 4 ] കുലുക്കിവിളിച്ചപ്പോൾ, എന്താ എന്താ എ്? എന്നു ചോദിച്ചു പിടച്ചെഴുന്നേറ്റു.

'ഏമാന്നു സുഖക്കേടു കുറച്ചധികമാണു്. അമ്പലക്കാട്ടുപോയി, അപ്പാത്തിക്കരിയെ ഉടനെ കൂട്ടിക്കൊണ്ടുവരണം. അമാന്തിക്കരുതു്' എന്നു കുഞ്ഞിരാമൻ നായരു പറഞ്ഞു. ഗോവിന്ദൻ അതു കേട്ടപാടു വിരിച്ചിരുന്ന രണ്ടാംമുണ്ടെടുത്തരയിൽ കെട്ടി പായും തെറുത്തുവച്ചു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ-

'വരട്ടെ; ഇവിടെ വരു. സാവധാനത്തിൽ അകത്തുകടന്നു യജമാനന്റെ കണ്ണുരണ്ടും തറന്നിരിക്കുന്നതു അടപ്പിച്ചിച്ചു പൊക്കോളു പരിഭ്രമിക്കല്ലേ.'

എന്നു പറഞ്ഞ താമസം. ഗോവിന്ദൻ അകത്തേക്കു കടന്നു കട്ടിലിന്മേലേക്കു നോക്കിയപ്പോൾ ഒന്നു ഞെട്ടി "അയ്യോ" എന്നു പറഞ്ഞു് ഒന്നു പിന്നോക്കം വലിഞ്ഞു.

"വേണ്ട, പേടിക്കേണ്ട, ചെന്നോളു"

എന്നു കുഞ്ഞിരാമൻനായരു പറഞ്ഞതിനെ വിശ്വസിച്ചു് അടുത്തുചെന്നു ഉള്ളങ്കൈകൊണ്ടു കൺപോളകൾ തലോടി കണ്ണുരണ്ടും അടപ്പിച്ചു എന്നു വിചാരിച്ചു തിരിയെപ്പോന്നു.

"ഇനി വേഗം പോയിട്ടുവരു. ഞാനിവിടെ കാത്തിരിക്കാം" എന്നു പറഞ്ഞു നായർ ഗോവിന്ദനെ യാത്രയാക്കി. ആ സമയത്തു മഴ കോരിച്ചൊരിയുന്നുണ്ടു്. കട തൽക്കാലം അവിടെ നോക്കിയപ്പോൾ കണ്ടതുമില്ല. അതു തിരയുവാൻ പ്രയാസമെന്നും നിശ്ചയിച്ചു രണ്ടാമ്മുണ്ടും അഴിച്ചു തലയിലിട്ടു ശിഷ്യൻ ഗോവിന്ദൻ മഴയത്തുതന്നെ അമ്പലക്കാട്ടേക്കോടി.

കുഞ്ഞിരാമൻനായരും അകത്തേക്കുള്ള വാതിലിലോടു് അടുത്തു്, തളത്തിൽതന്നെ കീഴ്പോട്ടുംനോക്കി നിലയായി.