താൾ:ഭാസ്ക്കരമേനോൻ.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
9


വെന്നേ ഉള്ളൂ എന്നു പറഞ്ഞു് ഒഴിഞ്ഞുനിന്നു. അപ്പാത്തിക്കരിയും പിന്നാലെ കടന്നു. കരുത്തുണ്ടെന്നല്ലാതെ വൈഷമ്യത്തിന്റെ സംശയംപോലും ഉണ്ടെന്നു ശങ്കിക്കാത്തതായ ഒരു ഉദരരോഗത്തിനു അധീനനായിരുന്ന കിട്ടുണ്ണിമേനവന്റെ സ്ഥാനത്തു ഒരു വികൃതരൂപത്തെ കണ്ടപ്പോൾ അപ്പാത്തിക്കരിയും ഒന്നു പരുങ്ങിയില്ലെന്നില്ല. പക്ഷെ പരിചയഭേദംകൊണ്ടു പരുങ്ങലു് പുറത്തേയ്ക്കത്ര പ്രകാശിച്ചില്ല. അടുത്തുചെന്നു സാവധാനത്തിൽ മുടിതൊട്ടു അടിയോളം ഒന്നു കണ്ണോടിച്ചു. എന്നിട്ടു് ഉള്ളങ്കാൽ മുതൽ ദേഹമെല്ലാം തൊട്ടുനോക്കി കണ്ണിന്റെ ചുവട്ടിലത്തെ പോളയും വിടൎത്തിനോക്കി. അതുകൊണ്ടു തൃപ്തിയായെന്നു തോന്നുന്നു. തിരിഞ്ഞു കുഞ്ഞിരാമൻനായരെ നോക്കി:-

'ഇതൊരു ദുൎമ്മരണമാണു്. സ്റ്റേഷൻ ആപ്സരെ വേഗം വരുത്തണം' എന്നു പറഞ്ഞു, സ്റ്റേഷൻ ആപ്സർ വരുന്നതുവരെ ഈ സംഗതിയെപ്പറ്റി യാതൊന്നും സംസാരിക്കയില്ലെന്നുള്ള ഭാവത്തിൽ, പുറത്തേക്കു കടന്നു. പൂമുഖത്തു ചാരുകസാലയിന്മേൽ ചെന്നിരുന്നു കുപ്പായക്കീശയിൽ നിന്നു ഒരു ചെറിയ പുസ്തകം എടുത്തു നോട്ടുകുറിക്കുവാനും തുടങ്ങി.

കുഞ്ഞിരാമൻനായരു അപ്പാത്തിക്കരിയുടെ ഭാവമറിഞ്ഞു തളത്തിൽനിന്നു പുറത്തുവന്നപ്പോൾ, ഗോവിന്ദൻ കുതിരയെ കുതിരക്കാരൻവശം ഏല്പിച്ചു സ്വസ്ഥനായിട്ടു നിൽക്കുകയായിരുന്നു. വേഗം അപ്പാത്തിക്കരിയോടു സ്റ്റേഷനാപ്സൎക്ക് ഒരു കുറിമാനം വാങ്ങി ഗോവിന്ദൻ പക്കൽകൊടുത്തു് അയാളെ സ്റ്റേഷനിലേക്കു അയച്ചു. കുഞ്ഞിരാമൻനായരു ഇറയത്തുതന്നെ, പടിക്കലേക്കു നോക്കിക്കൊണ്ടു ദീർഘാലോചനയിൽ വീണു.


"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/15&oldid=173922" എന്ന താളിൽനിന്ന് ശേഖരിച്ചത്