നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)/ആവരണവിക്ഷേപ നിവൃത്തിപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
രചന:ചട്ടമ്പിസ്വാമികൾ
ആവരണവിക്ഷേപ നിവൃത്തിപ്രകരണം
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ആവരണവിക്ഷേപ നിവൃത്തിപ്രകരണം
[തിരുത്തുക]

[ 90 ] (സ്വാത്മാനന്ദരസാംബുധിയിൽ മുഴുകിയിരുന്ന ശി‌ഷ്യനെ ആചാര്യൻ ആലിംഗന വിശേ‌ഷത്താൽ ബഹിർമുഖപ്പെടുത്തി. പ്രദക്ഷിണനമസ്കാരപൂർവ്വമായി തന്റെ ഗുരുവിന്റെ മഹാകരുണയെ ശി‌ഷ്യൻ പലവിധമായി പുകഴ്ന്നു.)

ശി‌ഷ്യൻ: സ്വാമി, ദീനരക്ഷക, ദേഹത്രയാഭിമാനമായ മൂന്നു തലകളുള്ളതായും ഇരുതലമണിയനെന്നപോലെ ആവരണ വിക്ഷേപങ്ങളായ രണ്ടു തലകളുള്ളതായും വർണ്ണിച്ചതിൽ മുൻപറഞ്ഞ മൂന്നു തലകളേയും ശദേിക്കുമാറ് ഉപായം അനുഗ്രഹിച്ചതുപോലെ, മറുള്ളവയെ നീക്കുന്ന മാർഗ്ഗത്തെയും ഉപദേശിച്ചരുളേണം.

ആചാര്യൻ: ഇരുതലമണിയനോട് സമാനങ്ങളായ വിക്ഷേപാവരണങ്ങളെന്ന ശക്തികൾ രണ്ടു കോടിയിലുള്ള തനതു ശക്തിയാൽ ആനന്ദനിധിയെ ആർക്കും അടുക്കാൻ പാടില്ലാത്ത വിധത്തിൽ ആക്കിചെയ്താലും, അതിനെയും ജയിപ്പാനുപായമുണ്ട്.

ഇരുതലമണിയനെന്ന സർപ്പം ബഹുദൂരദൃഷ്ടിയുള്ളത്. അതിന്റെ ദൃഷ്ടിയിൽ ഏതൊരു വസ്തു എതിരിട്ടാലും നീറിപ്പോകും. അതിനേയും അധികരിച്ചതായ, കാളകൂടവി‌ഷത്തെക്കാൾ മേലായ കഠിനമുള്ള, ആവരണവിക്ഷേപങ്ങളായ ശക്തികൾ ഏറ്റവും കഠിനമുള്ളത്. അവയിൽ വിക്ഷേപ ശക്തിയെന്നത് തന്നാൽ ഉണ്ടായ ദർപ്പണനഗരമെന്നപോലെ എണ്ണമിലാത്ത ചരാചരങ്ങളായ അനേകബ്രഹ്മാണ്ഡകോടികളെ സൃഷ്ടിക്കുമെന്നതിൽ, ഇന്ദ്രജാലവിദ്യയാൽ അനേക ഗജരഥതുരഗപദാദികൾ കല്പിക്കപ്പെട്ട് ഏവരാലും പ്രത്യക്ഷമായനുഭവി [ 91 ] ക്കപ്പെട്ടാലും ആ ഇന്ദ്രജാലക്കാരൻ അതു മിഥ്യയെന്നും ഇന്ദ്രജാലവിദ്യയാൽ കല്പിതമെന്നും അറിവുള്ളതുപോലെ തന്നാൽ കല്പിക്കപ്പെട്ട പ്രപഞ്ചത്തെ മിഥ്യയെന്നാകട്ട തന്നാൽ കല്പിക്കപ്പെട്ടതെന്നാകട്ടെ വിവേകം കൂടാതെ, അതിനെ വൃദ്ധിയാക്കുന്നതിനു നോക്കിനിൽക്കും. അതിൽ ഉപഹിത ജീവചൈതന്യങ്ങൾക്കു വൃത്തിവിവേകങ്ങളെക്കൂടാതെ സ്വന്തമായി വികാരങ്ങൾ പാടില്ലാത്തതിനാൽ ആ വിക്ഷേപ ശക്തിയിലുദിച്ച ദുഃഖസാഗരത്തിൽ മുങ്ങിമുങ്ങി, സ്വഭാവമായി അവിനാശിയാകയാൽ മരിക്കുന്നതിനു കഴിയാതെ, സഹിപ്പാൻ വയ്യാത്ത വിധത്തിൽ വിശ്രാന്തി പ്രാപിപ്പാൻ ഇടമില്ലാതെ ഭുജിക്കുന്നു. ഇങ്ങിനെയിരുന്നാലും, ഈ വിക്ഷേപശക്തി അളവില്ലാത്ത പ്രപഞ്ചാകാരമായി ഭവിക്കണമെങ്കിൽ നിർനിമിത്തമായി ഭവിക്കയില്ല. ആ നിമിത്തത്തെ നോക്കിയാൽ പുറക്കരണങ്ങളുടെ പഞ്ചഭൂതപാഞ്ചഭൗതികപഞ്ചവി‌ഷയങ്ങളെ പ്രത്യക്ഷത്തിൽ സ്വീകരിച്ച്, സംസാരത്തെ മുന്നിട്ട്, ആ വി‌ഷയാകാരങ്ങളായി താനേ പരിണമിച്ച്, അവകളെ ആ പരിണാമത്തിൻ വഴിയായി അതാതു നാമരൂപങ്ങളോടുംകൂടി നിർണ്ണയപ്പെടുത്തി, തന്നിൽ ഉപഹിതമായ പ്രത്യഗ്ചൈതന്യ പ്രകാശബലത്താൽ പ്രകാശിച്ചു നിൽക്കും. ഇങ്ങിനെയായാൽ ഈ പുറക്കരണങ്ങൾക്കു പ്രത്യക്ഷപ്പെട്ട വി‌ഷയങ്ങൾ അതാതു നാമരൂപങ്ങളോടും കൂടി വി‌ഷയപ്പെടാതെ, അപ്രകാരമേ അകക്കരണമാകുന്ന വിക്ഷേപശക്തിക്കും തനിക്കുള്ള പ്രകാരം വ്യവഹാരത്തിൽ സിദ്ധിച്ച ലക്ഷണത്താൽ ആ വി‌ഷയങ്ങൾ വി‌ഷയപ്പെടുകയില്ല. എന്നാൽ അന്തഃകരണത്തിന്ന്, 27സാളീകനേത്രത്തിന്[1] പുസ്തകാവലോകനവി‌ഷയത്തിൽ 28ഉപനേത്രം[2] [ 92 ] ഉപകാരപ്പെടുന്നതുപോലെ, ഈ 29ബഹി‌ഷ്ക്കരണ[3] സഹായത്താൽ ഈ വി‌ഷയങ്ങൾ വി‌ഷയപ്പെടാമെന്നാൽ, അന്ധന്ന് ഉപനേത്രം ഉപകാരപ്പെടാത്തതുപോലെ, ഈ രണ്ടുകരണങ്ങളും ജഡമാകയാൽ ഉപകാരപ്പെടുകയില്ല. ഇവ ജഡങ്ങളായിരുന്നാലും ചൈതന്യബലംകൊണ്ട് ഇവകൾക്കു വി‌ഷയങ്ങൾ വി‌ഷയമാകാമെന്നാൽ ആ ചൈതന്യത്തിൽ ഏതും വിക്ഷേപശക്തിയോടുകൂടി വാസ്തവത്തിൽ കല്പിതമാകയാൽ, രജ്ജുവിനു തന്നിൽ കല്പിതമായ സർപ്പത്തിന്റെ സ്ഥിതിനാശങ്ങൾ ഇല്ലാത്തതാകയാൽ അതു പാടില്ല. ആകയാൽ ഇപ്രകാരം ആലോചിച്ച് ഉദിച്ച അനേക ബ്രഹ്മാണ്ഡങ്ങളേയും ബഹി‌ഷ്കരണങ്ങളേയും ആ ബ്രഹ്മാണ്ഡത്തെ ഉദിപ്പിച്ച വിക്ഷേപശക്തിയേയും ഇന്ദ്രജാല ദൃഷ്ടാന്തത്താൽ പറഞ്ഞ അതിന്റെ വിവേകത്തെയും അതിന്റെ ജഡത്വത്തെയും, ബഹി‌ഷ്കരണം, വിക്ഷേപശക്തി, പ്രത്യഗ് ചൈതന്യം ഇവകൾക്കു മുൻ പറഞ്ഞ പ്രകാരം കല്പിതപ്രപഞ്ചം വി‌ഷയപ്പെടായ്കയേയും വിവേകാനുഭവത്താൽ നോക്കിയ പ്രതീതിദശയിൽ മുമ്പ് സൂക്ഷ്മശരീരത്തെ അനാത്മാവാകുമാറാക്കി അതിൽനിന്നും അഹമദ്ധ്യാസനിവൃത്തി ചെയ്യപ്പെട്ടിരിക്കുന്നതുപോലെ ഇവകൾ വിവേകാനുഭൂതികൊണ്ട് ഭിന്നഭിന്നലക്ഷണത്തോടുചേർന്ന് ദൃശ്യവസ്തുവായ അനാത്മവസ്തുവായി ആത്മസംബന്ധം നീങ്ങി ബഹൂദൂരം ഇരിക്കകൊണ്ട് അവയിൽ അഹമദ്ധ്യാസത്തെ നിവർത്തിച്ച പ്രത്യഗ്ചൈതന്യത്തിൽ ദൃടന്മതരമായി വൃത്തിസഹായം കൂടാതെ അഹമനുഭവം സിദ്ധിച്ചാൽ ഈ ചൈതന്യത്തിന്നു വേറായിട്ടില്ലാതെ താനും തന്റെ കാര്യമായ പ്രപഞ്ചവും ശേ‌ഷിച്ച് മഹാ ഉപശാന്തസ്ഥാനമാകുന്ന വിശ്രാന്തി ഭൂമികയെ പ്രാപിച്ച് ഈ [ 93 ] ജീവന്മാരും, ഇന്ദ്രജാലത്തിൽ കണ്ട വസ്തുക്കളെ മിഥ്യയെന്നു ഇന്ദ്രജാലക്കാരൻ കണ്ടിരിക്കുന്നതുപോലെ, തന്നിൽ കാലത്രയത്തിലും മുൻപറഞ്ഞവയില്ല എന്നിങ്ങനെ അദ്വിതീയ നിജാനന്ദ സുധാസിന്ധുവായി പ്രകാശിചു നിൽക്കും.

ശി‌ഷ്യൻ: എന്നാൽ മുൻപറഞ്ഞ ലിംഗശരീരാദികളെപ്പോലെയല്ല ഈ സപ്തസമുദ്രങ്ങളെയും ഒരു സാധനവും കൂടാതെ ഒരു ജലകണം പോലും ശേ‌ഷിക്കാതെ ചുഴറ്റി ആകാശത്തിൽ വീശിയെറിയുകയും, അഷ്ടകുലാചലങ്ങളും സപ്തമേഘങ്ങളും പഞ്ചഭൂതങ്ങളും ധൂളിധൂളിയായി നിലനില്ക്കാതെ ചുഴലുകയും, ചന്ദ്രസൂര്യനക്ഷത്രാദികൾ സ്ഥാനം വിട്ട് അവശമായി ചിതറുകയും, ഇപ്രകാരമെല്ലാം ചെയ്യുന്ന, മഹാപ്രളയവാതംപോലെ ആർക്കും ഭയങ്കരമായി ചലിച്ചുകൊണ്ടിരിക്കുന്ന, ഈ വിക്ഷേപശക്തിയെ ജയിക്കുന്നതും അതിന്റെ ചലനത്തെ നിറുത്തുന്നതും എങ്ങിനെ ശരിയിടും?

ആചാ: നീ ഭയന്നു ശങ്കിച്ചതു ശരി തന്നെ. എന്നാലും ഒരു ദാസിയായവൾ ഭരതശാസ്ത്രപ്രകാരം രാഗബന്ധ അടവുകളെ അഭ്യസിച്ചു താളം മുതലായവയോടു ചേർന്നു സഭയിൽ നടിക്കുമ്പോൾ അവളുടെ നേത്രം, ഹസ്തം, മുതലായ അവയവങ്ങൾ ഭാവനാസുചനാനിമിത്തം ക്ഷണത്തിൽ ബഹുവക്ത്രങ്ങളായ ചുഴൽച്ചകളെ പ്രാപിച്ചാലും അതിനെ കണ്ടുകൊണ്ടു നിന്ന ദ്രഷ്ടാവിന്റെ ദൃഷ്ടി മന്ദമായാകട്ടെ അതിവേഗമായാകട്ടെ ചലിപ്പാൻ കാരണമില്ല. ഇപ്രകാരം ധീരനായി, വിക്ഷേപശക്തിയുടെ ചേഷ്ടയെ നോക്കിക്കൊണ്ടിരുന്നാൽ ആ ആത്മചൈതന്യത്തിനു അന്യങ്ങളെന്ന പോലെ തോന്നി പ്രകാശിക്കുന്ന ചരാചരമായ പ്രപഞ്ചങ്ങളെയും അഖിലത്തെയും നശിപ്പിച്ചും ഉദിപ്പിച്ചും, ക്ഷണത്തിൽ തൊഴിൽ കൂടാതെ നീങ്ങിപ്പോകും. വിവേകാനുഭൂതിയാൽ അവയുടെ [ 94 ] ശ്രമത്തെയും ഉൽപത്തിനാശങ്ങളെയും ദർശിച്ച് തന്നെ അവിനാശിയായും, അതിന്റെ കഠിനതയോടു ചേർന്ന് ചലനശക്തിയെന്ത്, ചരാചരങ്ങളായ ജഡവസ്തുക്കളുടെ നന്മതിന്മകളെന്ത്, ഇവകൾ തന്നെ സംബന്ധിക്കാത്തതുകൊണ്ട് അപരോക്ഷമായിത്തന്നെ അസംഗോദാസീനനായും നോക്കി ആനന്ദിച്ച്, പ്രതസമാനമായി ജഡമായി ദൃശ്യമായി അനാത്മവസ്തുവായി കല്പിതമായിരിക്കുന്ന വിക്ഷേപശക്തി മുതലായവകളിൽ പറഞ്ഞ പ്രകാരം അദ്ധ്യാസം നിശ്ശേ‌ഷമായി നീങ്ങിപ്പോയതുകൊണ്ട്, ഘടമഠാദികളെ മൃദ്ദൃഷ്ടിയായി നോക്കിയാൽ അവകൾ കാണപ്പെടാത്തതുപോലെ, ആ ആത്മദൃക്കാൽ അവകളെ സകലത്തെയും നോക്കിയാൽ അദ്വിതീയമായ ആ ദൃക്കിൽ ലയിച്ച് ഇല്ലാതെയായി അദ്വിതീയനിജാനന്ദസ്വരൂപമായിട്ടു തന്നെ അപരോക്ഷമായി സിദ്ധിക്കും. അക്കാലത്തു മനസ്സിന്റെ ഒരു കോടിയെ അവലംബിച്ച് വിക്ഷേപശക്തിയാകുന്ന ഒരു തല വെട്ടുപട്ട് നശിക്കും.

മറ്റൊരു തലയായ ആവരണശക്തിയെന്നത്, മുൻപറഞ്ഞ വിക്ഷേപശക്തിയേയും അതിലുദിച്ച പ്രപഞ്ചത്തേയും തനിക്കന്യമായിട്ടില്ലാത്ത വിധത്തിലാക്കി, അന്ധകാരം പോലുള്ള തനതാവരണശക്തിയാൽ പ്രപഞ്ചസ്ഫൂർത്തിയെ 30കബളീകരിച്ചതു[4] അധി‌ഷ്ഠാന പ്രത്യക്കിനെ ജഡംപോലെ ആരും പോലെ നിനയ്ക്കുമാറ് ആക്കിച്ചെയ്യും. അപ്രകാരമുള്ള ആവരണശക്തി സു‌ഷുപ്തി, മൂർച്ഛ, പ്രളയം മുതലായവയിൽ പറഞ്ഞപ്രകാരം അനുഭവിക്കപ്പെടും. അതിനെ പരിശോധിക്കുക എന്നുള്ളത് ഏറ്റവും ദുർലഭം. സു‌ഷുപ്തിയിൽനിന്നും ഉത്ഥാനത്തെ പ്രാപിക്കുമ്പോൾ, ഒന്നുമറിയാതെ സുഖമായുറങ്ങി എന്നു [ 95 ] പറയുന്നു. മൂർച്ഛ തെളിയുമ്പോൾ എതൊരു ഭയം കൊണ്ട് മൂർച്ഛിച്ചോ ആ ഭയകമ്പരോദനാദികളോടുകൂടിതന്നെ ഉണർന്ന് എണീക്കുന്നു. അപ്രകാരം തന്നെ മരണാവസ്ഥയിലും ജീവന്മാർ ആ ആവരണശക്തിയിലടങ്ങി ക്ഷണമാത്രത്തിൽ പരലോക യാതന, ജനനം ഇവകൾക്കാധാരമായ കർമ്മവാസന ഉത്ഥാനദശയോടുണ്ടായി, അതിനു തക്കതായ സുഖദുഃഖാദികളെ ആ അന്തഃകരണോപാധിയിൽ പ്രതിബിംബിച്ചിരിക്കുന്ന ചൈതന്യത്തിൽ കല്പിക്കപ്പെട്ട്, ആ വാസനപരമ്പരയാൽ അനേകകോടി ജനനമരണങ്ങളെ വെളിയിൽ പറ്റിപ്പിടിച്ചവനെന്ന പോലെ ഭുജിക്കുന്നു. സമാധിയിൽ നിന്ന് ഉത്ഥാനം ചെയ്ത മഹാപുരു‌ഷൻ സർവ്വാധി‌ഷ്ഠാനപ്രത്യഗഭിന്നനി‌ഷ്പ്രപഞ്ചാദ്വിതീയാത്മചൈതന്യത്തിൽ[5] ആരോപിതമായ സകലപ്രാപഞ്ചങ്ങളെയും വിവേകാനുഭൂതിയാൽ ഇല്ലാത്തതായി നിരാകരിച്ച് സമാധിയെ പ്രാപിച്ച പ്രകാരം, അവിടെ ത്രിപുടിയില്ലാതെ പോയാലും ആ അനുഭൂതിമാനായി ഉത്ഥാനം ചെയ്യുന്നു. ഇപ്രകാരം അതിവിരുദ്ധമായ ഭിന്നഭിന്ന വിചിത്രകാര്യങ്ങൾക്കു താൻ ഏക കാരണമായിരുന്നു നടത്തിക്കുന്നു. ആ ശക്തികളെ ശ്രുതിയുക്ത്യനുഭവങ്ങളോടുകൂടിയ സദ്ഗുരുകൃപയാൽ വിവേകാനുഭൂതികൊണ്ടു നോക്കിയാൽ, സൂര്യ സന്നിധിയിൽ ഹിമകണങ്ങളെന്നപോലെ, നീങ്ങിപ്പോകും. ഇതിൽ താഴെ പറയപ്പെടുമവസ്ഥകളിൽ ആവരണശക്തിയിൽ ലഭിച്ചുദിച്ചതായി പറഞ്ഞുവെങ്കിലും അതിനെ വിട്ടുനീങ്ങി കൂടസ്ഥ പരമാത്മാവിൽ ഐക്യപ്പെട്ട്, പിന്നീടു ആവരണശക്തി വഴിയാൽ ഉദിച്ചതെന്നു ഊഹിച്ചു കൊൾക. ഇവകളെ പരിശോധിക്കുന്ന വിവരം ഏതെന്നാൽ, സു‌ഷുപ്ത്യവസ്ഥയിൽ കർത്താഭോക്താവായി [ 96 ] ശോധിച്ച വിജ്ഞാനമായ ആത്മാ വി‌ഷയഗ്രഹണസാമഗ്രികളായ കരണങ്ങളെ വിട്ടുനീങ്ങി തനതുപാധിയായ വിജ്ഞാനവൃത്തിയേയും വിട്ടുനീങ്ങുമ്പോൾ ജ്ഞേയം, ജ്ഞാനം എന്നീ ഉപാധികൾ അവനിൽ അഭാവമാകയാൽ ജ്ഞാതൃമാത്രാപാധിയോടു തനിച്ചു ജ്ഞേയജ്ഞാനങ്ങളില്ലാതെ ജ്ഞാത്രുപാധിതാൻ ഇരുന്നിട്ടു ഇല്ലാത്തപോലെ നിരുപകാരമായി ഭവിച്ച്, അതും നിരാലംബമായി നീങ്ങിപ്പോകും. അക്കാലത്ത് അതിലുപഹിതചൈതന്യം തനതു സ്വരൂപമായ, പ്രതിബിംബമായ കൂടസ്ഥബ്രഹ്മചൈതന്യമാത്രമായി ശേ‌ഷിച്ചുനിന്ന് പ്രാരബ്ധകർമ്മവശത്തൽ ജാഗ്രദവസ്ഥയെ പൂർവമടങ്ങിയ നീതിപോലെ ജ്ഞാത്രാപാധി മുതൽ ക്രമമായി വി‌ഷയസാമഗ്രികളായ കരണാന്തം ഉപാധികളോടു പ്രാപിച്ചു നിൽക്കും. ഇതിനെ വിവേകാനുഭൂതികൊണ്ടു നോക്കിയാൽ, കരണം മുതൽ ജ്ഞാതൃത്വാന്തം ഉപാധികളോടു സംബന്ധിക്കുമ്പോൾ, ജാഗ്രത്, സ്വപനം എന്നിവകളെ വിട്ടു നീങ്ങുമ്പോൾ സു‌ഷുപ്തിയെന്നും ആകും. എന്നാൽ ഒന്നും അറിയാതെ ഉറങ്ങിയെന്നു പ്രതീതിയിൽ ആവരണശക്തി അവിടെ ഉള്ളതായി കാണപ്പെടുന്നല്ലോ എന്നാൽ, ഈ ഉപാധികളോടു കൂടിയ അവസ്ഥയിൽ അനുഭവിക്കപ്പെട്ട് വൃത്തിജ്ഞാനത്തെ അത്ര ജ്ഞാനമെന്നും, വൃത്തിയില്ലാത്തിടത്ത് സ്വരൂപജ്ഞാനം സ്വപ്രകാശമായിരുന്നിട്ടും, അവിവേകമില്ലാത്തതിനാൽ അതിനെ അജ്ഞാനമെന്നും ധരിച്ച്, വാസനയാൽ ആ ആവരണശക്തി ഉദിച്ചതല്ലാതെ വേറില്ല. മേലും ആ ആവരണാനുഭൂതിയോടും കൂടി സുഖമായുറങ്ങി എന്നൊരു പ്രതീതി കാണപ്പെടുകയാലും, രണ്ടും ഒരവസ്ഥയെ പറ്റിയിരിക്കയാലും, ഈ സുഖാനുഭൂതിയെ ഒഴിച്ച് മറ്റുള്ള യാതൊന്നിനേയും അറിഞ്ഞില്ല എന്ന് ഒന്നും അറിയായ്കയാകുന്ന ആവരണശക്തിക്ക് അർത്ഥം പറയപ്പെടേണ്ടതായിവരും. അപ്രകാരം പറയപ്പെട്ടാൽ ഈ ആവരണ [ 97 ] ശക്തി തനതു ചേഷ്ടയെ വിട്ടു നീങ്ങി താനും സ്വരൂപമറ്റ് അവസ്തുവായി ഭവിക്കും. അപ്രകാരംതന്നെ അജ്ഞാനാനുഭൂതിയെ മാത്രം സ്ഥാപിച്ച് നിരൂപിക്കിലും ആ അജ്ഞാനമാകുന്ന, ഒന്നും അറിയായ്കയാകുന്ന, ഒരു ജ്ഞാനം കൂടിച്ചേർന്ന് അതിനെ പ്രകാശിപ്പിച്ചുകൊണ്ട് അബാദ്ധ്യമാനമായി കാണപ്പെടുകയാൽ, അതിനാലും തന്റെ ശക്തിയെ വിട്ട് അവസ്തുവാകേണ്ടതാണ്. എന്നാൽ ഈ ആവരണശക്തി അവസ്തുവെന്നു വരികിൽ, എല്ലാവരാലും ഒരു പോലെ അനുഭവിക്കപ്പെടാൻ കാരണമെന്ത് എന്നാൽ, ഈ ആത്മചൈതന്യം നിത്യ നിർവികാരത്രിപുടിരഹിത കൂടസ്ഥചൈതന്യമാകും. അപ്രകാരം തന്വാദികർതൃത്വാന്തം ഉപാധികൾ ത്രിപുടിശൂന്യജഡവസ്തുക്കളാകും. ഇവയിൽ ആത്മചൈതന്യം പ്രതിബിംബിക്കുമ്പോൾ ഇവകൾ തന്നെ ചേതനവസ്തുപോലെ പ്രകാശിക്കും. കൂടസ്ഥന്റെ സ്വരൂപവിവേകമില്ലായ്കയാൽ ഇവയിൽ പ്രതിബിംബിച്ച ചിദാഭാസൻ ഇവകളെ വിട്ടുനീങ്ങി, കൂടസ്ഥമാത്രമായി ശേ‌ഷിച്ച ഇവ ത്രിപുടിയില്ലാത്തതിനാൽ ജഡംപോലെ തോന്നുന്ന ആത്മസ്വരൂപവും, ജ്ഞാനമില്ലയ്കകൊണ്ട് കരണാദികളോട് സമാനമെന്ന പോലെ തോന്നാം. ആകയാൽ ഉത്ഥാനദശയിൽ വാസനാരഹിത നിരാകാരത്രിപുടിശൂന്യവൃത്തിയിൽ ആത്മചൈതന്യം പ്രതിബിംബിച്ച്, ആ വൃത്തിയിൽ അതിൽ നിന്നു ഭിന്നപ്പെടാതെ അതിസൂക്ഷ്മമായി ഉദിച്ച് ആ വാസനാവൃത്തിയിൽ ചൈതന്യം വാസന പ്രതിബിംബിച്ച് ആ വൃത്തിയിൽ അതിൻ ബലത്താൽ തനിക്കു പൂർവമായ വൃത്തിയും

ഉപഹിതചൈതന്യാനുഭൂതി പ്രകാശിച്ചു കൊണ്ടിരുന്നിട്ടും അതിനെയും അതിന്നാധാരമായ നിർവിശേ‌ഷകൂടസ്ഥനേയും വിവേകശൂന്യമായ ഈ വാസനാജ്ഞാനം അവകളിൽ തനതു [ 98 ] വികൃതിസംബന്ധം ഇല്ലായ്കകൊണ്ട് ജ്ഞാനാഭാവമാകുന്ന ആവരണശക്തിയെ ആരോപിച്ച് തനതു വികൃതിസംബന്ധത്താൽ തന്നെത്തന്നെ പ്രജ്ഞാരൂപമായി അഭിപ്രായപ്പെട്ടു വിജൃംഭിച്ചു നിൽക്കും. ഇതു തന്നെയാണ് ആവരണശക്തിയുടെ ആരോപബീജമാകുന്നത്. ഇത് അനാദിയായുള്ളത്. ഇതു സൂക്ഷ്മവാസനയാൽ ആരോപിക്കപ്പെട്ടാലും തനതു നിലയില്ലാത്ത് പൂർവാവസ്ഥയെ സംബന്ധിച്ചു വന്നതിനാൽ, സ്വപ്നത്തിലുദിച്ച പുരു‌ഷൻ സ്വപിതാവിനെ തന്റെ കാരണമായി ഭാവിക്കുന്നതുപോലെ, ഈ ആവരണശക്തി സകലത്തിനും കാരണമാകും. മേലും വാസനയിൽ പ്രതിബിംബിച്ച ജ്ഞാനം വികൃതിയോടു കൂടിയിരുന്നാലും, അതിനു മുൻപെട്ട വൃത്തിയിലുദിച്ച ജ്ഞാനം വികൃതിയെ വിട്ടുനീങ്ങിയിരുന്നാലും, കൂടസ്ഥ പരമാത്മസ്വരൂപജ്ഞാനം ശുദ്ധനിരുപാധികമായിരുന്നാലും, ഇത്രയും സ്ഥലങ്ങളിൽ ശ്രുതിയുക്ത്യനുഭവങ്ങൾ കൊണ്ട് ജ്ഞാനസ്വരൂപം അലുപ്തമാകുംവണ്ണം അനുഭവിക്കപ്പെടുകയാൽ അതിനെ ഖണ്ഡിക്കുന്നതിന് ആരും ശക്തന്മാരാകയില്ല. ഏതു പ്രകാരത്തിലും വിചാരസഹനീയമായ ഈ ആവരണശക്തി വിചാരിക്കപ്പെട്ടാൽ അവസ്തുവായിത്തന്നെ സിദ്ധിക്കും. ഇപ്രകാരം വിവേകാനുഭൂതിയാൽ നി‌ഷേധിച്ച്, വന്ധ്യാപുത്രനിൽ അന്യപുരു‌ഷൻ ഞാനെന്ന അദ്ധ്യാസം വരുവാൻ പ്രശക്തിയില്ലാത്തതുപോലെ, അവസ്തുവായ ഈ ആവരണശക്തിയിലും അദ്ധ്യാസം വരാൻ പ്രശക്തിയില്ലയെന്നും, അദ്ധ്യാസത്തെ വിട്ടുനീങ്ങി അപ്രകാരംതന്നെ ഇതിനെ നി‌ഷേധിപ്പാൻ കാരണമായി പറഞ്ഞ സോപാധിക നിരുപാധികസ്ഥലങ്ങളിൽ പറഞ്ഞ പ്രകാരം ജ്ഞാനദൃഷ്ടിയെ ഉള്ളപടി അനുഭവിച്ച്, ഈ ആവരണവൃത്തി സ്വപ്നത്തിൽ പോലും ഉദിക്കാൻ അവസരമില്ലാതെ ക്ഷയിച്ച്, ആ അനുഭവബലത്താൽ നിരാവരണപരബ്രഹ്മചൈതന്യമാത്രമായി [ 99 ] സിദ്ധിക്കിൽ, ആ വിവേകാനുഭൂതിയാകുന്ന വാളുകൊണ്ട് വെട്ടുപെട്ട് പുനരുത്ഥാനരഹിതമായി മനസ്സർപ്പത്തിന്റെ രണ്ടാം തലയും നശിച്ചുപോകും.

ശി: മൂർച്ഛ, മരണം, പ്രളയം, സമാധി ഇവകളിലും ആ ആവരണശക്തിയുടെ പ്രവേശമിരിക്കേ സു‌ഷുപ്ത്യവസ്ഥയുടെ ഒന്നിന്റെ മാത്രം അനുഭൂതിബലം കൊണ്ട് അതു മരിച്ചു വെന്നുള്ളത് എങ്ങിനെ ശരിയായിട്ടു ചേർന്നു?

ആചാ: മൂർച്ഛാവസ്ഥയിലും അതിഭയത്തോടുകൂടിയ മനോവാസന തന്റെ അക്കാലത്തുള്ള സ്വഭാവത്തോടു യാതൊന്നിനെയും അഭിമുഖപ്പെടാതെ വാസനാതീതജ്ഞാനത്തോടെ മൂടന്മമായി ആവരണശക്തിയിൽ ലയിച്ച്, ആ വൃത്തിയും വിട്ടു നീങ്ങി, ചിദാഭാസൻ കൂടസ്ഥമാത്രമായി ശേ‌ഷിച്ച്, ഉത്ഥാനദശയിൽ ഭയകമ്പാദികളോടു ചേർന്നവനായി, പൂർവവാസനാവിശേ‌ഷത്താൽ കാണപ്പെട്ടാലും, മൂർച്ഛാവസ്ഥയിൽ എപ്രകാരം ഇരുന്നുവെന്നു ചോദിച്ചാൽ സു‌ഷുപ്ത്യവസ്ഥാനു ഭൂതിയോടു സമാനമായിട്ടു തന്നെ പറയും. അപ്രകാരം തന്നെ പ്രളയാവസ്ഥയും മരണാവസ്ഥയും ഭവിക്കും. സമാധ്യവസ്ഥയോ എന്നാൽ, ആരോപിതമായസകല ദ്വൈതത്തെയും സർവാധി‌ഷ്ഠാനമായ പ്രത്യഗഭിന്ന പരമാത്മ സ്വരൂപത്തിൽ അതീന്നുവേറായിട്ടില്ലാതെ നി‌ഷേധിച്ച്, സ്വരൂപമാത്രമായി പ്രകാശിക്കും. ആ അവസ്ഥയിൽ ദൃശ്യവി‌ഷയം, വിക്ഷേപം ഇവ ഇല്ലാത്തതിനാലും ത്രിപുടിയില്ലാത്തതിനാലും, ഈ രണ്ടു ഗുണങ്ങളും ഈ ആവരണ ശക്തിക്കും, ആ സമാധ്യനുഭവത്തിനും സമാനമായിരിക്കയാൽ അപ്രകാരം പറഞ്ഞുവെന്നല്ലാതെ ആ ആവരണവൃത്തിക്കു അവിടെ പ്രവേശം സിദ്ധിക്കയില്ല.

[ 100 ]

ശി‌ഷ്യൻ: സു‌ഷുപ്തി മുതൽ മുൻ പറയപ്പെട്ട അവസ്ഥകളിൽ ജീവനായത് അവസാനത്തു കൂടസ്ഥബ്രഹ്മത്തിനു വേറായിട്ടില്ലാതെ ലയിക്കപ്പെട്ടു എന്നതിനാൽ ആത്മപ്രാപ്തി എല്ലാവർക്കും ശരിയായിരിക്കുമ്പോൾ ജ്ഞാനി ഒരുത്തൻ മാത്രം ബ്രഹ്മപ്രാപ്തി ഉള്ളവനെന്നും, അവൻ മാത്രം ജനിക്കയില്ലെന്നും, മറ്റുള്ളവർ ബ്രഹ്മപ്രാപ്തി കൂടാതെ ജനിക്കുമെന്നും ഉള്ളതു എങ്ങിനെ ചേരും?

ആചാ: ആ അവസ്ഥകളിൽ ജീവന്മാർ ബ്രഹ്മപ്രാപ്തിയെ പ്രാപിച്ചിരുന്നിട്ടും ബ്രഹ്മജ്ഞാനം കൊണ്ട് അവരൂടെ കർമ്മങ്ങൾ ദഗ്ദ്ധമാകാത്തതിനാൽ, വിചിത്രശക്തിയോടു ചേർന്ന് ആ കർമ്മവാസനയാൽ ബ്രഹ്മവിലക്ഷണരായിട്ട് ആ ജീവന്മാർ ഉത്ഥാനദശയിൽ ഭവിക്കുന്നു. എന്നാൽ മരണദശയെന്നതിൽ ഉത്ഥാനത്തിനു ഹേതുവില്ലായ്കയാൽ അവർക്കും എങ്ങിനെ ജനനം വരാം എന്നാൽ, വ്യവഹാരോപയോഗിയായ ഉത്ഥാനമില്ലായ്കയാൽ മരണമെന്നു പറയപ്പെട്ടു എന്നല്ലാതെ ലിംഗശരീരം, കാരണ ശരീരം ഇവകൾ ബ്രഹ്മജ്ഞാനം കൊണ്ട് വിട്ടുനീങ്ങാതിരിക്കുന്ന കാലമത്രയും ആ ഉപാധിയോടു ചേർന്ന ജീവൻ, ദേശാന്തരം പോയ പുരു‌ഷൻ അവിടെ ജീവിച്ചിരിക്കേ അവൻ ചിലരുടെ ദൃഷ്ടിക്കു മാത്രം കാണപ്പെടാതെയിരിക്കേ അതുകൊണ്ട് അവൻ മരിച്ചവനാകാത്തതുപോലെ, മരിച്ചവനാകയില്ല. ഇപ്രകാരം ബ്രഹ്മജ്ഞാനി ഒരുത്തൻ തന്നെ മുക്തനാകും. ഇപ്രകാരം തെളിഞ്ഞാലും.

(അപ്രകാരം തന്നെ ശി‌ഷ്യൻ തെളിഞ്ഞു. ആചാര്യൻ അനന്തരം സംശയമുദിക്കാതെ കാത്തുരക്ഷിക്കും നിമിത്തം ചില രഹസ്യങ്ങളെ അരുളിച്ചെയ്യുന്നു.) [ 101 ]

മനോനാശാർത്ഥമായി, ബദ്ധകങ്കണനായി നിൽക്കുന്ന ശുദ്ധവീരാ, മുമ്പിൽ വിക്ഷേപശക്തി ബാധിക്കപ്പെട്ടതുപോലെ ഇപ്പോൾ ആവരണശക്തിയും ബാധിക്കപ്പെട്ടതിനാൽ ദ്വൈത്വപ്രപഞ്ചം ദർപ്പണനഗരം പോലെ ഉദിക്കൽ, അതിനെ അഭിമാനിച്ച് പഞ്ചകർത്താക്കൾ നീതിയായി നടത്തുന്നതു പോലെ കാണിച്ച് ദ്വൈതത്തെ വിശ്വസിപ്പിക്കൽ, ഇതുകൾ യാതൊന്നും സിദ്ധിക്കുകയില്ല. എന്നാൽ നീതിയായി എന്നതു വ്യവസ്ഥയെ സ്ഥാപിച്ച് ന്യായവിരോധമില്ലാതെ ഇരിക്കുന്നതാകുന്നു നടത്തി മയക്കുന്ന സ്വഭാവത്തെ സകല സന്ദേഹനിവൃത്ത്യർത്ഥം ഇനിയും കുറഞ്ഞൊന്നാലോചിക്കാം.

ജാഗ്രത്തു വിട്ടുനീങ്ങി സ്വപ്നം അനുഭവിക്കപ്പെട്ടതായും ഈ രണ്ടും സു‌ഷുപ്തിയിൽ മറയുന്നതായും അനന്തരം ഉണരുമ്പോൾ പ്രപഞ്ചം ഉദിക്കുന്നതായും കാണപ്പെടുന്നതിൽ വ്യവസ്ഥയുണ്ടോ ഇല്ലയോ? ഈ മൂന്നവസ്ഥകൾക്കും ഭേദം എന്ത്? എന്നു നോക്കിയാൽ ജാഗ്രത്, സ്വപ്നം ഈ രണ്ടിലും അനുഭവിക്കപ്പെടുന്ന വസ്തുക്കളിൽ ഭേദപ്പെടുന്നില്ല. എന്നാൽ അനുഭവം കൊണ്ടു ഭേദമുണ്ട്. സ്വപ്നത്തിൽ ഒരു ദേശത്തിൽ ചെന്ന് അവിടെ ചിലരാൽ സ്രക്ചന്ദനാദികൊണ്ട് ഉപചരിക്കപ്പെട്ടാൽ ആ അടയാളം ഉണർന്ന ശേ‌ഷം അവന്റെ സ്ഥൂലദേഹത്തിൽ കാണയ്കയാൽ ഈ രണ്ടവസ്ഥകൾക്കും ഭേദം സിദ്ധിക്കാമെന്നാൽ, സ്വപ്നം വാസനാമയമാകയാൽ, വാസനയെന്നത്ജാഗ്രദനുഭൂതിയുടെ ദാർഢ്യമാകയാൽ, അതു സത്യമാകയില്ല. എന്തെന്നാൽ ഗജതുരഗരഥപദാദികൽ മുതലായ വസ്തുക്കൾ സ്വപ്നാവസ്ഥയിൽ അനുഭവിക്കപ്പെട്ട് ഉത്തരക്ഷണത്തിൽ തിരോധാനപ്പെടുന്നു. നന്നായി ആലോചിക്കുമ്പോൾ അവ കല്പനാമാത്രമെന്നല്ലാതെ സത്യമാകയില്ല. അസത്യമായ [ 102 ] വസ്തുക്കളുടെ അനുഭവത്തെ ഒരവസ്ഥയായിട്ടു പറയുന്നത് നീതിയാകയില്ല. ഈ സ്വപ്നാവസ്ഥ അസത്യവും ജാഗ്രദവസ്ഥ സത്യവുമായതു കൊണ്ട് ഈ രണ്ടവസ്ഥകൾക്കും ഭേദമുള്ളതായിട്ടുണ്ട് എന്നു പറയാമെങ്കിലും ജാഗ്രദവസ്ഥ സത്യമായി സിദ്ധിച്ചാൽ അതു ശരി. സിദ്ധിച്ചില്ലെങ്കിൽ ഭേദവും സിദ്ധിക്കയില്ല. അതു എങ്ങിനെയെന്നാൽ, ജാഗ്രദവസ്ഥയിൽ അനുഭവിക്കപ്പെട്ട വസ്തുക്കൾ സ്വപ്നാവസ്ഥയിൽ കണ്ട വസ്തുക്കളെക്കാളും ഭിന്നപ്പെടായ്കയാൽ പദാർത്ഥഭേദം സിദ്ധിക്കയില്ല. അനുഭവഭേദം സിദ്ധിക്കാമെന്നാൽ, അനുഭവം എന്നതു ഏതിന്റെ വ്യാപാരമെന്നു നോക്കിയാൽ, കേവലം ബഹി‌ഷ്കരണങ്ങളുടേതുമല്ല, അന്തഃകരണങ്ങളുടേതുമല്ല. രണ്ടിന്റെയും സംബന്ധബലത്താൽ ആകുന്നുവെന്നാൽ, ഇതുകൾ സകലതും ജഡമാകയാൽ ആത്മപ്രകാശത്തെ അപേക്ഷിച്ചു തന്നെ മുൻപറഞ്ഞ അനുഭൂതി സിദ്ധിക്കേണ്ടതാണ്. അവനോ ദ്രഷ്ടാ; മറ്റുള്ള സകലതും ദൃശ്യം; ദൃശ്യമശേ‌ഷവും ഘടതുല്യമാകയാൽ, ഘടത്തിന് ജാഗ്രദാദ്യവസ്ഥകൾ സിദ്ധിക്കാത്തതു പോലെ, ഇവകൾക്കും സിദ്ധിക്കയില്ല. ദ്രഷ്ടാവിന്റേതാകാമെന്നാൽ, അവസ്ഥകളെ കടന്ന് സാക്ഷിയായിരിക്കുന്നവനെ എങ്ങിനെ സംബന്ധിക്കും? മേലും ഈ അവസ്ഥകൾ സു‌ഷുപ്തിയിൽ കാണപ്പെടായ്കയാൽ ആത്മസംബന്ധം ഇല്ലെന്നുമാകും. ഈ ആത്മസംബന്ധത്തെ വിട്ടു നീങ്ങി ഒരു വസ്തുവും ഒരിടത്തും ഇരിക്കുമെന്നു സിദ്ധിക്കായ്കയാൽ അവസ്തുവുമാകും. അതോ, തോന്നിയും കാണാതെ മറഞ്ഞും വിവേകത്താൽ ബാധിക്കപ്പെടും. ഉള്ളത് അധി‌ഷ്ഠാനത്തീന്നു കാലത്രയത്തിലും വേർപെടാതെ അധി‌ഷ്ഠാനമായിത്തന്നെ സിദ്ധിക്കും. സ്വപ്നദ്രഷ്ടാവായ ആത്മാവിനെ ഒഴിച്ച് സ്വപ്നോത്ഥാനസമയത്തിൽ സ്വപ്നപ്രപഞ്ചമശേ‌ഷവും വേർപെടാതെ ആത്മമാത്രമായി [ 103 ] ശേ‌ഷിക്കുന്നതുപോലെ, അവസ്ഥാത്രയ സാക്ഷിയായ ദ്രഷ്ടാവിനെ ഒഴിച്ചു അവസ്ഥാത്രയം അശേ‌ഷവും വേർപെടാതെ ദ്രഷ്ടാവിന്റെ ദൃഗ്ധർമ്മമാത്രമായി ശേ‌ഷിച്ചു നിൽക്കും. പൂർവമീമാംസക മതത്തിൽ പറയപ്പെട്ട സ്വർഗ്ഗാദി ഫലഹേതുവായ അപൂർവവും ഈ ദൃഗ്ധർമ്മത്തിലടങ്ങി, ജാഗ്രത്ത് സ്വപ്നാവസ്ഥകൾക്കും ഭേദത്തെ കല്പിക്കാൻ ശക്തിയില്ലാതെ നീങ്ങിപ്പോകും. ആകയാൽ വിവേകിക്കിൽ ഈ ദ്വൈതപ്രപഞ്ചത്തേയും മനസ്സായ തന്നെയും മിഥ്യയെന്ന് വിശ്വസ്സിപ്പിച്ചു നിൽക്കും പ്രകാരംതന്നെ മൃത്തിക മൃത്തികയിൽ ഭവിച, 32ലോഷ്ടം[6], രത്നം ഈ രണ്ടും ഏതവസ്ഥകൊണ്ടു സമാനമായിട്ടില്ലാതെ ഭിന്നപദാർത്ഥങ്ങളെന്നപോലെ തോന്നിയാലും അതിപ്രകാശം കൊണ്ട് രത്നം വിവേകബുദ്ധിയിൽ പ്രതിവ്യവഹാരത്തിന് വേറാവാൻ പാടിലാത്തതുപോലെ, അജഡമായി ഒരു ഭാഗവും ദൃശ്യപ്രകൃതിയിലടങ്ങി അനാത്മവസ്തുവായിക്കൊണ്ട് വിവേക ബുദ്ധിയിൽ ആത്മാവ് ഇതുകൾക്കന്യമെന്നറിയുമാറ് സ്ഫുരിച്ചു നിൽക്കും.

ഇപ്രകാരം ജീവന്മാർ സദ്ഗുരുകൃപയാൽ സിദ്ധിച്ച വിവേകം കൊണ്ട് കർമ്മകാണ്ഡത്തിൽ പറഞ്ഞ പുണ്യപാപങ്ങളോടു ചേർന്ന് അനേകകോടി ജനനമരണങ്ങൾ ജീവനോടു ചേർന്നിരുന്നതായി പറയുന്നതിനാൽ, അവസ്ഥകളെപ്പോലെ ജനനമരണങ്ങളും നിലയില്ലാതെ വന്നുപോയവയായിരിക്കെ അവയോടു ചേർന്ന ജീവൻ അവിനാശിയായും അതുകളുടെ സംബന്ധവിയോഗങ്ങളാൽ വികാരമിലാത്തവനായും, അവയ്ക്കു സാക്ഷിയായും അല്ലെങ്കിൽ, അവനും അവകളെപ്പോലെ ഒരു വസ്തുവായി [ 104 ] നശിക്കും. അങ്ങിനെയായാൽ അവകളും ജീവനും സിദ്ധിക്കാതെ നീങ്ങിപ്പോകും. അതോ ശ്രുതിയുക്ത്യനുഭവം ഈ മൂന്നിനും ചേരുകയില്ല. ആ നിമിത്തം അവനെ മുൻപറഞ്ഞ പ്രകാരം വ്യവസ്ഥാപിച്ചാൽ ആകാശത്തിൽ പെയ്യുന്ന വർ‌ഷത്താലും ദഹിക്കുന്ന സൂര്യകിരണതാപത്താലും ആകാശത്തിനു ശീത ഉ‌ഷ്ണസംബന്ധം സിദ്ധിക്കാത്തതു പോലെ, ഈ ആത്മാവിനും മുൻപറഞ്ഞ സംബന്ധം സിദ്ധിക്കുകയില്ല. തോന്നുന്നല്ലോ എന്നാൽ, അളവില്ലാതെ പ്രവാഹം പോലെ കാണപ്പെട്ടാലും മരുമരീചികാപ്രവാഹത്താൽ ഭൂമി നനകയില്ലാത്തതുപോലെ, ഇവകളുടെ സംബന്ധം ആത്മാവിനു സിദ്ധിക്കുകയില്ല. ഇപ്രകാരം ആലോചിക്കിൽ ജനനമരണങ്ങൾ നീങ്ങി ജീവന്മാർക്കു മോക്ഷമാർഗ്ഗം വെളിപ്പെടും. അപ്രകാരം തന്നെ കരയില്ലാത്ത സമുദ്രം കാറ്റിന്റെ ചലനവിശേ‌ഷത്താൽ അല, നുര, കുമിള മുതലായവകളാൽ വികാരത്തോടു ചേർന്നതായിട്ടും അതു അടങ്ങിയേടം നിർവികാരമായും കാണപ്പെട്ടാലും ജലം ജലമായിട്ടുതന്നെ സിദ്ധിച്ചിരിക്കുമ്പോലെ, വിക്ഷേപം, വിക്ഷേപത്തിന്റെ നീക്കം സാക്ഷിചൈതന്യത്തിനു സിദ്ധിക്കയില്ല എന്നു ആലോചിക്കുമ്പോൾ നീങ്ങിപ്പോകും. കാലതത്ത്വം തനിക്കന്യമായ പ്രപഞ്ചത്തെ അശേ‌ഷത്തേയും പ്രമാണപ്പെടുത്തുകകൊണ്ട് പ്രപഞ്ചത്തിന്നന്യമായും, സാക്ഷിയാൽ മാത്രം പ്രകാശിക്കയാൽ ചിദ്വിലക്ഷണമായും, സർവ്വസംഹാരമായിരിക്കകൊണ്ട് തനതു സംഹാരശക്തിയാൽ പ്രപഞ്ചത്തെ വ്യാപിക്കുമളവിൽ സമസ്തവും തൻ പരിണാമത്തെ വിട്ടുനീങ്ങി ഭാവാഭാവ സ്ഫൂർത്തിയില്ലാത്ത് മഹാശൂന്യസദൃശമായ മഹാകാലതത്ത്വത്തിന് വേറായിട്ടില്ലാതെ നീങ്ങിപ്പോകും. അപ്രകാരം സർവസംഹാരകാലതത്ത്വാനുഭോഗവൃത്തി ഉദിക്കുമ്പോൾ, തന്നിലുദിച്ച മഹാകാലതത്ത്വത്തിന്റെ സംഹാരശക്തികൊണ്ട് പ്രവേശിക്കുമ്പോൾ, കർപ്പൂരമല [ 105 ] തീപ്പെട്ടപോലെ, വസ്തുക്കൾ അശേ‌ഷവും അങ്ങനെയങ്ങനെ അഴിയുന്നതിനോട് ഇന്ന വിധമെന്നു പറയത്തക്കതല്ലാത്ത വ്യഥയേയും വ്യസനത്തെയും ഭയകമ്പാദിയേയും പ്രാപിച്ച് അപ്രകാരം തന്നെ നശിച്ച്, കാലതത്ത്വമായ തനതനുഭൂതിയിൽ നിന്നു സർവ്വസംഹാരകാരകത്വം പ്രപഞ്ചവിലക്ഷണമായും ചൈതന്യത്തീന്യമായും സർവ്വസംഹാരശക്തിയോടു ചേർന്നതായും അനുഭൂതിയിൽ ഉദിച്ച പ്രകാരം നോക്കപ്പെട്ടാൽ അപ്രകാരം ഉദയമായ അനുഭൂതിവൃത്തിയുടെ ഗുണത്തിൽ നിന്നു വേറില്ലാത്തതായും ജഡമായും ഭവിച്ച്, മുൻപറഞ്ഞ പ്രകാരം ദൃഗ്ധർമ്മത്തിൽ അടങ്ങി,അതിൽ നിന്നു വേറെയില്ലാതെ നീങ്ങി നിൽക്കും. ആ ആത്മദൃഷ്ടി തന്നെ കാലത്തെ കടന്നിരിക്കയാൽ കാലാകാലനായ പ്രത്യക്കിനെ കാലതത്ത്വം ഒരിക്കലും സംബന്ധിക്കയില്ല. ഇങ്ങനെ വിവേകിച്ച് അനുഭവിച്ചാൽ സകല ദ്വൈതത്തെയും സംഹരിച്ച്, ആത്മസ്വരൂപത്തിൽ, അതിൽ നിന്നും അന്യമായിട്ടില്ലാതെ ആ ആത്മദൃക്കാൽ ഭുജിക്കപ്പെട്ട്, അതുമാത്രമായി ശേ‌ഷിച്ചു നിൽക്കും. അവിടെ ചോറുരുളപോലുള്ള ദ്വൈതപ്രപഞ്ചവും ഉപകരണം പോലുള്ള കാലതത്ത്വവും ഭക്ഷിക്കപ്പെട്ട മാത്രത്തിൽ പ്രത്യഗേകരസമായി വിലാസിക്കും. ആ അനുഭൂതി നിലയെ മതിക്കത്തക്കവരാര്? നോക്കത്തക്കവരാര്? ഇങ്ങനെ കാലതത്ത്വത്തെ ജയിച്ചാൽ അവിടെ ത്രിപുടി ഇല്ലായ്കയാൽ മനസ്സും നശിച്ചുപോകും. അതിനാൽ വന്ന ജനനമരണാദി സകല ദുഃഖങ്ങളും നീങ്ങിപ്പോകും. അപ്രകാരം തന്നെ സകല വിധിനി‌ഷേധങ്ങളായ ശാസ്ത്രങ്ങളാൽ പറയപ്പെട്ട ബഹുവിധ പുണ്യപാപങ്ങൾ സ്വർഗ്ഗനരകാദികൾ, ഉച്ചനീചങ്ങളായ ജനനാദികൾ, ഇനിയും സമ്പത്ത്, ദാരിദ്രം, രോഗം മുതലായവകൾ, അശേ‌ഷവും കർമ്മത്തിൻ ഫലമായി കർത്താവെ സംബന്ധിച്ചതായി പറയപ്പെട്ടിരുന്നാലും അവകൾ ജാതിവർണ്ണാശ്രമധർമ്മനീതികുല [ 106 ] ഗോത്രാദികൾക്കു ആശ്രയമായ പ്രതസമാനശരീരാദ്ധ്യാസത്തെ സംബന്ധിച്ച് സിദ്ധിച്ചിരിക്കയാൽ, ശരീരാദ്ധാസം നീങ്ങിപ്പോയാൽ കർമ്മബന്ധവും നീങ്ങിപ്പോകും. കർമ്മബന്ധം നീങ്ങിയാൽ കർമ്മബോധകമായ അതിഭയങ്കരശാസ്ത്ര നിമിത്തമായ ഭയവും നീങ്ങിപ്പോകയാൽ കുംഭീപാകാദി നരകമാകട്ടെ, അസിപത്രാദി ഘോരവനങ്ങളാകട്ടെ, ബ്രഹ്മാദി 33സ്തംബ[7]പര്യന്തമുള്ള യോനികളിലെ ജനനമാകട്ടെ, ഇവ അശേ‌ഷവും ദേഹാദ്ധ്യാസത്തെ വിട്ടു നീങ്ങി, ദേഹസാക്ഷിയായ പ്രത്യഗഭിന്ന പരമാത്മസ്വരൂപത്തെ അനന്യമായനുഭവിച്ചാൽ ആ ആത്മസ്വരൂപം ജാതിഗുണക്രിയാശുന്യമായി ത്രിവിധപരിച്ഛദേശൂന്യമായി, സജാതീയ വിജാതീയ സ്വഗതഭേദശൂന്യമായി, അദ്വൈതമായി, ചിന്മാത്രമായ അഖണ്ഡൈകരസ അപരോക്ഷ സാക്ഷാത്കാരമായി, പ്രകാശിക്കയാൽ, ആകാശത്തിൽ മേട്, 34പള്ളം[8] ഇവയെപ്പോലെ, സ്വരൂപത്തിൽ ഈ പ്രപഞ്ചം, ഇതു പ്രപഞ്ചകല്പകമായ മനസ്സ് ഇവ സകലവും കാലത്രയത്തിലും ഉണ്ടാകാനവസരമില്ലയെന്ന് ആത്മാനുഭൂതിയുണ്ടായി, തൽക്ഷണം മനോനാശം സിദ്ധിക്കും. ഇത്രത്ര മുഖ്യാധികാരികളുടെ മനോനാശമാർഗ്ഗ നിരൂപണം.

മദ്ധ്യമാധികാരികൾ മനോനാശാർത്ഥം ഹഠയോഗങ്ങളാൽ നിമിത്തമായിരിക്കും. ഈ രണ്ടു മാർഗ്ഗങ്ങൾ കൊണ്ടല്ലാതെ മനോനാശമാർഗ്ഗമായി മാർഗ്ഗാന്തരമില്ല. ആത്മാവുതാനയിരിക്കകൊണ്ട് മനോജയം സുലഭമായും മുമുക്ഷുവിനാൽ ആത്മാവ് ശ്രവണാദി സാധനം കൊണ്ട് മറപ്പോടു കൂടി [ 107 ] അന്വേ‌ഷിക്കയാൽ മനോജയം കഠിനമായും ഭവിച്ച് ഇപ്രകാരം തെളിഞ്ഞാലും.

(ശി‌ഷ്യൻ അങ്ങനെ തന്നെ ആചാര്യകരുണാകടാക്ഷമാകുന്ന വാളായുധത്തെ വിവേകമാകുന്ന കൈയ്യിൽ പിടിച്ചുകൊണ്ട് ജ്ഞാനശൂരനായി അന്തർമുഖപ്പെട്ട് ദേഹത്രയാദ്ധ്യാസമായ മൂന്നു തലയും ആവരണവിക്ഷേപമാകുന്ന രണ്ടു തലയും, അവകളോടുകൂടിയ മനസ്സാകുന്ന മൂർഖസർപ്പവും രജ്ജുസർപ്പമെന്നപോലെ കാണാതൊഴിഞ്ഞപ്പോൾ "ഓഹോ! നിനച്ച മാത്രത്തിൽ കിടുകിടത്തക്കതായ മനസ്സെവിടെ? ലോകമെവിടെ?കാലനെവിടെ? മാതാവിന്റെ ഉദരമെവിടെ? എന്താശ്ചര്യം! ആശ്ചര്യം!!" എന്നാനന്ദിച്ച് മനോജയംകൊണ്ട് നി‌ഷ്ഠകൂടി. അനന്തരം ബഹിർമുഖനായി ആചാര്യരെ വണങ്ങി, "സച്ചിദാനന്ദ അഖണ്ഡൈകരസമായ എന്നിൽ നിന്ന് വേറായിട്ടൊന്നും കാണുന്നില്ല. രജ്ജുസർപ്പമായ മനസ്സ് എന്നെ എങ്ങനെ തീണ്ടും? ഞാനേ സർവകാലത്തും ഉള്ളവൻ" എന്നു ശി‌ഷ്യൻ ആനന്ദപരവശനായി നിൽക്കുമ്പോൾ പ്രതിബന്ധ ധ്വംസാർത്ഥമായോ ബ്രഹ്മാനന്ദലഹരിയിനാലോ കരുണാധിക്യ വിശേ‌ഷത്താലോ ആചാര്യൻ മറുപടിയും മുമ്പിലരുളിച്ചെയ്തവയുടെ സാരത്തെ അതിസംഗ്രഹമായിട്ട് അരുളിച്ചെയ്യുന്നു.)

ആചാര്യൻ: ദൃശ്യം, ദൃക് എന്ന രണ്ടു വസ്തു, അവയിൽ ദൃശ്യത്തെ ജഡം എന്നു പറയും. ദൃക് ചിത്ത് എന്നും പറയപ്പെടും. ജഡമായ ദൃശ്യവും, ദൃക്കിന്റെ ഉപാധിയായും ദൃശ്യത്തിന്റെ ഉപാധിയായും രണ്ടു പിരിവോടുകൂടിയതായി ഭാവിച്ച്, ആത്മാനാത്മവസ്തുക്കൾ പോലെ ഭവിച്ചു നിൽക്കും. വിധ ദൃക്കിന്റെ ഉപാധിയും കർത്താ ഭോക്താ ജ്ഞാതാ സുഖീ എന്ന ജീവോപാധികളായും അസംഗോദാസീനസാക്ഷി [ 108 ] കൂടസ്ഥബ്രഹ്മ പരമാത്മാവെന്ന പ്രത്യഗ്ബ്രഹ്മങ്ങളെ ബഹിർമുഖമായാകട്ടെ, വി‌ഷയീകരിക്കുമ്പോൾ വി‌ഷയാകാരങ്ങളായി പരിണമിച്ചു ഭവിച്ചു വൃത്തികൾ ഫലമെന്നു പറയപ്പെടും. അവയോടു കൂടി ഘടം, പടം, മഠം എന്ന കൽപനയോടെ വി‌ഷയങ്ങളിൽ മുങ്ങിയ ബുദ്ധി ചിദാഭാസവൃത്തിയെന്നു പറയപ്പെടും. ഈ പല ചിദാഭാസവൃത്തികൾ ഉദിച്ചും മറഞ്ഞും അവകളെ കുറിക്കാതെ പ്രകാശിപ്പിക്കാൻ കാരണമായി നിന്ന നിർവികാരവൃത്തി സാക്ഷിവൃത്തിയാകും.

ഈ സാക്ഷി വൃത്തിയിൽ പ്രകാശിക്കകൊണ്ടു പരമാത്മാവിന് സാക്ഷിയെന്നും, കല്പനാവൃത്തിയിൽ പ്രകാശിക്കകൊണ്ട് ചിദാഭാസനെന്നും, ഫലവൃത്തിയിൽ പ്രതിഫലിക്കകൊണ്ടു വി‌ഷയമെന്നും, ചിദാഭാസവൃത്തി ഉദിക്കുമ്പോഴും അതിന്നാധാരമായിരുന്ന നിരാകാരസാക്ഷി വൃത്തിയിൽ പ്രതിഫലിച്ച ചൈതന്യത്തെ തനതു സ്വരൂപമായി കണ്ട് തന്റെ സാക്ഷിസ്വഭാവം മറഞ്ഞതിനാൽ അന്തര്യാമിയെന്നും, തന്റെ മറവിൽ അവൻ കാണപ്പെടാത്തതു കൊണ്ട് ആ അന്തര്യാമിയായ ഈശൻ പരോക്ഷൻ എന്നും, വിവേകാനുഭൂതിയാൽ അവനെ താനായി അനുഭവിക്കുമ്പോൾ താൻ തന്നെ അപരോക്ഷമായ ബ്രഹ്മസ്വരൂപമെന്നും ശ്രുതിയുക്തികളെ നിരന്തരാനുഭവമായി പറയത്തക്കതായിരിക്കും.

ഇപ്രകാരമറിഞ്ഞ്, ബന്ധമോക്ഷവ്യവഹാരത്തിന്ന് ആധാരമായ ദ്വൈതാദ്വൈത വികാസഭേദമെല്ലാം മുൻപറഞ്ഞ വൃത്തിഭേദത്തെ ഒഴിച്ചു വേറേയില്ലായ്കയാൽ, ആ വൃത്തിയും കല്പിതമായതു കൊണ്ട് വാസ്തവത്തിൽ ഇല്ലായ്കയാൽ ഘടപടാദി ഇഹപരങ്ങളായി പരിണമിച്ച ഫലവൃത്തിയെ അതിനെ ചൂണ്ടി നിന്ന് ചിദാഭാസ വൃത്തിയിലും, അതിനെ അതിൽനിന്നു മറഞ്ഞും അതിനെ അറിയുന്ന [ 109 ] സാക്ഷിവൃത്തിയിലും ആയിട്ടു ലയിപ്പിച്ചു സാക്ഷിവൃത്തി മാത്രമായി നിൽക്കുമ്പോൾ ദൃശ്യങ്ങൾ അശേ‌ഷവും ദൃക്കായിട്ടു മാത്രം കാണും. ആ ദൃഗുപാധിയിൽ ദൃശ്യം വിട്ടുനീങ്ങിയിരുന്നാലും അവിടെ ഉദിക്കുന്ന വിവേകത്താൽ ആ ദൃഗുപാധി ദൃശ്യമായി നിരുപാധികദൃക്മാത്രമായി ശേ‌ഷിച്ച്, സ്വയം താനായി പ്രകാശിക്കും. ഇതാകുന്നു സകല വേദാന്തങ്ങളുടേയും ചുരുക്കം.

ദ്വൈതം ദൃശ്യമായിരിക്കും. ദൃക്ക് തന്നെ അദ്വൈതമായിരിക്കും. അതേ സ്വയംവസ്തു, ആത്മാവിനെ ചിന്തിച്ചാലും ജഗത്തെ ചിന്തിച്ചാലും സ്വയം വസ്തുവായി ഭവിക്കിൽ പ്രത്യഗഭിന്ന ബ്രഹ്മമാകുന്ന കൂടസ്ഥനായി താനായിട്ടു തന്നെ സമസ്തവും പ്രകാശിക്കും. അതു എങ്ങിനെയെന്നാൽ, സ്വയം ഗോപുരമെന്നിടത്ത് അതിൽ കാണപ്പെടും ചിത്രങ്ങളെ ഗോപുരമല്ലെന്നു നി‌ഷേധിക്കുമ്പോൾ ആ ഉപാധിയെ വിട്ട് നീങ്ങി നിൽക്കും. അപ്രകാരമേ, ഓരോ ഉപാധികളെയും നീക്കിക്കണ്ടാൽ നിരുപാധികമായി ദൃശ്യാദൃശ്യ വി‌ഷയം കൂടാതെ,ഭേദിക്കപ്പെടാതെ, സ്വയം താനായിതന്നെ പ്രകാശിക്കും. അപ്രകാരം സ്വയം ജഗത്തെന്ന് നോക്കിയാൽ ഈ ജഗത്തും തന്റെ ഉപാധികളെ വിട്ടു നീങ്ങി ദൃശ്യാദൃശ്യത്തോന്നലറ്റ് സ്വയം താനായിത്തന്നെ പ്രകാശിക്കും. ആകയാൽ നീ, ഞാൻ, അത്, ഇത്, ജഗത്ത്, ഈശൻ, ജീവൻ, ഗുരു, ശി‌ഷ്യൻ, ബന്ധം, മോക്ഷം മുതലായ ഭേദം, ഇവകൾ വിട്ടു നീങ്ങിയ അഭേദം, ഈ സകലവും തന്നെ ഒഴിച്ചു വേറേയില്ല. താൻതന്നെ ത്രിവിധ പരിച്ഛദേരഹിത അസഹായശൂരനായ, സ്വയം പ്രകാശമഹത്വമായ, സ്വയംപ്രഭു ആകയാൽ ഇപ്രകാരം പ്രാകാശിക്കുന്ന നിനക്കു ഇനി എന്തോന്നു ഉപദേശിക്കുവാനുള്ളത്

[ 110 ] ഇപ്രകാരം അരുളിച്ചെയ്ത് രണ്ടുപേരും താനായി സ്വയം പ്രകാശമായി പ്രകാശിച്ചു.

കുറിപ്പുകൾ[തിരുത്തുക]

  1. സാളീകനേത്രം കാഴ്ചയ്ക്കു തകരാറുള്ള കണ്ണ്
  2. ഉപനേത്രം = കണ്ണട
  3. ബഹി‌ഷ്കരണം – ബാഹ്യകരണം, ബഹിരിന്ദ്രിയം.
  4. കബളീകരിച്ചതുപോലെ = ഭക്ഷിച്ചതുപോലെ, വിഴുങ്ങിയതുപോലെ
  5. സർവ്വാധി‌ഷ്ഠാനപ്രത്യഗഭിന്നനി‌ഷ്പ്രപഞ്ചാദ്വിതീയാത്മചൈതന്യത്തിൽ = എല്ലാറ്റിനും ആധാരമായതും പ്രത്യഗാത്മാവിൽനിന്നു വ്യത്യസ്തമല്ലാത്തതും പ്രപഞ്ചമില്ലാത്തതും രണ്ടാമതൊന്നില്ലാത്തതുമായ ആത്മചൈതന്യത്തിൽ.
  6. ലോ‌ഷ്ടം - മണ്ണാങ്കട്ട
  7. സ്തംബം - പുൽക്കൊടി
  8. പള്ളം - പടുകുഴി