നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)/അവസ്ഥാത്രയശോധനാ സമ്പ്രദായപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
രചന:ചട്ടമ്പിസ്വാമികൾ
അവസ്ഥാത്രയശോധനാ സമ്പ്രദായപ്രകരണം
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

അവസ്ഥാത്രയശോധനാ
സമ്പ്രദായപ്രകരണം
[തിരുത്തുക]

[ 2 ] ശി‌ഷ്യൻ: സർവ്വജ്ഞകരുണാമൂർത്തിയായും പരമഗുരുവായും പ്രകാശിക്കുന്ന പ്രാണനാഥ! അടിയൻ പരമഗതി അടയാനുള്ള മാർഗ്ഗത്തെ ലളിതമായി മനസ്സിന് ധരിക്കത്തക്കവിധത്തിൽ ഉപദേശിച്ചരുളേണമേ!.

ആചാര്യൻ: ജീവൻ ദേഹേന്ദ്രിയാന്തഃകരണങ്ങളേയും അവയിൽ അവസ്ഥാത്രയത്തേയും അവറ്റിൽ പ്രതിബിംബിച്ച ചൈതന്യത്തേയും ഇവറ്റിന്നധി‌ഷ്ഠാനാമായ അംസഗോദാസീനനിത്യശുദ്ധ മുക്ത പരിപൂർണ്ണ കൂടസ്ഥ ബ്രഹ്മചൈതന്യത്തേയും വിവേകാഭാവഹേതുവായിട്ട്, സ്വയം വെണ്മയായ സ്ഫടികം ജവാകുസുമസന്നിധിവശാൽ രക്തസ്ഫടികമെന്ന് കാണപ്പെടും പോലെ, ഞാൻ, എന്റേത് എന്ന് തിരിച്ച് വിപരീതമായി കണ്ടു കൊള്ളുന്നതിനെ തള്ളി ഉള്ളപ്രകാരം പരമാത്മാവായി തന്നെ ദർശിച്ചാൽ, അതു തന്നെയാകുന്നു പരമഗതി.

ശി‌ഷ്യൻ: സ്വാമിൻ, വെണ്മയായ ഒരു വസ്ത്രത്തിൽ നിജമായിട്ട് കറുപ്പ് മുതലായ ഭേദമാകുന്ന അഴുക്ക് പറ്റിയാൽ അതിനെ മറ്റൊരു ക്രിയാതന്ത്രത്താൽ എടുത്തു മാറ്റാം. സ്ഫടികത്തിൽ ഇല്ലാതെ തോന്നി അഭേദമായി കലർന്നിനിന്ന രക്തവർണ്ണമെന്നതു പോലെ ഛേദിക്കൻ പാടില്ലാതെ ഇരിക്കുന്നതിനെ എങ്ങനെ പിരിച്ചു കൂടും?

ആചാ: അപ്രകാരം ഇല്ലാതിരുന്നാലും ദേഹേന്ദ്രിയാന്തഃകരണചിദാഭാസകൂടസ്ഥ മുതലായവറ്റിൻ വിവേകാനുഭൂതിയാൽ പിരിച്ചെടുക്കാം.

[ 3 ] ശി: ആ വിവേകാനുഭൂതി എപ്രകാരമുള്ളതാകുന്നു?

ആചാ: ദേഹം, ഇന്ദ്രിയം, അന്തഃകരണം, ജാഗ്രത്ത്, സ്വപ്നം, സു‌ഷുപ്തി, ഇവയിൽ വി‌ഷയമായ ഭാവാഭാവരുപമായിരിക്കുന്ന ജഗത്ത്, സർവ്വവും ജഡമാകുന്നു. അവറ്റെ പ്രകാശിപ്പിക്കുന്ന ചിത്തു ചിദാഭാസനാകുന്നു. അതിനും അധി‌ഷ്ഠാനമായിരിക്കുന്ന ചിത്ത് കൂടസ്ഥനിത്യബോധമായ പരമാത്മാവാണ്. അവയിൽ പിരിച്ചെടുത്തുകൂടാത്ത വിധത്തിൽ കലർന്നു തോന്നുന്ന ആ തത്ത്വങ്ങളെ പിരിച്ചുനോക്കുന്ന വിചാരം:

ജാഗ്രത്തിൽ പിരിച്ചു കാണിക്കുന്നു.

ഉണങ്ങിയ ഒരു ചാമ്പൽക്കുന്നിൽ ജലകണസംബന്ധം ഉണ്ടാകുമ്പോൾ ആ ചാമ്പലിൽ എങ്ങിനെ ജലവ്യാപകം (ഈർപ്പം) കാണപ്പെടുന്നുവോ അപ്രകാരം, ജ്ഞാനേന്ദ്രിയ കർമ്മേന്ദ്രിയങ്ങളോടുകൂടിയ ഈ സ്ഥൂലദേഹം ജാഗ്രദവസ്ഥയിൽ ഭാവാഭാവരൂപമായ ഘടപടാദി പ്രത്യക്ഷജഗത്തായി കാണപ്പെടുമ്പോൾ, നിർവാതദീപംപോലെ കരണേന്ദ്രിയങ്ങളെ വിക്ഷേപിക്കാതെ ഒരേ നിലയിൽ നിറുത്തി ശിവപെരുമാന്റെ കരുണയോടുകൂടിയ, പരമഗുരുപ്രസാദത്തോടുകൂടിയ, വിവേകാനുഭൂതിയാൽ നോക്കുകിൽ, 1സപ്തധാതു[1] സമൂഹമായ ദേഹം. രണ്ടു വകയോടു കൂടിയ ഇന്ദ്രിയം, അവറ്റിൻ വി‌ഷയമായ ജഗത്ത്, ഇവകളെ അതാതു നാമരൂപങ്ങളോട് ഭിന്നഭിന്നമായി തോന്നിപ്പിച്ച് അവയേ ഉള്ളും വെളിയും വ്യാപിച്ചു പ്രകാശിപ്പിക്കുന്ന തന്നെ ആത്മാവായും അവകളെ ദൃശ്യമായ അനാത്മാവായും അനുഭവിപ്പാറാകും. [ 4 ] ജലസംബന്ധമുള്ള ചാമ്പൽക്കുട്ടം ഉണങ്ങിയാൽ അതിൽ ജലസ്വഭാവം കാണപ്പെടാതെ ജലവ്യാപകാഭാവം അനുഭവിക്കപ്പെടും. അപ്പോൾ ആ ചാമ്പൽക്കൂട്ടത്തിനും ഉള്ള ഭേദം എപ്രകാരം ഗ്രഹിക്കപ്പെടുന്നുവോ അതുപോലെ, സ്ഥൂലദേഹത്തെ വിട്ട് ജാഗ്രദാദി വ്യവഹാരത്തിൽ നിന്നു നീങ്ങി ആ ആത്മചൈതന്യം സ്വപ്നദേഹത്തിൽ പ്രവേശിക്കുമ്പോൾ, ഇത് സ്ഥൂലദേഹം, ഇതു രണ്ടു വകയോടുകൂടിയ ഇന്ദ്രിയം, ഇത് ഭാവാഭാവരൂപമായ ഘടപടാദി ജഗത്ത് എന്നുള്ള ജ്ഞാനം എന്നിങ്ങനെ ഇവകളെ കണ്ട് അനുഭവിക്കുമ്പോൾ ദേഹാദികളിൽ നിന്നു ആത്മചൈതന്യം വേറാകുന്നുവെന്നു പിരിച്ചനുഭവിക്കപ്പെടും.

സ്വപ്നത്തിൽ പിരിച്ചു കാണിക്കുന്നു.

സ്വപ്നാവസ്ഥയിൽ സൂക്ഷ്മശരീരത്തിൽ ഇരുന്നുകൊണ്ട് ആ ആത്മചൈതന്യം പ്രകാശിക്കുമ്പോഴും, അപ്രകാരം തന്നാൽ കല്പിക്കപ്പെട്ട തന്റെ ദേഹാദി സകല ജഗത്തിലും വ്യാപിച്ചു പ്രകാശിക്കുമ്പോഴും, മേഘമണ്ഡലം, നക്ഷത്രമണ്ഡലം, ചന്ദ്രമണ്ഡലം ഇവകളിൽ വ്യാപിച്ചു ഇവയെ പ്രകാശിപ്പിക്കുന്ന ചന്ദ്രജ്യോതിസ്സ് ചെറുത്. വലിയത്, വട്ടം മുതലായ ആകൃതികളോടുകൂടിയ ആ മേഘാദികളിൽ നിന്നും അന്യമാകുന്നുവെന്നു അനുഭവിക്കപ്പെടുന്നതുപോലെ, സ്വപ്നത്തിൽ കണ്ട തന്റെ ദേഹാദി സകല ജഗത്തും സ്വാത്മചൈതന്യവ്യാപകത്തിൽ ദൃശമായി കാണപ്പെടുകയാൽ അവകൾ അനാത്മാവെന്നും അവകളിൽ വ്യാപിചു കണ്ട തന്നെ അനാത്മവിലക്ഷണസ്വപ്നദ്രഷ്ടാവായ ആത്മാവെന്നും വിവേകത്താൽ നിദാനിച്ചു നോക്കുമ്പോൾ അപ്രകാരം തന്നെ അനുഭവത്തിനു വരും. [ 5 ] അല്ലാതെയും ഈ ആത്മചൈതന്യവ്യാപകം അവിദ്യയായും സു‌ഷുപ്തിയായും ഇരിക്കുന്ന കാരണശരീരത്തിൽ പ്രവേശിക്കുമ്പോൾ മുൻപറയെപ്പെട്ട സൂക്ഷ്മശരീരവും അതിന്റെ വ്യവഹാരത്തിൽ കണ്ട സ്വപ്നപ്രപഞ്ചവും ഈ ആത്മചൈതന്യ വ്യാപകത്തെ വിട്ടു നീങ്ങിയതുകൊണ്ടു താന്താങ്ങളെ ഉള്ള പ്രകാരം ജഡങ്ങളായിട്ട് കല്പിച്ച് കാണത്തക്കവണ്ണം ഭവിക്കും. അതുകൊണ്ടും അവകളിൽ നിന്നും ആത്മാവു അന്യനാകുന്നുവെന്നുള്ള അനുഭവം വരാം.

സു‌ഷുപ്തിയിൽ പിരിച്ചു കാണിക്കുന്നു.

സു‌ഷുപ്തിയിൽ അവിദ്യയാകുന്ന കാരണശരീരത്തിൽ ആത്മചൈതന്യവ്യാപകം പ്രാപിച്ച സമയത്ത് താൻ അന്യമാകുന്നു എന്നുള്ള ഭേദകല്പന വിട്ട് അഭേദമായിട്ടുപോലും കല്പിച്ചതായി കാണപ്പെടാതെ ശൂന്യംപോലെ പ്രകാശിച്ചു കൊണ്ടിരിക്കും. തദ്ദശയിലും അവന്റെ വിലക്ഷണതയെ കണ്ടനുഭവിക്കണം.

ശി: ജാഗ്രത്ത്, സ്വപ്നം ഈ രണ്ടവസ്ഥകളിലും സ്ഥൂലസുക്ഷ്മങ്ങളാകുന്ന രണ്ടു ശരീരങ്ങളോടും കൂടി സകലജഗത്തും ദൃശ്യമായി കാണപ്പെട്ടതുകൊണ്ട് ഇതു ആത്മവസ്തു, ഇതു അനാത്മവസ്തു എന്നിങ്ങനെ വിവേകിച്ച് അറിയാൻ കഴിയും. സു‌ഷുപ്ത്യവസ്ഥയിൽ ദൃശ്യം, ദ്രഷ്ടാ, ദർശനം എന്നുള്ള ഭേദം അനുഭവിക്കപ്പെടാത്ത സ്ഥിതിക്കു ആത്മാനാത്മവിവേകാനുഭൂതി എങ്ങനെ ഘടിക്കും?

ആചാ: ദൃഷ്ടിയിൽ കാണപ്പെട്ട ഒരു രജ്ജുവെ ഇതെന്ന് സാമാന്യജ്ഞാനത്താൽ കുറിക്കുമ്പോൾ അതിന്നു വേറായി കല്പന ഹേതുവായിട്ട് തോന്നിയ സർപ്പം ബുദ്ധി വഴിയായി അനുഭവിക്കപ്പെടുമ്പോൾ ഏറിയ ഭയത്തോടുകൂടി ആ [ 6 ] കയറ്റിമ്മേൽ വീണു മൂർച്ഛ അടഞ്ഞിട്ടും, അപ്പോൾ കണ്ണു വഴിയായി കയറ്റിനെപ്പറ്റി ബുദ്ധിയിലുദിച്ച ഇതെന്ന സാമാന്യ ജ്ഞാനവും ഭ്രാന്തി നിമിത്തം രജ്ജുവിൽ കല്പിക്കപ്പെട്ട ബുദ്ധിയിൻ വഴിയെ സർപ്പമായി പ്രകാശിച്ച സർപ്പജ്ഞാനവും തമ്മിൽ ഐക്യപ്പെട്ടു. അപ്പോൾ അവ വേറെ ആകുന്നുവെന്നുള്ള വിവേകത്തിനു അവസരമില്ലാതിരുന്നു. എങ്കിലും മൂർച്ഛ തെളിയുമ്പോൾ ഇത്, സർപ്പം എന്ന രണ്ടു ജ്ഞാനവും പ്രത്യക്ഷത്തെ മുന്നിട്ടു മുമ്പിലത്തെപ്പോലെ ബുദ്ധിയിൻ വഴിയിലൂടെ രജ്ജുവിൽ ഉദിക്കയാൽ ആ ഉദിച്ച അവസ്ഥയെക്കൊണ്ടു വിവേകിക്കിൽ ഭേദഭാവന അറും. മൂർച്ചയുടെ മുമ്പും പിമ്പും ആയി ഉദിച്ച രണ്ടു ജ്ഞാനത്തിൽ, ഇതെന്ന ജ്ഞാനാനുഭവം വസ്തുതന്ത്രമായ കയറ്റിനെ ചേർന്ന വിവേകജ്ഞാനമെന്നും, സർപ്പജ്ഞാനം കർത്തുതന്ത്രമായ ആരോപിത സർപ്പവി‌ഷയവിവേകജ്ഞാനമെന്നും വിവേകാനുഭൂതി ഉണ്ടാകുമാറുപോലെ, സു‌ഷുപ്തിയിൽ കാരണശരീരത്തോട് ഐക്യപ്പെട്ട് ഭേദാഭേദകല്പന കൂടാതെ ശൂന്യംപോലെ കാണപ്പെട്ട് ജ്ഞാനസ്വരൂപമായ ആത്മവ്യാപകം ഉണരുമ്പോൾ, ഞാൻ ഒന്നുമറിയാതെ സുഖമായി ഉറങ്ങിയെന്നുള്ള അനുഭവം ആകട്ടെ, ആ ആത്മാവ് സു‌ഷുപ്തിയിൽ സ്ഥിതിചെയ്യുമ്പോൾ അന്യനാലുണ്ടായ ചില വാക്കുകൾ നിമിത്തം ഉണരുന്ന ഇവറ്റ ശോധിച്ചാൽ ആ അവസ്ഥാത്രയങ്ങളുടെ വിവേകം ഉദിക്കാവുന്നതാണ്. അതായത് ഉറങ്ങുമ്പോൾ ചില ചൊല്ലുകൾ കേൾക്കപ്പെടാതെയും ചിലതു കേൾക്കപ്പെട്ടും, അപ്പോൾ കരണേന്ദ്രിയങ്ങളെ ഒഴിഞ്ഞു ശൂന്യം പോലെയിരുന്ന ആ ആത്മവ്യാപകം യാതൊരു കല്പനയോടു അഭിമുഖപ്പെടാതെ തെളിവായി ഉദിച്ച്, അനന്തരം മറ്റൊരു [ 7 ] ചൊല്ലാൽ അതിന്റെ പൊരുളോടു കൂടിയ കല്പനയോടു കൂടുന്ന ആ അവസ്ഥയെ വിവേകത്താൽ അനുഭവിച്ചു നോക്കുകിൽ ശൂന്യത്താൽതന്നെ അസത്തുപോലെ കണ്ടുകൊണ്ടുള്ള കുറിപ്പും, ശൂന്യത്തിനു വേറായി കല്പനയോടെതിരിടാതെ ചില ശബ്ദവിശേ‌ഷങ്ങളാൽ കരണേന്ദ്രിയങ്ങളുടെ സംബന്ധം കൂടാതെ സാമാന്യമായി ഉള്ളിൽ ഒരു ഉണർവു മാത്രമായി ഉദിച്ചു പ്രകാശിച്ച കുറിപ്പും, അനന്തരം ചില ശബ്ദങ്ങളാൽ ഉണ്ടായ അതിന്റെ അർത്ഥമായ കല്പനയോടുംകൂടി പ്രകാശിച്ചതാകട്ടെ, ഇവറ്റിനും, ഇവകളെ ദൃശ്യമായ അനാത്മവസ്തുക്കളായി പ്രകാശിപ്പിക്കുന്ന ദ്രഷ്ടാവായ ജ്ഞാനസ്വരൂപമായ തനിക്കും തമ്മിലുള്ള ഭേദജ്ഞാനാനുഭൂതി ഉണ്ടാകും.

ആകയാൽ ആകാശത്തൊരിടത്തിൽ പതിവായിരിക്കുന്ന ചന്ദ്രമണ്ഡലം ദൃഷ്ടിചലനഭേദത്തോടു കൂടി നോക്കപ്പെടുമ്പോൾ ആ സ്ഥലത്ത് ചന്ദ്രമണ്ഡലം ഇല്ലാത്തതുപോലെയും ഒരു നാലു കോലിനകലമായി രണ്ടു മണ്ഡലമായിട്ട് ഉദിച്ചു പ്രകാശിക്കുന്നതുപോലെയും അവയിലും ദൃഷ്ടിയുടെ ചലനഭേദത്താൽ ഒരു മണ്ഡലം കണ്ടും കാണാതെയായും മറ്റൊരു മണ്ഡലം നല്ലപോലെ വട്ടം തികഞ്ഞു പ്രകാശിച്ചും കാണപ്പെടുമ്പോൾ അവന്റെ സ്ഥാനത്ത് അവന്റെ ശൂന്യവും മറ്റൊരു സ്ഥലത്ത് മണ്ഡലത്തിന്റെ കുറിപ്പുകൂടാതെയുള്ള അവന്റെ ഉദയവും വേറൊരു സ്ഥലത്ത് മണ്ഡലം തികഞ്ഞ വിശേ‌ഷമായ ഉദയവും ഒരു ദൃഷ്ടിയിൽ കാണപ്പെടുന്നതുപോലെ, കരണേന്ദ്രിയങ്ങൾ അടങ്ങി ആത്മാ മാത്രമായി ശേ‌ഷിച്ച സ്ഥലത്ത് ശൂന്യം പോലെയുള്ള അവന്റെ അഭാവവും അതിൽ നിന്ന് ഭേദമായി വിശേ‌ഷം കൂടാതെ ഉണർവ് മാത്രമായ സാമാന്യ ഉദയവും സങ്കല്പത്തോടുകൂടിയ വിശേ‌ഷ ഉദയവും ഏതു [ 8 ] ആത്മചൈതന്യ വ്യാപകത്തിൽ ഭേദിച്ച് കാണപ്പെടുന്നുവോ, ആ ആത്മചൈതന്യ വ്യാപകത്തെ വേറായിട്ടു കണ്ട് അതിനെ വസ്തുതന്ത്രമായ അഹം പദാർത്ഥമായിട്ട് നിർണ്ണയമായനുഭവിച്ച്, അവനു ദൃശ്യമായിത്തോന്നിയ ശൂന്യസാമാന്യ വിശേ‌ഷക്കുറിപ്പുകളെ കർതൃതന്ത്രമായ കല്പിത വസ്തുവായിട്ടും തെളിഞ്ഞ് ആ കല്പിതങ്ങളും ഭേദമായി അനുഭവിക്കപ്പെടും. വിവേകത്താൽ ബാധിക്കപ്പെടും. രണ്ടു കാലത്തും തന്റെ അധി‌ഷ്ഠാനത്തീന്നു വേറായിരിക്കയില്ലെന്ന് മതിച്ച രജ്ജുവിൽ തോന്നിയ സർപ്പത്തേ രജ്ജുസത്തയാൽ വ്യാപിക്കെ, ആ സത്തയാൽ സർപ്പസത്ത കാലത്രയത്തിലും വേറായില്ലാതെ വിട്ടുനീങ്ങി രജ്ജുവിന്റെ വ്യാപകസന്മാത്രമായി പ്രകാശിക്കുന്നതുപോലെ ജ്ഞാനരൂപമായ ആത്മാവിന്റെ സത്തയാൽ ഈ ശൂന്യം, സാമാന്യം, സങ്കല്പമായ വിശേ‌ഷം, അപ്രകാരം സ്വപ്നജഗത്ത്, സ്ഥൂലദേഹത്തോടു കൂടിയ ജാഗ്രത്പ്രപഞ്ചം, ഇവറ്റെ വ്യാപിക്കുന്നതിന് സാധനമായ ഇന്ദ്രിയകരണങ്ങൾ, ഇതുകളെ എല്ലാവറ്റെയും അനുഭവിച്ച പ്രകാരം ഓർമ്മയാൽ ഒരു കാലത്ത് അഭിമുഖപ്പെടുകിൽ അക്കാലത്ത് ആദ്യന്തമറ്റ ആത്മപ്രകാശസമുദ്രത്തിൽ നാമരൂപങ്ങളായ അല, കുമിള, നുര മുതലായ ഈ പ്രപഞ്ചമശേ‌ഷവും ഇതിങ്കൽ അടങ്ങുന്നതായി അനുഭവത്തിനു വരും. ആകയാൽ കാറ്റ് ശമിച്ച വ്യാപകസമുദ്രത്തിലുണ്ടായ അലനുരകുമിളകൾ അതാതു സ്ഥാനത്തിൽ ജലമാത്രമായി അടങ്ങി വ്യാപകസമുദ്രമായി കാണുന്നതുപോലെ, അനേക നാമരൂപവിചിത്രങ്ങളായി ദൃശ്യഭേദത്തോടു കൂടിയ അനേക ബ്രഹ്മാണ്ഡമണ്ഡലങ്ങളായി ഭവിച്ച സ്ഥൂലസൂക്ഷ്മകാരണങ്ങളെന്ന ജഡപ്രപഞ്ചങ്ങൾ വാസനയെന്ന കല്പനയാകുന്ന ചലനവായു അടങ്ങവേ അവകൾ തത്തത്സ്ഥാനത്തിൽ തന്നെ ആധാരവൃത്തിജ്ഞാന സമുദ്രമാത്രമായിട്ട് അടങ്ങിക്കാണും. ആവിധ വൃത്തിസമുദ്രത്തെ ഉറ്റു നോക്കു [ 9 ] മ്പോൾ ആദിമദ്ധ്യാന്തശൂന്യമായി സ്ഥൂലസൂക്ഷ്മകാരണാദി ഭേദം കൂടാതെ ഏകാകാരമായി, ജ്ഞാനാനന്ദഘനമായി, അനുഭവത്തിന്നു വരും. ആ അനുഭവവും കരതലാമലകം പോലെ തന്റെ ജ്ഞാനപ്രകാശത്തിൽ ദൃശ്യമായി ഗ്രഹിക്കപ്പെടുകയാലും ദൃശ്യമശേ‌ഷവും അനാത്മവാകയാലും അതു അഹംപദാർത്ഥമല്ലെന്നും അതിനെ വ്യാപിച്ചു പ്രകാശിക്കുന്ന സ്വരൂപജ്ഞാനവഹ്നിയിൽ ദൃശ്യമായ വൃത്തിക്കു സുമം ഭവിപ്പാൻ കാരണമില്ലയെന്നും നി‌ഷേധിക്കുമ്പോൾ അതും അധി‌ഷ്ഠാനാത്മസ്വരൂപ ഭാനമാത്രമായി നീങ്ങിപ്പോകും. ഈ ആത്മസ്വഭാവത്തെ അഹംകാരവൃത്തിസംബന്ധം കൂടാതെ താനായി പ്രകാശിക്കുന്ന പ്രകാരം അനുഭവിച്ചാലും.

ശി‌ഷ്യൻ: അപ്രകാരമേ സ്ഥൂലസൂക്ഷ്മകാരണങ്ങളായി തോന്നിയ ബ്രഹ്മാണ്ഡമണ്ഡലങ്ങളെ സ്വാനുഭവത്തിൽ കണ്ട പ്രകാരം, ബഹിരിന്ദ്രിങ്ങളാൽ വ്യാപിക്കപ്പെട്ട പദാർത്ഥങ്ങളെ ബഹിരിന്ദ്രിയ വ്യാപാരോപയോഗിയായ വി‌ഷയാധാര അഖണ്ഡവൃത്തിയിലും, അന്തരിന്ദ്രിയങ്ങളാൽ വ്യാപിച്ചു പ്രകാശിക്കപ്പെട്ട സൂക്ഷ്മപ്രപഞ്ചങ്ങളെ സൂക്ഷ്മവി‌ഷയഗ്രഹണോപയോഗിയായ വി‌ഷയാധാരഅഖണ്ഡവൃത്തിയിലും, കാരണപ്രപഞ്ചത്തെ, അതിനെ വ്യാപിച്ച് പ്രകാശിപ്പിക്കുന്ന കാരണപ്രപഞ്ചവി‌ഷയഗ്രഹണസാമഗ്രിയായ വി‌ഷയധാര അഖണ്ഡവൃത്തിയിലുമായിട്ടു ലയിപ്പിച്ച്, മുമ്പിൽ വിക്ഷേപവൃത്തിയാൽ തോന്നിയ സ്ഥൂല സൂക്ഷ്മ പഞ്ചഭൂതങ്ങളുടെ വികാരങ്ങളായ സ്ഥൂലസൂക്ഷ്മ ശരീരങ്ങളോടും കൂടിയ പ്രപഞ്ചാഭാവമാകട്ടെ, അവിദ്യയാൽ തോന്നിയ ഭാവാഭാവപ്രകാശ ആത്മപ്രകാശത്തെ മറയ്ക്കുന്ന കാരണ പ്രപഞ്ചാഭാവമാകട്ടെ, ഇവറ്റെ തനിക്കഭേദമായി കാണിച്ച അഖണ്ഡ പരിപൂർണ്ണവൃത്തി മാത്രമായിട്ട് തനതനുഭവത്തിൽ വന്ന സമയത്ത് അതിനെയും, [ 10 ] ആചാര്യരുടെ ഉപദേശപ്രകാരം അതിസൂക്ഷ്മമായ തനത് ത്രിപുടിശൂന്യ സ്വരൂപജ്ഞാനത്തെ ആ വൃത്തിയിൽ ഉള്ളും വെളിയും ഇടവിടാതെ നിറഞ്ഞു പ്രകാശിക്കുന്ന ഭാനന്റെ വൃത്തിസംബന്ധംകൂടാതെ താനായി അനുഭവിക്കെ മുൻപറയപ്പെട്ട വൃത്തിയും കാലത്രയത്തിലും ഇല്ലാത്തതായി നീങ്ങി ഭാവാഭാവാത്മകവൃത്തികളില്ലാത്ത സ്വപ്രകാശമായ തനതാത്മസ്വഭാവത്തെ സ്വനുഭവത്തിനാൽ അടഞ്ഞ്, സ്വാത്മാനന്ദസമുദ്രത്തിൽ മുഴുകി, വാസനാത്രയമറ്റവനായി ഭവിച്ചു.

കുറിപ്പുകൾ[തിരുത്തുക]

  1. സപ്തധാതുക്കൾ = ത്വക്, മാസം, രക്തം, അസ്ഥി, മജ്ജ, രസം, ശുക്ലം എന്നിവയത്ര സപ്തധാതുക്കൾ.