Jump to content

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)/ആനന്ദാനുഭവ നിരൂപണപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
രചന:ചട്ടമ്പിസ്വാമികൾ
ആനന്ദാനുഭവ നിരൂപണപ്രകരണം
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ആനന്ദാനുഭവ നിരൂപണപ്രകരണം

[തിരുത്തുക]
[ 67 ]

ശി‌ഷ്യൻ അനന്തരം ആചാര്യപാദങ്ങളെ വണങ്ങി പറഞ്ഞു: നിന്തിരുവടിയുടെ അപാരമഹിമയുള്ള കൃപാകടാക്ഷത്താൽ അരുളിച്ചെയ്ത പ്രകാരം കൃതാർത്ഥനായേൻ. ആനന്ദാനുഭവത്തെയും ഉപദേശിച്ചരുളേണമേ!

ആചാ: "ഈ ഘടം എനിക്ക് ഏറ്റവും പ്രിയമുള്ളത്" എന്നതുപോലെ, പുത്രമിത്രകളത്രക്ഷേത്രാദികളിൽ, "ഇതെനിക്ക് ഇഷ്ടം" എന്നു ഏറിയ പ്രിയം കാണുന്നു. അതിനെ ശോധിക്കിൽ ഈ ബ്രഹ്മാണ്ഡം അശേ‌ഷവും സ്വയം ആനന്ദസ്വരൂപമായാകവേ കാണപ്പെടും. ഇഹം മുതൽ പരം വരെയുള്ള പ്രപഞ്ചത്തിൽ ആനന്ദപ്രാപ്തിയായത് വി‌ഷയരൂപമായും ആത്മരൂപമായും രണ്ടുവകയായി കാണപ്പെടുന്നു. അവയിൽ വി‌ഷയാനന്ദമായത് ഇഹത്തിൽ ഭാര്യ, പുത്രൻ, ധനം, ധാന്യം, യവൗനം, രാജ്യം, സ്രക്, ചന്ദനം മുതലായവയുടെ ഭോഗങ്ങളെ മുന്നിട്ടുദിപ്പതും അപ്രകാരംതന്നെ സ്വർഗ്ഗാദി വി‌ഷയഭോഗങ്ങളെ മുന്നിട്ടുദിപ്പതും ആകും. അത് ദൈവാനന്ദമെന്നും, ഇഹത്തിൽ ഉദിച്ചതിനെ മനു‌ഷ്യാനന്ദം എന്നും പറയപ്പെടും. വി‌ഷയഭോഗങ്ങളെ നീക്കി, കരണേന്ദ്രിയങ്ങളെയും നശിപ്പിച്ച്, ദൃശ്യം വിട്ടുപോയ ആത്മാപരോക്ഷാനുഭവത്തെ മുന്നിട്ടുദിക്കുന്നത് ആത്മാനന്ദം എന്നാകും.

ഇവയിൽ അന്തഃകരണത്തിൽ ആത്മാനന്ദം ഉദിക്കേണമെങ്കിൽ, ആ ആനന്ദം എവിടെനിന്ന് ഉദിക്കുന്നതെന്ന് നോക്കിയാൽ, ഒരു വസ്തുവേ ഏകകാലത്തിൽ ഒരുത്തനു സുഖജനകമായും, മറ്റൊരുത്തനു ദുഃഖകാരിയായും ഇരിക്ക കൊണ്ടും, ക്ഷണഭേദത്താൽ ഒരു വസ്തുതന്നെ ഒരു പുരു‌ഷന് സ്നേഹദ്വേ‌ഷങ്ങൾക്ക് കാരണമാകുന്നതിനാലും, വി‌ഷയങ്ങൾ [ 68 ] പൂർത്തിയായിരുന്നിട്ടും താനില്ലെങ്കിൽ പ്രകാശിപ്പാൻപോലും ശക്തിയില്ലായ്കയാലും വി‌ഷയസംബന്ധമില്ലാത്ത സു‌ഷുപ്തിയിൽ താനേ സുഖമായി അനുഭവിക്കയാലും, വി‌ഷയങ്ങളിൽ നിന്നും ഉദിക്കില്ല, ആത്മാവിങ്കൽ നിന്നു തന്നെ ഉദിക്കേണ്ടതാണ്. എന്നാൽ പരമാത്മാ എല്ലായിടത്തും എപ്പോഴും ഏകസ്വരൂപനായി നിറഞ്ഞിരിക്കേ എല്ലായ്പോഴും ആ ആനന്ദം തോന്നിക്കൊണ്ടിരിക്കാമലോ എന്നാൽ, ആ ആനന്ദസ്വരൂപനായ പരമാത്മാവ് സർവത്ര സദാ ഏകരൂപനായി വ്യാപിച്ചിരുന്നാലും, ഗോവിന്റെ ക്ഷീരം അതിന്റെ സർവാവയവങ്ങളിലും വ്യാപിച്ചിരുന്നാലും ആ ക്ഷീരത്തിന്റെ വ്യാപ്തി മുലദ്വാരത്തിൽ കൂടെ മാത്രം സിദ്ധിപ്പതുപോലെ, ഈ ആത്മാനന്ദവും ആനന്ദമയകോശത്തൂടെ ഹൃദയത്തിൽ പ്രാപ്തിയാകും. ആകയാൽ ആനന്ദപ്രാപ്തിക്കായിട്ട് ആനന്ദമയകോശം സാദ്ധ്യമെന്നും, വിജ്ഞാനമയകോശം സാധനമെന്നും ആകും.

ഇഹപരങ്ങളായ വി‌ഷയങ്ങളെ മുന്നിട്ട് ആനന്ദം പ്രാപ്തിയാകുന്നതായി പ്രത്യക്ഷപ്രമാണമാണത്താലും ശാസ്ത്രപ്രമാണത്താലും കാണപ്പെട്ടിരിക്കേ, ആ ആനന്ദം എങ്ങിനെ ആത്മാനന്ദമായിട്ടു ചേരും? ആ ആനന്ദം ആത്മാവിന്റേതായാൽ പ്രപഞ്ചത്തിൽ ആനന്ദപ്രാപ്തിക്ക് കൃ‌ഷി, വാണിജ്യം, രാജ്യം, തപസ്സ്, യാഗാദികൾ മുതലായ കർമ്മങ്ങളെ ശ്രമത്തോടെ എന്തിനായിട്ടു ചെയ്യുന്നു എന്നാൽ, ആവിധം അവിവേകം ഹേതുവായിട്ടെന്നല്ലാതെ വിവേകത്തെ പറ്റി ചെയ്യുന്നതല്ല എന്നു ബോധമാകും. അതായത്, ഒരു വസ്തു രണ്ടുസ്വരൂപത്തോടു കൂടിയതായിരിക്കില്ല. ഒരു സ്വരൂപത്തോടുകൂടിയതായിട്ടേ ഇരിക്കൂ. രണ്ടു സ്വരൂപത്തോടുകൂടിയതായി കാണപ്പെട്ടാൽ ഒന്ന് അവിവേകം നിമിത്തമാകും. ഈ സ്ഥിതിക്ക് ഭാര്യ, പുത്രൻ, സ്ത്രീ, ധനം, ഇവറ്റിൽ ഏറ്റവും പ്രിയമുടയ ഒരുവൻ [ 69 ] വഴിപോകുമ്പോൾ അവരോടുചേർന്ന് നദീപ്രവാഹത്തെ സന്ധിച്ച്, വലുതായ പ്രാണഭയം നേരിട്ട്, അവകളെയും തന്നെയും രക്ഷിക്കുന്നതിനാലോചിച്ച്, കൈയ്യിൽ പിടിച്ചിരുന്ന കന്യകയെ വിട്ടേച്ച് അല്പം ദൂരെച്ചെന്നപ്പോൾ പിന്നും ശ്രമം ഉണ്ടായി തോളിൽ ഇരുന്ന കുഞ്ഞിനെയും തള്ളിയേച്ചു പോകുമ്പോൾ പിന്നീടും പ്രവാഹബാധയാൽ മറ്റൊരു കൈയ്യിൽ പിടിച്ചിരുന്ന ഭാര്യയേയും വിട്ടുകളഞ്ഞ്, പിന്നും ശ്രമം കൊണ്ട് അരയിൽ കെട്ടിയിരുന്ന ഘനമുള്ള ദ്രവ്യത്തെയും ശരീരമിരുന്നാൽ എത്രയോ ധനം സമ്പാദിക്കാമെന്നുറച്ച് തള്ളിയേചുപോയി. ഇപ്രകാരം പോയവന് ആദ്യകാലത്തിൽ സുഖത്തെ കൊടുത്തിരുന്ന അവകളിൽ സംബന്ധം, പ്രവാഹ ബാധയിൽ പ്രാണഹാനിയെ ചെയ്യത്തക്ക അനിഷ്ടപദാർത്ഥങ്ങളായി കരുതി നീക്കപ്പെട്ടു.

മേലും, ചക്രവർത്തിയായ ഒരു രാജാവ് സാമന്തവøരാൽ കപ്പം വച്ചു കാണപ്പെടുമ്പോൾ അവരുടെ നമസ്കാരത്താലും സ്തോത്രങ്ങളാലും ഏറ്റവും ഗരൗവത്തോടുകൂടി അവരാൽ സ്തുതിക്കപ്പെട്ട് ബഹുനേരം അവരോടുകൂടി വലിയ സല്ലാപങ്ങളെല്ലാം സല്ലാപിച്ച്, ആ വിധം സന്തോ‌ഷത്തോടുകൂടി അനന്തരം അന്തഃപുരത്തിൽ ചെന്നു അവരോടു ക്രീഡിച്ച്, തന്റെ ചക്രവർത്തിത്വത്തെ മേലായ സുഖവിലാസമായി നിനച്ചു സുഖിച്ചിരിക്കുമ്പോൾ സു‌ഷുപ്തിയെ പ്രാപിച്ചു. പിറ്റേ ദിവസം കാലാധിക്യത്തിൽ എണീറ്റിരുന്നു. ഇത്രയും നേരം ചക്രവർത്തികൾ നിദ്ര ചെയ്യാമോ എന്നു ഇഷ്ടന്മാരാൽ ചോദിക്കപ്പെടവേ, ഇന്നലെ രാജ്യഭാരത്താൽ അധികശ്രമം നേരിട്ടതുകൊണ്ട് അവയെ നിവർത്തിക്കുന്നതിനു സുഖമാകും വണ്ണം അധികം ഉറങ്ങിയെന്നു പറഞ്ഞു. എല്ലാവരാലും തന്നാലും ഏറ്റവും പ്രിയപ്പെടത്തക്ക ചക്രവർത്തിത്വം [ 70 ] ഉത്തമസുഖത്തെ കൊടുക്കുന്നതാകയാൽ അതിനെ നീക്കുന്നതിനു സുഖമായുറങ്ങി എന്നു ചക്രവർത്തിത്വത്തെ നിന്ദിച്ചുപറയാനെന്ത്? ആ രാജാവുറങ്ങുമ്പോൾ ഉദയമായ സു‌ഷുപ്ത്യാനന്ദം, ഒരു ചക്രവർത്തിത്വത്തെ തുച്ഛപ്പെടുത്തി കാട്ടണമെങ്കിൽ ആ സു‌ഷുപ്ത്യാനന്ദം മേലായതായിരിക്കണമല്ലോ. ആ ആനന്ദത്തെ അപേക്ഷിച്ച് ചക്രവർത്ത്യാനന്ദം ദുഃഖം എന്നായിത്തീരും. ചക്രവർത്തിത്വത്തിന്റെ സ്വരൂപം ആനന്ദരൂപമായിരുന്നാൽ ഒരു സമയത്തും ദുഃഖരൂപമായി കണ്ടുകൂടാ. ആകയാൽ അവിവേകത്താൽ ചക്രവർത്തിത്വം ആനന്ദം പോലെയും അതില്ലായ്ക ദുഃഖം പോലെയും കാണപ്പെടുന്നു എന്നല്ലാതെ വിവേകിക്കിൽ ദുഃഖരൂപമേ ആകും.

അതു എങ്ങിനെയെന്നാൽ, കടകമകുടകുണ്ഡലാദികളെ ധരിക്കൽ ശിരസ്സ് മുതലായ അവയവങ്ങൾക്കു ദുഃഖത്തെത്തന്നെ ഉണ്ടാക്കും. രാജ്യഭാരത്തെ 24ഇടപര്യാലോചന[1] ബുദ്ധിക്കു പ്രയാസത്തെത്തന്നെ ഉണ്ടാക്കും. ഈർക്കിലിക്കൂട്ടങ്ങളെ ചൂലെന്ന് അഭിമാനിപ്പതുപോലെ, സൈന്യം, ആയുധം, വസ്ത്രം, ആഭരണം, ധനം, ധാന്യം, വിസ്താരമായ ഭൂമി, ധനകോശം ഇവകളെ സംബന്ധിച്ച വിധിനി‌ഷേധങ്ങളായ അധികാരം, അതിന്നാധാരമായ രക്തം, മാംസം, ശുക്രം, മേദസ്സ്, ഞരമ്പ്, അസ്ഥി, തോൽ, മലം, മൂത്രം, കഫം, നഖം, രോമം ഇവകളാകുന്ന സ്വരൂപത്തോട് കൂടിയ യവൗനദേഹം ഈ സകലത്തേയും ചണ്ഡാലവീഥി പോലെ, വിവേകം കൂടാതെ കൂട്ടിച്ചേർത്ത്, "ഞാൻചക്രവർത്തി" "എന്റെ സാമ്രാജ്യം" [ 71 ] എന്നഭിമാനിച്ച്, ഈ അഭിമാനത്താൽ സുഖം പോലെ തോന്നിയാലും വിവേകിച്ചാൽ ദുഃഖരൂപം തന്നെയായിരിക്കും.

സു‌ഷുപ്ത്യവസ്ഥയിൽ രാജാവു മരിച്ചവനായി കാണപ്പെട്ടില്ല. അവിടെ അവൻ എങ്ങിനെയിരുന്നു എന്നു നോക്കിയാൽ കടകമകുടാദ്യാഭരണമാകട്ടെ, അവയെ ധരിക്കുന്ന ദേഹമാകട്ടെ, അവറ്റെ കണ്ടാനന്ദിക്കുന്ന കരണേന്ദ്രിയങ്ങളാകട്ടെ, അവയുടെ അധികാരമകട്ടേ, അതിന്നു വി‌ഷയമായ രാജ്യമാകട്ടെ, ഇവറ്റെതനതായി അഭിമാനിക്കുന്ന മഹാഹംകാരമാകട്ടെ, സകലത്തേയും വിട്ട് സുഖകാരണമായി യാതൊരു കാരണവും കൂടാതെ താൻ തന്നെ തനിക്ക് ആനന്ദസ്വരൂപമായിരുന്നു. ആവിധ ആനന്ദരൂപം തന്നെ സ്വസ്വരൂപം എന്നുള്ള വിവേകം ഇലായ്കയാൽ ഉണരുമ്പോൾ ഞാൻസുഖമായുറങ്ങിയെന്ന തനതു സുഖസ്വരൂപത്തെ അഹംകാരത്തോടുകൂടി ചേർത്തു കണ്ട്, അഹംകാരിയായ തന്നെ ദേഹസംബന്ധത്താൽ ദേഹസ്വരൂപമായി നോക്കി, മകുടാദ്യാഭരണ സംബന്ധത്താൽ തന്നെ കിരീടിയാകുന്നുവെന്നാനന്ദിച്ച്, അപ്രകാരം തന്നെ മറ്റു രാജ്യങ്ങളെയും അഭിമാനിച്ച്, "ഞാൻചക്രവർത്തിയാകുന്നു" എന്ന് അവിവേകം ഹേതുവായിട്ട് ഏറ്റവും പ്രിയവിലാസത്തെ പ്രാപിക്കുമ്പോൾ, ഞാനോ എന്റെ രാജ്യമോ എന്റെ അധികാരമോ എന്ന് ആ വി‌ഷയങ്ങളെ കണ്ട്, ചിത്തവൃത്തികൊള്ളാതെകണ്ട്, നിശ്ചലമായി അല്പനേരം നില്ക്കേ, ആ അവസ്ഥയിൽ ഇന്ദ്രിയം, വി‌ഷയം ഇവകൾ വഴിയായി അന്തഃകരണം സത്ത്വാകാരമായി പരിണമിച്ച്, ആ ക്ഷണത്തിൽ അന്തഃകരണേന്ദ്രിയസംബന്ധമില്ലാത്ത സത്ത്വ വൃത്തി ആനന്ദമയകോശത്തിൽ ആഭാസമാകയാൽ അതിൽ ആത്മാനന്ദം ആനന്ദമയകോശത്തിൻ വഴിയായി ഉദിച്ചു നില്ക്കും. ആ ആനന്ദത്തെ ആത്മാനന്ദം എന്നറിയാതെ ആ [ 72 ] വി‌ഷയമാർഗ്ഗമായുദിച്ചതായി ഭാവിച്ച അതിനെ വി‌ഷയാനന്ദമെന്ന് അഭിമാനിക്കും. വി‌ഷയം നീങ്ങുമ്പോഴും വി‌ഷയം വിരോധപ്പെടുമ്പോഴുമ്, അവിവേകംകൊണ്ടു മൂടന്മവൃത്തിയുണ്ടായി, ആ മൂടന്മവൃത്തിയാൽ സത്ത്വവൃത്തി തിരോധാനപ്പെട്ട്, ആ ആനന്ദവും തിരോധാനപ്പെട്ട് "ഞാൻദുഃഖിയാകുന്നു"വെന്ന് വ്യവഹരിക്കും.

ആകയാൾ അവരുടെ അവിവേകത്തെ അപേക്ഷിച്ച് ദേഹസംബന്ധമായും മനോസംബന്ധമായും ഉള്ള വിചിത്രമായ കർമ്മങ്ങളെ ലോകപ്പഴക്കത്താലും ശാസ്ത്രപ്രമാണത്താലും വിധിക്കും. ആ വിധ കർമ്മങ്ങളെയറിഞ്ഞു ചെയ്യുന്നതിനുള്ള സാധനം ബുദ്ധിയെ ഒഴിച്ചു വേറെ ഇല്ലാത്തതിനാൽ അതിനെക്കൊണ്ടു തന്നെ ഇഹപരം രണ്ടും ബാധിക്കപ്പെടുക ഹേതുവായിട്ട്, വിജ്ഞാനമയകോശത്തെ സാധനമെന്നും, ഇഹത്തിലാകട്ടെ പരത്തിലാകട്ടെ ആനന്ദം ഉദിക്കണമെങ്കിൽ ആനന്ദമയകോശത്തിൽ നിന്നുദിക്കയാൽ ആ ആനന്ദമയകോശത്തെ സാധ്യമെന്നും പറഞ്ഞ് ഈ വിജ്ഞാനമയകോശം സൂക്ഷ്മമായി എത്രത്തോളം വിസ്താരപ്പെട്ടതാകുന്നോ അത്രത്തോളം ആനന്ദവും വിസ്താരമായി പ്രാപ്തിയാകും.

ഇങ്ങനെയാകയാൽ പഞ്ചഭൂതങ്ങൾ തദ്ഗുണമായ ശബ്ദാദികൾ, തദ്വികാരങ്ങളായ ഇഹപരയെന്ന ലോകങ്ങൾ, ഇവ സമസ്തവും സത്ത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളിൽ വികാരങ്ങളാകും. വി‌ഷയാനുഭൂതിദശയിൽ വി‌ഷയങ്ങളെ ഇന്ദ്രിയങ്ങളാൽ ബുദ്ധി വ്യാപിക്കുമ്പോൾ വി‌ഷയങ്ങളെ അശേ‌ഷവും വ്യാപിച്ചു ആ ബുദ്ധിയെ വി‌ഷയാകാരങ്ങളായി ഭേദപ്പെടുത്തി, അവകളിൽ മോഹത്താൽ മയങ്ങി, ആ മയക്കം കൊണ്ട് ആ വി‌ഷയങ്ങളെയും തന്നെയും തനതധി‌ഷ്ഠാനമായ ആത്മാനന്ദത്തെയും വിവേകിപ്പാൻ ശക്തിയില്ലാതെ ക്ഷണമാത്രം [ 73 ] മൂർച്ഛിച്ചു നില്ക്കും. ആ അവസ്ഥയിൽ വിക്ഷേപമില്ലാത്തതു കൊണ്ട് സത്ത്വഗുണം അധികരിച്ചു അതിൻ വഴിയേ ആനന്ദം പ്രാപ്തിയാകും. വി‌ഷയാകാരമായി ബുദ്ധിയെ ഭേദിപ്പിച്ചത് ബുദ്ധിയുടെയുമ് വി‌ഷയങ്ങളുടെയും രജോഗുണമാകും. ആ വി‌ഷയങ്ങളെയും ഈ ബുദ്ധിയേയും മോഹത്താൽ ഭേദപ്പെടുത്തി ഭേദഭാവം കൂടാതെ മൂർച്ഛിപ്പതു ബുദ്ധിയുടെയും വി‌ഷയങ്ങളുടെയും തമോഗുണങ്ങളാകും.

എന്നാൽ, രജോഗുണത്താലും തമോഗുണത്താലും ബാധിക്കപ്പെട്ട ബുദ്ധിക്ക് സത്ത്വഗുണാധിക്യം സിദ്ധിപ്പാൻ കാരണമെന്തെന്നാൽ, രണ്ടു ഗുണത്താലും ബുദ്ധി മൂർ¢ിക്കും. ആ അവസരത്തിൽ തന്റെ ശക്തി വി‌ഷയത്തെ നാട്ടുന്നതിനു സാമർത്ഥ്യമില്ലാതെ സ്വകാരണമായ സത്ത്വവൃത്തിയ്യിൽ ഒടുങ്ങിനില്ക്കും. അപ്പോൾ ആനന്ദമയകോശമാർഗ്ഗമായി ആനന്ദം പ്രതിഫലിക്കും. ആ ആനന്ദാനുഭവത്തെ വി‌ഷയമായി ഭാവിച്ച് മുൻപോലെ ബഹിർമുഖമായി ഉദിക്കും. അപ്രകാരം ഉദിക്കേ ആ ആനന്ദത്തെ ബുദ്ധിയോടു കലർന്നുനിന്ന് തമോഗുണവും രജോഗുണവും തങ്ങളുടെ ശക്തിയാൽ കലർന്ന വി‌ഷയാകാരങ്ങളായി അതിനെ ബുദ്ധിക്കു കാണിക്കും. ആ ആനന്ദത്തെ ബുദ്ധിയും വി‌ഷയാനന്ദമെന്നു മതിക്കും. ആകയാൽ രജോഗുണത്തെയും തമോഗുണത്തെയും ബുദ്ധിയിലും വി‌ഷയത്തിലും ഇരിക്കുന്ന പ്രകാരം അറിഞ്ഞ്, അവയെ തള്ളി അവകളിൽ മറഞ്ഞുനിന്ന് സത്ത്വഗുണത്തോടും രണ്ടുഗുണങ്ങളും വിട്ട് ബുദ്ധിയേയും വി‌ഷയത്തേയും ഐക്യപ്പെടുത്തിയാൽ ആനന്ദമയകോശമാർഗ്ഗമായിത്തന്നെ ബുദ്ധിയുടെ ആദരവാൽ വി‌ഷയങ്ങളിൽ പ്രതിഫലിച്ച ആനന്ദം അനുഭവിക്കാറാകും. അവിടെ വി‌ഷയാഭാവം ഇല്ലാത്തതിനാൽ ആ ആനന്ദം ആത്മാനന്ദമെന്നു അനുഭവിക്കപ്പെടും. [ 74 ]

വി‌ഷയം, ബുദ്ധി ഈ രണ്ടിനും രണ്ടു സ്വരൂപങ്ങൾ മറ്റൊരു ഇരിക്കുന്നു. അവയിൽ ഒന്നു വികാരവും നിർവികാരവുമാകും. തമോഗുണം വികാരങ്ങളെ ചേർന്നിരിക്കും. അതിനെ അറിയും പ്രകാരത്തെ വിചാരിക്കിൽ, ഈ നമ്മുടെ രാജ്യം നമുക്കു ഏറിയ ലാഭത്തെ തരത്തക്കതായുള്ള ഇഷ്ടവസ്തുവാകുന്നു എന്ന വൃത്തി ഉദിക്കുമ്പോൾ വിചിത്രങ്ങളായ ഗുണഭേദങ്ങളെ ഉടയ നാനാവസ്തുക്കളോടുകൂടിയ രാജ്യം ആ വൃത്തിയിൽ ഉള്ള പ്രകാരം ചൂണ്ടി, അപ്പോൾ ഇഷ്ടവസ്തുവായിട്ടു രാജ്യം പ്രകാശിച്ച്, ഇങ്ങനെ ഇതു നമുക്കു ഇഷ്ടവസ്തുവെന്ന പ്രിയം നടിച്ച്. ആനന്ദിച്ച്, ആ പ്രിയത്താൽ മുൻപറഞ്ഞ പ്രകാരം ക്ഷണമാത്രം മൂർച്ഛിച്ച് വി‌ഷയഭാവം കൂടാതെ ആനന്ദാനുഭവം ഉദിച്ച് അതോട് വി‌ഷയവി‌ഷയിയായി ഭേദാഭാവം കണ്ട്, ആ ആനന്ദത്തെ വി‌ഷയങ്ങളിൽ ഉണർന്നു സന്തോ‌ഷിക്കുമാറു കാണപ്പെടുകയാൽ നാനാവി‌ഷയങ്ങളായി തോന്നിയ രാജ്യരൂപമായ ഭിന്നഭിന്ന വി‌ഷയങ്ങളും ആ വി‌ഷയാകാരവൃത്തികളും ഖണ്ഡങ്ങളായിരുന്നാലും അവയ്ക്കു ആധാരമായിരുന്ന വി‌ഷയവും ആ വി‌ഷയാകാരവൃത്തിയും അഖണ്ഡമായിരിക്കയാൽ ഖണ്ഡമായും അഖണ്ഡമായും രണ്ടു രൂപങ്ങളെ വി‌ഷയവും വി‌ഷയാകാരമായി പരിണമിച്ച വൃത്തിയും ഉള്ളവയാകും. അപ്രകാരം തന്നെ അതിനെ "ഇതു വി‌ഷയം" എന്നു ചൂണ്ടിയ വൃത്തിയും ഖണ്ഡമായും അഖണ്ഡമായും രണ്ടൂ രൂപങ്ങളോടുകൂടിയതാകും. അപ്രകാരം തന്നെ "ഇത് നമ്മുടെ" എന്ന് ആത്മസത്തയാൽ ഖണ്ഡമായും അഖണ്ഡമായും അഹങ്കാരം പരിണമിച്ചു വ്യാപിച്ച് അവയെ സ്വന്തമായി ഭാവിക്കയാൽ ആ അഹംകാരോപാധിയോടുകൂടിയ ആത്മസത്തയും രണ്ടുരൂപത്തോടുകൂടിയതാകും. ഇവയിൽ ഖണ്ഡങ്ങളായ രൂപങ്ങൾ രജോഗുണവികാരങ്ങളാകും. അഖണ്ഡങ്ങളായ രൂപങ്ങൾ സത്ത്വഗുണവികാരങ്ങളാകും. [ 75 ] ഖണ്ഡാഖണ്ഡങ്ങളെ പിരിച്ചുകാണാൻ ഇടകൊടുക്കാതെ ഏകാകാരമായി സ്വന്തപ്പെടുത്തി മൂർച്ഛിപ്പതു തമോഗുണ വികാരങ്ങളാകും.

ആയതിനാൽ അഖണ്ഡവി‌ഷയത്തിലുദിച്ച അഖണ്ഡങ്ങളായ വി‌ഷയങ്ങളെ നിദാനിച്ചു അവയിൽ കാണപ്പെടുന്ന ഗുണങ്ങളെയും നിർണ്ണയിച്ച്, ആ ഗുണങ്ങളെയും ആ ഗുണികളാകുന്ന വി‌ഷയങ്ങൾക്കു അന്യമായിട്ടു കണ്ട്, അവയെ പഞ്ചേന്ദ്രിയങ്ങളാൽ വി‌ഷയീകരിക്കപ്പെടുമ്പോൾ അവിടെ വി‌ഷയങ്ങളായുദിച്ച ആ ഗുണികൾ കാണപ്പെടാതെ ശൂന്യമായിട്ടു നീങ്ങിപ്പോകും. ഗുണികളായ വി‌ഷയങ്ങൾ നീങ്ങുമ്പോൾ ആധാരമറ്റ് ആ ഗുണങ്ങളും വിട്ടുപോകും. ആ ഗുണികളായ വി‌ഷയങ്ങളുടേയും ഗുണങ്ങളുടെയും അളവു പോലെയുള്ള വൃത്തികൾ മാത്രം ഖണ്ഡാഖണ്ഡങ്ങളായിട്ട് ആകാശത്തിൽ കുറിക്കുന്ന രേഖകൾ എന്നപോലെ ഭവിക്കപ്പെടും. അപ്രകാരംതന്നെ മുൻ ഖണ്ഡാഖണ്ഡങ്ങളായി ഭവിച്ച ഭൗതികങ്ങളായ വി‌ഷയങ്ങൾക്കാധാരമായിനിന്ന ഭൂതങ്ങളായ അഖണ്ഡവി‌ഷയങ്ങളെയും ഇല്ലാതെ കണ്ട് തള്ളുമ്പോൾ അവകളും നീങ്ങി അവകളുടെ അളവു പാലെയുള്ള രൂപാദി വികാരമറ്റ വ്യാപകവൃത്തി മാത്രമായി കാണപ്പെടും. ആ അവസ്ഥയിൽ ഖണ്ഡമായ വി‌ഷയങ്ങളും അവയ്ക്കാധാരമായ അഖണ്ഡവി‌ഷയങ്ങളും ഭൂതഭൗതിക വികാരങ്ങളെ വിട്ട് ഖണ്ഡാഖണ്ഡവൃത്തി മാത്രമായിരിക്ക കൊണ്ട് അവയെ ഇതെന്നു വ്യാപിച്ച ബുദ്ധിവൃത്തിയും ഭൂതഭൗതികവികാരങ്ങളെ അഭിമുഖപ്പെടാതെ ഖണ്ഡാഖണ്ഡങ്ങളായ വി‌ഷയാകാരങ്ങളായി പരിണമിച്ച് വ്യാപിച്ച് സ്വശക്തിയാൽ ഇതെന്നു കുറിച്ചു നിൽക്കും. [ 76 ]

അപ്രകാരം തന്നെ ആത്മസത്തയോടുകൂടിയ അഹംകാരവും അവയെ എന്റേതു എന്നു വ്യാപിക്കുമ്പോൾ ഖണ്ഡാഖണ്ഡങ്ങളായ ആ ആകൃതികളുടെ അളവിനൊത്ത പരിണാമത്തെ പ്രാപിച്ച് അവയെ വ്യാപിച്ച്, സ്വസ്വഭാവമായ സ്വശക്തിയിനാൽ ഭേദപ്പെടുത്തി നില്ക്കും. സ്വസ്വഭാവമായ അഹംകാരശക്തി, ആത്മശക്തിയാകയാൽ, ആത്മാവേ ആനന്ദസ്വരൂപമായിരിക്കയാൽ, എല്ലാവർക്കും ആനന്ദമേ ഇഷ്ടവസ്തുവായി കാണപ്പെടുകയാൽ, ആ ഇഷ്ടവസ്തുവെത്തന്നെ സ്വന്തമെന്നു പറകയാൽ, ആ ആത്മശക്തിയായ സ്വന്തമെന്ന പ്രിയവൃത്തി ആ അഹംകാരവ്യാപകത്തോടും സകലതും കലർന്നു നില്ക്കും. ആവിധ പ്രിയവൃത്തി ആനന്ദസ്വരൂപമായ ആത്മശക്തിയാകയാൽ അതിൽ മാത്രമായി ആനന്ദവും അവയിൽ പ്രതിഫലിച്ചു ഉള്ളിലും വെളിയിലും നിരന്തരമായി പൂർണ്ണമായി പ്രകാശിക്കും.

ഈ ആനന്ദത്തെയും ഇതെന്ന ബുദ്ധിവ്യാപകത്തെയും ഖണ്ഡാഖണ്ഡങ്ങളായ വി‌ഷയവൃത്തികളെയും വ്യാപിച്ച് അഭേദമായി കാട്ടി പ്രകൃതിജ്ഞാനത്തെ മറച്ച് മൂർച്ഛിച്ചത് അഹങ്കാരത്തിൻ തമോഗുണമാകയാൽ അതിനെ നീക്കിയാൽ ഖണ്ഡാഖണ്ഡങ്ങളായ ഈ അഹങ്കാരവും അതിനാൽ വ്യാപിക്കപ്പെട്ട ഇതെന്ന ബുദ്ധിവൃത്തിയും അതിനാൽ വ്യാപിക്കപ്പെട്ട ഖണ്ഡാഖണ്ഡങ്ങളായ വി‌ഷയവൃത്തിയും അവയുടെ ഉള്ളും വെളിയും വ്യാപിച്ച് ആത്മാനന്ദത്തെ അവകളിൽ പരിപൂർണ്ണമാക്കിച്ചെയ്ത് പ്രകാശിച്ച ആത്മശക്തിയാകുന്ന സ്വസ്വഭാവമെന്ന പ്രിയവൃത്തിയും വിവേകജ്ഞാന ത്തോടുകൂടി അനുഭവത്തിനു സിദ്ധിക്കും. അവകളെ പറഞ്ഞപ്രകാരം നിദാനത്തോടനുഭവിച്ച് രജോഗുണത്തെയും നീക്കേണ്ടതാണ്. [ 77 ]

അതിന്നുപായമെങ്ങനെയെന്നാൽ ഭിന്നഭിന്നങ്ങളായി തോന്നിയ വി‌ഷയവൃത്തികൾ ഭൗതികങ്ങളുടെ അളവിന് തക്കതായി ഉദിക്കയാൽ അവകൾ നീങ്ങുമ്പോൾ ആ അളവും വിട്ടുപോകും. അവകൾ വിട്ടേടം അവയുടെ അഭവമായിരിക്കും അവകളുടെ അഭാവത്തെ അവിടവിടെ അനുഭവിക്കുമ്പോൾ അവയുടെ അളവിനു തക്ക വൃത്തിയും അഭാവമായിക്കൊണ്ട് ഖണ്ഡവൃത്തികളശേ‌ഷവും വിട്ടുപോകും. അപ്രകാരം തന്നെ അഖണ്ഡവി‌ഷയവൃത്തിയേയും നീക്കുകിൽ അവകളെ വ്യാപിച്ച് ബുദ്ധിവൃത്തിയും അതിനെ വ്യാപിച്ച അഹംകാരവൃത്തിയും ഖണ്ഡാഖണ്ഡവിനിർമുക്തങ്ങളായി നീങ്ങിപ്പോകും. അപ്പോൾ ഭാവാഭാവവി‌ഷയം കൂടാതെ, ഖണ്ഡമെന്നും അഖണ്ഡമെന്നും നിർണ്ണയിച്ചുകൂടാതെ, അതിരറ്റ ആത്മശക്തിയാകുന്ന പ്രിയവൃത്തി മാത്രം ആനന്ദഘനമായനുഭവത്തിനു സിദ്ധിക്കും. അവിടെ ആ ഉപാധിയെ നീക്കിയാൽ ആനന്ദമാത്രമായി ശേ‌ഷിക്കും. മറുപടിയും പ്രിയവൃത്തി ഉദിക്കിൽ ആദ്യത്തെ പ്പോലെ സൂക്ഷ്മത്രിപുടിയോട് അനുഭവത്തിനു സിദ്ധിക്കും. തൽസ്വഭാവത്തെ അറിഞ്ഞ് വി‌ഷയവൃത്തികളെ കല്പിച്ചു വ്യാപിക്കേ അവയിൽ ഈ ആനന്ദമേ നീക്കമറ്റു നിറഞ്ഞു നില്ക്കും. ഇതിനെ അറിയാതെ അവിവേകത്താൽ വി‌ഷയാനന്ദ മെന്നു ഭാവിച്ചുകൊള്ളും. ആകയാൽ മുൻപറഞ്ഞ വിചാരണാ വിവേകത്താൽ ബ്രഹ്മാനന്ദമായനുഭവിച്ചാലും.

(ശി‌ഷ്യൻ, പറഞ്ഞ പ്രകാരം ഉപാധികളെ നീക്കി, ശേ‌ഷിച്ച ആത്മാവാകുന്ന തന്നെ ആനന്ദരൂപനായനുഭവിച്ച്, തന്നിൽ ആരോപിതമായ സകലത്തേയും അസത്തെന്നും ജഡമെന്നും ദുഃഖമെന്നും നിർണ്ണയിച്ചു ബാധിച്ച ആനന്ദരൂപനായ താൻ, അവയെല്ലാം ബാധിക്കപ്പെട്ടിട്ടും ബാധിക്കപ്പെടാത്തതുകൊണ്ട് സത്തെന്നും, അവകൾ അവസ്തുവാകയാൽ പ്രകാശിക്കാതെ [ 78 ] ജഡമായാലും താൻ സ്വയംപ്രകാശിക്കയാൽ ചിത്തെന്നും, ശേ‌ഷിച്ചിടത്തു തനിക്കന്യമായി വേറൊരു വസ്തുവില്ലായ്കയാൽ സത്തുതന്നെ ചിത്ത്, ചിത്തുതന്നെ ആനന്ദം, ആനന്ദമേ താനാകയാൽ സ്വയം സച്ചിദാനന്ദാഖണ്ഡൈകരസമെന്ന താനായ തന്മഹിമയെത്തന്നെ ഇ ഷ്ടവസ്തുവെന്നു ആനന്ദിച്ച് സ്വയം ആനന്ദക്കടലിൽ മുഴുകി.)

കുറിപ്പുകൾ

[തിരുത്തുക]
  1. ഇടപര്യാലോചന = രാജ്യഭരണത്തിന്റെ ഭാഗമായി മന്ത്രിമാരും മറ്റുമായുള്ള രാജാവിന്റെ കൂടിയാലോചന എന്നർത്ഥം.