ഉമാകേരളം/ആറാം സർഗ്ഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
ആറാം സർഗ്ഗം
[ 59 ]
ആറാം സർഗ്ഗം

ജീവിതേശനടുത്തെന്യേ ജീവിതേശനടുത്തപോൽ
ആ വിശാലാക്ഷിയാം കന്യ മേവി, താതൻ മരിക്കവേ.        1

ഉമാവാക്യൗഷധം തെല്ലു സമാശ്വാസമണയ്‌ക്കിലും
ക്ഷമാധിപസുതാതങ്കം ക്രമാൽ വേരൂന്നി വാച്ചുതേ.        2

തോഴിമാർതൻ ശ്രമം നാടുവാഴിശ്രേഷ്ഠന്റെ പുത്രിയിൽ
പാഴിലായ്ത്തീർന്നു; വാനോളം കോഴിക്കുഞ്ഞു പറക്കുമോ?       3

തന്നുൾത്തടം പ്രിയവപുസ്സൊന്നുകൊണ്ടു ഞെരുങ്ങവേ
അന്നു മറ്റൊന്നിനുമതിൽച്ചെന്നു കേറാൻ പ്രയാസമായ്.        4

[ 60 ]

ധ്യാനം രാപ്പകലാരെത്താൻ സുനഗാത്രി തുടർന്നുവോ.
ആ നല്ലൊരീശൻ വൈകാതെ നൂനം പ്രത്യക്ഷമാകുമോ?       5

ആരോടും സല്ലപിക്കുന്നില്ലാരോമൽപ്രിയനെന്നിയേ.
ഓരോന്നാളികൾ പൊനാലിപ്പാരോ വാനോ ശ്രവിക്കണം.       6

"എന്നു ഞാൻ കാന്തനെക്കാണുമെന്നു നാല്‌വരോടൊപ്പമാം?
എന്നും പാപിക്കു പാതാളമെന്നുള്ള മൊഴി തെറ്റുമോ?       7

കളങ്കമില്ലാതശ്രാന്തം വിളങ്ങുന്ന തദാനനം
ഇളമ്പൂഞ്ചിരിയാലെന്നുൾക്കളം ശീതളമാക്കുമോ?       8

തെളിഞ്ഞു രാഗസുധയിൽക്കുളിച്ചു കുളുർശീകരം
തളിക്കും തൽക്കടാക്ഷത്തിൻ കളി ഞാനേല്പതെപ്പൊഴോ?       9

അരിക്കശനിയായ് പ്രേമം സ്ഫുരിപ്പോർക്കബ്ജനാളമായ്
ഇരിക്കുമബ്ബാഹുവെന്നോ ശരിക്കെൻ ഗളമാല്യമാം?       10

ആക്ക,ണ്ണാഗണ്ഡ,മധര,മാക്കണ്ഠം, ബാഹു, മാറിടം,
ആക്കരം, കൈവിരൽ, നഖമാക്കമ്രമുഖ, മാപ്പദം,       11

ആ വപൂസ്സാ യശോരാശിയാ വചസ്സാ മനോഗുണം
ആ വദാന്യത്വമദ്ദാക്ഷ്യമാ വർപൂമവനേ വരൂ.        (യുഗ്മകം)12

നീളമേറുന്ന നിശയേക്കാളഹസ്സെത്ര മഞ്ജുളം!
കാളരാത്രിയെനിക്കോരോ നാളതിൻ ചരമാർദ്ധവും.       13

കിടക്കാമുരുളാം വീണ്ടും പിടയ്ക്കാമെഴുന്നേറ്റിടാം;
ഇടയ്ക്കാ മിഴിതൻ പോളയടയ്ക്കാനെന്തുപായമോ?       14

അപേക്ഷിച്ചാലോടുവതുമുപേക്ഷിച്ചാലെടുപ്പതും
അപേതവ്രീളയാം ലജ്ജാക്ഷപേശാനനതൻ ഗുണം.       15

പതിവായിപ്പോഴസ്വപ്നസ്ഥിതി വായ്ക്കുന്നോരെന്റെ മേൽ
മതിയിൽ ക്രോധമാളുന്നുണ്ടതിയായാ നിശാചരി."       16

ഇത്തരം വിപ്രയോഗാഗ്നി ഹൃത്തടത്തിൽ ജ്വലിക്കവേ
അത്തയ്യൽ പലതും ചൊല്ലിയത്തലാർന്നു കുഴങ്ങിനാൾ.       17

ഉള്ളിൽ പ്രബലമാം രാഗം തള്ളിത്തിങ്ങിയിരിക്കിലും
വെള്ളിപോൽ വിളറും മേനി പുള്ളിമാൻമിഴി പേറിനാൾ.       18

വട്ടണിക്കൊങ്കയാൾതൻ നൽ ത്വിട്ടണിഞ്ഞ, തൂനാൾവരേ,
കട്ട ഹേമകലാപങ്ങൾ പെട്ടകംപൂക്കൊള്ളിക്കയായ്.       19

മുക്താഹാരം ധരിക്കാതെ മുക്താഹാരമെഴും തനു
രക്താധാരയ്ക്കു കണ്ടേകി മുക്താഹാരത്തെയക്ഷികൾ.       20

മിഴിയും തനുവും പൂന്തേൻമൊഴിക്കന്വർത്ഥമാംപടി
കഴിയുംമട്ടു കാമൻ പോംവഴി മുട്ടിച്ചു തല്പിനാൻ       21

[ 61 ]


സ്നേഹം വിടുകിൽ മങ്ങും സന്ദേഹം വിട്ടേതു ദീപവും;
സ്നേഹം വാ,ച്ചതുപോലുള്ള മോഹം മങ്ങിയതത്ഭുതം.       22

ഗരഭ്യന്മൗലിയാ, ദോഷാകരന്റെ കരജാലവും,
ഉരഗങ്ങൾ വമിച്ചീടുമൊരമ്മലയവായുവും,       23

തന്നാനനാരിയെത്താങ്ങീടുന്നാപ്പങ്കജനാളവും,
നന്നായ്പ്പാമ്പിൻവിഷം ചേർന്നീടുന്നാ മാലേയതൈലവും;       24

നേരായ് സ്വഭാവമോതുന്ന പേരാളും പനിനീരതും.
ക്രൂരാനംഗഭടന്നുള്ള നാരാചങ്ങൾ സുമങ്ങളും.       25

മറ്റും ശീതോപചാരാർത്ഥം പറ്റും പല പദാർത്ഥവും,
മുറ്റുമാ വധുവിന്നുൾത്തീ പറ്റുവാൻ വിറകായിതെ.       (കുളകം)

വീണയെത്തൊടുവോരാളി വീണയായ്; പാട്ടിലാഗ്രഹം
വേണമെന്നോതിടും തോഴിക്കാണന്നാൾപ്പാട്ടിൽനിന്നടി.       27

കുളിക്കുമൂണിനും തീരെക്കളിക്കും കൊതിയറ്റുപോയ്;
വെളിക്കു യാത്രയും തീർന്നു, വിളിക്കുള്ളൊരു മൂളലും.       28

'തവാധരാമൃതം വേണം ജവാ'ലെന്നവളോതവേ
ശിവാനുയോഗം ചെയ്തില്ല നവാധിയോടു റാണിയും.       29

കാമജ്വരൗഷധം മന്നിൽ പ്രേമപാത്രാധരാമൃതം;
ഓമലാൾക്കതു കിട്ടാതെ ഭീമമായ് ഗദമെത്രയും.       30

"വണ്ടേ! നീയെന്റെ വരനെക്കണ്ടേനെന്നുരചെയ്യുകിൽ
പണ്ടേതിലധികം മാധ്വിക്കുണ്ടേനം തവ നിർണ്ണയം.       31

മരമേ! നായകൻ വാഴും പൂരമേതെന്നുരയ്ക്കുകിൽ
വരമേതും തരാം; മൗനം ചിരമേവം ഭജിക്കൊലാ."       32

പിടഞ്ഞിവണ്ണം പ്രലപിച്ചുടനഞ്ചിന്ദ്രിയത്തെയും
അടച്ചവൾ മനസ്സിങ്കൽ സ്ഫുടം പായിച്ചു നോക്കിനാൾ.       33

ഒന്നിലും ഫലമില്ലാതെ നി,ന്നിരുന്നു കിടന്നവൾ
വന്നിടും മാലിൽ വെട്ടേറ്റ കന്നിനൊപ്പം പിടച്ചുതേ.       34

ഹൃത്തിങ്കലമരും മന്ത്രിമുത്തിനായുസ്സിരിക്കുവാൻ
അത്തിങ്കൾമുഖി ചിന്തിച്ചോ ചത്തില്ലാധി മൂഴുക്കിലും?       35

വിഷപ്പടി പടർന്നോരീ വിഷമവ്യാധി നീങ്ങുവാൻ
ഭിഷഗ്വരർ പണിപ്പെട്ടാർ; തുഷം കാറ്റിനെ നിർത്തുമോ?       36

കേണിവണ്ണം കഴിക്കും തേൻവാണിമുത്തിനുറങ്ങുവാൻ
കാണിക്കുണ്ടാം കടൽക്കാറ്റാൽ ത്രാണിയെന്നേകനോതിനാൻ.       37

"എന്നാലതു പരീക്ഷിക്കാം; ചെന്നാലും കടൽവക്കിൽ നീ;
അന്നാരായണനാധാരം നന്നായ് മുത്തേകുവാൻ ക്ഷമം.       38

[ 62 ]

നിമിത്തം നോക്കി ഞാൻ; കൊള്ളാം; ശരിക്കുമഴലൊക്കെയും;
ക്ഷമിച്ചു പാർത്താൽ പ്രത്യുഷം തമിസ്രയ്ക്കപ്പുറം വരും."       39

എന്നു രാജ്ഞി കഥിക്കും വാക്കന്നു കേട്ടാളിമാരുമായ്
ചെന്നു സിന്ധുതടത്തിങ്കൽ,ക്കുന്നു തോൽക്കുന്ന കൊങ്കയാൾ.       40

പാരം കാട്ടാതെ ഗാംഭീര്യം പാരം കാട്ടൂന്നൊരാഴിയെ
ആരമ്യഭംഗമില്ലാതന്നേരം കണ്ടു സഭംഗമായ്.       41

തടം തല്ലിത്തകർക്കുന്ന കടലിൽ മേന്മ തോഴിമാർ
സ്ഫുടമിമ്മട്ടിലന്നന്നനടയാളോടു ചൊല്ലിനാർ:       42

"കണ്ടാനന്ദിച്ചുകൊണ്ടാലും വണ്ടാർപൂവേണിമാർമണേ!
പണ്ടാസ്സഗരപുത്രന്മാരുണ്ടാക്കിത്തീർത്ത പൊയ്കയെ.       43

രമയ്ക്കു താതൻ, തൽക്കാന്തനമരും മണിമന്ദിരം;
സമം തദക്ഷിയുഗളം ശ്രമം തീർക്കുന്ന താവളം;       44

മെച്ചം വിധികരത്തിന്നു; കച്ചപ്പുറമിളയ്ക്കിവൻ;
പച്ചക്കർപ്പൂരമക്ഷിക്കു; കൊച്ചബ്ജന്നുള്ള പാവയും;       45

കാറാം വേഴാമ്പലിൻ ദാഹമാറാൻ പാഥസ്സു നൽകുവോൻ;
മാറാതെത്തിബ്ഭജിപ്പോർക്കു കൂറാർന്നെശ്വര്യമേകുവോൻ       (വിശേഷകം) 46

നല്ല വിസ്താരമിവനുണ്ടുല്ലസിക്കുന്നു ജീവനം;
ചൊല്ലണം തുല്യരായ്സ്സിന്ധുവല്ലഭപ്രാഡ്വിവാകരെ.       47

ഇവൻ ജലേശനെന്നാലും ധ്രുവം സർവാപഗാനുകൻ;
ലാവണ്യംതന്നെ നോക്കുന്നു ധവനിൽ ചാരുവേണിമാർ.       48

പരമൗർവാഗ്നിഭീ പൂണ്ടും പറക്കും ഭംഗപക്ഷികൾ
അരം തച്ശിഖയാൽത്താഴെ മരണംപൂണ്ടു വീഴ്കയോ?       49

നിലയില്ലാത്ത കടലിന്നലയും നിലയെന്നിയേ
ഉലകിൽച്ചാടിവീഴുന്നു; ഫലം ബീജസമം ദൃഢം.       50

വൻകടൽത്തുണ കൈക്കൊണ്ടും നിൻകചാഭ വരായ്കയാൽ
ശങ്കവിട്ടശ്രു വാർക്കുന്നോ തിങ്കൾനേർമുഖി! കാറുകൾ?       51

നിന്നോമനഭ്രൂലതകൾ വെന്നോരീയബ്ധിവീചികൾ
ഇന്നോർക്കിൽ തലതാഴ്ത്തിക്കൊണ്ടൊന്നോടേ കരയുന്നുവോ?       52

നിൻകണ്ണുകൾക്കെഴും ഭംഗി ശങ്കവിട്ടണവാൻ ഝഷം
കാൺക നിർന്നിദ്രമായ് തീരത്തിങ്കൽ ചെയ്യുന്നുവോ തപം       53

നിൻഗളംപോലിരിക്കാത്ത ശംഖം വേണ്ടെന്നു വാരിധി
തുംഗവ്യഥയൊടിത്തീരത്തിങ്കലേക്കെറിയുന്നുവോ?       54

നിൻകുചത്തെ നിനച്ചുള്ളിൽത്തങ്കും ലജ്ജനിമിത്തമോ
വൻ കുലാദ്രി സരസ്വാനിലെൻകുരംഗാക്ഷി! മഗ്നമായ്?       55

[ 63 ]

വിലയ്ക്കോ വെറുതേതാനോ ജലപാനമൊരാൾക്കുമേ
ഉലകിങ്കൽക്കൊടുപ്പീല; ഖലൻതാൻ ലുബ്ധനംബുധി.       56

നാരത്തിന്നുള്ളൊരർത്ഥംതാൻ നീരത്തിന്നെന്നു കാൺകയാൽ
ക്ഷാരത്തെ ക്ഷീരമെന്നോതിപ്പാരം വഞ്ചിക്കയോ ബുധർ?       57

ചാരുവസ്തുക്കൾ വാനോർക്കു ചേരുമാറായി മുന്നമേ;
നീരുമെയ്യങ്ങുമാർന്നോനെയാരു കൂട്ടാക്കുമൂഴിയിൽ?       58

ഗുണമേറും കടൽക്കാറ്റേ! തുണ മേലാലിവൾക്കു നീ;
ചുണ മേളിക്കുമുള്ളോടിക്ഷണമേ മാലകറ്റണേ!"       59

എന്നിവണ്ണം സഖീവൃന്ദം ചൊന്നിടും വാക്കു കേൾക്കവേ
അന്നിളേശജതന്നാധി മുന്നിലും വലുതായ്പരം:       60

"ഈ നല്ല വരനോടൊന്നിച്ചാനന്ദിക്കും സരിത്തുകൾ
ഫേനച്ഛലത്താലീയെന്നെ നൂനമിപ്പോൾ ഹസിക്കയാം.       61

കാമന്റെ കേതനങ്ങൾക്കു ഹാ! മമ വ്യഥ സമ്മദം
കാമമേകായ്കിലവ ചേർന്നീമട്ടു വിളയാടുമോ?       62

മാരന്നു മുഖ്യസേനാനിയാ,രവന്നു പിതാവിവൻ
നീരജാക്ഷികളേ! പാർക്കിൽപ്പാരമെൻ ശത്രുവല്ലയോ?       63

ശ്രീനന്ദനൻ പഞ്ചശരൻ; നൂനം ശ്രീ,യാഴിതൻ മകൾ;
ഹാ! നമുക്കഴലിൻബീജമുനം വിട്ടിവനല്ലയോ?       64

വെള്ളപ്പുകളൊടൊത്തെന്നുമുള്ളത്തിൽ വിധു വാസമായ്
ഉള്ള കാന്തനോടൊക്കുന്നു കള്ളംവിട്ടിപ്പയോനിധി.       65

അനുകമ്പ കുറഞ്ഞുള്ളിലനുകൾ പോകയാലിനി
അനുകൂലം വരും വീചിയനുകൂലം പതിക്കുവാൻ.       66

ശംബരാരിയെ വെന്നീടാൻ ശംബരാധിപനോർക്കുകിൽ
കിം ബലം? നിങ്ങളെക്കാളും സ്തംബവും ബുദ്ധിമത്തുതാൻ."       67

ഏവമോതി വിഷാദിക്കും ഭൂവലാരിതനൂജയെ
ആ വരാളികൾ പിന്നീടും സാവധാനപ്പെടുത്തിനാർ.       68

ക്ഷമതൻ വക്ത്രമാം ചന്ദ്രൻ തമസ്സിൻ വായിൽ വീഴവേ
സുമഗാത്രികൾ ഭീതിപ്പെട്ടമനം കേറി മഞ്ചലിൽ.       69

ചെമ്പഴന്തിപ്പിള്ളതന്റെ വമ്പമ്പും വീട്ടിൽ വാഹകർ
ശമ്പ തോൽക്കും മേനിയാളെക്കമ്പം, കൈവിട്ടിറക്കിനാർ.       70

പാത തെറ്റിയതാണെന്നപ്പാതകിക്കൂട്ടരോതവേ
വീതശങ്കം യുവാവേകൻ വാതിലിൽക്കൂടിയെത്തിനാൻ.       71

കോപാശ്ചര്യഭയങ്ങൾക്കു ഭൂപാലസുത പാത്രമായ്
ഹാ! പാർപ്പളവിലീമളാ മാപാപിയൂരിയാഭിനാൻ;       72

[ 64 ]


വരുവിൻ! പാത തെറ്റിച്ചു പെരുവിഡ്ഢികൾ വാഹകർ;
മരുവിക്കൊൾവിനെൻ വീട്ടിലൊരു വില്ലങ്കമില്ലതിൽ.        73

രണ്ടു നാഴിക പോയെങ്കിലുണ്ടു ചന്ദ്രികയദ്ദിനം;
തണ്ടുകേറ്റിഗ്ഗൃഹത്തിങ്കൽക്കൊണ്ടു ചെന്നപ്പൊഴാക്കുവൻ.        74

ഇത്തരം വാക്കു കേട്ടൊന്നുമുത്തരം ചൊല്ലിടാതവൾ
ചിത്തരംഗത്തിൽ വൻത്രാസമൊത്തരം വിട്ടു വാഹനം.        75

വമ്പുലിക്കൂട്ടിനുള്ളിൽച്ചെന്നമ്പുമടെന്നപോലവേ
വെമ്പുമുള്ളോടവൻതന്റെ പിമ്പുപോയ്മത്തകശിനി.        76

മലമ്പാമ്പിന്റെ വായ്ക്കുള്ളിൽത്തലയിട്ടിടുമാഖുപോൽ
അലസേക്ഷണ വല്ലാതെ വലഞ്ഞാൾ നിസ്സഹായയായ്.        77

കരുത്തു ഭയമുൾത്തട്ടിൽപ്പെരുത്തു വലുതാകവേ
കരുത്തു സതികൾക്കീശൻ വരുത്തും ചില വേളയിൽ.        78

അതുപോൽ വിപദിസ്ഥൈര്യമതൂലം പൂണ്ടു സുന്ദരി
കുതുകം നൽകിടാതുള്ളാപ്പുതുവീട്ടിങ്കലെത്തിനാൾ.        79

അരിയല്ലാതെ സഖിമാരരികത്താരുമെന്നിയേ
ഹരി! നന്മുറിയൊന്നിൽ പോയ്ഹരിണേക്ഷണ കേറിനാൾ.        80

സ്ഫാരപ്രഭയെഴും ദീപവാരത്താലാഗ്ഗൃഹാന്തരം
താരവ്രജത്താൽ വാനംപോൽ പാരം ശോഭിച്ചിരുന്നുതേ.        81

ആ മുറിക്കകമാരോമൽപ്പൂമുഖിത്തയ്യലാൾ ദിവി
ശ്രീമുറ്റുമിയലും പർവകൗമുദിക്കൊപ്പമെത്തിനാൾ.        82

ചാതകത്താൽ നവാംഭോദജാതമാം വാരിധാരപോൽ
ജാതരൂപാംഗിതൻ കാന്തി പീതമായ് കാമുകാക്ഷിയാൽ.        83

ഉരച്ചു കാമി: "കേട്ടാലും ശരച്ചന്ദ്രനിഭാനനേ!
പാരമീന്തപ്പഴം കണ്ടു ഗരമെന്നോര്ത്തിടൊല്ല നീ.        84

ശരിക്കു ഫലകത്തിങ്കൽ സ്ഫുരിക്കും ചിത്രമെന്നപോൽ
ഇരിക്കു മണിമഞ്ചത്തിൽ; ചിരിക്കു ചേറുതേൻപ്രിയേ!        85

ചിന്തയാം തീയിൽ മലർമെയ് വെന്തല്ലോപോയി കഷ്ടമേ!
എൻതന്വി! ചുവരില്ലാഞ്ഞാൽ ഹന്ത!മേൽ ചിത്രമെങ്ങനെ?        86

ഓമനേ! നിന്റെ തനുവിബ്ഭീമവ്യഥ സഹിക്കുമോ?
കാമം പൂപോലെ മലയെത്താമരത്തണ്ടു താങ്ങുമോ?        87

കഥയെന്തി,തണിക്കോപ്പിൽക്കഥമേവമനാദരം?
അഥവാ പൊൻകുടത്തിൻ നൽപ്രഥ പൊട്ടാലുയര്ന്നിടാ-        88

നിന്നാസ്യാബ്ജം ബാഷ്പവർഷം വന്നാരാലഴകറ്റതായ്
എന്നാരുരയ്ക്കു,മെൻ കണ്ണിന്നൊന്നാന്തരമതോമനേ!        89

[ 65 ]


കരച്ചിൽ മതി; വേധസ്സു വരച്ചാലാർക്കഴിച്ചിടാം?
വരട്ടെ വരുവോന്നെല്ലാം; നരർക്കഴൽ നിസ്സർഗ്ഗജം       90

എത്രനാളീ വിയോഗാർത്തിസത്രം ദീക്ഷിപ്പതോമലേ
പുത്രന്മാരായ് നിനക്കെന്നും നേത്രവാരികൾ പോരുമോ?       91

ഒരാളെപ്പാർത്തു ഭർത്താവായ് സരാഗം സ്വീകരിക്ക നീ
വരാംഗി വിധുവില്ലാഞ്ഞാൽ വരാ തെല്ലൊളി രാവിനും       92

മാനിയാം സചിവൻ തേജോഹാനി പറ്റുകകാരണം
താനിളാന്തമഹോ വിട്ടു, വാനിനൻപോലെയന്തിയിൽ       93

കുലശീലകലാരൂപബലകീർത്തികളൊക്കെയും
നലമേറും സചിവനൊത്തുലകം വിട്ടതായ് വരാ       94

ഇവയെല്ലാം തികഞ്ഞോരു നവയൗവനയുക്തനിൽ
ജവമോടനുരഞ്ജിക്ക, ഹരനിൽ ശൈലപുത്രിപോൽ       95

ആരും തന്നെ ഭുജിക്കാതെ താരുണ്യം കളയായ്ക നീ
വാരുറ്റ വനമദ്ധ്യത്തിൽ വീരുത്തുമലരെന്നപോൽ       96

നീയാലോചിക്കൂ! മെയ്ക്കെന്നുമീയാഭ നിലനിൽക്കുമോ?
പോയാൽ വരില്ല മൃതനാം പ്രേയാനെപ്പോലെ യൗവനം       97

ചേലേറും മുടിയോരോന്നും ചാലേ ഹന്ത! വെളുത്തുപോം
പ്രാലേയാംശുവുദിച്ചീടുംകാലേ ദിക്കുകണക്കിനേ       98

അലം രാഗം വിടും ഞാനും വിലയേറിടുമോഷ്ഠവും
മൂലയും രൂപമദവുമുലഞ്ഞൊന്നിച്ചു വീണുപോം       99

ചുക്കിച്ചുളിഞ്ഞിടും മേനി; മൂക്കിൽ മുത്തി കിടന്നിടും
ത്വക്കിന്റെ ഭംഗി മങ്ങീടും; വിക്കിക്കുര മുഴുത്തിടും       100

അന്തിക്കു വേഷം കെട്ടീടില്പന്തിക്കാടാം; വെളുക്കുകിൽ
എന്തിനക്കോപ്പു കൊള്ളിക്കാം? ചിന്തിക്കൂ ജീവനായികേ!       101

ചത്തുപോയ് മന്ത്രി, പോകട്ടെ; മുത്തുപൂണ്ടെന്നെ വേൾക്ക നീ
അത്തുഷാരാംശുവെക്കാന്തിമെത്തും രാകുകണക്കിനി       102

ചാരുസൗധത്തിൽ ഞാനൊത്തു ഹേ രുഗ്മാംഗി! രമിക്ക നീ
മേരുമേലിന്ദ്രനോടൊപ്പം പേരുറ്റ ശചിപോലവേ       103

ചരണം കൂപ്പുമീയെന്റെ മരണം നീ വരുത്തൊലാ
തരണം മാരതാപബ്ധി തരണം ചെയ്യുവാൻ തരം."       104

ഏവം ഭാരതി കേട്ടൊന്നു ഭാവം മാറി മനസ്വിനി
ആ വങ്കനൊടുടൻ ചൊന്നാൾ; "ദൈവം കേൾക്കുമിതൊക്കെയും.       105

ഭൈമിക്കരണ്യചരനും ഭൂമിജയ്ക്കു ദശാസ്യനും
ഭാമിനീമണികൃഷ്ണയ്ക്കു കാമി കീചകനും പുരാ       106

[ 66 ]


എന്തുചെയ്തെങ്ങുപോയ്ച്ചേർന്നു? വെന്തുപോം നീയുമാവിധം:
പിന്തുണയ്ക്കെപ്പൊഴും സാധുജന്തുവിന്നീശനില്ലയോ?(യുഗ്മകം)       107

തീയാഹാരം തനിക്കെന്നോർത്തീയാനെത്തുന്ന രീതിയിൽ
പായാതെ നിന്റെ പാട്ടിന്നു പോയാൽ നന്നോർത്തുകൊൾക നീ.        108

വടക്കുനോക്കിയന്ത്രത്തിൽ വടക്കേ സൂചി നോക്കിടൂ;
സ്ഫുടംസതികളമ്മട്ടു തുടരും കാന്തർതൻ പദം.        109

ഇരിക്കുകിലിരുന്നിടും; മരിക്കുകിൽ മരിച്ചിടും;
വരിക്കില്ലന്യനെ,പ്പിന്നിൽച്ചരിക്കും പ്രിയനൊത്തു ഞാൻ.        110

മതി നിൻ ധാർഷ്ട്യ"മെന്നോതി മതിയിൽ ക്രോധവായ്പൊടും
മതി നേർമുഖി തൽ പാർശ്വമതിശീഘ്രം വെടിഞ്ഞുതേ.        111

എഴുനേറ്റു നടന്നീടും മുഴുചന്ദ്രാസ്യയോടവൻ
പഴുതിൽ പിന്നെയും ചൊന്നാൻ കഴുകൻ ഹംസിയോടുപോൽ.        112

"ആരു ഞാനെന്നു നന്നായിബ്ഭീരുവാം നീ ധരിച്ചുവോ?
പോരും ഗർവു; വെറും ശുഷ്കദാരു തീയോടെതിർക്കുമോ?        113

ഇന്നു നീയെന്നെ വേൾക്കേണ്ട; ചെന്നു കാര്യങ്ങളൊക്കെയും
ഒന്നു കൂടി വിചാരിക്ക; തന്നു തോണ്ണൂറഹസ്സു ഞാൻ.        114

മൂന്നു മാസം കഴിഞ്ഞീടിലന്നു ഞാൻ പിന്നെയും വരും;
അന്നുമീവണ്ണമോതീടിൽര‌‌ഇന്നു ചൊല്ലേണ്ടതിൻ ഫലം.        115

രണ്ടാം കാർക്കോടകൻപോലെ കണ്ടായോ കൈയിൽ വാളു നീ?
കണ്ടാലുമറിയാതുള്ളോർ കൊണ്ടാൽത്താനറിയും ദൃഢം.        116

സൂക്ഷിച്ചുറയ്ക്ക നീ നിന്നെ രക്ഷിപ്പാനെന്നപോലവെ
ശിക്ഷിപ്പാനുമെനിക്കുണ്ടു ഭക്ഷിപ്പാനും ദൃഢം തിറം.        117

എന്നെ നീ നിർണ്ണയം മാരൻതന്നെക്കൊണ്ടു വധിച്ചിടും;
പിന്നെപ്പാതകമെന്തുള്ളു നിന്നെയും വധിക്കുകിൽ?        118

ഒന്നുകിൽ തങ്കമേ! നിന്നെക്കൊന്നു കൂടി മരിച്ചിടും;
നിന്നുടൽക്കാമ്പു പുൽകീടുമന്നുതൊ,ട്ടല്ലയെങ്കിൽ ഞാൻ.        119

ഓണമോ പുലയോ കൂട്ടർ വേണമെന്നു കൊതിക്കുവോർ?
കാണട്ടെ; നിന്നെ ഞാൻ വിട്ടാലാണല്ലന്നു നപുംസകം."        120

ഇവണ്ണമോതിബ്ബത! തണ്ടിൽ വീണ്ടു-
മവൻ നൃപാലാത്മജയെക്കരേറ്റി
അവർണ്യമോദത്തൊടു വാണു; പത്മ-
ഭവൻ നൃശംസൻ; കഴിവെന്തു പിന്നെ?        121

സ്വരത്തിനെക്കൂട്ടിനകത്തു വാണിടു-
ന്നൊരക്കിളിപ്പെണ്മണിപോലെയാസ്സതി
സ്ഫുരച്ഛരിദ്യുതിയെക്കുരിച്ചു നിർ-
ഭരം തപിച്ചാൾ; ഫലമെന്തു മഴ്കുകിൽ?        122

[ 67 ]


കാളഭോഗിയുടെ ഭീതിതമാം തീൻ-
വേള കാക്കുമൊരു വെള്ളെലിപോലെ,
ചേലകന്നു നിജ സൗധതലത്തിൽ
സ്ത്രീലലാമമണി മാലൊടു വാണാൾ .        123

ഊഴി കാക്കുമൊരു റാണിയൊടും തൻ
തോഴിമാരൊടുമുരച്ചു സമസ്തം
നാഴികയ്ക്കൊരു വിപത്തിനു ലാക്കാ-
യാഴിപോലെയവളശ്രു പൊഴിച്ചാൾ.        124

തന്നാലവൾക്കഭയമേകുവതിന്നു തെല്ലു-
മന്നായിടാതെ ബത രാജ്ഞിയുമത്തലാർന്നാൾ;
ചെന്നായടുത്ത കരയും പശുവെത്തുണയ്പാൻ
സന്നാഹശക്തി കുറയുന്നൊരു ഗോപിപോലെ.        125

ആറാം സർഗ്ഗം സമാപ്തം


"https://ml.wikisource.org/w/index.php?title=ഉമാകേരളം/ആറാം_സർഗ്ഗം&oldid=71382" എന്ന താളിൽനിന്ന് ശേഖരിച്ചത്