Jump to content

ഉമാകേരളം/അഞ്ചാം സർഗ്ഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
അഞ്ചാം സർഗ്ഗം
[ 47 ]
അഞ്ചാം സർഗ്ഗം

പക്ഷമൊന്നു പരമെട്ടുവീടർതൻ
നൽക്ഷമാഗുണമൊടൊത്തതീതമായ്;
തൽക്ഷപാതിമിരമെന്നപോൽ ധരാ-
രക്ഷകന്നു കുറവായി ഭാഗ്യവും.       1

പുള്ളിനോണവു, മതീവ മോഷക-
പ്പുള്ളികൾക്കിളവു, മേകി, മന്നിടം
വെള്ളിപൂശുമൊരു പൂർണ്ണിമാനിശ-
പ്പുള്ളിമാൻമിഴി യശശ്ശരീരയായ്.       2

ഭൂമിഭ്യദ്ദുഹിത്യവക്ത്രദർശന-
ഹ്രീമികയ്ക്കുമകമാർന്ന മൂലമോ
ആ മിടുക്കു കലരുന്ന പൂർണ്ണിമാ-
യാമിനീപതി മറഞ്ഞിതാഴിയിൽ?.       3

ചത്ത കാന്തയുടെ കർമ്മമാവിധി-
ക്കൊത്തമട്ടു സകലം നടത്തുവാൻ

[ 48 ]

ചിത്തകൌതുകമൊടാ തദംഗമാ-
യുത്തമൻ ശശി ജലത്തിൽ മുങ്ങിനാൻ?.       4

ഭുഗതം തിമിരമാകെ മാറവേ
നാഗലോകനിബിഡാന്ധകാരവും
വേഗമോടു കളവാൻ നിനച്ചൂതാൻ
സാഗരം വഴി ഹിമാംശു പോയിതോ?       5

മാനമറ്റളവു ജീവനോടു മേൽ-
ത്താനമർന്നിടരുതെന്നു തോന്നിയോ
ദീനനാം ശശി കുടിച്ചു ചാകുവാൻ
നൂനമാഴിയിലെടുത്തു ചാടിനാൻ?       6

‘ഏവനും നിയതമന്ത്യകാലമു-
ണ്ടാവതില്ലതിനെ നീക്കിനിർത്തുവാൻ.
ഏവമോതി മൃതിയാൽ സുധാരസം
കൈവശത്തിലെഴുമോഷധീശ്വരൻ.       7

മായമറ്റു മൃദുവാം കരം മഹ-
ത്തായ സൽപഥമണഞ്ഞു തൂകവേ
ഈയനർഘഗുണരാജനെന്തിനായ്-
പ്പായസാന്തമരുളുന്നു ദുർവിധി?.       8

‘തൃക്തയായിരവിൽ ഞാൻ പരാംഗനാ-
സക്തനായ രവിയാം മദീശനാൽ.’
വ്യക്തമിങ്ങനെ നിനയ്ക്കമൂലമോ
രക്തമായ് വിലസി പൂർവദിങ്മുഖം?.       9

‘നായകൻ നിരപരാധി തയ്യൽമു-
ത്തായ നിന്നരികിലെത്തുമിക്ഷണം’
ഈയവസ്ഥ പൂരുഹുതദിക്കൊടായ്
മായമറ്റു രവിസൂതനോതിയോ?.       10

മാലകന്നു വിജിഗീഷുവാമിഷ:-
കാലഭൂപനുടെ കൈനിലപ്പടി
ചേലമർന്നിടുമൊരമ്പലങ്ങിളിൽ
ചാലവേ വിലസി ശംഖനിസ്വനം.       11

താരകാധിപകലാപവൈരിയാം
മാരദക്ഷനുടെ മഞ്ജുളാദ്ധ്വരം
വീരഭദ്രനു സമം മുടക്കുവാൻ
ഘോരനാദമൊടണഞ്ഞു കുക്കുടം.       12

കോകമൊന്നൊഴികെയന്യവർഗ്ഗമായ്
ലോകമാർന്ന മിഥുനവ്രജത്തിനെ
കാകനുള്ള കടുവാം രവം ശ്രവ-
ശ്ശോകസാഗരനിമഗ്നമാക്കിപോൽ.       13

[ 49 ]


നാരിമാരുടെ ചുകപ്പുകൂടിടും
ചോരിവായു,മൊളിപൂണ്ടേ മേനിയും
പോരിളംകുളിർമുലത്തടങ്ങളും
പാരിൽ വിശ്രമമിയന്നു പിന്നെയും.       14
 
വാടിവീണ മലർമാലയും ഗുണം
തേടിടും കളഭപൂരവും പരം
കൂടി രാത്രിയിലെഴും യുവാക്കൾതൻ-
കൂടിയാട്ടമുരചെയ്തു മെത്തകൾ.       15
 
ശേഷമൊക്കെയിനി നാളെ രാവിലെ-
ന്നോഷധീശമുഖിമാരുരയക്കവെ
മോഷകപ്രിയരതീവവന്ധ്യമാം
രോഷമാർന്നു ഹരിദശ്വസൂതനിൽ.       16
 
ജാലകം വഴി കടന്നകത്തെഴും
ലീല കാണുമരുണാംശുപങ്‌ക്തിയാൽ
സ്ഥൂലലജ്ജയൊടു, ഭീകരെ ക്ഷണം
നീലവേണികൾ വെടിഞ്ഞു നീങ്ങിനാർ.       17
 
ദ്യോവിൽ വായ്ക്കുമുഡുരാജിയും, തഥാ
ഭൂവിൽ മിന്നുമൊരു ദീപപാളിയും,
ശ്രീവിവസ്വദവലോകനം മടി-
ച്ചാ വിഭാതമതിലന്തരിച്ചുവോ?.       18
 
താരഹാര, മിരുളാം കചം, വിധു-
സ്മേരവക്രത,മിവപൂണ്ട രാത്രിയെ
പാരമംബരമൊഴിഞ്ഞു കാണവേ
കൈരവങ്ങൾ മിഴിപൊത്തി ലജ്ജയാൽ.       19
 
ഉത്തമാളികളുമീശനും വെടി-
ഞ്ഞത്തലേറിന കുമുദ്വതീമുഖം
ചിത്തമോദമൊടു കണ്ടു പത്മിനി-
ക്കൊത്ത ഹാസമബലാജനോചിതം.       20
 
ചന്ദനം മലരിവറ്റയാൽ മണ-
ക്കുന്ന മെയ്യൊടുദബിന്ദുയുക്തനായ്
മന്ദവായു നടകൊണ്ടു, കാമുകൻ
സ്വിന്നനായ് പ്രിയയെ വിട്ടുപോംവിധം.       21
 
താന്തരായി മരുവും യുവാക്കളിൽ-
ത്താൻതനിച്ചുടൽ തലോടി നിത്യവും
സ്വാന്തമോദമരുളാനുഷസ്സിലെ-
ശ്ശാന്തവായു പടുവാം ഭ്വിഷഗ്വരൻ.       22
 
സ്ഥൂണയെന്നപടി മന്നിൽ നിദ്രയാൽ
വീണ പാരിനെ മുറയ്ക്കുണർത്തുവാൻ

[ 50 ]

ആണഹർമ്മുഖമതുച്ശ്രമം; ജഗൽ—
പ്രാണനാരവനമൊത്തതല്ലയോ?       23

ചിന്തവിട്ടു നരർ കണ്ണടച്ചുപോയ്
വൻ തമസ്സിൽ നിതരാം മയങ്ങവേ
സ്വാന്തബോധമരുളാൻ ദ്വിജവ്രജം
ഹന്തഃ ഗീതമതിയായ്പ്പൊഴിച്ചുതേ.       24

കൂടുവിട്ടു പുലർവേളറാണിയിൽ—
ക്കുടുമുത്തമഗുണങ്ങൾ ഭംഗിയായ്
പാടുമോമനകളാം സുകങ്ങൾത—
ന്നോടുചേർന്നു വിലസീ നഭസ്ഥലം.       25

ചെന്നു പാദപതനത്തിനാൽ തനി—
ക്കെന്നുമുള്ള കൊതി പൂർവദിക്കൊടായ്
അന്നുരാഗമെഴുമർക്കനോതവേ
വന്നു നൽത്തെളിവവൾക്കു തൽക്ഷണം.       26

രാവിലെത്തിയൊളിവിൽ സ്വകാന്തയാം
ദ്യോവിനെത്തഴുകി വാണ ചന്ദ്രനിൽ
ആ വികർത്തനമർഷമേറിയോ
കാവിപോലെ പരിരക്തരായ് മുഖം?       27

'ഹൃത്തടത്തിലവിടേയ്ക്കു കോപമ—
ച്ചത്ത ശത്രുവൊടയുക്തമല്ലയോ?'
ഇത്തരത്തിലരുണന്റെ വാക്കു കേ—
ട്ടുത്തമൻ രവി വിളങ്ങി ശാന്തനായ്.       28

ആയിരം കരമെഴുന്ന മിത്രനാ—
ലായിരം ദലമൊടൊത്ത പങ്കജം
ശ്രീയിയന്നു വികസിച്ചു; തുല്യരൊ—
ന്നായിണങ്ങുവതു കാണുവാൻ രസം.       29

ഗോമയം ഭുവനമാകെയാകവേ
കാരമാ നില ഗൃഹോദരത്തിനും
രാമമാരരുളി;യുച്ഛ്രയം പെടും
കേമർ പോവതിതരർക്കു പദ്ധതി.       30

ശാതമന്യവദിഗംസ, മംശുമ—
ഛ്ഹാതകുംഭമണികുംഭമേന്തവേ
കാത്രരേക്ഷണാകൾ മന്നിലും ഘടം
ജാതകൗതുകമെടുത്തു യാത്രയായ്.       31

നേരമൊട്ടുകളയാതെ പൊയ്കതൻ
തീരമെത്തിയവഗാഹപൂർവമായ്
ആരണാഗ്ര്യരിനതെ സ്തുതിപ്പതാ—
മാരവം നിഖിലഭീതിതാരകം.       32

[ 51 ]


നിദ്രയാകുമൊരു ഘോരയക്ഷിതൻ
വിദ്രവത്തിനു നൃപാന്തികേ തദാ
സദ്രസം കലരുമാറു ചൊല്ലിനാർ
ഭദ്രമന്ത്രതതി വന്ദിമാന്ത്രികർ.        33

വ്യോമചാരികൾ, ഭവദ്യശസ്സുതൻ
സീമവിട്ടൊരു വെളുപ്പു വന്നിടാൻ,
സോമനെച്ചരമവാരിരാശിയിൽ-
ക്കാമമിപ്പൊഴുതലക്കിടുന്നുതേ.        34

തട്ടി തൽപ്രഥഭവാനശേഷമുൾ-
ക്കട്ടികൊണ്ടു ദൃഢമെന്നു കാൺകയാൽ
രുട്ടിണങ്ങി നവരക്തപങ്കജ-
ത്വിട്ടിയന്നി, തുദയാചലാനനം.        35

വെല്ലുമെന്നെയരചൻ സ്വകാന്തിയാ-
ലല്ലുനീങ്ങിയെഴുന്നേൽക്കിലെന്നു താൻ
കില്ലുവിട്ടു നിരുപിച്ചു മന്മഥൻ
വില്ലുവെച്ചുലകിൽനിന്നു വാങ്ങിനാൻ.        36

ഹേ രസാധിപ! ഭവാനു ദിവ്യകൽ
ഹാരഗന്ധമുപഹാരമാക്കുവാൻ
ദ്വാരസീമ്നി തരമായിടാതെയീ-
നേരമുണ്ടു മരുവുന്നു മാരുതൻ.        37

താവകാക്ഷികുതുകത്തെ നൽകുവാ-
നാവതും ഗഗനവാരിരാശിയിൽ
ദേവദാശർ തരണിക്കളിക്കിതാ
ഭൂവലാന്തക! തുടർന്നിടുന്നുതേ.        38

ഹന്ത! ദിവ്യഹരിപാദസംശ്രയം
വൻതമസ്സകലുമാറു ചെയ്കയാൽ
സ്വന്തമീശനുടെ ഹൃത്തൊടൊപ്പമായ്
ചന്തമാർന്ന തവ ഭൂമിയിദ്ദിനം.        39

എത്രയോ വഴിയകന്നിരിക്കിലും
ചിത്രമാം തവ ഭുജപരാക്രമം
അത്ര പാർത്തു ഭയമാർന്ന നിൻകരം
മിത്രഭാവമൊടന്നണച്ചിടുന്നുതേ        40

സാരസച്ഛദവികാസമൂഴിയിൽ
പാരമെങ്ങുമരുളുന്ന ഭാനുമാൻ
സാരമാം തവദൃഗബ്ജപത്രവും
സ്മേരമാകിൽ നിതരാം കൃതാർത്ഥനാം.        41

സാവധാനമവർ ചൊല്ലിടുന്നതാ-
മാവചസ്സു വഴിപോൽ ശ്രവിക്കവേ

[ 52 ]

ദേവദേവ! കമലാക്ഷ! പാഹിമാ'—
മേവമോതിയെഴുന്നേറ്റു മന്നവൻ        42

മെത്തവിട്ടുഴറി വേഗമച്ഛഭാ—
സ്സൊത്ത നല്ലൊ,രു സരസ്സിൽ മഗ്നനായ്
ചിത്തഭക്തിയൊടു ദേവകാര്യവും
സത്തമൻ നൃപതി ചെയ്തു വേണ്ടപോൽ.        43

പിൻപനന്തശയനസ്ഥമാം രമാ—
ശമ്പ പുൽകുമജിതാംബുദത്തിനെ
കമ്പമറ്റു തൊഴുവാൻ വിശിഷ്ടമാ—
മമ്പലത്തിനകമെത്തി മന്നവൻ.        44

പാവനം ഭവഭയങ്കരാടവീ—
ദാവപാവകവിപാകമാസ്ഥലം
ദേവരാജനയനേർഷ്യ വായ്ക്കുരാ—
ബ്ഭുവലാന്തകനു നൽകി സമ്മദം.        45

ലോകലോചനരസായനായിതം,
ശ്രീകരം ശിവദഭീഷ്ടസാധകം,
ഏകമത്ഭുതമമേയവൈഭവം,
നാകനാഥവിധിശംഭുദുർലഭം.        46

ഭോഗവൽപ്രഥിതശയ്യമേല്പരം
യോഗനിദ്ര തുടരുന്ന തമ്പുരാൻ
ആഗമപ്പൊരുൾ വിളങ്ങുമമ്പലം
രാഗരോഗമഹനീയഭേഷജം. (യുഗ്മകം)        47

താൻ തനിക്കു മതിയെന്ന ഭാവവും
കാന്ത കാശിവയിലുള്ള കാമവും,
ഭ്രാ,ന്തബദ്ധ,മരുതെന്നറിഞ്ഞിടും
സ്വാന്തമേവനുമതോടടുക്കുകിൽ.        48

ദേഹതുച്ഛതയറിഞ്ഞുകൊള്ളുവോർ,
മോഹമറ്റു ശരമുറ്റിരിക്കുവോർ,
സോഹരീശനിതി ബോധമാളുവോർ,
ശീഹരിപ്രഥിതഭക്തസത്തമർ.        49

വായനയ്ക്കു ചിലർ കോപ്പുകുട്ടിനാ—
രായപോലെ ഭജനത്തിനെത്തിനാർ;
ഗേയമായ തിരുനാമമോതിനാർ.
മായമറ്റു നമനം തുടങ്ങിനാർ. (യുഗ്മകം)        50

മേനിയും മനവുമൊപ്പമായ് വൃഥാ—
ഹാനി കൊൾവതിനു സൽപ്രദക്ഷിണം
താനിയറ്റുമനവദ്യഭാവ്യരാം
ജ്ഞാനികൾക്കുമളവില്ല തദ്ദിശി.        51

[ 53 ]


ആരണപ്രവരവേദഘോഷവും
സ്ഫാരവാദ്യചയഗീതഘോഷവും
പൗരർതൻ ഭജനഘോഷവും തദാ
പാരമൊത്തു വിലസീ ത്രിവേണിപോൽ.        52

ക്ഷേത്രതല്ലജമതിൽക്കടന്നു ചി-
ന്മാത്രരൂപമിയലും മുരാരിയെ
ഗോത്രതൻപതി കരങ്ങൾകൂപ്പി നൽ-
സ്തോത്രമോതി വഴിപോൽ വണങ്ങിനാൻ.        53

'കാമനീയകനിവാസഗേഹമേ!
പൂമകൾക്കുടയ പൂർവ്വപുണ്യമേ!
കോമളാഗമസുമപ്രകാണ്ഡമേ!
കാമമേകുക; കഴൽക്കു കൂപ്പിനേൻ.        54

നെയ്യുറുമ്പുമുതലാത്മഭൂവരെ
പയ്യു, പക്ഷി, പുഴു, മീൻ, നരൻ, സുരൻ
കൈയുമില്ലൊരു കണക്കുമെന്തു ഞാൻ
ചെയ്യു,മിജ്ജനികളെത്ര പോക്കിയോ?        55

മുറ്റുമിങ്ങനെ ഭവാംബുരാശിയിൽ
ച്ചുറ്റുമന്ധനിവനല്പമെങ്കിലും
തെറ്റുവിട്ടു കടവൊന്നടുക്കുവാൻ
പറ്റുമെങ്കിൽ മതി; ചാരിതാർത്ഥ്യമായ്.        56

തുട്ടു, പെൺ, പുകളിവക്കുവേണ്ടി ഞാൻ
പെട്ടുപാടു പല,തിത്തരങ്ങളിൽ
ഒട്ടുമില്ല കൊതി; മേലുമെന്നെ നീ-
യിട്ടുവട്ടമിതുപോൽതിരിക്കൊലാ.        57

ദേവകീതനയ! ദേവദേവ! നിൻ
സേവകൊണ്ടു ദിവസങ്ങൾ പോക്കുവാൻ
ആവതും വഴിതരാതിരിക്കുകിൽ
പാവമെൻ കഥപരുങ്ങലാകുമേ.        58

കല്ലുവെച്ച മുടിയും പ്രഭുത്വവും
പുല്ലുപോലെ കരുതുന്നൊരെന്മനം
അല്ലുമീശ! പകലും ഭവൽപദം
തെല്ലുണർന്നു നിരുപിച്ചിടേണമേ!        59

കാലമേഘകമനീയകായ! നൽ
ക്കാലമൊട്ടു വളരെത്തുലച്ച ഞാൻ
കാലനെത്തുമളവിൽബ്ഭവാന്റെ തൃ-
ക്കാലണഞ്ഞു പിടികൂടിടേണമേ!        60

കൗസ്തഭം, കമല, ഭൂമി, പന്നഗം
നിസ്തുലായുധഗണം, മഹാഖഗം,

[ 54 ]

അസ്തു സർവ,മിവനൊട്ടുമിത്തരം
വസ്തു വേണ്ടൊടുവിൽ മുക്തി പോരുമേ.        61

നിൻകഴൽപ്പൊടി ശിരസ്സിലേൽക്കുവാ-
നെങ്കലുണ്ടു കഴിവെന്നിരിക്കുകിൽ
സങ്കടങ്ങൾ സകലം ശമിപ്പതിൽ-
ശ്ശങ്കയെന്തു‌! സരസീരുഹേക്ഷണ!        62

ദാനവേന്തക! ദയാപയോനിധേ!
ദീനബേന്ധവ! വിഭോ! രമാപതേ!
ഞാനസാരനസഹായനെന്നെ നീ-
യൂനമറ്റു കരയേറ്റിടേണമേ.        63

ഏവമോതി വിധിപോൽ മുരാരിയെ-
സ്സേവചെയ്തു പരിതൃപ്തചിത്തനായ്
ശ്രീവളർന്ന നിജഗേഹമെത്തിയ-
ബ്ഭൂവലാരിയമൃതേത്തു ചെയ്തുതേ.        64

അന്നമുണ്ടു, കുളമോ? കബന്ധമു-
ണ്ടുന്നക്ഷിതിപയുദ്ധഭൂമിയോ?
എന്നതല്ല പലഹാരമുണ്ടു, നൽ-
സന്നതാംഗിയുടെ ചാരുകണ്ഠമോ?        65

വൃത്തമുണ്ടമലപദ്യമോ? ഫലം
മൊത്തമുണ്ടു, ശുഭമായ കർമ്മമോ?
ഒത്തവണ്ണമിയലുന്ന രംഭതൻ
പത്രമുണ്ടു, സുരനാഥഹസ്തമോ?        66

കൂറുചേർന്നുദധിയുണ്ടു, ലക്ഷ്മിയോ?
ചാരുവത്സനിയലുന്നു, ധാത്രിയോ?
ഏറുമാറു രസമോടു നല്ല സാം-
ബേറുമുണ്ടരിയ കാശിദേശമോ?        67

ഒന്നുപോൽ പ്രഥമനേറെയുണ്ടു; വാ-
യ്ക്കുന്നു കാളനു സുധാംശുവിൻ നിറം;
നന്നു നാരകഫലത്തിലും രുചി-
ക്കുന്നു മാനസ,മിതെന്തൊരത്ഭുതം?        68

നല്ലനല്ല വിഭവങ്ങളൊത്തുചേർ-
ന്നുല്ലസിക്കുമൊരു സദ്യയിത്തരം
മല്ലവൈരിപദഭക്തനാം മഹീ-
വല്ലഭനു വഴിപോലെ ലബ്ധമായ്.        69

കൈകടന്ന രസമോടു വൃത്തിയും
പാകവും ഗുണവുമൊത്തഭക്ഷണം
ആകവേ നൃവരനേകി വയ്പുകാർ
ശ്രീകവിപ്രവരർ കാവ്യമെന്നപോൽ.        70

[ 55 ]


സാരശോഭനമിവണ്ണമുള്ളൊരാ-
ഹാര്യവര്യമുരരീകരിക്കവേ
ആ രസാധിപതി മുത്തു വേണ്ടപോൽ-
പ്പാരമാർന്നതിൽ വിചിത്രമെന്തുവാൻ?        71

ശ്രീയമർന്ന ഭഗന്നിവേദ്യമാം
പായസത്തിലുമൊരല്പമദ്ദിനം
മായമറ്റു പതിവിൻപടിക്കു ഭൂ-
നയകാഗ്ര്യനു വിളമ്പി പാചകർ.        72

കഞ്ജനാഭനുടെ നൽപ്രസാദമെ-
ന്നഞ്ജസാ ഹൃദി മുഴുത്ത ഭക്തിയാൽ
അഞ്ജനാഭ കലരുന്ന പായസം
വൻജനാധിപതി ഭക്ഷ്യമാക്കിനൻ.        73

"നീരിൽമുക്കിയൊരു കൊള്ളിപോലെയും,
മാരിപെയ്യുമൊരു കൊണ്ടൽപോലെയും,
നാരിമരുടയ കൂന്തൽപോലെയും,
ശൗരിതൻ വരനിവേദ്യമായിതോ?        74

ഇക്കറുപ്പരവണയ്ക്കു വന്നിടാൻ
തക്കകാരണമറിഞ്ഞു ചൊല്ലുവിൻ;
ശർക്കരയ്ക്കു വളരെപ്പഴക്കമായ്;
തർക്കമില്ല, രുചിയും കുറഞ്ഞുപോയ്.        75

വേപ്പു, കൊയ്ന, കിരിയാത്തു, കാഞ്ഞിരം,
കയ്പുകൊണ്ടിവയെ വെന്ന പായസം
ചിൽപുമാനുടെ നിവേദ്യമല്ലയോ?
തുപ്പുവാനരു,തിറക്കുവാൻ പണി.        76

ശാന്തി ദേവനു കഴിക്കുവോർക്കു ശു-
ഷ്കാന്തിയില്ല ലവലേശമെങ്കിലും;
ക്ഷാന്തികൊണ്ടു ഫലമില്ല; ദുഷ്ടരായ്
ശാന്തിയേന്തുമവനീസുരാഗ്ര്യരും.        77

നാവു തൊണ്ണയിവ തീപിടിച്ചപോൽ
വേവുപൂണ്ടു വരളുന്നു ദൈവമേ!
ആവൂ! പായസവിനിന്ദയപ്രിയം
ഭാവുകാബ്ധി ഭഗവാന്നു ചെയ്തുവോ?        78

പോരു,മില്ല സുഖമെന്നുരച്ചുഴ-
ന്നോരു ഭൂപനെഴുനേറ്റു സത്വരം
ചാരുവായ മണിമെത്തയേറിനാൻ;
ദാരുണം ഹഹഹ! ദുർവിധിക്രമം.        79

നാക്കു ചൊന്നപടി കേട്ടിടാതെയാ
ശ്രീക്കു വാസഗൃഹമാം നൃപാലകൻ

[ 56 ]

ചാക്കു ശീഘ്രമരുളുന്ന കാഞ്ഞിര-
ക്കായ്ക്കു വാച്ച വിഷമുണ്ടു കഷ്ടമേ!        80

നല്ലപാടുമൊരു നാഴികയ്ക്കകം
നല്ല ഭൂപതി കഴിച്ചു മെത്തമേൽ
ഇല്ല തെല്ലു സുഖമെന്നുമാത്രമ-
ല്ലുല്ലസിച്ചു ഗദവും പ്രതിക്ഷണം        81

കാസപീഡിതനു തുല്യമാ മഹീ-
വാസവന്നഹഹ! തെല്ലിടയ്ക്കകം
ശ്വാസരോധമുളവായനല്പമാം
ത്രാസവും വ്യഥയുമേകി മേൽക്കുമേൽ.        82

സന്നിപാതരുജയിങ്കലെന്നപോ-
ലന്നിളാധിപതി ഗോഷ്ടി കാട്ടിനാൻ
മന്നിലാർക്കുമൊരുമാത്രയെങ്കിലും
വന്നിടും വിധി വഴിക്കു തങ്ങുമോ?        83

കായമാകെ വിറപൂണ്ട മൃത്യുവിൽ
ഭീയനല്പമുളവായപോലവേ;
തോയപാനമതിലാശയെത്തി; നൽ-
ഛായ മങ്ങി വദനത്തിനേറ്റവും.        84

നീണ്ടു കാലുകൾ; മലർന്നുമേനി; മാ-
ലാണ്ടു ചാഞ്ഞു തല പിൻവശം തുലോം;
രണ്ടു നേത്രവുമുരുണ്ടുകൂടി; ഭീ-
പൂണ്ടു കാണികൾ വിറച്ചു നിർഭരം.        85

സാരസേക്ഷണനിവേദ്യസംയുതം
ഘോരമാം വിഷമശിച്ച ഭൂപനിൽ
പരമന്നു സുഖമേകി നോക്കിടും
വീരരൊക്കെയഭിമാനഹീനരായ്.        86

ചൂർണ്ണഭസ്മഗുളികാദിയാൽ ഗുണം
നിർണ്ണയം നൃവരനെത്തിടാതെയായ്;
അർണ്ണവം കര കവിഞ്ഞു കേറുകിൽ-
ത്തൂർണ്ണമായതൊരു സേതു നിർത്തുമോ?        87

ഒട്ടനേകമഗദാസ്ത്രസഞ്ചയം
വിട്ട വൈദ്യരെ രുചാ നിശാചരി
പൊട്ടരെന്നപഹസിച്ചു മാറുവാൻ
വട്ടമേതുമിയലാതെ നിന്നുതേ.        88

ആ മരുന്നുകളശേഷവും സമിൽ-
സ്തോമമാശുഗസഖൻകണക്കിനേ
കാമമുണ്ടു ഭയലേശമെന്നിയേ
ഭീമമാം ഗദമതിപ്രവൃദ്ധമായ്.        89

[ 57 ]


രണ്ടുമൂന്നു ഘടികയ്ക്കകം ദൃഢം
കണ്ടു ഭൂമിപതി മൃത്യുലക്ഷണം;
മിണ്ടുവാൻ പണി പെരുക്കിലും കരം-
കൊണ്ടു പുത്രിയെ വിളിച്ചു മെല്ലവേ.        90

രാജതക്കുമിളപോലെ കണ്ണിലാ
രാജവര്യനിരുബാഷ്പശീകരം
ഹാ! ജനി,ച്ചൊരു ഞൊടിക്കു നിന്നു, നിർ-
വ്യാജമാമനുശയത്തിനങ്കമായ്.        91

പാവമൊന്നുമരുതാതെ ശുദ്ധമേ
പാവപോലരികിൽ നിന്ന പുത്രിയേ
ഭൂവലാരി തഴുകിക്കരഞ്ഞുകൊ-
ണ്ടേവമൊട്ടരുളി ഗദ്ഗദാക്ഷരം:        92

"മൂലമെന്നിയേ മുഴുത്ത പിച്ചിനാൽ
മാലണച്ചു മകളേ! നിനക്കു ഞാൻ;
കാലരൂപി കമലാക്ഷനീശ്വരൻ
മേലതാറ്റുമതിനില്ല സംശയം.        93

ഓമനേ! പിഴ പൊറുക്കുവാൻ കനി-
ഞ്ഞാ മഹാനൊടുമപേക്ഷചെയ്യണേ‌"
കാമമേവമുരചെയ്തു ശാർങ്ഗിതൻ
നാമമോതി നരപാലസത്തമൻ.        94

"സാരസാക്ഷ! സനകാദിവന്ദ്യ! സം-
സാരസാഗരമഹതരേ! ഹരേ!
നീരദാഭ! നിഖിലേശ നൽകണേ
നീ രമാരമണ! നിത്യമുക്തി മേ."        95

ഏവമാദി തിരുനാമമോതുമ-
ബ്ഭൂവലാരി, ഗരളത്തിലക്ഷണം
ദാവപാവകനു ദാരുപോൽ, ക്കഥം
ഹാ! വചിപ്പ,തിരയായ്ഭവിച്ചുതേ.        96

കഞ്ജനാഭപദഭക്തനാകുമാ
വൻ ജനേശനുടെ ദേഹി മൂർത്തിയേ
പഞ്ജരത്തെയൊരു തത്തപോൽ വെടി-
ഞ്ഞഞ്ജസാ മുകളിലേക്കു പോയിതേ.        97

വ്യാജമറ്റു ബത! ദർശരാത്രിയിൽ-
ത്തേജസാ രഹിതമഭ്രമെന്നപോൽ
രാജഹംസവിലയത്തിനാൽത്തദാ
ഹാ! ജഗത്തിരുളിനാൽപ്പരീതമായ്.        98

ആവിലത്വമതിമാത്രമാർന്നതാ-
മാ വിഷാഗ്നിശിഖയിൽദ്ദഹിക്കുവാൻ

[ 58 ]

ഹാ! വിരോധമൊടു ദേഹി മേനി വി-
ട്ടാവിരാമയമകന്നു പോയിതോ?       99

ഹന്ത! വിഷ്ണുപദയോഗമെത്തുവാ-
നന്തരംഗമതിലാശ മുറ്റിയോ
അന്തരായമിയലാതെ ഭൂമിപൻ
തൻ തനുസ്ഥിതിയസുക്കൾ വിട്ടുപോയ്?       100

ആക്കുബുദ്ധി കലരുന്ന പോറ്റിമാർ
ചാക്കു നൽകി നൃവരന്നു നഞ്ഞിനാൽ
ലാക്കു വച്ചപടി പറ്റി,യാർക്കുമേ
നീക്കുവാനരുതു ദൈവകല്പിതം.       101

സോദരീദുഹിത്യഭാഗിനേയരാൽ
സാദരം നൃപതി ദുഷ്ടനെങ്കിലും
വേദവിത്തു ഹരിയെ സ്മരിക്കയാൽ
ഖേദമുറ്റുലകു വിട്ടു മൗനിയായ്       102

എട്ടു ഗേഹമെഴുവോരുമർദ്ധമോ-
ടെട്ടു യോഗമതിലുള്ള വിപ്രരും
പെട്ടു മൂത്തു ഹൃദി, മറ്റുപേർക്കകം
ചുട്ടു ഭൂപമൃതിവാർത്ത കേൾക്കവേ       103

എന്തുചെയ്‌വതിനിയെന്ന ചിന്തയാൽ
വെന്തുവെന്തുരുകുമുള്ളൊടേറ്റവും
ജന്തുവൃന്ദമിഴി തൂകി ബാഷ്പമാ-
വൻ തുഷാരഗിരി ഗംഗയെന്നപോൽ       104

കൈകൾ മാറു തലയെന്നിവറ്റില്വ-
ച്ചാകവേ തനുവിലശ്രു വാർത്തുടൻ
ഭീകരാർത്തനിനദം പുരന്ധ്രിമാർ
ശോകവിഹ്വലകളായ് മുഴക്കിനാർ       105

"ഹാ! രസാഭിധവധൂഗളോല്ലസ-
ദ്ധാര! സാരസദലാക്ഷസേവക!
ഹാ! രസാധിപഗഭീര! ദുഷ്ടസം-
ഹാര സാംബസര! സൽഗുണാംബുധേ!"       106

ആർത്തനാദമിതുപോൽ വളർത്തി നീർ-
വാർത്തനല്പമലസേക്ഷണങ്ങളാൽ
മൂർത്തമായ പരിതാപമെന്നപോൽ
പ്പാർത്ത നാരികളുരുക്കി പാറയും (യുഗ്മകം)       107

ക്രൂരനാം വിധി ചതിച്ചു കൊന്നൊര-
ദ്ധീരനാം നിജ സഹോദരന്നുടൻ
സാരസാക്ഷിയുമമ്മറാണി സം-
സ്കാരമാം ക്രിയ നടത്തി വിപ്രരാൽ       108

[ 59 ]

മന്നവന്റെ മരണം നിമിത്തമാ-
യന്നനല്പമുജപൂണ്ട മേദിനി
സന്നതാംഗിയുമയമ്മറാണിയിൽ
ചെന്നണഞ്ഞു ശിലപോലെ വല്ലിയിൽ.        109

വീരരാമരികളേറെ വാഴുമ-
പ്പാരടക്കി വഴിപോൽ ഭരിക്കുവാൻ
പാരമുണ്ടു പണിയെന്നു ഭാമിനീ-
ഹീരമാമവളറിഞ്ഞു മാഴ്കിനാൾ.        110

എങ്ങു സാധു ബലഹീനയായ താ-
നെങ്ങു വഞ്ചിധരയെങ്ങു വൈരികൾ
എങ്ങു തൻ ചെറുശിശുക്കളേവമോർ-
ത്തങ്ങു രാജ്ഞി ഭയശോകപാത്രമായ്.        111

കാണിപോലുമുയിരോടു വാഴുവാൻ
ത്രാണിവിട്ടെഴുമിളേശനന്ദിനി
വാണി തന്നുടെ ഗഭീരയായിടും
വാണി കേട്ടു ചെറുതാശ്വസിച്ചുതേ.        112

ബാലന്മാരുടെ ലാളനം ഹരിപദാംഭോജാർച്ചനം കുംഭിനീ-
പാലക്ലേശദവൃത്തി ശത്രുനിധനോദ്യോഗം; തുടങ്ങിപ്പരം
നാലഞ്ചാറു വിധത്തിൽ വന്നെതിരിടും കർത്തവ്യകർമ്മങ്ങളെ

അഞ്ചാം സർഗ്ഗം സമാപ്തം


"https://ml.wikisource.org/w/index.php?title=ഉമാകേരളം/അഞ്ചാം_സർഗ്ഗം&oldid=71380" എന്ന താളിൽനിന്ന് ശേഖരിച്ചത്