Jump to content

ആൾമാറാട്ടം/അദ്ധ്യായം രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആൾമാറാട്ടം
രചന:കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
അദ്ധ്യായം രണ്ട്
[ 8 ]
2
എഫെസൂസിൽ ഒരിടത്തുവെച്ചു സൈറാക്ക്യൂ
സിൽ നിന്നുവന്ന അന്റിപ്പൊലസ്സും
ഡ്രോമിയൊയും അവരുടെ സ്നേഹിതനായ ഒരു
വ്യാപാരിയും തമ്മിൽ ഉണ്ടായ സംഭാഷണം

വ്യാപാരി - അന്റിപ്പോലലസ്സേ സൈറാക്ക്യൂസിലെ ഒരു വ്യാപാരി ഇന്നു ഇവിടെ വരികയും ഈ പട്ടണത്തിലെ ചട്ടം അറിയാതെ താൻ ഇന്നിടത്തുകാരനെന്നുള്ള പരമാർത്ഥം പറഞ്ഞുപോകയും ചെയ്കയാൽ അയാളുടെ ജീവനെ വീണ്ടുകൊൾവാൻമാത്രം പണം കൈയ്ക്കൽ ഇല്ലാത്തതുകൊണ്ടു അസ്തമിക്കുന്നതിനുമുമ്പേ അയാളെ തൂക്കത്തക്കവണ്ണം നിശ്ചയിച്ചിരിക്കുന്നു. ആകയാൽ തന്റെ വസ്തുതകൾ സർക്കാരിൽനിന്നു ജപ്തിചെയ്യാതിരിക്കെണമെങ്കിൽ സൈറാക്ക്യൂസുകാരനെന്നു മിണ്ടിപ്പോകരുത്. എപ്പിഡാമ്‌നംകാരനെന്നുതന്നെ പറഞ്ഞുകൊള്ളുക. ഇതാ എന്റെ പക്കൽ തന്നിരുന്ന പണം.

സൈ. അന്റി - എടാ ഡ്രോമിയൊ ആ പണം വാങ്ങി സെന്റാർ എന്ന സത്രത്തിൽ കൊണ്ടുപോയി വച്ചുകൊണ്ടു ഞാൻ ഉച്ചെയ്ക്കുള്ള ഭക്ഷണത്തിനു വരുന്നതുവരെ അവിടെ ഇരിക്ക. ഞാൻ ഇവിടെ ഒക്കെ ഒന്നു ചുറ്റിനടന്നു ഇവിടുത്തെ വിശേഷങ്ങൾ ഒക്കയും കണ്ടുംവെച്ചു വരട്ടെ. നീ ചുറുക്കേപോ.

സൈ. ഡ്രോ - യജമാനനെ ഇത്ര നല്ലതരംവരുന്ന സമയം നിങ്ങളുടെ വാക്കിനൊപ്പിച്ചു പൊയ്ക്കളയുന്നവർ പലരും കാണും

(എന്നും പറഞ്ഞുംവെച്ചുപോയി) [ 9 ] സൈ. അന്റി - നല്ല വിശ്വാസിയായുളേളാരു ചെർക്കനാണു ഇവൻ കേട്ടോ ചെങ്ങാതീ, ഞാൻ വിഷാദിച്ചിരിക്കുമ്പോൾ ഒക്കയും അവൻ ഫലിതങ്ങൾ പറഞ്ഞു എന്നെ സന്തൊഷിപ്പിക്ക പതിവാണു. എന്നാൽ എന്താ കൂടെ വരികയില്ലയോ?

വ്യാപാരി - ഇല്ല ചെങ്ങാതീ. എന്നെ ഇന്ന് ഒരു കച്ചവടക്കാരൻ ക്ഷണിച്ചിരിക്കുന്നു. അവിടെ പോയിട്ടു മറ്റും ചില കാര്യസാദ്ധ്യങ്ങൾ വരുത്തിക്കൊൾവാനുണ്ടു. മുഷിച്ചിൽ തോന്നരുതേ. വേണമെങ്കിൽ ഞാൻ ഏകദേശം അഞ്ചുമണിയാകുമ്പോൾ ചന്തയിൽ വന്നു നിങ്ങളെ കാണുകയും ഒട്ടു രാച്ചെല്ലുന്നതുവരെ വർത്തമാനം പറ ഞ്ഞുകൊണ്ടിരിക്കയും ചെയ്യാം.

സൈ. അന്റി - എന്നാൽ അങ്ങനെ ആകട്ടെ സലാം. ഞാൻ ഇവിടെയൊക്കെ ഒന്നു ചുറ്റിനടന്നു കാണട്ടെ.

വ്യാപാരി - നിങ്ങളുടെ ഇച്ഛപോലെ ആകട്ടെ

(എന്നു പറഞ്ഞുംവെച്ചു നടന്നു)

സൈ. അന്റി - എന്റെ ഇച്ഛപോലെ ആകട്ടെ എന്നു പറയുന്നവൻ ഭവിക്കാത്തകാര്യം പറകയല്ലോ ആകുന്നു. എന്റെ ആഗ്രഹം സാധിച്ചെങ്കിലോ വെണ്ടതില്ലാഞ്ഞെല്ലൊ. ഞാൻ കടലിൽവീണ ഒരുതുള്ളി വെള്ളത്തെ അനേഷിച്ചു ഇറങ്ങിയ വേറൊരു തുള്ളിപോലെയാകുന്നു. ആയ്തും കടലിൽ ചെന്നു വീണാൽ അതിലെ വെള്ളത്തോടുകൂടെ സമ്മിശ്രപ്പെടുന്നതല്ലാതെ ആഗ്രഹപ്രകാരം സാധിക്കുന്നതിന്നിട വരികയില്ല. അപ്രകാരംതന്നെ ഞാൻ അമ്മയേയും സഹോദരനേയും തിരക്കിയിറങ്ങി വല്ല ആപത്തിലും ചെന്നു ചാടുന്നതല്ലാതെ ഒരു ഗുണം സിദ്ധിക്കുമെന്നു തോന്നുന്നില്ല.

(എന്നിങ്ങനെ തന്നത്താൻ പറഞ്ഞുകൊണ്ടു നില്ക്കുമ്പോൾ എപ്പേസൂസിലെ ഡ്രോമിയോ വരുന്നതു കണ്ടു.)

“ഇതാവരുന്നു എന്നെപ്പോലെ തന്നെയുള്ള ഒരു ഭാഗ്യദോഷി" എന്തെടാ നീ ഇത്ര വേഗത്തിൽ ഇങ്ങോട്ടു തിരിച്ചോടിയതു.

എ.ഡ്രോ - വേഗത്തിലെന്നാ തോന്നിയത്? അല്ല താമസിച്ചു പോയെന്നാണെ എന്റെ വിചാരം. മണി പന്ത്രണ്ട് അടിച്ചുകഴിഞ്ഞു. കൊച്ചമ്മ അതു എന്റെ ചെകിട്ടത്തു ഒന്നു എന്നാക്കി. അവർക്കു അത്ര ചൂടുകൊണ്ടിരിക്കുന്നതു തീൻ തണുത്തപോകകൊണ്ടു തീൻ തണു [ 10 ] തുപോയതു നിങ്ങൾ വരായ്കകൊണ്ടു, നിങ്ങൾ വരാത്തതു വിശപ്പില്ലാഞ്ഞിട്ടു. വിശപ്പില്ലാത്തതു എവിടെയോ ഏതാണ്ടു കിട്ടിയിട്ടു. എന്നാൽ നിങ്ങളുടെ ഈ കുറ്റത്തിനു കൊച്ചമ്മയും മറ്റും ഉപവസിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.

സൈ. അന്റി - മതിയെടാ നിന്റെ ഫലിതം. ഞാൻ തന്ന പണം നീ എവിടെവച്ചു?

എ.ഡ്രോ - ഏതു? ഇന്നാളത്തെ അരെക്കാൽ രൂപായല്ലയോ? അതു കൊച്ചമ്മയുടെ തോൽസഞ്ചി നന്നാക്കിയ വകെക്കു ചക്കിലിക്കു കൊടുക്കേണമെന്നു പറഞ്ഞു. ഞാൻ അങ്ങിനെതന്നെ കൊടുക്കയും ചെയ്തുവല്ലോ.

സൈ. അന്റി - എടാ നിന്റെ കളിവാക്കുകൾ കേൾക്കുന്നതിൽ ഇനിക്കു ഇപ്പോൾ അത്ര ഇമ്പമില്ല. പണം എവിടെയോ വെച്ചിരിക്കുന്നതെന്നു വേഗം പറക. നമുക്കു ഇവിടെ ഒരു മുഖപരിചയവും ഇല്ലാതിരിക്കുമ്പോൾ നിന്റെ പക്കൽ ഉണ്ടായിരുന്ന പണം ആരെ ഏല്പിച്ചു?

എ.ഡ്രോ - ഫലിതം നിങ്ങൾ തീനിനിരിക്കുമ്പോൾ പറഞ്ഞു കൊള്ളാമല്ലോ. നിങ്ങളെ വേഗം വിളിച്ചുകൊണ്ടു ചെല്ലുന്നതിന്നു കൊച്ചമ്മ എന്നെ ഇങ്ങോട്ടു ഓടിച്ചു. താമസിച്ചുപോയാൽ നിങ്ങളുടെ കുറ്റത്തിന്നു ഞാൻ കൊട്ടുകൊള്ളേണ്ടിവരും. നിങ്ങളുടെ വയർ എന്റെതുപോലെ പെരുത്തു കൃത്യമായ ഒരു മണി ആയിരുന്നെങ്കിൽ ആരും വന്നു വിളിക്കാതെ തീൻസമയത്തു വീട്ടിൽ എത്തിയേനേ.

സൈ. അന്റി - മതി മതി ഡ്രോമിയോ. കളിക്കിപ്പോൾ ഒരു തക്ക സമയമല്ലെന്നു ഞാൻ പറഞ്ഞതു കേട്ടില്ലയോ? അതു ഇനി വേറൊരു സമയത്തേക്കു വെച്ചുകൊള്ളുക. ഞാൻ നിന്റെ പക്കൽ തന്നെ ആ പൊൻനാണയങ്ങൾ എവിടെ?

എ.ഡ്രോ - എന്റെ പക്കലോ? എന്റെ കയ്യിലെങ്ങും നിങ്ങൾ പൊൻനാണയങ്ങൾ തന്നിട്ടില്ല.

സൈ. അന്റി - എടാ തെമ്മാടി നിന്റെ വികൃതികൾ മതിയാക്കിയും വെച്ചു ഞാൻ നിന്നെ ഏല്പിച്ചതു എവിടെക്കൊണ്ടു പോയിക്കളഞ്ഞെന്നു പറക.

എ.ഡ്രോ - ഞാൻ ഏറ്റുകൊണ്ടുവന്നതു നിങ്ങളെ കമ്പോളത്തിൽനിന്നു വിളിച്ചു തീൻ തിന്മാൻ കൊണ്ടുചെല്ലുന്നതിനാണ്. [ 11 ] കൊച്ചമ്മയും അനുജത്തിയും നിങ്ങൾക്കായി കാത്തിരിക്കുന്നു.

സൈ. അന്റി - നീ എന്റെ പണം ഇന്നിടത്തു വച്ചിരിക്കുന്നു എന്നു പറയാതെ ഇനിയും കളിവാക്കുകൾ പറഞ്ഞുകൊണ്ടു നിന്നാൽ നീ മേടിക്കും കേട്ടൊ. ഞാൻ തന്ന ആ ആയിരം അറബിക്കാശു എവിടെ?

എ. ഡ്രോ - ആയിരം അറബിക്കാച്ചോ! നിങ്ങളുടേതിൽ ചിലതു എന്റെ ചെള്ളയ്ക്കും കൊച്ചമ്മ തന്നിട്ടുള്ള കാച്ചുകളിൽ ചിലതു എന്റെ പുറത്തും കിടപ്പുണ്ടു. എന്നാൽ രണ്ടു വകയും ഒന്നിച്ചുകൂട്ടിയാലും ഇപ്പോൾ ആയിരം തികെച്ചു കാണുമെന്നു തോന്നുന്നില്ല. അവയെ ഞാൻ അങ്ങോട്ടു തിരികെ തരാമെന്നുവന്നാൽ നിങ്ങൾ ക്ഷമയോടെ വാങ്ങിക്കൊള്ളുമെന്നും തോന്നുന്നില്ല.

സൈ. അന്റി - നിന്റെ കൊച്ചമ്മ തന്നതോ? എടാ ഇരപ്പാളി നിനക്കു ഏതാ കൊച്ചമ്മ?

എ. ഡ്രോ - ഫീനിക്സിൽ പാർത്തുവരുന്ന നിങ്ങളുടെ ഭാര്യ. അല്ലാണ്ടാരാ എന്റെ കൊച്ചമ്മ.

സൈ. അന്റി - എന്തു? ഞാൻ ആമ്മട്ടും വിലക്കിയാറെയും നീ ഈ കളിയും പരിഹാസവും മതിയാക്കുകയില്ലയോ? എന്നാൽ ഇനി ഇതുകൂടെ വാങ്ങിച്ചുകൊണ്ടാകട്ടെ.

എ. ഡ്രോ - അയ്യോ! അയ്യോ! കൊച്ചമ്മയെ ഓർത്തിട്ടു ഇനിയും എന്നെത്തല്ലരുതെ. തല്ലു നിർത്തുകയില്ലെങ്കിൽ ഇനിയും ഞാൻ ഓടുകേ പാങ്ങുള്ളൂ.

(എന്നു പറഞ്ഞുംവെച്ചു ഓടി)

സൈ. അന്റി - നിശ്ചയമായിട്ടു ഈ ഏഭ്യനെ ആരാണ്ടോ പറ്റിച്ചു. ഈ പട്ടണത്തിൽ ഉള്ളവരിൽ അധികം പേരും പിടിച്ചുപറിക്കാരും ചതിയന്മാരും ക്ഷുദ്രക്കാരും ആകുന്നെന്നു കേട്ടിട്ടുണ്ടു. അതുകൊണ്ടു കഴിയുന്നിടത്തോളം വേഗം ഇവിടെനിന്നു തൊങ്കെണം. ഏതായാലും വഴിയമ്പലത്തിലേക്കു ചെന്നു ആ ഇരപ്പാളിയെ ഒന്നുകൂടെ നോക്കട്ടേ. എന്റെ പണം പൊയ്പോയി എന്നുതന്നെയോ തോന്നുന്നത്.

(എന്നിപ്രകാരം പറഞ്ഞതുകൊണ്ടു നടന്നു.)