താൾ:Aalmarattam.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊച്ചമ്മയും അനുജത്തിയും നിങ്ങൾക്കായി കാത്തിരിക്കുന്നു.

സൈ. അന്റി - നീ എന്റെ പണം ഇന്നിടത്തു വച്ചിരിക്കുന്നു എന്നു പറയാതെ ഇനിയും കളിവാക്കുകൾ പറഞ്ഞുകൊണ്ടു നിന്നാൽ നീ മേടിക്കും കേട്ടൊ. ഞാൻ തന്ന ആ ആയിരം അറബിക്കാശു എവിടെ?

എ. ഡ്രോ - ആയിരം അറബിക്കാച്ചോ! നിങ്ങളുടേതിൽ ചിലതു എന്റെ ചെള്ളയ്ക്കും കൊച്ചമ്മ തന്നിട്ടുള്ള കാച്ചുകളിൽ ചിലതു എന്റെ പുറത്തും കിടപ്പുണ്ടു. എന്നാൽ രണ്ടു വകയും ഒന്നിച്ചുകൂട്ടിയാലും ഇപ്പോൾ ആയിരം തികെച്ചു കാണുമെന്നു തോന്നുന്നില്ല. അവയെ ഞാൻ അങ്ങോട്ടു തിരികെ തരാമെന്നുവന്നാൽ നിങ്ങൾ ക്ഷമയോടെ വാങ്ങിക്കൊള്ളുമെന്നും തോന്നുന്നില്ല.

സൈ. അന്റി - നിന്റെ കൊച്ചമ്മ തന്നതോ? എടാ ഇരപ്പാളി നിനക്കു ഏതാ കൊച്ചമ്മ?

എ. ഡ്രോ - ഫീനിക്സിൽ പാർത്തുവരുന്ന നിങ്ങളുടെ ഭാര്യ. അല്ലാണ്ടാരാ എന്റെ കൊച്ചമ്മ.

സൈ. അന്റി - എന്തു? ഞാൻ ആമ്മട്ടും വിലക്കിയാറെയും നീ ഈ കളിയും പരിഹാസവും മതിയാക്കുകയില്ലയോ? എന്നാൽ ഇനി ഇതുകൂടെ വാങ്ങിച്ചുകൊണ്ടാകട്ടെ.

എ. ഡ്രോ - അയ്യോ! അയ്യോ! കൊച്ചമ്മയെ ഓർത്തിട്ടു ഇനിയും എന്നെത്തല്ലരുതെ. തല്ലു നിർത്തുകയില്ലെങ്കിൽ ഇനിയും ഞാൻ ഓടുകേ പാങ്ങുള്ളൂ.

(എന്നു പറഞ്ഞുംവെച്ചു ഓടി)

സൈ. അന്റി - നിശ്ചയമായിട്ടു ഈ ഏഭ്യനെ ആരാണ്ടോ പറ്റിച്ചു. ഈ പട്ടണത്തിൽ ഉള്ളവരിൽ അധികം പേരും പിടിച്ചുപറിക്കാരും ചതിയന്മാരും ക്ഷുദ്രക്കാരും ആകുന്നെന്നു കേട്ടിട്ടുണ്ടു. അതുകൊണ്ടു കഴിയുന്നിടത്തോളം വേഗം ഇവിടെനിന്നു തൊങ്കെണം. ഏതായാലും വഴിയമ്പലത്തിലേക്കു ചെന്നു ആ ഇരപ്പാളിയെ ഒന്നുകൂടെ നോക്കട്ടേ. എന്റെ പണം പൊയ്പോയി എന്നുതന്നെയോ തോന്നുന്നത്.

(എന്നിപ്രകാരം പറഞ്ഞതുകൊണ്ടു നടന്നു.)

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/11&oldid=155423" എന്ന താളിൽനിന്ന് ശേഖരിച്ചത്