വ്യാപാരി - അന്റിപ്പോലലസ്സേ സൈറാക്ക്യൂസിലെ ഒരു വ്യാപാരി ഇന്നു ഇവിടെ വരികയും ഈ പട്ടണത്തിലെ ചട്ടം അറിയാതെ താൻ ഇന്നിടത്തുകാരനെന്നുള്ള പരമാർത്ഥം പറഞ്ഞുപോകയും ചെയ്കയാൽ അയാളുടെ ജീവനെ വീണ്ടുകൊൾവാൻമാത്രം പണം കൈയ്ക്കൽ ഇല്ലാത്തതുകൊണ്ടു അസ്തമിക്കുന്നതിനുമുമ്പേ അയാളെ തൂക്കത്തക്കവണ്ണം നിശ്ചയിച്ചിരിക്കുന്നു. ആകയാൽ തന്റെ വസ്തുതകൾ സർക്കാരിൽനിന്നു ജപ്തിചെയ്യാതിരിക്കെണമെങ്കിൽ സൈറാക്ക്യൂസുകാരനെന്നു മിണ്ടിപ്പോകരുത്. എപ്പിഡാമ്‌നംകാരനെന്നുതന്നെ പറഞ്ഞുകൊള്ളുക. ഇതാ എന്റെ പക്കൽ തന്നിരുന്ന പണം.
സൈ. അന്റി - എടാ ഡ്രോമിയൊ ആ പണം വാങ്ങി സെന്റാർ എന്ന സത്രത്തിൽ കൊണ്ടുപോയി വച്ചുകൊണ്ടു ഞാൻ ഉച്ചെയ്ക്കുള്ള ഭക്ഷണത്തിനു വരുന്നതുവരെ അവിടെ ഇരിക്ക. ഞാൻ ഇവിടെ ഒക്കെ ഒന്നു ചുറ്റിനടന്നു ഇവിടുത്തെ വിശേഷങ്ങൾ ഒക്കയും കണ്ടുംവെച്ചു വരട്ടെ. നീ ചുറുക്കേപോ.
സൈ. ഡ്രോ - യജമാനനെ ഇത്ര നല്ലതരംവരുന്ന സമയം നിങ്ങളുടെ വാക്കിനൊപ്പിച്ചു പൊയ്ക്കളയുന്നവർ പലരും കാണും
(എന്നും പറഞ്ഞുംവെച്ചുപോയി)