Jump to content

അവ്യക്തഗീതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അവ്യക്തഗീതം (കവിതസമാഹാരം)

രചന:ഇടപ്പള്ളി രാഘവൻ പിള്ള


[ 180 ]
അവക്യക്തഗീതം


(ഗദ്യകവിത)


മഞ്ഞുതുള്ളിക്കു മന്ദഹസിക്കണം
- ഒരു നിമിഷം!
പനിനീർപ്പൂവിനു പരിമളം പരത്തണം
- ഒരു ദിവസം!
കാനനച്ചോലയക്കു കാഞ്ചനതന്ത്രികൾ മീട്ടണം
- എന്നന്നേയ്ക്കും!
എന്റെ ശിഥിലഹൃദയത്തിനു കരയണം
- "മതി", എന്ന മൗനഗാനനാളം
എന്റെ കർണപുടത്തിൽ വന്നലയ്ക്കുവോളം;
പരിതൃപ്തിയുടെ പരിമൃദുലാധരങ്ങൾ
ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നും
ആ കണ്ണീരുറവിനെ ചുംബിച്ചെടുക്കുവോളം!
എന്തിന്?...
ചിലർ പറയും, "വൃഥാ!"
അതാ ഒരവ്യക്തസ്വരം:
"വെറുതെയൊന്നുമല്ല!"

പ്രേമം!-
ഹിമകണികയുടെ ഒരു മധുരസ്വപ്നത്തിന്
അവൾ കൊടുത്ത ഓരോമനപ്പേരാണത്!
അവൾക്കറിയാം,

[ 181 ]

മുൻപും പിൻപും ഇരുളാണെന്ന്-
വെറും ഇരുൾ!
ആ ഒരൊറ്റ നിമിഷം മാത്രമേ
അവളുടെ സ്വന്തമായിട്ടുള്ളൂ.
ആ രാഗിണി അതിനെ പാഴാക്കിയില്ല.
ആ മധുര സ്വപ്നത്തെ അവൾ സ്മരിച്ചു.
അതിനെ അവൾ വാസ്തവമാക്കി;-
അതേ, അവൾ ഒന്നു മന്ദഹസിച്ചു.
സംസാരസാഗരം മുഴുവൻ
അതിൽ നിഴലിച്ചു.
സർവവും കഴിഞ്ഞു – അന്ധകാരമായി!
അവൾ നിത്യസുഷുപ്തിയുടെ മടിത്തട്ടിൽ
ശിരസ്സണച്ചു!

II


ആനന്ദം!
മലർവല്ലരിയിൽ അങ്കുരിച്ച
മനോജ്ഞമുകുളത്തിന്റെ
മുദ്രാവാക്യമാണത്.
ആഴിയിൽ മറയുവാൻ ഒരുമ്പെടുന്ന അരുണൻ
അന്ത്യകിരണങ്ങളാൽ
ആ ലതയെ അവസാനമായി ആലിംഗനം ചെയ്തുകൊണ്ട്.
ഒരു നെടുവീർപ്പിട്ടു.

ഒരു കൊച്ചോമന മുകളും –
എന്താണാവോ അതിന്റെ സ്ഥിതി?
ഈ നിഷ്കളങ്കയ്ക്കറിഞ്ഞുകൂടാ ലോകമെന്തെന്ന്!
ദിനമണി അപ്പോൾത്തന്നെ കുറിച്ചിട്ടുണ്ടായിരുന്നു
ആ പൂമൊട്ടിന്റെ ജാതകം.
അവളുണ്ടോ അതറിയുന്നു?
ചന്ദ്രികാധവളമായ നിശാവേളകളിൽ,
അവിശ്വസനീയവും,

[ 182 ]

എന്നാൽ, ആനന്ദ സന്ദായകവുമായ ഒരു സ്വപ്നത്തെ,
ആ ഇളംകോരകം
ആവർത്തിച്ചാവർചത്തിച്ചു കണ്ടു.
ആനന്ദാതിരേകത്താൽ,
അവളൊന്നു പൊട്ടിച്ചിരിച്ചുപോയി!
ആനന്ദം!-
എവിടേയും അതിന്റെ തിരതല്ലൽ!

അവൾ വിചാരിച്ചു:
"ജീവിതം ക്ഷണികം!
എങ്കിലും, അമൂല്യം!
അതിനെ പരിപൂർണമാക്കണം-
ഒരു ദിവസംകൊണ്ട്!"

നിസ്വാർത്ഥയായ അവൾ,
തനിക്കുള്ള സർവസ്വവും
ലോകത്തിന്റെ മുമ്പിൽ കാഴ്ചവെച്ചു.
"അയ്യ!" – അവൾ പിറുപിറുത്തു;
"ലോകസേവനം എത്ര പരമാനന്ദകരം!
എനിക്കെന്നും ഇതുപോലെ ചെയ്യുവാൻ സാധിച്ചെങ്കിൽ!"

എന്നും!-
എന്തു ഫലം?
ഏതോ ഒരദൃശ്യഹസ്തം,
അടിയിൽ അവൾക്കുള്ള അന്ത്യതല്പവും വിരിച്ചു
കാത്തിരിക്കയാണ്.
അവൾ പാടുന്ന ആ അവസാനഗാനത്തിന്റെ
പരിസമാപ്തിയാകേണ്ട താമസം-
അങ്ങു വിളിക്കുവാൻ!
അവളുടെ ജാതകത്തിനു യാതൊരു പിഴയുമില്ല.
ആ പരിപാവന ഹൃദയം!-

[ 183 ]

അതു പരിപൂർണതയിൽ ലയിച്ചു.
"എങ്ങനെ?"
എങ്ങനെയെന്നോ?
ആ ഹൃദയപരിമളമല്ലാതെ,
മറ്റെന്താണ്?
മന്ദപവനനിൽ അലിഞ്ഞുചേർന്ന്
പരിസരങ്ങളെ പരിരംഭണംചെയ്യുന്നത്?...



(1110 മിഥുനത്തിൽ 'ശ്രീമതി' എന്ന പ്രതിവാരപത്രത്തിൽ പ്രസിദ്ധപ്പെടുത്തിയത്)

[ 184 ]

       കാമുകൻ

കാമുകൻ ചോദ്യമായോമനേ,ഞാനൊരു
കാർമുകിലായാൽ നീയെന്തുചെയ്യും ?
    ഞാനതിൻ മദ്ധ്യത്തിൽ വൈദ്യുതവല്ലിയായ്
    വാനിൽ വളരൊളി വീശി മിന്നും .
മാമകാനന്ദമേ, അമ്മുകിൽ ചൂടുന്ന
മാമലായ് ഞാൻ മാറിയാലോ?
   ആഴിയിൽ മുങ്ങാത്തൊരാദിത്യനായതിൻ-
   താഴികപ്പൊൽക്കുടമായ് വിളങ്ങും
പ്രേമത്തിടമ്പേ! ഞാനമ്മലവാരത്തിൽ
താമരപ്പൊയ്കയായ് താഴ്ന്നെന്നാലോ?
   നിശ്ചലമാകുമപ്പൊയ്കയിൽ പ്രേമത്തിൻ-
   കൊച്ചലച്ചാർത്തായ് ഞാൻ കോളിളക്കും
കണ്മണീ , കാനനച്ചോലയിൽ ചേരുന്ന
വെണ്മണൽത്തട്ടായ് ഞാൻ തീർന്നെന്നാലോ?
   ആ മൺതരികളെ കോൾമയിർക്കൊള്ളിക്കും
   ഹേമന്ദചന്ദ്രികയായിടൂം ഞാൻ
തങ്കം , ഞാൻ മൂകമാം വേണുവായൂഴിത-
ന്നങ്കത്തി,ലെങ്ങാനിറങ്ങിയാലോ?
  ഹാ,നാഥ! ഞാനിളം പുല്ലായതിൻമീതെ
   ആനമിച്ചെന്നും പൊഴിക്കുമശ്രു.

[ 185 ]

    കൃഷിപ്പാട്ട്

ഹാ, ശഠൻ വിധി കൊയ്യും
ജീവിതച്ചേർപ്പാടത്തിൽ
ആശതൻ കൃഷിപ്പണി-
യൊക്കെയും വിഫലത്തിൽ.

കർഷകൻ പ്രയത്നിപ്പാൻ,
കാഞ്ചനക്കൂമ്പാരത്തിൽ
ഹർഷാശ്രു പൊഴിക്കുവാ-
നന്യനാണിജ്ജഗത്തിൽ

കാലത്തുതൊട്ടിട്ടന്തി-
യാകുവോളവും നിന്നു
കാലത്തിൻ കരിക്കോലു-
കൊണ്ടു ഞാനുഴുകുന്നു.

ശാശ്വതപ്രേമത്തിന്റെ
വിത്തുകളതിൽപ്പാകി
ശാന്തിതൻസനാതന-
സംഗീതം തൂകിത്തൂകി

തപ്തമായ് വരണ്ടു വി-
ണ്ടീടുമാ വിടവാകെ-
ശ്ശുദ്ധമാം കണ്ണീർത്തേകി
നിത്യവും നിറയ്കവേ;

[ 186 ]

പാവനപ്രേമത്തിന്റെ
പട്ടണിപ്പച്ചപ്പാടം
ഭാവനാതീതരമ്യ-
മായീടൂം മലർവാടും

വേലിയും വരമ്പുമായ്
ബദ്ധമ,ല്ലബ്ഭാഗത്തിൽ
കാലികൾ കേറീടാതെ
കാത്തു ഞാൻ നിദ്രാഹീനൻ

   II
മിന്നലാമരിവാളും
മിന്നിച്ചു രോഷത്തോടെ
കുന്നിലേറിയാ വിധി
നോക്കിനാൻ കൂടെക്കൂടെ

പ്രേമത്തിൻ ചുടുരക്തം
വേണമാ വൻമോഹത്തിൻ
ധൂമത്താലിരുണ്ടീടും
ദുർമുഖം തുടുക്കുവാൻ

   III
സ്വപ്നത്തിൻ മുരളിയിൽ
സത്യസംഗിതം കേൾക്കാം;
സത്യത്തിൻ മുരളിയിൽ
സ്വപ്നവും നിഴലിക്കാം

ഫലമാവതിൻ മുൻപേ
പത്തായം നിറക്കുവോൻ
ഖലനാം വിധി, വിത്തും
വേലയും വിഫലം താൻ

എന്നാലും കാറ്റിൽത്തങ്ങി-
നിൽകുമെൻ കൃഷിപ്പാട്ടും
എന്നാളും നിൻ വാളിന്നൊ-
രുണാകയില്ലെമ്മട്ടും!

[ 187 ]
അറിയുന്നു ഞാൻ


(ടാഗുർ)


കോമളച്ചായപ്പാവകൾ ഞാനെ-
ന്നോമനേ, നിനക്കേകുമ്പോൾ
വാരിദമാലതന്നിലു, മീശൻ
വാരിധിതന്റെ മാറിലും,
വാരഞ്ചും കാന്തി ചിന്നീടുമോരോ
താരുകൾതൻ ദലത്തിലും,
നാനാവർണങ്ങൾ ചേർപ്പതിൻ തത്ത്വം
ഞാനറിയുന്നൂ സ്പഷ്ടമായ്!

ഓമനേ, നിന്നെയാനന്ദിപ്പിപ്പാ-
നോരോ ഗാനം ഞാൻ പാടുമ്പോൾ
മർമ്മരത്താലേ പത്രപംക്തികൾ
നർമ്മഗീതം പൊഴിപ്പതും,
ഉൽക്കണ്ഠയോടെ ശ്രദ്ധിച്ചീടുന്നൊ-
രക്കടൽക്കര കേൾക്കുവാൻ
കല്ലോലമാലയെപ്പോഴുമൊരേ
പല്ലവി പാടി വാഴ്വതും
എന്തിനാണെന്ന തത്ത്വമെന്നുടെ-
യന്തരഗേയറിവൂ ഞാൻ!

മാധുര്യമേറ്റമേറിടുന്നതാം
സാധനം നിനക്കേകുമ്പോൾ,

[ 188 ]

മഞ്ജുളമലരാകുമോരോരോ
മഞ്ജുഷയിൽ മരന്ദവും,
ഗുഢമായ് പക്വപാളിയിൽ രസം
കുടുമാസവസമ്പത്തും,
എന്തിനാണീശൻ ചേർത്തിരിപ്പതെ-
ന്നന്തരംഗേയറിവൂ ഞാൻ!
പുഞ്ചിരിയൊന്നു തൂകുവാൻ നിന്റെ
പൂങ്കവിളിൽ ഞാൻ ചുംബിക്കേ
ദിവ്യമാമേതുമട്ടിലുള്ളൊരു
നിർവൃതിയാണു നിത്യവും
നിർഗളിപ്പതു വാനിങ്കൽനിന്ന-
സ്സുപ്രഭാതത്തിലെന്നതും,
ഉൾക്കുളിരേതുമട്ടിലേറ്റുന്നീ-
ത്തൈക്കുളിർത്തെന്നലെന്നതും,
ശങ്കവിട്ടെന്റെ മാനസം തന്നിൽ
തങ്കമേ, ഞാനറിയുന്നു.

"https://ml.wikisource.org/w/index.php?title=അവ്യക്തഗീതം&oldid=81293" എന്ന താളിൽനിന്ന് ശേഖരിച്ചത്