അമൃതവീചി/ഭാനുമതി
←ഏകാന്തതയിൽ | അമൃതവീചി രചന: ഭാനുമതി |
കന്മതിൽ→ |
[ 26 ]
അവളെക്കുറിച്ചെങ്ങാനോർക്കി,ലപ്പോ-
ളറിയാതെൻ കണ്ണു നിറഞ്ഞുപോകും.
കനകാംഗിതൻ കഥയത്രമാത്രം
കദനവിദാരിതമായിരുന്നു.
അതിനെക്കുറിച്ചുള്ളോരോർമ്മപോലു-
മസഹനീയാഘാതമായിരുന്നു.
"സ്മരണയിലാ മുഗ്ദ്ധകല്പപുഷ്പം
പരിമളംവീശുമെൻ സ്വപ്നബന്ധം
വെറുമൊരു ചാപല്യമെന്നുമാത്ര-
മൊരുപക്ഷേ നിങ്ങൾക്കു തോന്നിയേക്കാം!...."
ചൊകചൊകപ്പല്പാല്പം മാഞ്ഞുമാഞ്ഞ-
ങ്ങകലത്തു, മങ്ങിയോരന്തിവിണ്ണിൽ
ഇരുളും വെളിച്ചവും ഞങ്ങളെപ്പോ-
ലൊരുമിച്ചിരുന്നെന്തോ ചൊന്നിരുന്നു.
അവർതൻ രഹസ്യവുമീവിധമൊ-
രനുരാഗസങ്കടമായിരിക്കാം.
ഉദിതാശ്രുബിന്ദുക്കളൊപ്പിയൊപ്പി
മദനനെന്നോടു തുടർന്നു വീണ്ടും-
"കളിയല്ല ഗംഗേ, ഞാനെത്രമാത്രം
കരയാതിരിക്കുവാൻ നോക്കിയെന്നോ!
ഫലമില്ല!-പിന്നനിയെന്തുചെയ്യാം?
'തലവിധി' യെ,ന്നെങ്ങാനാശ്വസിക്കാം!"
ഒരു ശരൽക്കാലത്തുഷസ്സിൽ, ഞാൻ-
സ്സുരലോകസ്വപ്നത്തെക്കണ്ടുമുട്ടി.
ഒരു വെറും സൗന്ദര്യമല്ലതേതോ
നിരവദ്യസായുജ്യമായിരുന്നു.
കുളിരുടൽത്തൈവല്ലിയാകമാനം
തളിരിട്ട യൗവനസ്വർണ്ണവർണ്ണം.
മഴവില്ലിനെപ്പോൽ മനംകവ,ർന്നെൻ
മിഴികൾക്കൊരുത്സവമായി മിന്നി.
"കുളികഴിഞ്ഞീറനോടമ്പലത്തി-
ലളിവേണി പോവുകയായിരുന്നു.
പുറകിൽ, നിതംബം കവിഞ്ഞുലഞ്ഞ
പുരികുഴൽക്കെട്ടിൻ നടുവിലായി
സുരഭിലസംഫുല്ലസുന്ദരമാ-
മൊരു ചെമ്പനീരലരുല്ലസിച്ചു;
കവിതൻ കരളിലഴൽപ്പരപ്പിൽ
കതിരിടും കല്പനാശക്തിപോലെ!
"പരമേശപാദാർച്ചനാർത്ഥകമാം
പലപല പൂക്കളിയന്ന താലം
വിലസി,യാ വിശ്വവിമോഹിനിതൻ
വികസിതവാമകരാഞ്ചലത്തിൽ.
അനുപദം നൂപുരലോലനാദ-
മനുഗമിച്ചീടുമാറാ വിലാസം.
അരികിലരികിലണയുന്തോറു-
മൊരുമിന്ന,ലെന്തോ, കിളർന്നതെന്നിൽ!
"ഭുവനപ്രണയങ്ങളാകമാന-
മെവിടെത്തുടങ്ങുന്നുവെന്ന സത്യം,
അതിലജ്ഞനാമെനിക്കന്നു, വന്നെ-
ന്നനുഭവസാരം വിശദമാക്കി.
അറിയാമോ, ഗംഗേ, നിനക്കെവിടാ-
ണനുരാഗവല്ലിതൻ ബീജമെന്നായ്?
പറയാം ഞാൻ....കൺമുനക്കോണിലാണ-
പ്പരമനിർവാണലസൽസ്ഫുലിംഗം.
നയനാഞ്ചലങ്ങളിടഞ്ഞുപോയാൽ
നവരാഗനാടകനാന്ദിയായി!
മൃദുലപ്രണയമപാംഗമാർഗ്ഗം
ഹൃദയത്തിൽ വീണോരോ വേരുപൊട്ടും
അതു, പിന്നെ,ക്കാലാനുകൂല,മോരോ
പുതുതളിർ പൊട്ടിപ്പടർന്നുകൊള്ളും.
"കഥ നീട്ടുന്നെന്തി,നക്കാല്യകാല-
കമനീയകാമദസ്വപ്നരംഗം
അകതാരിൽ ഞങ്ങൾക്കു രണ്ടുപേർക്കു-
മനുഭൂതി വർഷിപ്പതായിരുന്നു.
അതുമുതൽക്കെന്നെയത്തയ്യലാളു-
മവളെയീ ഞാനും ഭജിച്ചുവന്നു
പലപല ദർശനംകൊണ്ടു മേന്മേൽ
പരിചയവല്ലി തഴച്ചുപോന്നു.
അലമാത്മബദ്ധരായ് തെല്ലുനാളി-
ലനുരാഗശൃംഖലകൊണ്ടു ഞങ്ങൾ.
"അവളൊരു മാന്യധനേശ്വരൻത-
ന്നരുമയാമേക സന്താനവല്ലി-
നിരഘഗുണോൽക്കരശ്രീനികേത-
നിരുപമസൗഭാഗ്യകല്പവല്ലി-
അവളൊരു നിസ്സാരചായകനി-
ലനുരക്തയായിക്കഴിയുകെന്നോ?
അമലാംബരത്തിലെത്താരകം വ-
ന്നടിയിലെപ്പൂഴിയെ പുല്കുകെന്നോ?
അവമാനഭീരുവാം ലോകമെമ്മ-
ട്ടതു കണ്ടു ചുമ്മാ സഹിച്ചിരിക്കും?-
അഥവാ, വിചിന്തനാതീതമാകു-
മതു, ലോകമെമ്മട്ടനുവദിക്കും?
"അകലത്തു പല്ലുമിറുമ്മി നില്ക്കു-
മലിവറ്റ നീതിതൻ മുന്നിൽ, ഞങ്ങൾ
അപരാധികലായനുനിമേഷ-
മപജയോൽഭീതരായാവസിച്ചു."
"നവചന്ദ്രികയിൽ കുളിച്ചുനില്ക്കും
നയനാഭിരാമനിശീഥിനികൾ
പലതുമപ്പൂമണിമാളികതൻ
പടിവാതിലൂടേ കടന്നുപോയി.
അവയിൽ ചിലതിൽ, തളർന്നു ലോക-
മതി സുഖനിദ്രയിലാണ്ടിരിക്കെ
പ്രണയസ്വരൂപിണിതൻ മുറിയി-
ലണയുമാറുണ്ടു ഞാൻ ഗൂഢമായി!
"ഹൃദയം പകർന്നു പകർന്നു ഞങ്ങൾ
മതിമറന്നാ ഗൂഢനിർവൃതിയിൽ
മുഴുകിയും മുങ്ങിയും നേർത്ത രണ്ടു
മുരളീരവങ്ങൾപോലുല്ലസിച്ചു.
'പറയട്ടേ, ഭാനു, ഞാ'നോമലാളോ-
ടരുളാറുണ്ടെന്നു ഞാനാത്തരാഗം;
'അനുയോജ്യമല്ല നിനക്കു തെല്ലു-
മനുരാഗബന്ധമിതോമലാളേ!
വെറുമൊരു ഭിക്ഷുവിൻ കുമ്പിളിൽ, നിൻ
വിലപെറും ജീവിതരത്നമാല്യം
അതുലേ, നീ,യേവം വലിച്ചെറിഞ്ഞാ-
ലതു മഹാ സാഹസമായിരിക്കും.
വിവരവും ബുദ്ധിയുമുള്ള ലോകം
വിപരീതം ഭാവിപ്പതല്ല കുറ്റം
ഒരു വെറും പട്ടിണിക്കാരനോ നിൻ
പ്രണയസാമ്രാജ്യൈകസാർവ്വഭൗമൻ?
അരുതേവം ചാപലമോമലേ, ഞാൻ
പറയുന്ന കേൾക്കു,കെൻ ഭാനുവല്ലേ!
-ഒരു മഹാഭാഗ്യവാൻ, വിത്തനാഥൻ
കിരണമേ, നിന്നെപ്പരിഗ്രഹിക്കും.
അതു നിൻ ജനകന്റെ മാനസത്തി-
ലമൃതം തളിക്കുന്നതായിരിക്കും.
സ്വയമതുകൊണ്ടിനിസ്സാദ്ധ്യമാകിൽ
ദയവുചെയ്തെന്നെ മറക്കണം നീ!'
['മരണംവരെയ്ക്കിനി മറ്റൊരാളെ...']
മധുമൊഴി തേങ്ങിക്കരഞ്ഞു ചൊല്ലും.
അതു കണ്ടാ,ലാ മൊഴി കേട്ടുപോയാ-
ലറിയാതകത്തൊരു മിന്നൽ പായും;
സകലവു,മെന്നെയുംകൂടി, ഞാന-
സ്സമയത്തി,ലെന്തോ, മറന്നുപോകും.
ഒരുഞൊടികൊണ്ടത്തളിരുടലെൻ
കരവലയത്തിലമർന്നുചേരും.
അവളെന്റെ മാറിൽ ശിരസ്സു ചായ്ചി-
ട്ടവശയായേങ്ങലടിച്ചു കേഴും.
ഹൃദയം തകർന്നെന്മിഴികളിൽനി-
ന്നുതിരുമശ്രുക്കൾ തുടർച്ചയായി.
അതുവിധം ശോകാത്മകാർദ്രമാകും
മധുരംഗങ്ങളിലാകമാനം
ഭുവനൈകസൗഭാഗ്യമൂർത്തി ഞാനെ-
ന്നഭിമാനമാർന്നല്പമാശ്വസിക്കും."
"പരമനിഗൂഢമായ് പാതിരയിൽ
പരിണതപ്രേമാർദ്രർ ഞങ്ങളേവം
ഒരുമിച്ചുചേരും രഹസ്യമെല്ലാ-
മൊടുവിലെല്ലാരുമറിഞ്ഞുകൂടി.
ഞൊടിയിലാ ലോകാപവാദഘോര-
വിടപാഗ്നി നീളെപ്പടർന്നുകത്തി.
അതിൽനിന്നുയർന്നുപരന്ന ധൂമ-
പ്രകരത്തിൽ ഞങ്ങൾക്കു വീർപ്പുമുട്ടി.
"പരമാഭിരാമയാമോമലാളിൻ
പരിമൃദുപാണിഗ്രഹണഭാഗ്യം
പകലിരവാശിച്ചു കാത്തിരിപ്പൂ
പരശതം വിത്തേശനന്ദനന്മാർ.
ഇതു കേട്ടാൽ... ഗംഗേ, നീതന്നെയിന്ന-
സ്ഥിതിയല്പമേനമൊന്നോർത്തുനോക്കു!
"കഥയൊക്കെ മാറി,... യെന്നന്തരീക്ഷം
കരിമുകിൽമൂടിയിരുണ്ടുപോയി.
ഉടനെന്നാത്മാവിനകത്തുനിന്നൊ-
രിടിവെട്ടുകേട്ടു നടുങ്ങിപ്പോയ് ഞാൻ!
വിഷമം, വിഷമെ,മെൻചുറ്റു,മയ്യോ!
വിഷവഹ്നിജ്വാലകൾ, തീപ്പൊരികൾ!
കുടിലസർപ്പങ്ങൾ, വെറും വിഷങ്ങൾ!
കുരുതിക്കളങ്ങൾ, കുഠാരകങ്ങൾ!
ചുടുചോരചീറ്റും കൊടുംകൊലകൾ!
ചുടലക്കളങ്ങൾ, ഭയങ്കരങ്ങൾ!
അതിരൂക്ഷവേതാളഗർജ്ജനങ്ങൾ!
അവിരാമപ്രേതകോലാഹലങ്ങൾ!-
എതിരിട്ടുനില്ക്കുവാൻ ദുർബ്ബലൻ, പി-
ന്നവിടേക്കു പോകും, ഞാനെന്തു ചെയ്യും?
"പരിസരവായുവിലൊക്കെയു,മെൻ
മരണത്തണുപ്പു തുളുമ്പിനിന്നു.
പ്രതിമാത്രം കാത്തു ഞാനത്തമസ്സിൻ
പ്രതികാരഘോരമാമാക്രമണം!
"മമ ജീവിതാപായശങ്കയല്ലെൻ
മനതാരിനാഘാതമായതൊട്ടും;
അതുകൊണ്ടു ലോകത്തിനെന്തുകിട്ടാ-
നതുവേണമെങ്കിൽ തുലഞ്ഞുപോട്ടെ!
അതിലെനിക്കല്പമില്ലാധി- പക്ഷേ,
ഹൃദയാനവദ്യയാമക്കുമാരി!-
അകളങ്കരാഗപരവശയാ-
മവളെയോർക്കുമ്പൊളെന്നുള്ളു പൊട്ടി.
ഒരു പൂത്തവള്ളിക്കുടിലുപോലെ
സുരഭിയാകേണ്ടൊരജ്ജീവിതത്തെ,
പുകപിടിപ്പിച്ച ഞാൻ... എന്തു, ഞാനോ
പുരുഷൻ?... എനിക്കു തരിച്ചു ഗാത്രം!
"അവളെയുംകൊണ്ടു ഞാൻ വല്ലിടത്തു-
മറിയാതൊരാളു,മൊളിച്ചുപോണം.
ഉയിരെന്നിലുള്ളിടത്തോളവും, ഞാൻ
സ്വയമവൾക്കാലംബമായി നില്ക്കും.
സുബലമാമീ നീണ്ട കൈകൾ പോരും
സുഖമായവളെപ്പുലർത്തീടുവാൻ!
"ഇദമൊരു കത്തുന്ന ചിന്തയിലെൻ
ഹൃദയമെരിഞ്ഞു പുകഞ്ഞുനില്ക്കെ
കമനിതൻ വിശ്വസ്തഭൃത്യ വന്നെൻ
കരതാരിലേക്കൊരു കത്തു നല്കി.
അതിസംഭ്രമമെനിക്കേകിടുന്നോ-
രതിലിത്രമാത്രം കുറിച്ചിരുന്നു:
'ഇരവിലിന്നാരുമൊരാളറിയാ-
തിവിടത്തിൽനിന്നു കടക്കണം നാം.
സകലവുമച്ഛൻ....ഭയങ്കരമാം
പക....കൊടുങ്കാറ്റിനുമുൻപു നമ്മൾ
സ്വയമകന്നീടുകിൽ രക്ഷകിട്ടാം...
ഭയമുണ്ടു... കാണണം പാതിരയിൽ... '
"ഞൊടികൊണ്ടൊരായിരം കൊള്ളിമീനെ-
ന്നുടലിലൊന്നോടൂളിയിട്ടു പാഞ്ഞു
ചപലാപശങ്കകൾ പോയി... കാര്യ
പ്രകടകർമ്മോൽസുകമായി ചിത്തം!..."
അതിതീവ്രസ്തോഭവിരാമതുല്യം
മദനനുയർന്നൊന്നു നിശ്വസിച്ചു.
കരളിന്നടിത്തട്ടിൽനിന്നതോരോ
നുരിയിട്ടു പൊങ്ങിയതായിരുന്നു.
കരിതേച്ചപോലെ ഞങ്ങൾക്കു ചുറ്റു-
മിരുൾവന്നു മൂടിക്കഴിഞ്ഞിരുന്നു.
അരികത്തൊരേകാന്തരോദനംപോ-
ലരുവിയതെങ്ങോ തളർന്നൊഴുകി.
ഒരു കൊച്ചുരാക്കിയൽ തെല്ലകല-
ത്തൊരുമരക്കൊമ്പിലിരുന്നു പാടി.
തെളുതെളെ മിന്നിത്തിളങ്ങി വാനിൽ
സുലളിതരാജതതാരകങ്ങൾ...
പവനനിൽ ചാഞ്ഞോരോ പച്ചിലകൾ
പരിമൃദുമർമ്മരധാരതൂകി...
മദനന്റെ സങ്കടം കണ്ടെനിക്കും
ഹൃദയമല്പാല്പമായ് വേദനിച്ചു.
കദനകലുഷിതമായിരുന്നാ-
ക്കഥയവൻ മന്ദം തുടർന്നു വീണ്ടും:
പകുതി രാവായി, കൊടുന്തമസ്സിൽ
പരിചിലബ്രഹ്മാണ്ഡം വീണുറങ്ങി.
ലിഖിതാനുസാര,മൊളിച്ചുപോകാൻ
മുഖിതസന്നദ്ധനായ് ഞാനിറങ്ങി...
അവളെന്നെക്കാത്തുകാത്തക്ഷമയാ-
യവിടെയിരിക്കുകയായിരിക്കും.
അവളുടെ നിർമ്മലലോലചിത്ത-
മവശമായ്ത്തേങ്ങിക്കരകയാകും.
പ്രരയകരസ്വാലയം വിട്ടുപോകാൻ
ദയനീയദുഃഖം സഹിക്കയാകും.
ഇതുവിധം ലോകത്തിലിന്നുമുണ്ടോ
മൃദുലരാഗാർദ്രമാം സ്ത്രീഹൃദയം?
പരമപവിത്രമതിന്റെ മുൻപിൽ
പുരുഷാഭിമാനം നമിച്ചിടേണം.
സതി കുലഹീരമേ, ഭാനു, നിന്റെ
സഹൃദയം വീശിയ മന്ദഹാസം
വികലസൗഭാഗ്യനെൻ ജീവിതത്തിൽ
വിമലപ്രകാശത്തിൻ വിത്തുപാകി.
അതിനു ഞാൻ നല്കും പ്രതിഫലമോ
വെറുമൊരു കണ്ണുനീർത്തുള്ളിമാത്രം!-
നിരുപമേ, നിന്നെ ഞാൻ കണ്ടതൊട്ടെൻ
നിഖിലക്ഷതങ്ങളും മാഞ്ഞുപോയി.
നിരവദ്യേ, നിൻ മുഖദർശനത്തിൽ
നിഴലുകൾ ദീപാങ്കുരങ്ങളായി.
നിരഘേ, നിൻ നിസ്തുലശക്തിയാലീ
നിഹതനെ നീയൊരു ദേവനാക്കി.
അതിനു ഞാൻ നല്കും പ്രതിഫലമോ
വെറുമൊരു കണ്ണീർക്കണികമാത്രം!-
സദയം നീ കൈക്കൊൾക തുച്ഛമാമെൻ ,
ഹൃദയോപഹാരമിതോമലാളേ!...
അകതളിരാലേവം മർമ്മരമൊ-
ന്നലസം ഞാൻ വീശിക്കൊണ്ടാത്തഗൂഢം
മമ ഭാഗ്യതാരകമുല്ലസിക്കും
മണിമലർമേടതന മുന്നിലെത്തി!...
"കുറെദൂരെ തെക്കുവശത്തിനെന്താ-
ണെരിതീയോ, കത്തുന്ന പട്ടടയോ?-
ഒരു ചൂതവൃക്ഷത്തിൻ പിന്നിലായി-
ട്ടിരുളിൽ ഞാൻ മാറിപ്പതുങ്ങിനിന്നു.
ശിവനേ,യിക്കാണുന്നതെ,ന്തിതാർതൻ
ശവദാഹ,മീ നടുപ്പാതിരയിൽ?-
ണ്ടരികി,ലച്ചെന്തീച്ചിതയ്ക്കരികിൽ...
ഒരു ശബ്ദംപോലുമിയറ്റിടാത-
ക്കരിമാടന്മാരതു നിർവ്വഹിപ്പൂ!...
"വിഷമിച്ചിടേണ്ട നീ, ഗംഗേ, ഞാനാ
വിഷമചരിത്രം പറഞ്ഞുതീർക്കാം.
അവർ ദഹിപ്പിച്ചതെൻ ജീവിതത്തിൻ-
ശവ-"മയ്യോ, ഞാനൊന്നു ഞെട്ടിപ്പോയി!
മദനന്റെ കണ്ഠമിടറി, യെന്തോ
വദനംമുഴുക്കെ വിളർത്തുപോയി
അരുവിയെന്നോണം കവിളിണയി-
ലിരുകണ്ണീർച്ചാലു കുതിച്ചൊഴുകി."
"അവ,ളയ്യോ ഗംഗേ, മരിച്ചതല്ല
അവളെ മരിപ്പിച്ചതായിരുന്നു.
അവമാനഭീതിയാലന്ധായി-
ട്ടവളുടെ താതനാ വിശ്വഘോരൻ
അവളറിയാതവൾക്കാത്തകോപ-
മലിവെഴാതയ്യോ വിഷംകൊടുത്തു.
അവനേവം സ്വന്തരക്തത്തെയർപ്പി-
ച്ചവമാനത്തിൽനിന്നു രക്ഷനേടി.
ഉലകറിയാതവനശ്ശരീര-
മൊരു രാത്രിക്കുള്ളിൽ വെൺചാമ്പലാക്കി
നിയമത്തിൻ മുഷ്ടിയിൽനിന്നെളുപ്പം നിജധനശക്തിയാൽ മുക്തി വാങ്ങി.
"ഒരുവാക്കവസാനം മിണ്ടുവാനും
തരമാകാതസ്വപ്നം മാഞ്ഞുപോയി.
അകലെയ്ക്കു നോക്കുകാ നീലവിണ്ണി-
ലൊരു വെള്ളിനക്ഷത്രം കാണ്മതില്ലേ?
അവളാണതെൻ പ്രിയ ഗംഗേ, ഞാനൊ-
ന്നവളെനോക്കിത്തെല്ലു കേണിടട്ടെ!
അനുദിനമന്തിയിലുജ്ജ്വലമ-
ക്കനകനക്ഷത്രമുദിച്ചുയർന്നാൽ
അവളെയോർത്തെന്മനം ദീനദീന-
മറിയാതെ തേങ്ങിക്കരഞ്ഞുപോകും!
അതു നോക്കു ഗംഗേ,യത്താരമെന്നെ-
യവിടേക്കു ചെല്ലാൻ വിളിക്കയല്ലേ?"