താൾ:അമൃതവീചി.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഭാനുമതി



വളെക്കുറിച്ചെങ്ങാനോർക്കി,ലപ്പോ-
ളറിയാതെൻ കണ്ണു നിറഞ്ഞുപോകും.
കനകാംഗിതൻ കഥയത്രമാത്രം
കദനവിദാരിതമായിരുന്നു.
അതിനെക്കുറിച്ചുള്ളോരോർമ്മപോലു-
മസഹനീയാഘാതമായിരുന്നു.

"സ്മരണയിലാ മുഗ്ദ്ധകല്പപുഷ്പം
പരിമളംവീശുമെൻ സ്വപ്നബന്ധം
വെറുമൊരു ചാപല്യമെന്നുമാത്ര-
മൊരുപക്ഷേ നിങ്ങൾക്കു തോന്നിയേക്കാം!...."

ചൊകചൊകപ്പല്പാല്പം മാഞ്ഞുമാഞ്ഞ-
ങ്ങകലത്തു, മങ്ങിയോരന്തിവിണ്ണിൽ
ഇരുളും വെളിച്ചവും ഞങ്ങളെപ്പോ-
ലൊരുമിച്ചിരുന്നെന്തോ ചൊന്നിരുന്നു.
അവർതൻ രഹസ്യവുമീവിധമൊ-
രനുരാഗസങ്കടമായിരിക്കാം.
ഉദിതാശ്രുബിന്ദുക്കളൊപ്പിയൊപ്പി
മദനനെന്നോടു തുടർന്നു വീണ്ടും-

"കളിയല്ല ഗംഗേ, ഞാനെത്രമാത്രം
കരയാതിരിക്കുവാൻ നോക്കിയെന്നോ!
ഫലമില്ല!-പിന്നനിയെന്തുചെയ്യാം?
'തലവിധി' യെ,ന്നെങ്ങാനാശ്വസിക്കാം!"

ഒരു ശരൽക്കാലത്തുഷസ്സിൽ, ഞാൻ-
സ്സുരലോകസ്വപ്നത്തെക്കണ്ടുമുട്ടി.
ഒരു വെറും സൗന്ദര്യമല്ലതേതോ
നിരവദ്യസായുജ്യമായിരുന്നു.
കുളിരുടൽത്തൈവല്ലിയാകമാനം
തളിരിട്ട യൗവനസ്വർണ്ണവർണ്ണം.

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/26&oldid=216694" എന്ന താളിൽനിന്ന് ശേഖരിച്ചത്