Jump to content

താൾ:അമൃതവീചി.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

'അനുയോജ്യമല്ല നിനക്കു തെല്ലു-
മനുരാഗബന്ധമിതോമലാളേ!
വെറുമൊരു ഭിക്ഷുവിൻ കുമ്പിളിൽ, നിൻ
വിലപെറും ജീവിതരത്നമാല്യം
അതുലേ, നീ,യേവം വലിച്ചെറിഞ്ഞാ-
ലതു മഹാ സാഹസമായിരിക്കും.
വിവരവും ബുദ്ധിയുമുള്ള ലോകം
വിപരീതം ഭാവിപ്പതല്ല കുറ്റം
ഒരു വെറും പട്ടിണിക്കാരനോ നിൻ
പ്രണയസാമ്രാജ്യൈകസാർവ്വഭൗമൻ?
അരുതേവം ചാപലമോമലേ, ഞാൻ
പറയുന്ന കേൾക്കു,കെൻ ഭാനുവല്ലേ!
-ഒരു മഹാഭാഗ്യവാൻ, വിത്തനാഥൻ
കിരണമേ, നിന്നെപ്പരിഗ്രഹിക്കും.
അതു നിൻ ജനകന്റെ മാനസത്തി-
ലമൃതം തളിക്കുന്നതായിരിക്കും.
സ്വയമതുകൊണ്ടിനിസ്സാദ്ധ്യമാകിൽ
ദയവുചെയ്തെന്നെ മറക്കണം നീ!'
['മരണംവരെയ്ക്കിനി മറ്റൊരാളെ...']
മധുമൊഴി തേങ്ങിക്കരഞ്ഞു ചൊല്ലും.
അതു കണ്ടാ,ലാ മൊഴി കേട്ടുപോയാ-
ലറിയാതകത്തൊരു മിന്നൽ പായും;
സകലവു,മെന്നെയുംകൂടി, ഞാന-
സ്സമയത്തി,ലെന്തോ, മറന്നുപോകും.
ഒരുഞൊടികൊണ്ടത്തളിരുടലെൻ
കരവലയത്തിലമർന്നുചേരും.
അവളെന്റെ മാറിൽ ശിരസ്സു ചായ്ചി-
ട്ടവശയായേങ്ങലടിച്ചു കേഴും.
ഹൃദയം തകർന്നെന്മിഴികളിൽനി-
ന്നുതിരുമശ്രുക്കൾ തുടർച്ചയായി.
അതുവിധം ശോകാത്മകാർദ്രമാകും
മധുരംഗങ്ങളിലാകമാനം
ഭുവനൈകസൗഭാഗ്യമൂർത്തി ഞാനെ-
ന്നഭിമാനമാർന്നല്പമാശ്വസിക്കും."

"പരമനിഗൂഢമായ് പാതിരയിൽ
പരിണതപ്രേമാർദ്രർ ഞങ്ങളേവം
ഒരുമിച്ചുചേരും രഹസ്യമെല്ലാ-
മൊടുവിലെല്ലാരുമറിഞ്ഞുകൂടി.

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/29&oldid=216697" എന്ന താളിൽനിന്ന് ശേഖരിച്ചത്