ഒരു പൂത്തവള്ളിക്കുടിലുപോലെ
സുരഭിയാകേണ്ടൊരജ്ജീവിതത്തെ,
പുകപിടിപ്പിച്ച ഞാൻ... എന്തു, ഞാനോ
പുരുഷൻ?... എനിക്കു തരിച്ചു ഗാത്രം!
"അവളെയുംകൊണ്ടു ഞാൻ വല്ലിടത്തു-
മറിയാതൊരാളു,മൊളിച്ചുപോണം.
ഉയിരെന്നിലുള്ളിടത്തോളവും, ഞാൻ
സ്വയമവൾക്കാലംബമായി നില്ക്കും.
സുബലമാമീ നീണ്ട കൈകൾ പോരും
സുഖമായവളെപ്പുലർത്തീടുവാൻ!
"ഇദമൊരു കത്തുന്ന ചിന്തയിലെൻ
ഹൃദയമെരിഞ്ഞു പുകഞ്ഞുനില്ക്കെ
കമനിതൻ വിശ്വസ്തഭൃത്യ വന്നെൻ
കരതാരിലേക്കൊരു കത്തു നല്കി.
അതിസംഭ്രമമെനിക്കേകിടുന്നോ-
രതിലിത്രമാത്രം കുറിച്ചിരുന്നു:
'ഇരവിലിന്നാരുമൊരാളറിയാ-
തിവിടത്തിൽനിന്നു കടക്കണം നാം.
സകലവുമച്ഛൻ....ഭയങ്കരമാം
പക....കൊടുങ്കാറ്റിനുമുൻപു നമ്മൾ
സ്വയമകന്നീടുകിൽ രക്ഷകിട്ടാം...
ഭയമുണ്ടു... കാണണം പാതിരയിൽ... '
"ഞൊടികൊണ്ടൊരായിരം കൊള്ളിമീനെ-
ന്നുടലിലൊന്നോടൂളിയിട്ടു പാഞ്ഞു
ചപലാപശങ്കകൾ പോയി... കാര്യ
പ്രകടകർമ്മോൽസുകമായി ചിത്തം!..."
അതിതീവ്രസ്തോഭവിരാമതുല്യം
മദനനുയർന്നൊന്നു നിശ്വസിച്ചു.
കരളിന്നടിത്തട്ടിൽനിന്നതോരോ
നുരിയിട്ടു പൊങ്ങിയതായിരുന്നു.
കരിതേച്ചപോലെ ഞങ്ങൾക്കു ചുറ്റു-
മിരുൾവന്നു മൂടിക്കഴിഞ്ഞിരുന്നു.
അരികത്തൊരേകാന്തരോദനംപോ-
ലരുവിയതെങ്ങോ തളർന്നൊഴുകി.
ഒരു കൊച്ചുരാക്കിയൽ തെല്ലകല-
ത്തൊരുമരക്കൊമ്പിലിരുന്നു പാടി.
താൾ:അമൃതവീചി.djvu/31
ദൃശ്യരൂപം
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്